Isaiah - Chapter 2
Holy Bible

1. യൂദായെയും ജറുസലെമിനെയും കുറിച്ച്‌ ആമോസിന്‍െറ പുത്രനായ ഏശയ്യായ്‌ക്കുണ്ടായ അരുളപ്പാട്‌:
2. അവസാനനാളുകളില്‍ കര്‍ത്താവിന്‍െറ ആലയം സ്‌ഥിതി ചെയ്യുന്ന പര്‍വതം എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും. എല്ലാ ജനതകളും അതിലേക്ക്‌ ഒഴുകും.
3. അനേകം ജനതകള്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിന്‍െറ ഗിരിയിലേക്ക്‌, യാക്കോബിന്‍െറ ദൈവത്തിന്‍െറ ഭവനത്തിലേക്ക്‌, പോകാം. അവിടുന്ന്‌ തന്‍െറ മാര്‍ഗങ്ങള്‍ നമ്മെപഠിപ്പിക്കും. നാം ആ പാതകളില്‍ ചരിക്കും. കര്‍ത്താവിന്‍െറ നിയമം സീയോനില്‍ നിന്നു പുറപ്പെടും; അവിടുത്തെ വചനം ജറുസലെമില്‍ നിന്നും.
4. അവിടുന്ന്‌ ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും; ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍യുദ്‌ധപരിശീലനം നടത്തുകയില്ല.
5. യാക്കോബിന്‍െറ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്‍െറ പ്രകാശത്തില്‍ വ്യാപരിക്കാം.
6. അങ്ങ്‌ സ്വന്തം ജനത്തെ, യാക്കോബിന്‍െറ ഭവനത്തെ, കൈവിട്ടിരിക്കുന്നു. കാരണം, രാജ്യം കിഴക്കുനിന്നുള്ള ആഭിചാരകന്‍മാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫിലിസ്‌ത്യരെപ്പോലെ ഭാവിപറയുന്നവരും അവരുടെ ഇടയില്‍ ധാരാളം ഉണ്ട്‌.
7. അന്യജനതകളുമായി അവര്‍ കൂട്ടുചേരുന്നു. അവരുടെ ദേശം സ്വര്‍ണവും വെള്ളിയും കൊണ്ടു നിറഞ്ഞി രിക്കുന്നു. അവരുടെ നിക്‌ഷേപങ്ങള്‍ക്ക്‌ അളവില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. അവരുടെ രഥങ്ങള്‍ സംഖ്യാതീതമാണ്‌.
8. അവരുടെ ദേശം വിഗ്രഹങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു. തങ്ങള്‍തന്നെ നിര്‍മി ച്ചശില്‍പങ്ങളുടെ മുന്‍പില്‍, തങ്ങളുടെതന്നെ കരവേലയുടെ മുന്‍പില്‍, അവര്‍ കുമ്പിടുന്നു.
9. മര്‍ത്ത്യന്‍ അവമാനിതനാകുന്നു; മനുഷ്യന്‍ തന്നെത്തന്നെതരംതാഴ്‌ത്തുന്നു. അവരോടു ക്‌ഷമിക്കരുതേ! പാറക്കെട്ടിനുള്ളില്‍ പ്രവേശിക്കുവിന്‍.
10. പൊടിയില്‍ ഒളിക്കുവിന്‍. അങ്ങനെ കര്‍ത്താവിന്‍െറ ഭീകരതയില്‍ നിന്നും അവിടുത്തെ മഹിമാതിശയത്തില്‍ നിന്നും രക്‌ഷപെടുവിന്‍.
11. മനുഷ്യന്‍െറ അഹന്തതലതാഴ്‌ത്തും; അഹങ്കാരികളെ എളിമപ്പെടുത്തും; കര്‍ത്താവു മാത്രം ആദിനത്തില്‍ ഉയര്‍ന്നു നില്‍ക്കും.
12. കര്‍ത്താവിന്‌ ഒരു ദിനമുണ്ട്‌. അഹന്തയും ഉന്നതഭാവവും ഉള്ള എല്ലാറ്റിനും എതിരായ ദിനം!
13. ലബനോനിലെ ഉന്നതമായ ദേവദാരുവിനും ബാഷാനിലെ കരുവേല കത്തിനും
14. ഉന്നതമായ പര്‍വതങ്ങള്‍ക്കും ഉയര്‍ന്ന കുന്നുകള്‍ക്കും
15. ഉന്നതമായ സകല ഗോപുരങ്ങള്‍ക്കും, എല്ലാ ശക്‌തിദുര്‍ഗങ്ങള്‍ക്കും
16. താര്‍ഷീഷിലെ കപ്പലുകള്‍ക്കും മനോഹരമായ എല്ലാ ശില്‍പങ്ങള്‍ക്കും എതിരായ ദിനം!
17. മനുഷ്യന്‍െറ അഹങ്കാരത്തിന്‌ അറുതിവരും; ഗര്‍വിഷ്‌ഠന്‍ വിനീതനാക്കപ്പെടും. അന്ന്‌ കര്‍ത്താവുമാത്രം ഉയര്‍ന്നു നില്‍ക്കും.
18. വിഗ്രഹങ്ങള്‍ നിശ്‌ശേഷം തകര്‍ക്കപ്പെടും.
19. ഭൂമിയെ പ്രകമ്പനം കൊള്ളിക്കാന്‍ കര്‍ത്താവ്‌ വരുമ്പോള്‍ ഉജ്‌ജ്വലപ്രഭാവത്തിന്‍െറ ഭീതിദായകമായ ദര്‍ശനത്തില്‍നിന്നു മനുഷ്യര്‍ പാറയിടുക്കുകളിലും ഗുഹ കളിലും ഓടിയൊളിക്കും.
20. ആരാധിക്കാന്‍വേണ്ടി സ്വര്‍ണവും വെള്ളിയും കൊണ്ടു നിര്‍മിച്ചവിഗ്രഹങ്ങളെ അന്ന്‌ അവര്‍ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്‌ഷിക്കും.
21. ഭൂമിയെ പ്രകമ്പനംകൊള്ളിക്കാന്‍ കര്‍ത്താവ്‌ വരുമ്പോള്‍ അവിടുത്തെ ഉജ്‌ജ്വലപ്രഭാവത്തിന്‍െറ ഭീതിദായ കമായ ദര്‍ശനത്തില്‍നിന്ന്‌ പാറയിടുക്കുകളിലും ഉയര്‍ന്ന പാറകളിലും ഓടിയൊളിക്കാന്‍ വേണ്ടിത്തന്നെ.
22. മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്‌; അവന്‍ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്‌?

Holydivine