Sirach - Chapter 12
Holy Bible

1. അര്‍ഹത നോക്കിവേണം ദയ കാണിക്കാന്‍; അതിനു ഫലമുണ്ടാകും.
2. ദൈവഭക്‌തനു നന്‍മ ചെയ്‌താല്‍നിനക്കു പ്രതിഫലം ലഭിക്കും; അവനില്‍നിന്നല്ലെങ്കില്‍ കര്‍ത്താവില്‍നിന്ന്‌.
3. തിന്‍മയില്‍ മുഴുകുന്നവനും, ഭിക്‌ഷകൊടുക്കാത്തവനും നന്‍മ വരുകയില്ല.
4. ദൈവഭക്‌തനു നല്‍കുക; പാപിയെ സഹായിക്കരുത്‌.
5. എളിയവനു നന്‍മചെയ്യുക; എന്നാല്‍, ദൈവഭയമില്ലാത്തവനെ സഹായിക്കരുത്‌; അവനു ഭക്‌ഷണം കൊടുക്കരുത്‌; അവന്‍ നിന്നെ കീഴടക്കും; നന്‍മയ്‌ക്കു പകരം ഇരട്ടി ദ്രാഹമായിരിക്കും അവന്‍ ചെയ്യുക.
6. അത്യുന്നതന്‍ പാപികളെ വെറുക്കുകയും ശിക്‌ഷിക്കുകയും ചെയ്യുന്നു.
7. നല്ലവനെ സഹായിക്കുക; പാപിയെ അരുത്‌.
8. ഐശ്വര്യത്തില്‍ സ്‌നേഹിതനെഅറിയാന്‍ സാധിക്കുകയില്ല; കഷ്‌ടതയില്‍ ശത്രു മറഞ്ഞിരിക്കുകയുമില്ല.
9. ഒരുവന്‌ ഐശ്വര്യമുണ്ടാകുമ്പോള്‍ശത്രുക്കള്‍ ദുഃഖിക്കുന്നു; കഷ്‌ടതയില്‍ സ്‌നേഹിതന്‍മാര്‍പോലുംഅകന്നുപോകും.
10. ശത്രുവിനെ ഒരിക്കലും വിശ്വസിക്കരുത്‌; ചെമ്പിലെ ക്‌ളാവ്‌ എന്നപോലെ അവന്‍െറ ദുഷ്‌ടത നിന്നെ നശിപ്പിക്കും.
11. അവന്‍ അതിവിനയത്തോടെ കെഞ്ചിയാലും കരുതലോടെയിരിക്കുക; ഓട്ടുകണ്ണാടി തുടച്ചുമിനുക്കുന്നവനെപ്പോലെ ജാഗരൂകത കാണിക്കുക; എത്ര തുടച്ചാലും ക്‌ളാവ്‌ വീണ്ടും വരും.
12. അവനെ അടുത്തിരുത്തരുത്‌; അവന്‍ നിന്‍െറ സ്‌ഥാനം കരസ്‌ഥമാക്കും. നിന്‍െറ വലതുവശത്തിരിക്കാന്‍അവനെ അനുവദിക്കരുത്‌; അവന്‍ നിന്‍െറ ബഹുമാന്യസ്‌ഥാനംഅപഹരിക്കും; അപ്പോള്‍ എന്‍െറ വാക്കുകളുടെ പൊരുള്‍നീ ദുഃഖത്തോടെ മനസ്‌സിലാക്കും.
13. പാമ്പാട്ടിയെ പാമ്പു കടിച്ചാല്‍ആര്‍ക്കു സഹതാപം തോന്നും? ഹിംസ്രജന്തുക്കളെ സൂക്‌ഷിക്കുന്നവന്‌അപകടം വന്നാല്‍ ആര്‍ക്ക്‌അനുകമ്പതോന്നും?
14. പാപിയുമായി സഹവസിക്കുകയുംപാപങ്ങളില്‍ മുഴുകുകയുംചെയ്യുന്നവനോട്‌ ആര്‍ക്കുംസഹതാപം തോന്നുകയില്ല.
15. അവന്‍ നിന്നോടൊത്തു കഴിഞ്ഞാലും,നീ വീഴാന്‍തുടങ്ങിയാല്‍ മാറിക്കളയും.
16. ശത്രു മധുരമായി സംസാരിച്ചാലുംകുഴിയില്‍ ചാടിക്കാനായിരിക്കുംഅവന്‍െറ ആലോചന; അവന്‍ കണ്ണീരൊഴുക്കിയാലും,അവസരം വരുമ്പോള്‍, ശമിക്കാത്തരക്‌തദാഹം ഉണരും.
17. നിനക്ക്‌ ആപത്തുവരുമ്പോള്‍അവന്‍ നിന്നെ സമീപിക്കും; സഹായം നടിച്ചുകൊണ്ടു കുതികാലില്‍ ചവിട്ടി അവന്‍ നിന്നെ വീഴ്‌ത്തും.
18. അപ്പോള്‍, അവന്‍ തല കുലുക്കി കൈയടിച്ച്‌ അടക്കംപറഞ്ഞ്‌ തന്‍െറ യഥാര്‍ഥ ഭാവം വെളിപ്പെടുത്തും.

Holydivine