Psalms - Chapter 77
Holy Bible

1. ഞാന്‍ ദൈവത്തോട്‌ ഉച്ചത്തില്‍ നിലവിളിക്കും, അവിടുന്നു കേള്‍ക്കാന്‍ ഉച്ചത്തില്‍ അപേക്‌ഷിക്കും.
2. കഷ്‌ടദിനങ്ങളില്‍ ഞാന്‍ കര്‍ത്താവിനെഅന്വേഷിക്കുന്നു; രാത്രി മുഴുവന്‍ ഞാന്‍ കൈവിരിച്ചുപിടിച്ചു; ഒന്നിനും എന്നെ ആശ്വസിപ്പിക്കാനായില്ല.
3. ഞാന്‍ ദൈവത്തെ ഓര്‍ക്കുകയുംവിലപിക്കുകയും ചെയ്യുന്നു; ഞാന്‍ ധ്യാനിക്കുകയും എന്‍െറ മനസ്‌സ്‌ഇടിയുകയും ചെയ്യുന്നു.
4. കണ്ണുചിമ്മാന്‍ അവിടുന്ന്‌ എന്നെഅനുവദിക്കുന്നില്ല; സംസാരിക്കാനാവാത്തവിധം ഞാന്‍ ആകുലനാണ്‌.
5. ഞാന്‍ കഴിഞ്ഞകാലങ്ങള്‍ ഓര്‍ക്കുന്നു; പണ്ടത്തെ സംവത്‌സരങ്ങളെ സ്‌മരിക്കുന്നു.
6. രാത്രിയില്‍ ഞാന്‍ ഗാഢചിന്തയില്‍ മുഴുകുന്നു; ഞാന്‍ ധ്യാനിക്കുകയും എന്‍െറ ആത്‌മാവില്‍ ഈ ചോദ്യമുയരുകയും ചെയ്‌തു:
7. കര്‍ത്താവ്‌ എന്നേക്കുമായി തള്ളിക്കളയുമോ? ഇനി ഒരിക്കലും അവിടുന്നുപ്രസാദിക്കുകയില്ലേ?
8. അവിടുത്തെ കരുണ എന്നേക്കുമായിനിലച്ചുവോ? അവിടുത്തെ വാഗ്‌ദാനങ്ങള്‍ എന്നേക്കുമായി അവസാനിച്ചുവോ?
9. കൃപ കാണിക്കാന്‍ ദൈവം മറന്നുപോയോ? അവിടുന്നു കോപത്താല്‍ തന്‍െറ കരുണയുടെ വാതില്‍ അടച്ചുകളഞ്ഞുവോ?
10. അത്യുന്നതന്‍െറ ശക്‌തി പ്രകടമാകാത്തതാണ്‌ എന്‍െറ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു.
11. ഞാന്‍ കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ഓര്‍മിക്കും; പണ്ട്‌ അങ്ങു ചെയ്‌തഅദ്‌ഭുതങ്ങള്‍ ഞാന്‍ അനുസ്‌മരിക്കും.
12. ഞാന്‍ അങ്ങയുടെ സകല പ്രവൃത്തികളെയും പറ്റി ധ്യാനിക്കും; അങ്ങയുടെ അദ്‌ഭുതകരമായ പ്രവൃത്തികളെപ്പറ്റി ചിന്തിക്കും.
13. ദൈവമേ, അങ്ങയുടെ മാര്‍ഗംപരിശുദ്‌ധമാണ്‌; നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായി ആരുണ്ട്‌?
14. അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങുതന്നെ.
15. അവിടുത്തെ കരം അവിടുത്തെ ജനത്തെ, യാക്കോബിന്‍െറയും ജോസഫിന്‍െറയും സന്തതികളെ, രക്‌ഷിച്ചു.
16. ദൈവമേ, സമുദ്രം അങ്ങയുടെ മുന്‍പില്‍പരിഭ്രമിച്ചു; അങ്ങയെക്കണ്ട്‌ അഗാധംഭയന്നുവിറച്ചു.
17. മേഘം ജലം വര്‍ഷിച്ചു; ആകാശം ഇടിമുഴക്കി; അങ്ങയുടെ അസ്‌ത്രങ്ങള്‍ എല്ലാവശത്തും മിന്നിപ്പാഞ്ഞു.
18. അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍മാറ്റൊലിക്കൊണ്ടു; അങ്ങയുടെ മിന്നലുകള്‍ ലോകത്തെ പ്രകാശിപ്പിച്ചു; ഭൂമി നടുങ്ങിവിറച്ചു.
19. അങ്ങയുടെ വഴി സമുദ്രത്തിലൂടെയും അങ്ങയുടെ പാത പെരുവെള്ളത്തിലൂടെയും ആയിരുന്നു; അങ്ങയുടെ കാല്‍പാടുകള്‍ അദൃശ്യമായിരുന്നു.
20. മോശയുടെയും അഹറോന്‍െറയുംനേതൃത്വത്തില്‍ അങ്ങയുടെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെയെന്നപോലെ അങ്ങു നയിച്ചു.

Holydivine