Sirach - Chapter 2
Holy Bible

1. എന്‍െറ മകനേ, നീ കര്‍ത്തൃശുശ്രൂഷയ്‌ക്ക്‌ ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക.
2. നിന്‍െറ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്‌.
3. അവിടുത്തോട്‌ വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക; നിന്‍െറ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും.
4. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ശാന്തത വെടിയരുത്‌.
5. എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്‍െറ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.
6. കര്‍ത്താവില്‍ ആശ്രയിക്കുക. അവിടുന്ന്‌ നിന്നെ സഹായിക്കും. നേരായ മാര്‍ഗത്തില്‍ ചരിക്കുക; കര്‍ത്താവില്‍ പ്രത്യാശ അര്‍പ്പിക്കുക.
7. കര്‍ത്താവിന്‍െറ ഭക്‌തരേ, അവിടുത്തെകരുണയ്‌ക്കുവേണ്ടി കാത്തിരിക്കുവിന്‍; വീഴാതിരിക്കാന്‍ വഴി തെറ്റരുത്‌.
8. കര്‍ത്താവിന്‍െറ ഭക്‌തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.
9. കര്‍ത്താവിന്‍െറ ഭക്‌തരേ, ഐശ്വര്യവും നിത്യാനന്‌ദവും അനുഗ്രഹവും പ്രതീക്‌ഷിക്കുവിന്‍.
10. കഴിഞ്ഞതലമുറകളെപ്പറ്റി ചിന്തിക്കുവിന്‍; കര്‍ത്താവിനെ ആശ്രയിച്ചിട്ട്‌ ആരാണ്‌ ഭഗ്‌നാശനായത്‌? കര്‍ത്താവിന്‍െറ ഭക്‌തരില്‍ ആരാണ്‌പരിത്യക്‌തനായത്‌? അവിടുത്തെ വിളിച്ചപേക്‌ഷിച്ചിട്ട്‌ആരാണ്‌ അവഗണിക്കപ്പെട്ടത്‌?
11. കര്‍ത്താവ്‌ ആര്‍ദ്രഹൃദയനുംകരുണാമയനുമാണ്‌. അവിടുന്ന്‌ പാപങ്ങള്‍ ക്‌ഷമിക്കുകയുംകഷ്‌ടതയുടെ ദിനങ്ങളില്‍രക്‌ഷയ്‌ക്കെത്തുകയും ചെയ്യുന്നു.
12. ഭീരുത്വം നിറഞ്ഞഹൃദയങ്ങള്‍ക്കുംഅലസകരങ്ങള്‍ക്കും കപടജീവിതംനയിക്കുന്ന പാപികള്‍ക്കും കഷ്‌ടം!
13. ദുര്‍ബലഹൃദയര്‍ക്കും ദുരിതം! എന്തെന്നാല്‍, അവര്‍ക്കു വിശ്വാസമില്ല,അവര്‍ അരക്‌ഷിതരായിരിക്കും.
14. ക്‌ഷമകെട്ടവര്‍ക്കു ദുരിതം! കര്‍ത്താവ്‌ന്യായം വിധിക്കുമ്പോള്‍നിങ്ങള്‍ എന്തുചെയ്യും?
15. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ അവിടുത്തെ വചനം ധിക്കരിക്കുകയില്ല; അവിടുത്തെ സ്‌നേഹിക്കുന്നവര്‍അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.
16. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍അവിടുത്തെ ഇഷ്‌ടം അന്വേഷിക്കും: അവിടുത്തെ സ്‌നേഹിക്കുന്നവര്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്‌ടരാകും.
17. കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ഹൃദയം ഒരുക്കിവയ്‌ക്കും; അവിടുത്തെ മുമ്പില്‍ വിനീതരായിരിക്കുകയും ചെയ്യും.
18. നമുക്കു മനുഷ്യകരങ്ങളിലല്ല കര്‍ത്തൃകരങ്ങളില്‍ നമ്മെത്തന്നെ അര്‍പ്പിക്കാം; എന്തെന്നാല്‍ അവിടുത്തെ പ്രഭാവംപോലെ തന്നെയാണ്‌ അവിടുത്തെ കാരുണ്യവും.

Holydivine