Amos - Chapter 1
Holy Bible

1. തെക്കോവയിലെ ആട്ടിടയന്‍മാരിലൊരുവനായ ആമോസിന്‍െറ വാക്കുകള്‍. യൂദാരാജാവായ ഉസിയായുടെയും ഇസ്രായേല്‍ രാജാവും യോവാഷിന്‍െറ പുത്രനുമായ ജറോബോവാമിന്‍െറയും കാലത്ത്‌, ഭൂകമ്പത്തിനു രണ്ടു വര്‍ഷംമുന്‍പ്‌, ഇസ്രായേലിനെക്കുറിച്ച്‌ അവനുണ്ടായ അരുളപ്പാട്‌.
2. അവന്‍ പറഞ്ഞു: സീയോനില്‍നിന്നു കര്‍ത്താവ്‌ ഗര്‍ജിക്കുന്നു. ജറുസലെമില്‍നിന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്യുന്നു; ഇടയന്‍മാരുടെ മേച്ചില്‍സ്‌ഥലങ്ങള്‍ വിലപിക്കുന്നു. കാര്‍മല്‍ മലയുടെ മുകള്‍പ്പരപ്പ്‌ കരിയുന്നു.
3. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദമാസ്‌ക്കസ്‌ ആവര്‍ത്തിച്ചുചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഗിലയാദിനെ ഇരുമ്പു മെതിവണ്ടി കൊണ്ടു മെതിച്ചു.
4. ആകയാല്‍ ഞാന്‍ ഹസായേലിന്‍െറ ഭവനത്തിന്‍മേല്‍ അഗ്‌നി അയയ്‌ക്കും. ബന്‍ഹദാദിന്‍െറ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
5. ദമാസ്‌ക്കസിന്‍െറ ഓടാമ്പല്‍ ഞാന്‍ ഒടിക്കും. ആവെന്‍ താഴ്‌വരയില്‍നിന്ന്‌ അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; ബഥേദനില്‍ നിന്നു ചെങ്കോലേന്തുന്നവനെയും. സിറിയാക്കാര്‍ കീറിലേക്കു പ്രവാസികളായി പോകും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
6. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഗാസാ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, ഏദോമിനു വിട്ടുകൊടുക്കാന്‍ വേണ്ടി ഒരു ജനത്തെ മുഴുവന്‍ അവര്‍ തടവുകാരായി കൊണ്ടുപോയി.
7. ഗാസായുടെ മതിലിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
8. അഷ്‌ദോദില്‍നിന്ന്‌ അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; അഷ്‌കലോണില്‍നിന്ന്‌ ചെങ്കോലേന്തുന്നവനെയും. എക്രാണിനെതിരേ ഞാന്‍ കൈ ഉയര്‍ത്തും. ഫിലിസ്‌ത്യരില്‍ അവശേഷിക്കുന്നവര്‍ നശിക്കും. ദൈവമായ കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
9. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ടയിര്‍ ആവര്‍ത്തിച്ച്‌ ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഒരു ജനത്തെ മുഴുവന്‍ ഏദോമിന്‌ ഏല്‍പിച്ചുകൊടുത്തു. സാഹോദര്യത്തിന്‍െറ ഉടമ്പടി അവര്‍ വിസ്‌മരിച്ചു.
10. ആകയാല്‍, ഞാന്‍ ടയിറിന്‍െറ മതിലിന്‍മേല്‍ അഗ്‌നി അയയ്‌ക്കും. അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
11. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഏദോം ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവന്‍ സ്വസഹോദരനെ വാളുമേന്തി അനുധാവനം ചെയ്‌തു; തെല്ലും കരുണ കാണിച്ചില്ല. അവന്‍െറ കോപം കെടാതെ ജ്വലിച്ചുനിന്നു. ക്രോധം ആളിക്കത്തിക്കൊണ്ടിരുന്നു.
12. തേമാനുമേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും; ബൊസ്രായുടെ ശക്‌തി ദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.
13. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അമ്മോന്യര്‍ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ അതിര്‍ത്തി വിസ്‌തൃതമാക്കാന്‍ ഗിലയാദില്‍ വന്ന്‌ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നു.
14. ആകയാല്‍, ഞാന്‍ റബ്ബായുടെ മതിലിന്‍മേല്‍ അഗ്‌നി അയയ്‌ക്കും; അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും.യുദ്‌ധദിനത്തില്‍ അട്ടഹാസവും ചുഴലിക്കാറ്റിന്‍െറ ദിനത്തില്‍ കൊടുങ്കാറ്റും അതിന്‌ അകമ്പടി സേവിക്കും.
15. അവരുടെ രാജാവ്‌ നാടുകടത്തപ്പെടും; അവനും പ്രഭുക്കന്‍മാരും ഒരുമിച്ചുതന്നെ - കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.

Holydivine