Psalms - Chapter 89
Holy Bible

1. കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും; എന്‍െറ അധരങ്ങള്‍ തലമുറകളോട്‌അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും.
2. എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്‌തത ആകാശംപോലെ സുസ്‌ഥിരമാണ്‌.
3. അവിടുന്ന്‌ അരുളിച്ചെയ്‌തു: എന്‍െറ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി; എന്‍െറ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്‌തു.
4. നിന്‍െറ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്‍െറ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും.
5. കര്‍ത്താവേ, ആകാശം അങ്ങയുടെ അദ്‌ഭുതങ്ങളെ സ്‌തുതിക്കട്ടെ! നീതിമാന്‍മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്‌തത പ്രകീര്‍ത്തിക്കപ്പെടട്ടെ!
6. കര്‍ത്താവിനു സമനായി സ്വര്‍ഗത്തില്‍ ആരുണ്ട്‌? കര്‍ത്താവിനോടു സദൃശനായി സ്വര്‍ഗവാസികളില്‍ ആരുണ്ട്‌?
7. വിശുദ്‌ധരുടെ സമൂഹം അവിടുത്തെഭയപ്പെടുന്നു; ചുറ്റും നില്‍ക്കുന്നവരെക്കാള്‍ അവിടുന്ന്‌ ഉന്നതനും ഭീതിദനുമാണ്‌.
8. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, വിശ്വസ്‌തത ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായി ആരുണ്ട്‌?
9. അങ്ങ്‌ ഇളകിമറയുന്ന കടലിനെ ഭരിക്കുന്നു; തിരമാലകളുയരുമ്പോള്‍ അങ്ങ്‌ അവയെ ശാന്തമാക്കുന്നു.
10. അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകര്‍ത്തു; കരുത്തുറ്റ കരംകൊണ്ട്‌ അങ്ങ്‌ ശത്രുക്കളെ ചിതറിച്ചു.
11. ആകാശം അങ്ങയുടേതാണ്‌, ഭൂമിയുംഅങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്‌ഥാപിച്ചത്‌.
12. ദക്‌ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്‌ടിച്ചു; താബോറും ഹെര്‍മോനും അങ്ങയുടെ നാമത്തെ ആഹ്‌ളാദത്തോടെ പുകഴ്‌ത്തുന്നു.
13. അങ്ങയുടെ ഭുജം ശക്‌തിയുള്ളതാണ്‌, അങ്ങയുടെ കരം കരുത്തുറ്റതാണ്‌; അങ്ങു വലത്തുകൈ ഉയര്‍ത്തിയിരിക്കുന്നു.
14. നീതിയിലുംന്യായത്തിലും അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു; കാരുണ്യവും വിശ്വസ്‌തതയുംഅങ്ങയുടെ മുന്‍പേ നീങ്ങുന്നു.
15. ഉത്‌സവഘോഷത്താല്‍ അങ്ങയെസ്‌തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്‍െറ പ്രകാശത്തില്‍ നടക്കുന്നു.
16. അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്‌ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്‌ത്തുന്നു.
17. അങ്ങാണ്‌ അവരുടെ ശക്‌തിയും മഹത്വവും; അങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പ്‌ ഉയര്‍ന്നുനില്‍ക്കുന്നത്‌.
18. കര്‍ത്താവാണു ഞങ്ങളുടെ പരിച; ഇസ്രായേലിന്‍െറ പരിശുദ്‌ധനാണുഞങ്ങളുടെ രാജാവ്‌;
19. പണ്ട്‌ ഒരു ദര്‍ശനത്തില്‍ അവിടുന്നുതന്‍െറ വിശ്വസ്‌തനോട്‌ അരുളിച്ചെയ്‌തു: ശക്‌തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു; ഒരുവനെ ഞാന്‍ ജനത്തില്‍നിന്നുതിരഞ്ഞെടുത്ത്‌ ഉയര്‍ത്തി.
20. ഞാന്‍ എന്‍െറ ദാസനായ ദാവീദിനെ കണ്ടെണ്ടത്തി; വിശുദ്‌ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്‌തു.
21. എന്‍െറ കൈ എന്നുംഅവനോടൊത്തുണ്ടായിരിക്കും. എന്‍െറ ഭുജം അവനു ശക്‌തി നല്‍കും.
22. ശത്രു അവനെ തോല്‍പിക്കുകയില്ല; ദുഷ്‌ടന്‍ അവന്‍െറ മേല്‍ പ്രാബല്യം നേടുകയില്ല;
23. അവന്‍െറ ശത്രുവിനെ അവന്‍െറ മുന്‍പില്‍ വച്ചുതന്നെ ഞാന്‍ തകര്‍ക്കും; അവന്‍െറ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും.
24. എന്‍െറ വിശ്വസ്‌തതയും കാരുണ്യവുംഅവനോടുകൂടെ ഉണ്ടായിരിക്കും; എന്‍െറ നാമത്തില്‍ അവന്‍ ശിരസ്‌സുയര്‍ത്തിനില്‍ക്കും.
25. ഞാന്‍ അവന്‍െറ അധികാരം സമുദ്രത്തിന്‍മേലും അവന്‍െറ ആധിപത്യം നദികളുടെമേലുംവ്യാപിപ്പിക്കും.
26. അവന്‍ എന്നോട്‌, എന്‍െറ പിതാവുംഎന്‍െറ ദൈവവും എന്‍െറ രക്‌ഷാശിലയും അവിടുന്നാണ്‌ എന്ന്‌ ഉച്ചത്തില്‍ ഉദ്‌ഘോഷിക്കും.
27. ഞാന്‍ അവനെ എന്‍െറ ആദ്യജാതനും ഭൂമിയിലെ രാജാക്കന്‍മാരില്‍ അത്യുന്നതനും ആക്കും.
28. എന്‍െറ കരുണ എപ്പോഴും അവന്‍െറ മേല്‍ ഉണ്ടായിരിക്കും; അവനോടുള്ള എന്‍െറ ഉടമ്പടി അചഞ്ചലമായി നിലനില്‍ക്കും.
29. ഞാന്‍ അവന്‍െറ വംശത്തെ ശാശ്വതമാക്കും; അവന്‍െറ സിംഹാസനം ആകാശമുള്ളിടത്തോളം കാലം നിലനില്‍ക്കും.
30. അവന്‍െറ സന്തതി എന്‍െറ നിയമംഉപേക്‌ഷിക്കുകയും, എന്‍െറ വിധികള്‍ അനുസരിക്കാതിരിക്കുകയും,
31. എന്‍െറ ചട്ടങ്ങള്‍ ലംഘിക്കുകയും, എന്‍െറ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്‌താല്‍,
32. ഞാന്‍ അവരുടെ ലംഘനത്തെ ദണ്‍ഡുകൊണ്ടും അവരുടെ അകൃത്യങ്ങളെ ചമ്മട്ടികൊണ്ടും ശിക്‌ഷിക്കും.
33. എന്നാലും ഞാന്‍ എന്‍െറ കാരുണ്യംഅവനില്‍നിന്നു പിന്‍വലിക്കുകയില്ല; എന്‍െറ വിശ്വസ്‌തതയ്‌ക്കുഭംഗം വരുത്തുകയില്ല.
34. ഞാന്‍ എന്‍െറ ഉടമ്പടി ലംഘിക്കുകയില്ല; ഞാന്‍ ഉച്ചരിച്ചവാക്കിനു വ്യത്യാസംവരുത്തുകയില്ല.
35. ഞാന്‍ എന്നേക്കുമായി എന്‍െറ പരിശുദ്‌ധിയെക്കൊണ്ടു ശപഥം ചെയ്‌തു; ദാവീദിനോടു ഞാന്‍ വ്യാജം പറയുകയില്ല.
36. അവന്‍െറ വംശം ശാശ്വതമായും അവന്‍െറ സിംഹാസനം സൂര്യനുള്ള കാലത്തോളവും എന്‍െറ മുന്‍പില്‍ നിലനില്‍ക്കും.
37. അതു ചന്‌ദ്രനെപ്പോലെ എന്നേക്കുംനിലനില്‍ക്കും. ആകാശമുള്ളിടത്തോളം കാലം അതും അചഞ്ചലമായിരിക്കും.
38. എന്നാല്‍, അങ്ങ്‌ അവനെ പരിത്യജിച്ചുകളഞ്ഞു; അങ്ങയുടെ അഭിഷിക്‌തന്‍െറ നേരേ അങ്ങു ക്രുദ്‌ധനായിരിക്കുന്നു.
39. അങ്ങയുടെ ദാസനോടു ചെയ്‌ത ഉടമ്പടി അങ്ങ്‌ ഉപേക്‌ഷിച്ചുകളഞ്ഞു. അവിടുന്ന്‌ അവന്‍െറ കിരീടത്തെനിലത്തെറിഞ്ഞു മലിനമാക്കി.
40. അവിടുന്ന്‌ അവന്‍െറ മതിലുകള്‍തകര്‍ത്തു; അവന്‍െറ ദുര്‍ഗങ്ങള്‍ ഇടിച്ചുനിരത്തി.
41. വഴിപോക്കര്‍ അവനെ കൊള്ളയടിക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു പരിഹാസപാത്രമായി.
42. അങ്ങ്‌ അവന്‍െറ വൈരികളുടെ വലത്തുകൈ ഉയര്‍ത്തി; അവന്‍െറ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
43. അവന്‍െറ വാളിന്‍െറ വായ്‌ത്തല മടക്കി; യുദ്‌ധത്തില്‍ ചെറുത്തുനില്‍ക്കാന്‍ അവനു കഴിവില്ലാതാക്കി.
44. അവിടുന്ന്‌ അവന്‍െറ കൈയില്‍നിന്നു ചെങ്കോല്‍ എടുത്തുമാറ്റി; അവന്‍െറ സിംഹാസനത്തെ മണ്ണില്‍ മറിച്ചിട്ടു.
45. അവന്‍െറ യൗവനത്തിന്‍െറ നാളുകള്‍ അവിടുന്നു വെട്ടിച്ചുരുക്കി; അവിടുന്ന്‌ അവനെ അപമാനംകൊണ്ടു പൊതിഞ്ഞു.
46. കര്‍ത്താവേ, ഇത്‌ എത്രനാളത്തേക്ക്‌? അങ്ങ്‌ എന്നേക്കും മറഞ്ഞിരിക്കുമോ? അങ്ങയുടെ ക്രോധം എത്രകാലംഅഗ്‌നിപോലെ ജ്വലിക്കും?
47. കര്‍ത്താവേ, എത്ര ഹ്രസ്വമാണ്‌ ആയുസ്‌സെന്നും എത്ര വ്യര്‍ഥമാണ്‌ അങ്ങു സൃഷ്‌ടി ച്ചമര്‍ത്യജീവിതമെന്നും ഓര്‍ക്കണമേ!
48. മരണം കാണാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യനുണ്ടോ? ജീവനെ പാതാളത്തിന്‍െറ പിടിയില്‍നിന്നു വിടുവിക്കാന്‍ആര്‍ക്കു കഴിയും?
49. കര്‍ത്താവേ, അങ്ങയുടെ പൂര്‍വ സ്‌നേഹം എവിടെ? വിശ്വസ്‌തനായ അങ്ങു ദാവീദിനോടു ചെയ്‌ത ശപഥം എവിടെ?
50. കര്‍ത്താവേ, അങ്ങയുടെ ദാസന്‍ എത്രനിന്‌ദിക്കപ്പെടുന്നെന്ന്‌ ഓര്‍ക്കണമേ! ജനതകളുടെ പരിഹാസശരം ഞാന്‍ നെഞ്ചില്‍ ഏല്‍ക്കുന്നു.
51. കര്‍ത്താവേ, അങ്ങയുടെ ശത്രുക്കള്‍ അവനെ നിന്‌ദിക്കുന്നു; അങ്ങയുടെ അഭിഷിക്‌തന്‍െറ പിന്‍ഗാമികളെ അവര്‍ പരിഹസിക്കുന്നു.
52. കര്‍ത്താവ്‌ എന്നേക്കും വാഴ്‌ത്തപ്പെടട്ടെ!ആമേന്‍, ആമേന്‍.

Holydivine