Isaiah - Chapter 66
Holy Bible

1. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആകാശം എന്‍െറ സിംഹാസനം; ഭൂമി എന്‍െറ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ്‌ എന്‍െറ വിശ്രമസ്‌ഥലം?
2. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇവയെല്ലാം എന്‍െറ കരവേലയാണ്‌. ഇവയെല്ലാം എന്‍േറതുതന്നെ. ആത്‌മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍െറ വചനം ശ്രവിക്കുമ്പോള്‍ വിറയ്‌ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്‌ഷിക്കുക.
3. കാളയെ കൊല്ലുന്നവന്‍മനുഷ്യനെ കൊല്ലുന്നവനെപ്പോലെയും ആടിനെ ബലിയര്‍പ്പിക്കുന്നവന്‍ പട്ടിയുടെ കഴുത്തൊടിക്കുന്നവനെപ്പോലെയും, ധാന്യബലി അര്‍പ്പിക്കുന്നവന്‍ പന്നിയുടെ രക്‌തം കാഴ്‌ചവയ്‌ക്കുന്നവനെപ്പോലെയും, അനുസ്‌മരണാബലിയായി ധൂപം അര്‍പ്പിക്കുന്നവന്‍ വിഗ്രഹത്തെ വണങ്ങുന്നവനെപ്പോലെയും ആണ്‌. അവര്‍ സ്വന്തം പാത തിരഞ്ഞെടുക്കുകയും അവരുടെ ആത്‌മാക്കള്‍ അവരുടെ മ്‌ളേച്‌ഛതകളില്‍ സന്തോഷിക്കുകയും ചെയ്യുന്നു.
4. ഞാന്‍ അവര്‍ക്കായി പീഡനം തിരഞ്ഞെടുക്കും. അവര്‍ ഭയപ്പെട്ടത്‌ അവരുടെമേല്‍ വരുത്തും; കാരണം, ഞാന്‍ വിളിച്ചപ്പോള്‍ ആരും വിളികേട്ടില്ല; ഞാന്‍ സംസാരിച്ചപ്പോള്‍ അവര്‍ശ്രദ്‌ധിച്ചില്ല; അവര്‍ എന്‍െറ ദൃഷ്‌ടിയില്‍ തിന്‍മയായതു പ്രവര്‍ത്തിച്ചു. എനിക്ക്‌ അനിഷ്‌ടമായത്‌ അവര്‍ തിരഞ്ഞെടുത്തു.
5. കര്‍ത്താവിന്‍െറ വചനം കേള്‍ക്കുമ്പോള്‍ വിറയ്‌ക്കുന്നവരേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍: എന്‍െറ നാമത്തെ പ്രതി നിങ്ങളെ ദ്വേഷിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരര്‍, കര്‍ത്താവ്‌ മഹത്വം പ്രകടിപ്പിക്കട്ടെ, നിങ്ങള്‍ സന്തോഷിക്കുന്നതു ഞങ്ങള്‍ കാണട്ടെ എന്നു പരിഹസിച്ചു. എന്നാല്‍, അവര്‍ തന്നെയാണു ലജ്‌ജിതരാവുക.
6. ഇതാ, നഗരത്തില്‍നിന്ന്‌ ഒരു ശബ്‌ദകോലാഹലം! ദേവാലയത്തില്‍നിന്ന്‌ ഒരു സ്വരം! ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന കര്‍ത്താവിന്‍െറ സ്വരമാണത്‌.
7. സമയമാകുന്നതിനു മുന്‍പേ അവള്‍ പ്രസവിച്ചു; പ്രസവവേദന ഉണ്ടാകുന്നതിനു മുന്‍പുതന്നെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു.
8. ആരെങ്കിലും ഇങ്ങനൊന്നു കേട്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടാ? ഒരു ദിവസംകൊണ്ട്‌ ഒരു ദേശമുണ്ടാകുമോ? ഒരു നിമിഷംകൊണ്ട്‌ ഒരു ജനത രൂപംകൊള്ളുമോ? പ്രസവവേദന തുടങ്ങിയപ്പോഴേ സീയോന്‍ പുത്രരെ പ്രസവിച്ചു.
9. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്‌, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്‍മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? - നിന്‍െറ ദൈവം ചോദിക്കുന്നു.
10. ജറുസലെമിനെ സ്‌നേഹിക്കുന്ന നിങ്ങള്‍ അവളോടുകൂടെ ആനന്‌ദിച്ചുല്ലസിക്കുവിന്‍. അവളെപ്രതി വിലപിക്കുന്ന നിങ്ങള്‍ അവളോടൊത്തു സന്തോഷിച്ചു തിമിര്‍ക്കുവിന്‍.
11. അവളുടെ സാന്ത്വനസ്‌തന്യം പാനം ചെയ്‌ത്‌ തൃപ്‌തരാകുവിന്‍; അവളുടെ മഹത്വത്തിന്‍െറ സമൃദ്‌ധി നുകര്‍ന്നു സംതൃപ്‌തിയടയുവിന്‍.
12. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാന്‍ ഒഴുക്കും; ജനതകളുടെ ധനം കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവള്‍ പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയില്‍ ഇരുത്തി ലാളിക്കുകയും ചെയ്യും.
13. അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും.
14. അതു കണ്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്‌ഥി പുല്ലുപോലെ തളിര്‍ക്കും; കര്‍ത്താവിന്‍െറ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്‍െറ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരേയും ആണെന്ന്‌ അപ്പോള്‍ വെളിവാകും.
15. കര്‍ത്താവ്‌ അഗ്‌നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധം ആഞ്ഞടിക്കും; അവിടുത്തെ ശാസനം ആളിക്കത്തും.
16. കര്‍ത്താവ്‌ അഗ്‌നികൊണ്ടു വിധി നടത്തും; എല്ലാ മര്‍ത്യരുടെയുംമേല്‍ വാളുകൊണ്ടു വിധി നടത്തും. കര്‍ത്താവിനാല്‍ വധിക്കപ്പെടുന്നവര്‍ അസംഖ്യമായിരിക്കും.
17. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മധ്യത്തില്‍ നില്‍ക്കുന്നവന്‍െറ അനുയായികളായി ഉദ്യാനത്തില്‍ പ്രവേശിക്കാന്‍വേണ്ടി തങ്ങളെത്തന്നെ ശുദ്‌ധീകരിച്ചു സമര്‍പ്പിക്കുകയും പന്നിയിറച്ചി, മ്‌ളേച്‌ഛ വസ്‌തുക്കള്‍, ചുണ്ടെ ലി എന്നിവ തിന്നുകയും ചെയ്യുന്നവര്‍ ഒന്നിച്ചു നാശമടയും.
18. ഞാന്‍ അവരുടെ ചെയ്‌തികളും ചിന്തകളും അറിയുന്നു. ഞാന്‍ എല്ലാ ജനതകളെയും സകല ഭാഷകളും സംസാരിക്കുന്നവരെയും ഒരുമിച്ചുകൂട്ടാന്‍ വരുന്നു. അവര്‍ വന്ന്‌ എന്‍െറ മഹത്വം ദര്‍ശിക്കും.
19. അവരുടെ ഇടയില്‍ ഞാന്‍ ഒരു അടയാളം സ്‌ഥാപിക്കും. അവരില്‍ അതിജീവിക്കുന്നവരെ താര്‍ഷീഷ്‌, പുത്‌, വില്ലാളികള്‍ വസിക്കുന്ന ലുദ്‌, തൂബാല്‍,യാവാന്‍, വിദൂരതീരദേശങ്ങള്‍ എന്നിങ്ങനെ എന്നെപ്പറ്റി കേള്‍ക്കുകയോ എന്‍െറ മഹത്വം ദര്‍ശിക്കുകയോ ചെയ്‌തിട്ടില്ലാത്ത സ്‌ഥലങ്ങളിലേക്കു ഞാന്‍ അയയ്‌ക്കും. അവര്‍ എന്‍െറ മഹത്വം ജന തകളുടെ ഇടയില്‍ പ്രഖ്യാപിക്കും.
20. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ ഭവ നത്തിലേക്ക്‌ ഇസ്രായേല്‍ക്കാര്‍ ശുചിയായ പാത്രത്തില്‍ ധാന്യബലിവസ്‌തുക്കള്‍ കൊണ്ടുവരുന്നതുപോലെ, അവര്‍ നിങ്ങളുടെ സഹോദരന്‍മാരെ എല്ലാ ജനതകളിലും നിന്നു കുതിരപ്പുറത്തും രഥങ്ങളിലും, പല്ലക്കുകളിലും, കോവര്‍കഴുതകളുടെയും, ഒട്ടകങ്ങളുടെയും പുറത്തും കയറ്റി എന്‍െറ വിശുദ്‌ധഗിരിയായ ജറുസലെമിലേക്കു കാഴ്‌ചയായി കൊണ്ടുവരും.
21. അവരില്‍നിന്നു കുറെപ്പേരെ പുരോഹിതന്‍മാരും ലേവ്യരുമായി ഞാന്‍ തിരഞ്ഞെടുക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
22. ഞാന്‍ സൃഷ്‌ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍െറ മുന്‍പില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും നാമവും നിലനില്‍ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
23. അമാവാസി മുതല്‍ അമാവാസി വരെയും സാബത്തു മുതല്‍ സാബത്തു വരെയും മര്‍ത്ത്യരെല്ലാവരും എന്‍െറ മുന്‍പില്‍ ആരാധനയ്‌ക്കായി വരും- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
24. അവര്‍ ചെന്ന്‌ എന്നെ എതിര്‍ത്തവരുടെ ജഡങ്ങള്‍ കാണും. അവയിലെ പുഴുക്കള്‍ ചാവുകയോ അവരുടെ അഗ്‌നി ശമിക്കുകയോ ഇല്ല. എല്ലാവര്‍ക്കും അത്‌ ഒരു ബീഭത്‌സ ദൃശ്യമായിരിക്കും.

Holydivine