Isaiah - Chapter 49
Holy Bible

1. തീരദേശങ്ങളേ, വിദൂരജനതകളേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍: ഗര്‍ഭത്തില്‍ത്തന്നെ എന്നെ കര്‍ത്താവ്‌ വിളിച്ചു. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവിടുന്ന്‌ എന്നെ നാമകരണം ചെയ്‌തു.
2. എന്‍െറ നാവിനെ അവിടുന്ന്‌ മൂര്‍ച്ചയുള്ള വാളുപോലെയാക്കി. തന്‍െറ കൈയുടെ നിഴലില്‍ അവിടുന്ന്‌ എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്‌ത്ര മാക്കി, തന്‍െറ ആവനാഴിയില്‍ അവിടുന്ന്‌ ഒളിച്ചുവച്ചു.
3. ഇസ്രായേലേ, നീ എന്‍െറ ദാസ നാണ്‌, നിന്നില്‍ ഞാന്‍ മഹത്വം പ്രാപിക്കും എന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തു.
4. ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്‍െറ ശക്‌തി വ്യര്‍ഥമായും നിഷ്‌ഫലമായും ചെലവഴിച്ചു. എങ്കിലും എന്‍െറ അവകാശം കര്‍ത്താവിലും പ്രതിഫലം ദൈവത്തിലുമാണ്‌.
5. യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്‍െറ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ എന്നെതന്‍െറ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ എന്നെ ആദരിക്കുകയും എന്‍െറ ദൈവം എനിക്കു ശക്‌തി ആവുകയും ചെയ്‌തിരിക്കുന്നു.
6. അവിടുന്ന്‌ അരുളിച്ചെയ്യുന്നു: യാക്കോബിന്‍െറ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്‌ധരിക്കാനും നീ എന്‍െറ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്‌. എന്‍െറ രക്‌ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന്‌ ഞാന്‍ നിന്നെ ലോകത്തിന്‍െറ പ്രകാശമായി നല്‍കും.
7. ഏറ്റവും വെറുക്കപ്പെട്ടവനും ജനതകളാല്‍ നിന്‌ദിതനും ഭരണാധികാരികളുടെ ദാസനുമായവനോട്‌ ഇസ്രായേലിന്‍െറ പരിശുദ്‌ധനും വിമോചകനുമായ കര്‍ത്താവ്‌ അ രുളിച്ചെയ്യുന്നു: നിന്നെതിരഞ്ഞെടുത്ത ഇസ്രായേലിന്‍െറ പരിശുദ്‌ധനും വിശ്വസ്‌തനുമായ കര്‍ത്താവു നിമിത്തം രാജാക്കന്‍മാര്‍ നിന്നെ കാണുമ്പോള്‍ എഴുന്നേല്‍ക്കുകയും പ്രഭുക്കന്‍മാര്‍ നിന്‍െറ മുന്‍പില്‍ സാഷ്‌ടാംഗം പ്രണമിക്കുകയും ചെയ്യും.
8. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: പ്രസാദകാലത്ത്‌ ഞാന്‍ നിനക്ക്‌ ഉത്തരമരുളി. രക്‌ഷയുടെ ദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു. രാജ്യം സ്‌ഥാപിക്കാനും ശൂന്യമായ അവകാശഭൂമി പുനര്‍വിഭജനം ചെയ്‌തു കൊടുക്കാനും ഞാന്‍ നിന്നെ സംരക്‌ഷിച്ച്‌ ജനത്തിന്‌ ഉടമ്പടിയായി നല്‍കിയിരിക്കുന്നു.
9. ബന്‌ധിതരോടു പുറത്തുവരാനും അന്‌ധകാരത്തിലുള്ളവരോടു വെളിച്ചത്തുവരാനും ഞാന്‍ പറഞ്ഞു.യാത്രയില്‍ അവര്‍ക്കു ഭക്‌ഷണം ലഭിക്കും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചില്‍പുറങ്ങളായിരിക്കും.
10. അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ ദയയുള്ളവന്‍ അവരെ നയിക്കും; നീര്‍ച്ചാലുകള്‍ക്ക രികിലൂടെ അവരെ കൊണ്ടുപോകും.
11. മലകളെ ഞാന്‍ വഴിയാക്കി മാറ്റും; രാജവീഥികള്‍ ഉയര്‍ത്തും.
12. അങ്ങ്‌ ദൂരെനിന്ന്‌ - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെന്‍ദേശത്തുനിന്നും - അവന്‍ വരും.
13. ആകാശമേ, ആനന്‌ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മലകളേ, ആര്‍ത്തു പാടുക; കര്‍ത്താവ്‌ തന്‍െറ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്‍െറ ജനത്തോട്‌ അവിടുന്ന്‌ കരുണ കാണിക്കും.
14. എന്നാല്‍, സീയോന്‍ പറഞ്ഞു: കര്‍ത്താവ്‌ എന്നെ ഉപേക്‌ഷിച്ചു; എന്‍െറ കര്‍ത്താവ്‌ എന്നെ മറന്നു കളഞ്ഞു.
15. മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
16. ഇതാ, നിന്നെ ഞാന്‍ എന്‍െറ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിന്‍െറ മതിലുകള്‍ എപ്പോഴും എന്‍െറ മുന്‍പിലുണ്ട്‌.
17. നിന്‍െറ നിര്‍മാതാക്കള്‍ നിന്നെ നശിപ്പിച്ചവരെക്കാള്‍ വേഗമുള്ളവരാണ്‌. നിന്നെ വിജനമാക്കിയവര്‍ നിന്നില്‍നിന്ന്‌ അകന്നുപോയിരിക്കുന്നു.
18. ചുറ്റും നോക്കുക. അവര്‍ ഒന്നുചേര്‍ന്ന്‌ നിന്‍െറ അടുക്കല്‍ വരുന്നു. കര്‍ത്താവായ ഞാന്‍ ശപഥം ചെയ്യുന്നു. നീ അവരെ ആഭരണമായി അണിയും. വധുവിനെപ്പോലെ നീ അവരെ നിന്നോടു ചേര്‍ക്കും.
19. നിന്‍െറ പാഴ്‌നിലങ്ങളും വിജനദേശങ്ങളും കൊള്ളയടിക്കപ്പെട്ട സ്‌ഥലങ്ങളും അധിവാസത്തിനു തികയുകയില്ല. നിന്നെ വിഴുങ്ങിയവര്‍ അകന്നുപോകും.
20. സന്താനങ്ങള്‍ നഷ്‌ടപ്പെട്ടെന്ന്‌ ഓര്‍ത്തു ദുഃഖിക്കുന്ന നിന്നോട്‌ അവര്‍ തിരിച്ചുവന്നുപറയും. ഈ സ്‌ഥലം എനിക്കു പോരാ, എനിക്കു വസിക്കാന്‍ ഇടം തരുക.
21. അപ്പോള്‍, നീ ഹൃദയത്തില്‍ പറയും: വന്‌ധ്യയും പുത്ര ഹീനയും പ്രവാസിനിയും പരിത്യക്‌തയും ആയിരുന്ന എനിക്ക്‌ ഇവര്‍ എങ്ങനെ ജനിച്ചു? ആര്‌ ഇവരെ വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവര്‍ എവിടെ നിന്നു വന്നു?
22. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജനതകള്‍ക്കുനേരേ ഞാന്‍ കരം ഉയര്‍ത്തുകയും അവര്‍ക്ക്‌ അടയാളം കൊടുക്കുകയും ചെയ്യും. അവര്‍ നിന്‍െറ പുത്രന്‍മാരെ മാറിലണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും.
23. രാജാക്കന്‍മാര്‍ നിന്‍െറ വളര്‍ത്തുപിതാക്കന്‍മാരും രാജ്‌ഞിമാര്‍ വളര്‍ത്തമ്മമാരും ആയിരിക്കും. അവര്‍ നിന്നെ സാഷ്‌ടാംഗം വണങ്ങുകയും നിന്‍െറ കാലിലെ പൊടി നക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്‌ജിതരാവുകയില്ല.
24. ശക്‌തനില്‍നിന്ന്‌ ഇരയെയോ സ്വേച്‌ഛാധിപതിയില്‍നിന്ന്‌ അടിമകളെയോ വിടുവിക്കാന്‍ കഴിയുമോ?
25. കഴിയും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ശക്‌തനില്‍നിന്ന്‌ അടിമകളെ വിടുവിക്കുകയും സ്വേച്‌ഛാധിപതിയില്‍നിന്ന്‌ ഇരയെരക്‌ഷിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്നോടു പോരാടുന്നവരോട്‌ ഞാന്‍ പോരാടുകയും നിന്‍െറ മക്കളെ രക്‌ഷിക്കുകയും ചെയ്യും.
26. നിന്നെ മര്‍ദിക്കുന്നവര്‍ സ്വന്തം മാംസം ഭക്‌ഷിക്കാന്‍ ഞാന്‍ ഇടവരുത്തും; വീഞ്ഞു കൊണ്ടെന്നപോലെ സ്വന്തം രക്‌തംകുടിച്ച്‌ അവര്‍ക്കു മത്തുപിടിക്കും; ഞാന്‍ നിന്‍െറ രക്‌ഷകനും വിമോചകനും, യാക്കോബിന്‍െറ ശക്‌തനായവനും ആണെന്ന്‌ അപ്പോള്‍ മര്‍ത്ത്യകുലം അറിയും.

Holydivine