Psalms - Chapter 78
Holy Bible

1. എന്‍െറ ജനമേ, എന്‍െറ ഉപദേശംശ്രവിക്കുക; എന്‍െറ വാക്കുകള്‍ക്കുചെവി തരുക.
2. ഞാന്‍ ഒരു ഉപമ പറയാം; പുരാതനചരിത്രത്തിന്‍െറ പൊരുള്‍ ഞാന്‍ വ്യക്‌തമാക്കാം.
3. നാം അതു കേള്‍ക്കുകയും അറിയുകയും ചെയ്‌തിട്ടുണ്ട്‌; പിതാക്കന്‍മാര്‍ നമ്മോടു പറഞ്ഞിട്ടുമുണ്ട്‌.
4. അവരുടെ മക്കളില്‍നിന്നു നാം അതു മറച്ചുവയ്‌ക്കരുത്‌; കര്‍ത്താവു പ്രവര്‍ത്തി ച്ചമഹത്തായ കാര്യങ്ങളും അവിടുത്തെ ശക്‌തിപ്രഭാവവും അദ്‌ഭുതകൃത്യങ്ങളും വരുംതലമുറയ്‌ക്കു വിവരിച്ചുകൊടുക്കണം.
5. അവിടുന്നു യാക്കോബിനു പ്രമാണങ്ങള്‍ നല്‍കി; ഇസ്രായേലിനു നിയമവും; അതു മക്കളെ പഠിപ്പിക്കാന്‍ നമ്മുടെ പിതാക്കന്‍മാരോട്‌ അവിടുന്ന്‌ആജ്‌ഞാപിച്ചു.
6. വരാനിരിക്കുന്നതലമുറ, ഇനിയുംജനിച്ചിട്ടില്ലാത്ത മക്കള്‍, അവ അറിയുകയും തങ്ങളുടെ മക്കള്‍ക്ക്‌ അവ പറഞ്ഞുകൊടുക്കുകയും ചെയ്യും.
7. അവര്‍ ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ പ്രവൃത്തികളെ വിസ്‌മരിക്കാതെ കല്‍പനകള്‍ പാലിക്കുകയും ചെയ്യും.
8. അവര്‍ തങ്ങളുടെ പിതാക്കന്‍മാരെപ്പോലെദുശ്‌ശാഠ്യക്കാരും മത്‌സരബുദ്‌ധികളും ചഞ്ചലഹൃദയരും ദൈവത്തോട്‌ അവിശ്വസ്‌തരും ആകരുത്‌.
9. വില്ലാളികളായ എഫ്രായിംകാര്‍യുദ്‌ധദിവസം പിന്തിരിഞ്ഞോടി.
10. അവര്‍ ദൈവത്തിന്‍െറ ഉടമ്പടിയെ ആദരിച്ചില്ല; അവിടുത്തെനിയമമനുസരിച്ചു നടക്കാന്‍ കൂട്ടാക്കിയുമില്ല.
11. അവര്‍ അവിടുത്തെ പ്രവൃത്തികളും അവര്‍ കണ്ട അദ്‌ഭുതങ്ങളും മറന്നുകളഞ്ഞു.
12. അവിടുന്ന്‌ ഈജിപ്‌തില്‍ സോവാന്‍വയലില്‍, അവരുടെ പിതാക്കന്‍മാര്‍ കാണ്‍കെ അദ്‌ഭുതം പ്രവര്‍ത്തിച്ചു.
13. അവര്‍ക്കു കടന്നുപോകാന്‍ കടലിനെ വിഭജിച്ചു; അവിടുന്നു ജലത്തെ കുന്നുപോലെ നിറുത്തി.
14. പകല്‍സമയം അവിടുന്നു മേഘംകൊണ്ടും രാത്രിയില്‍ അഗ്‌നിയുടെ പ്രകാശംകൊണ്ടും അവരെ നയിച്ചു.
15. അവിടുന്നു മരുഭൂമിയില്‍ പാറ പിളര്‍ന്നു, അവര്‍ക്കു കുടിക്കാന്‍ ആഴത്തില്‍നിന്നുസമൃദ്‌ധമായി ജലം നല്‍കി.
16. പാറയില്‍നിന്ന്‌ അവിടുന്നു നീര്‍ച്ചാല്‍ ഒഴുക്കി, ജലം നദിപോലെ ഒഴുകി.
17. എന്നിട്ടും അവര്‍ അവിടുത്തേക്ക്‌എതിരായി കൂടുതല്‍ പാപം ചെയ്‌തു, അത്യുന്നതനോട്‌ അവര്‍ മരുഭൂമിയില്‍വച്ചു മത്‌സരിച്ചു.
18. ഇഷ്‌ടമുള്ള ഭക്‌ഷണം ചോദിച്ച്‌അവര്‍ ദൈവത്തെ പരീക്‌ഷിച്ചു.
19. അവര്‍ ദൈവത്തിനെതിരായി സംസാരിച്ചു: മരുഭൂമിയില്‍ മേശയൊരുക്കാന്‍ ദൈവത്തിനു കഴിയുമോ?
20. അവിടുന്നു പാറയില്‍ അടിച്ചു; ജലംപൊട്ടിയൊഴുകി; നീര്‍ച്ചാലുകള്‍ കവിഞ്ഞു; എന്നാല്‍, ജനത്തിന്‌ അപ്പവും മാംസവുംനല്‍കാന്‍ അവിടുത്തേക്കു കഴിയുമോ?
21. ഇതുകേട്ടു കര്‍ത്താവു ക്രുദ്‌ധനായി; യാക്കോബിന്‍െറ നേരേ അഗ്‌നിജ്വലിച്ചു; ഇസ്രായേലിന്‍െറ നേരേ കോപമുയര്‍ന്നു.
22. എന്തെന്നാല്‍; അവര്‍ ദൈവത്തില്‍വിശ്വസിക്കുകയും അവിടുത്തെരക്‌ഷാകരശക്‌തിയില്‍ ആശ്രയിക്കുകയും ചെയ്‌തില്ല.
23. എങ്കിലും, അവിടുന്ന്‌ ആകാശത്തോട്‌ആജ്‌ഞാപിച്ചു; വാനിടത്തിന്‍െറ വാതിലുകള്‍ തുറന്നു.
24. അവര്‍ക്കു ഭക്‌ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു നല്‍കി.
25. മനുഷ്യന്‍ ദൈവദൂതന്‍മാരുടെ അപ്പംഭക്‌ഷിച്ചു; അവിടുന്നു ഭക്‌ഷണം സമൃദ്‌ധമായി അയച്ചു.
26. അവിടുന്ന്‌ ആകാശത്തില്‍ കിഴക്കന്‍കാറ്റടിപ്പിച്ചു; അവിടുത്തെ ശക്‌തിയാല്‍ അവിടുന്നു തെക്കന്‍കാറ്റിനെ തുറന്നുവിട്ടു.
27. അവിടുന്ന്‌ അവരുടെമേല്‍ പൊടിപോലെ മാംസത്തെയും കടല്‍ത്തീരത്തെ മണല്‍ത്തരി പോലെ പക്‌ഷികളെയും വര്‍ഷിച്ചു.
28. അവിടുന്നു അവരുടെ പാളയങ്ങളുടെനടുവിലും പാര്‍പ്പിടങ്ങള്‍ക്കു ചുററുംഅവയെ പൊഴിച്ചു.
29. അവര്‍ ഭക്‌ഷിച്ചുസംതൃപ്‌തരായി;അവര്‍ കൊതിച്ചത്‌ അവിടുന്ന്‌അവര്‍ക്കു നല്‍കി.
30. എന്നാല്‍, അവരുടെ കൊതിക്കു മതിവരും മുന്‍പുതന്നെ, ഭക്‌ഷണംവായിലിരിക്കുമ്പോള്‍ത്തന്നെ,
31. ദൈവത്തിന്‍െറ കോപം അവര്‍ക്കെതിരേ ഉയര്‍ന്നു; അവിടുന്ന്‌ അവരില്‍ ഏറ്റവും ശക്‌തരായവരെ വധിച്ചു; ഇസ്രായേലിലെ യോദ്‌ധാക്കളെസംഹരിച്ചു.
32. എന്നിട്ടും അവര്‍ വീണ്ടും പാപം ചെയ്‌തു; അവിടുന്നു ചെയ്‌ത അദ്‌ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല.
33. അതിനാല്‍, അവിടുന്ന്‌ അവരുടെ നാളുകളെ ഒരു നിശ്വാസംപോലെ അവസാനിപ്പിച്ചു; അവരുടെ സംവത്‌സരങ്ങള്‍ ഭീതിയില്‍ആണ്ടുപോയി.
34. അവിടുന്ന്‌ അവരെ വധിച്ചപ്പോള്‍ അവര്‍അവിടുത്തെ തേടി; അവര്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തീവ്രതയോടെ തിരിഞ്ഞു.
35. ദൈവമാണു തങ്ങളുടെ അദ്‌ഭുതശിലയെന്നും അത്യുന്നതനായ ദൈവമാണു തങ്ങളെവീണ്ടെടുക്കുന്നവനെന്നും അവര്‍അനുസ്‌മരിച്ചു.
36. എങ്കിലും അവരുടെ സ്‌തുതി കപടമായിരുന്നു; അവരുടെ നാവില്‍നിന്നു വന്നതുനുണയായിരുന്നു.
37. അവരുടെ ഹൃദയം അവിടുത്തോടുചേര്‍ന്നുനിന്നില്ല; അവിടുത്തെഉടമ്പടിയോടു വിശ്വസ്‌തത പുലര്‍ത്തിയില്ല.
38. എങ്കിലും, കാരുണ്യവാനായ അവിടുന്ന്‌അവരുടെ അകൃത്യങ്ങള്‍ ക്‌ഷമിച്ചു;അവരെ നശിപ്പിച്ചില്ല. പലപ്പോഴുംഅവിടുന്നു കോപമടക്കി; തന്‍െറ ക്രോധം ആളിക്കത്താന്‍ അനുവദിച്ചില്ല.
39. അവര്‍ ജഡം മാത്രമാണെന്നും മടങ്ങിവരാതെ കന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന്‌ അനുസ്‌മരിച്ചു.
40. അവര്‍ എത്രയോ പ്രാവശ്യം മരുഭൂമിയില്‍വച്ച്‌ അവിടുത്തോടു മത്‌സരിച്ചു! എത്രയോ പ്രാവശ്യം വിജനപ്രദേശത്തുവച്ച്‌ അവിടുത്തെ ദുഃഖിപ്പിച്ചു!
41. അവര്‍ വീണ്ടും വീണ്ടും ദൈവത്തെ പരീക്‌ഷിച്ചു; ഇസ്രായേലിന്‍െറ പരിശുദ്‌ധനെപ്രകോപിപ്പിച്ചു.
42. അവര്‍ അവിടുത്തെ ശക്‌തിയെയോ,ശത്രുവില്‍നിന്നു തങ്ങളെ രക്‌ഷിച്ചദിവസത്തെയോ ഓര്‍ത്തില്ല.
43. ഈജിപ്‌തില്‍വച്ച്‌ അവിടുന്നു പ്രവര്‍ത്തി ച്ചഅടയാളങ്ങളും സോവാന്‍വയലുകളില്‍വച്ചുചെയ്‌ത അദ്‌ഭുതങ്ങളും ഓര്‍ത്തില്ല.
44. അവരുടെ നദികളെ അവിടുന്നു രക്‌തമാക്കി മാറ്റി; അരുവികളില്‍നിന്ന്‌ അവര്‍ക്കു കുടിക്കാന്‍ കഴിഞ്ഞില്ല.
45. അവിടുന്ന്‌ അവരുടെ ഇടയിലേക്ക്‌ഈച്ചകളെ കൂട്ടംകൂട്ടമായി അയച്ചു; അവ അവരെ വിഴുങ്ങിക്കളഞ്ഞു;അവിടുന്നു തവളകളെ അയച്ചു;അവ അവര്‍ക്കു നാശം വരുത്തി.
46. അവരുടെ വിളവുകള്‍ കമ്പിളിപ്പുഴുവിനും അവരുടെ അധ്വാനഫലം വെട്ടുകിളിക്കും വിട്ടുകൊടുത്തു.
47. അവിടുന്ന്‌ അവരുടെ മുന്തിരിത്തോട്ടങ്ങളെ കന്‍മഴകൊണ്ടും സിക്കമൂര്‍ മരങ്ങളെ ഹിമവര്‍ഷംകൊണ്ടും നശിപ്പിച്ചു.
48. അവിടുന്ന്‌ അവരുടെ കന്നുകാലികളെകന്‍മഴയ്‌ക്കും അവരുടെ ആട്ടിന്‍കൂട്ടങ്ങളെ ഇടിത്തീക്കും ഇരയാക്കി.
49. അവിടുന്ന്‌ അവരുടെ ഇടയിലേക്കു തന്‍െറ ഉഗ്രകോപം, ക്രോധം, രോഷം, ദുരിതം എന്നിങ്ങനെ സംഹാരദൂതന്‍മാരുടെ ഒരു സംഘത്തെ അയച്ചു.
50. അവിടുന്നു തന്‍െറ കോപത്തെ അഴിച്ചുവിട്ടു, അവിടുന്ന്‌ അവരെ മരണത്തില്‍നിന്ന്‌ഒഴിവാക്കിയില്ല; അവരുടെ ജീവനെമഹാമാരിക്ക്‌ ഏല്‍പിച്ചുകൊടുത്തു.
51. ഈജിപ്‌തിലെ കടിഞ്ഞൂലുകളെ, ഹാമിന്‍െറ കൂടാരത്തിലെ പൗരുഷത്തിന്‍െറ പ്രഥമഫലങ്ങളെ, അവിടുന്നു സംഹരിച്ചു.
52. എന്നാല്‍, തന്‍െറ ജനത്തെ ചെമ്മരിയാടുകളെപ്പോലെ അവിടുന്നു പുറത്തു കൊണ്ടുവന്നു; ആട്ടിന്‍പറ്റത്തെയെന്നപോലെ മരുഭൂമിയിലൂടെ നയിച്ചു.
53. അവിടുന്ന്‌ അവരെ സുരക്‌ഷിതമായി നയിച്ചതിനാല്‍ അവര്‍ നിര്‍ഭയരായിരുന്നു; എന്നാല്‍, അവരുടെ വൈരികളെകടല്‍ മൂടിക്കളഞ്ഞു.
54. അവിടുന്ന്‌ അവരെ തന്‍െറ വിശുദ്‌ധദേശത്തേക്കും തന്‍െറ വലത്തുകൈ നേടിയെടുത്ത പര്‍വതത്തിലേക്കും കൊണ്ടുവന്നു.
55. അവരുടെ മുന്‍പില്‍നിന്ന്‌ അവിടുന്നു ജനതകളെ തുരത്തി; അവര്‍ക്ക്‌ അവകാശം അളന്നു കൊടുത്തു; ഇസ്രായേല്‍ ഗോത്രങ്ങളെ പാളയങ്ങളില്‍ പാര്‍പ്പിച്ചു.
56. എന്നിട്ടും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്‌ഷിക്കുകയും അവിടുത്തോടു മത്‌സരിക്കുകയും ചെയ്‌തു; അവര്‍ അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല.
57. തങ്ങളുടെ പിതാക്കന്‍മാരെപ്പോലെ അവര്‍ ദൈവത്തില്‍നിന്ന്‌ അകന്ന്‌അവിശ്വസ്‌തമായി പെരുമാറി; ഞാണ്‍ അയഞ്ഞവില്ലുപോലെ വഴുതിമാറി.
58. അവര്‍ തങ്ങളുടെ പൂജാഗിരികളാല്‍ അവിടുത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാല്‍അവിടുത്തെ അസൂയാലുവാക്കി.
59. ദൈവം ഇതുകേട്ടു ക്രുദ്‌ധനായി; അവിടുന്ന്‌ ഇസ്രായേലിനെ പരിപൂര്‍ണമായി പരിത്യജിച്ചു.
60. ആകയാല്‍, അവിടുന്നു മനുഷ്യരുടെ ഇടയിലെ തന്‍െറ നിവാസമായ ഷീലോയിലെകൂടാരം ഉപേക്‌ഷിച്ചു.
61. അവിടുന്നു തന്‍െറ ശക്‌തിയെ അടിമത്തത്തിനും മഹത്വത്തെ ശത്രുവിന്‍െറ കരത്തിനുംഏല്‍പിച്ചുകൊടുത്തു.
62. അവിടുന്നു തന്‍െറ ജനത്തെ വാളിനുവിട്ടുകൊടുത്തു; തന്‍െറ അവകാശത്തിന്‍മേല്‍ക്രോധം ചൊരിഞ്ഞു.
63. അവരുടെയുവാക്കളെ അഗ്‌നി വിഴുങ്ങി; അവരുടെ കന്യകമാര്‍ക്കു വിവാഹഗീതംഉണ്ടായിരുന്നില്ല.
64. അവരുടെ പുരോഹിതന്‍മാര്‍ വാളിനിരയായി; അവരുടെ വിധവകള്‍ വിലാപം ആചരിച്ചില്ല.
65. വീഞ്ഞുകുടിച്ച്‌ അലറുന്ന മല്ലനെപ്പോലെ, ഉറക്കത്തില്‍ നിന്നെന്ന പോലെ,കര്‍ത്താവ്‌ എഴുന്നേറ്റു.
66. അവിടുന്നു തന്‍െറ ശത്രുക്കളെ തുരത്തി; അവര്‍ക്കു ശാശ്വതമായ അവമതി വരുത്തി.
67. അവിടുന്നു ജോസഫിന്‍െറ കൂടാരം ഉപേക്‌ഷിച്ചു; എഫ്രായിമിന്‍െറ ഗോത്രത്തെതിരഞ്ഞെടുത്തില്ല.
68. എന്നാല്‍, അവിടുന്നു യൂദാഗോത്രത്തെയും താന്‍സ്‌നേഹിക്കുന്ന സീയോന്‍മലയെയും തിരഞ്ഞെടുത്തു.
69. ഉന്നതമായ ആകാശത്തെപ്പോലെയും എന്നേക്കുമായി സ്‌ഥാപിച്ചിരിക്കുന്നഭൂമിയെപ്പോലെയും അവിടുന്നുതന്‍െറ ആലയം നിര്‍മിച്ചു.
70. അവിടുന്നു തന്‍െറ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; അവനെ ആടുകളുടെ ഇടയില്‍നിന്നു വിളിച്ചു.
71. തന്‍െറ ജനമായ യാക്കോബിനെയും തന്‍െറ അവകാശമായ ഇസ്രായേലിനെയുംമേയിക്കുവാന്‍വേണ്ടി അവിടുന്നുതള്ളയാടുകളെ മേയിച്ചിരുന്ന അവനെ വിളിച്ചു വരുത്തി.
72. അവന്‍ പരമാര്‍ഥഹൃദയത്തോടെ അവരെ മേയിച്ചു; കരവിരുതോടെ അവന്‍ അവരെ നയിച്ചു.

Holydivine