Isaiah - Chapter 30
Holy Bible

1. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍േറതല്ലാത്ത പദ്‌ധതികള്‍ നടപ്പിലാക്കുകയും എനിക്ക്‌ അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്‌ത്‌ പാപം കുന്നുകൂട്ടിയ അനുസരണമില്ലാത്ത സന്തതികള്‍ക്കു ദുരിതം!
2. അവര്‍ എന്‍െറ ആലോചന ആരായാതെ ഈജിപ്‌തിലേക്കു പോയി ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്‌തിന്‍െറ തണലില്‍ സ ങ്കേതം തേടുകയും ചെയ്‌തു.
3. അതിനാല്‍, ഫറവോയുടെ സംരക്‌ഷണം നിങ്ങള്‍ക്കു ലജ്‌ജയും ഈജിപ്‌തിന്‍െറ തണലിലെ സങ്കേതം നിങ്ങള്‍ക്ക്‌ അപമാനവും ആകും.
4. അവന്‍െറ ഉദ്യോഗസ്‌ഥന്‍മാര്‍ സോവാനിലും നയതന്ത്രപ്രതിനിധികള്‍ ഹാനെസിലും എത്തിയിട്ടും നിങ്ങള്‍ നിഷ്‌പ്രയോജനമായ ഈ ജനത നിമിത്തം അപമാനിതരായി.
5. സഹായമോ നേട്ടമോ അല്ല, അവര്‍മൂലം ലഭിച്ചത്‌, ലജ്‌ജയും അപമാനവും മാത്രം.
6. നെഗെബിലെ വന്യമൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്‌: കഷ്‌ ടതയും കഠിനവേദനയും നിറഞ്ഞദേശത്തിലൂടെ, സിംഹിയും സിംഹവും അണലിയും പറക്കുന്ന സര്‍പ്പവും ഇറങ്ങിവരുന്ന ദേശത്തിലൂടെ, അവര്‍ കഴുതപ്പുറത്ത്‌ സമ്പത്തും ഒട്ടകപ്പുറത്ത്‌ വിലയുറ്റ വിഭവങ്ങളും തങ്ങള്‍ക്ക്‌ ഉപകരിക്കാത്ത ഒരു ജനതയ്‌ക്കുവേണ്ടി കൊണ്ടുപോകുന്നു.
7. ഈജിപ്‌തിന്‍െറ സഹായം വ്യര്‍ഥ വും നിഷ്‌ഫലവും ആണ്‌. അതിനാല്‍, ഞാന്‍ അവളെ നിശ്‌ചലയായി ഇരിക്കുന്ന റാഹാബ്‌ എന്നുവിളിച്ചു.
8. വരുംനാളില്‍ എന്നേക്കുമുള്ള സാക്‌ഷ്യത്തിനായി ഇത്‌ അവരുടെ മുന്‍പില്‍ ഒരു ഫലകത്തില്‍ രേഖപ്പെടുത്തുകയും പുസ്‌ത കത്തില്‍ എഴുതുകയും ചെയ്യുക.
9. എന്തെന്നാല്‍, അവര്‍ കലഹിക്കുന്ന ജനവും വ്യാജം പറയുന്ന മക്കളും കര്‍ത്താവിന്‍െറ ഉപദേശം ശ്രവിക്കാത്ത സന്തതികളും ആണ്‌.
10. ദര്‍ശിക്കരുത്‌ എന്ന്‌ ദീര്‍ഘദര്‍ശികളോടും, ശരിയായിട്ടുള്ളതു ഞങ്ങളോടു പ്രവചിക്കരുത്‌, മറിച്ച്‌, കേള്‍ക്കാന്‍ ഇന്‍പമുള്ളതും മിഥ്യയായിട്ടുള്ളതും മാത്രം പറയുക,
11. നേര്‍വഴി വിട്ടുപോവുക, മാര്‍ഗത്തില്‍ നിന്നു പിന്തിരിയുക, ഇസ്രായേലിന്‍െറ പരിശുദ്‌ധനെപ്പറ്റി ഇനി ഒന്നും ഞങ്ങള്‍ക്കു കേള്‍ക്കേണ്ടതില്ല എന്ന്‌ പ്രവാചകരോടും അവര്‍ പറയുന്നു.
12. അതിനാല്‍, ഇസ്രയേലിന്‍െറ പരിശുദ്‌ധന്‍ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ വചനം തിരസ്‌കരിക്കുകയും മര്‍ദനത്തിലും വൈകൃതത്തിലും വിശ്വസിക്കുകയും അവയില്‍ ആശ്രയിക്കുകയും ചെയ്യുന്നതിനാല്‍ ,
13. ഈ അകൃത്യം നിങ്ങള്‍ക്കു തകര്‍ന്നു വീഴാറായി തളളിനില്‍ക്കുന്ന ഉയര്‍ന്ന മതിലിലെ വിള്ളല്‍ പോലെയായിരിക്കും.
14. അതു നിര്‍ദയം അടിച്ചുട ച്ചകുശവന്‍െറ കലംപോലെ ആയിരിക്കും. അടുപ്പില്‍ നിന്നു തീ കോരുന്നതിനോ, കല്‍ത്തൊട്ടിയില്‍ നിന്നു വെള്ളം കോരിയെടുക്കുന്നതിനോ ഉപകരിക്കുന്ന ഒരു കഷണംപോലും അതില്‍ അവശേഷിക്കുകയില്ല.
15. അതിനാല്‍, ഇസ്രായേലിന്‍െറ പരിശുദ്‌ധനായ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: തിരിച്ചുവന്ന്‌ സ്വസ്‌ഥമായിരുന്നാല്‍ നിങ്ങള്‍ രക്‌ഷപെടും. സ്വസ്‌ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം. എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കുകയില്ല.
16. നിങ്ങള്‍ പറഞ്ഞു: ഇല്ല, ഞങ്ങള്‍ കുതിരപ്പുറത്ത്‌ കയറി ശീഘ്രം സഞ്ചരിക്കും. അതിനാല്‍, നിങ്ങള്‍വേഗം അകന്നു പോകും. ഞങ്ങള്‍ ശീഘ്ര തയുള്ള പടക്കുതിരയുടെ പുറത്തു സഞ്ചരിക്കും എന്നു നിങ്ങള്‍ പറഞ്ഞു. അതിനാല്‍, നിങ്ങളെ പിന്തുടരുന്നവരും അതിവേഗമായിരിക്കും വരുക.
17. ഒരുവനെ പേടിച്ച്‌ ആയിരം പേര്‍ ഓടും. അഞ്ചുപേര്‍ ഭീഷണിപ്പെടുത്തിയാല്‍ നിങ്ങളെല്ലാവരും ഓടും. നിങ്ങളില്‍ അവശേഷിക്കുന്നവര്‍ മലമുകളിലെ കൊടിമരവും കുന്നിന്‍മുകളിലെ ചൂണ്ടുപലകയുംപോലെ ആയിരിക്കും.
18. അതിനാല്‍, നിന്നോട്‌ ഒൗദാര്യം കാണിക്കാന്‍ കര്‍ത്താവ്‌ കാത്തിരിക്കുന്നു. നിന്നോടു കാരുണ്യം പ്രദര്‍ശിപ്പിക്കാന്‍ അവിടുന്ന്‌ തന്നെത്തന്നെ ഉയര്‍ത്തുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ നീതിയുടെദൈവമാണ്‌. അവിടുത്തേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
19. ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്‍െറ വിലാപസ്വരം കേട്ട്‌ അവിടുന്ന്‌ കരുണ കാണിക്കും; അവിടുന്ന്‌ അതു കേട്ട്‌ നിനക്ക്‌ ഉത്തരമരുളും.
20. കര്‍ത്താവ്‌ നിനക്കു കഷ്‌ട തയുടെ അപ്പവും ക്‌ളേശത്തിന്‍െറ ജലവും തന്നാലും നിന്‍െറ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്‍െറ നയനങ്ങള്‍ നിന്‍െറ ഗുരുവിനെ ദര്‍ശിക്കും.
21. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍െറ കാതുകള്‍ പിന്നില്‍ നിന്ന്‌, ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക.
22. അപ്പോള്‍, നിങ്ങളുടെ വെള്ളിപൊതിഞ്ഞകൊത്തുവിഗ്രഹങ്ങളെയും സ്വര്‍ണംപൂശിയ വാര്‍പ്പു വിഗ്രഹങ്ങളെയും നിങ്ങള്‍ നിന്‌ദിക്കും. ദൂരെപ്പോകുവിന്‍ എന്നു പറഞ്ഞ്‌ നിങ്ങള്‍ അവയെ മലിനവസ്‌തുക്കളെന്നപോലെ എറിഞ്ഞുകളയും.
23. അവിടുന്ന്‌ നീ വിതയ്‌ക്കുന്ന വിത്തിനു മഴ നല്‍കും; ധാന്യം സമൃദ്‌ധമായി വിളയും; അന്ന്‌ നിന്‍െറ കന്നുകാലികള്‍ വിശാലമായ മേച്ചില്‍പുറങ്ങളില്‍ മേയും.
24. നിലം ഉഴുകുന്ന കാളകളും കഴുതകളും കോരികകൊണ്ടും പല്ലികൊണ്ടും ഒരുക്കിയതും ഉപ്പു ചേര്‍ത്തതുമായ വൈക്കോല്‍ തിന്നും.
25. മഹാസംഹാരത്തിന്‍െറ ദിനത്തില്‍ ഗോപുരങ്ങള്‍ വീണു തകരുമ്പോള്‍ ഉന്നതമായ പര്‍വതങ്ങളിലും കുന്നുകളിലും വെള്ളം നിറഞ്ഞഅരുവികള്‍ ഉണ്ടാകും.
26. കര്‍ത്താവ്‌ തന്‍െറ ജനത്തിന്‍െറ മുറിവുകള്‍ വച്ചുകെട്ടുകയും തന്‍െറ പ്രഹരംകൊണ്ടുണ്ടായ മുറിവുകള്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദിവസം ചന്‌ദ്രപ്രകാശം സൂര്യന്‍െറ ശോഭപോലെയും, സൂര്യപ്രകാശം ഏഴു ദിവസങ്ങളിലെ പ്രകാശം ഒന്നിച്ചായിരുന്നാലെന്നപോലെ ഏഴിരട്ടിയും ആകും.
27. അവിടുത്തെ കോപംകൊണ്ടു ജ്വലിച്ചും കനത്ത പുക വമിച്ചും കൊണ്ട്‌ ഇതാ, കര്‍ത്താവിന്‍െറ നാമം ദൂരെ നിന്നു വരുന്നു. അവിടുത്തെ അധരങ്ങള്‍ രോഷാകുലമാണ്‌; അവിടുത്തെനാവ്‌ ദഹിപ്പിക്കുന്ന അഗ്‌നിപോലെയും ആണ്‌.
28. കവിഞ്ഞൊഴുകുന്നതും കഴുത്തുവരെ എത്തുന്നതുമായ നദിക്കു തുല്യമാണ്‌ അവിടുത്തെ ശ്വാസം. അത്‌ ജനതകളെ നാശത്തിന്‍െറ അരിപ്പയില്‍ അരിക്കുന്നു; അവരുടെ താടിയെല്ലില്‍ വഴിതെറ്റിക്കുന്ന കടിഞ്ഞാണ്‍ ബന്‌ധിക്കുന്നു.
29. ഉത്‌സവ രാത്രിയിലെന്നപോലെ നിങ്ങള്‍ ഗാനമാലപിക്കും; ഇസ്രായേലിന്‍െറ രക്‌ഷാശിലയായ കര്‍ത്താവിന്‍െറ പര്‍വതത്തിലേക്കു കുഴല്‍നാദത്തിനൊത്ത്‌ പോകുമ്പോഴെന്നപോലെ നിങ്ങള്‍ ഹൃദയത്തില്‍ ആനന്‌ദിക്കും.
30. ഉഗ്രകോപത്തിലും ദഹിപ്പിക്കുന്ന അഗ്‌നിജ്വാലയിലും ഇടിമുഴക്കത്തിലും കന്‍മഴയിലും കര്‍ത്താവ്‌ പ്രഹരിക്കാന്‍ കരം വീശുന്നതു നിങ്ങള്‍ കാണുകയും അവിടുത്തെ ഗംഭീരശബ്‌ദം നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും.
31. കര്‍ത്താവ്‌ തന്‍െറ ദണ്‍ഡുകൊണ്ട്‌ പ്രഹരിക്കുമ്പോള്‍ അവിടുത്തെ സ്വരം കേട്ട്‌ അസ്‌സീറിയര്‍ ഭയവിഹ്വലരായിത്തീരും.
32. ശിക്‌ഷാദണ്‍ഡുകൊണ്ട്‌ കര്‍ത്താവ്‌ അടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്‍െറയും കിന്നരത്തിന്‍െറയും നാദം ഉയരും. കരം ചുഴറ്റി അവിടുന്ന്‌ അവരോടുയുദ്‌ധം ചെയ്യും.
33. ദഹിപ്പിക്കാനുള്ള സ്‌ഥലം പണ്ടേ ഒരുക്കിയിട്ടുണ്ട്‌; രാജാവിനു വേണ്ടിയാണ്‌ അത്‌ ഒരുക്കിയിരിക്കുന്നത്‌. അതിന്‍െറ ചിത ആഴമേറിയതും വിസ്‌താര മുള്ളതുമാണ്‌; അഗ്‌നിയും വിറകും ധാരാളം കരുതിയിട്ടുണ്ട്‌. കര്‍ത്താവിന്‍െറ നിശ്വാസം ഒരു ഗന്‌ധകനദിപോലെ അതിനെ ജ്വലിപ്പിക്കുന്നു.

Holydivine