Isaiah - Chapter 14
Holy Bible

1. കര്‍ത്താവിനു യാക്കോബിന്‍െറ മേല്‍ കാരുണ്യം ഉണ്ടാവുകയും ഇസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്ത്‌ അവരെ സ്വന്തം ദേശത്തു സ്‌ഥാപിക്കുകയും ചെയ്യും. വിദേശീയര്‍ അവരോടു ചേര്‍ന്ന്‌ യാക്കോബിന്‍െറ ഭവനത്തില്‍ ലയിച്ചുചേരും.
2. ജനതകള്‍ അവരെ സ്വീകരിച്ച്‌ അവരുടെ ദേശത്തേക്കു നയിക്കും. ഇസ്രായേല്‍ കര്‍ത്താവിന്‍െറ ദേശത്ത്‌ അവരെ ദാസീദാസന്‍മാരാക്കും. തങ്ങളെ അടിമപ്പെടുത്തിയവരെ അവര്‍ അടിമകളാക്കും. തങ്ങളെ മര്‍ദിച്ചവരുടെമേല്‍ അവര്‍ ഭരണം നടത്തും.
3. കര്‍ത്താവ്‌ നിന്‍െറ വേദനയും കഷ്‌ട തയും നീ ചെയ്യേണ്ടിവന്ന കഠിനദാസ്യവും നീക്കി നിനക്കു വിശ്രമം നല്‍കുമ്പോള്‍
4. ബാബിലോണ്‍ രാജാവിനെ നീ ഇങ്ങനെ പരിഹ സിക്കും: മര്‍ദകന്‍ എങ്ങനെ നശിച്ചുപോയി! അവന്‍െറ ഒൗദ്‌ധത്യം എങ്ങനെ നിലച്ചു!
5. കര്‍ത്താവ്‌ ദുഷ്‌ടന്‍െറ ദണ്‍ഡ്‌ തകര്‍ത്തിരിക്കുന്നു.
6. കോപാവേശത്താല്‍ ജനതകളെ നിരന്തരം പ്രഹരിക്കുകയും മര്‍ദനഭരണം നടത്തുകയും ചെയ്‌തുകൊണ്ടിരിക്കുന്ന അധികാരികളുടെ ചെങ്കോല്‍ അവിടുന്ന്‌ തകര്‍ത്തിരിക്കുന്നു. ഭൂമി മുഴുവന്‍ ശാന്തമായി വിശ്രമിക്കുന്നു.
7. അവര്‍ ഗാനമാലപിച്ച്‌ ഉല്ലസിക്കുന്നു.
8. സരളമരങ്ങളും ലബനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു പറയുന്നു: നീ വീണുപോയതുകൊണ്ട്‌ ആരും ഞങ്ങളെ വെട്ടിവീഴ്‌ത്താന്‍ വരുന്നില്ല.
9. നീ ചെല്ലുമ്പോള്‍ സ്വീകരിക്കാന്‍ താഴെ പാതാളം ഇളകിമറിയുന്നു. നിന്നെ സ്വാഗതം ചെയ്യാന്‍ അതു ഭൂമിയില്‍ അധിപന്‍മാരായിരുന്നവരുടെ പ്രതങ്ങളെ ഉണര്‍ത്തുന്നു. ജനതകളുടെ രാജാക്കന്‍മാരായിരുന്നവരെ അതു സിംഹാസനങ്ങളില്‍ നിന്ന്‌ എഴുന്നേല്‍പിക്കുന്നു.
10. അവര്‍ നിന്നോട്‌, നീയും ഞങ്ങളെപ്പോലെ ബലഹീനനായി, നീയും ഞങ്ങള്‍ക്കു തുല്യനായിരിക്കുന്നു, എന്നുപറയും.
11. നിന്‍െറ പ്രതാപവും വാദ്യഘോഷവും പാതാളത്തിലേക്കു താഴ്‌ത്തപ്പെട്ടിരിക്കുന്നു. കീടങ്ങളാണു നിന്‍െറ കിടക്ക. പുഴുക്കളാണു നിന്‍െറ പുതപ്പ്‌.
12. ഉഷസ്‌സിന്‍െറ പുത്രനായ പ്രഭാതനക്‌ഷത്രമേ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജനതകളെ കീഴടക്കിയിരുന്ന നിന്നെ എങ്ങനെ തറയില്‍ വെട്ടിവീഴ്‌ത്തി!
13. നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്‍െറ നക്‌ഷത്രങ്ങള്‍ക്കുപരി എന്‍െറ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്‍െറ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്‍െറ മുകളില്‍ ഞാനിരിക്കും;
14. ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആ കും.
15. എന്നാല്‍, നീ പാതാളത്തിന്‍െറ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.
16. നിന്നെ കാണുന്നവര്‍ തുറിച്ചുനോക്കി ചിന്തിക്കും:
17. ഭൂമിയെ വിറപ്പിക്കുകയും രാജ്യങ്ങളെ ഇളക്കുകയും ലോകത്തെ മരുഭൂമിയാക്കുകയും അതിന്‍െറ നഗരങ്ങളെ കീഴടക്കുകയും തടവുകാരെ വീട്ടിലേക്കു വിടാതിരിക്കുകയും ചെയ്‌തത്‌ ഇവന്‍ തന്നെയല്ലേ?
18. ജനതകളുടെ രാജാക്കന്‍മാര്‍ താന്താങ്ങളുടെ ശവകുടീരങ്ങളില്‍ മഹത്വത്തോടെ നിദ്രകൊള്ളുന്നു.
19. നീയാകട്ടെ, ശവകുടീരത്തില്‍ നിന്നു പുറത്തെറിയപ്പെട്ടിരിക്കുന്നു; വാളിനിരയായി പാതാളഗര്‍ത്തത്തിലെ കല്ലുകള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നവരാല്‍ ചുറ്റപ്പെട്ട്‌, നിന്‌ദ്യമായ അകാല മുളയെന്നപോലെ, ചവിട്ടിയരയ്‌ക്കപ്പെട്ട മൃതശരീരമെന്നപോലെ നീ കിടക്കുന്നു.
20. സ്വന്തം ദേശം നശിപ്പിക്കുകയും സ്വന്തം ജനങ്ങളെ കൊന്നൊടുക്കുകയും ചെയ്‌ത നീ അവരോടുകൂടെ സംസ്‌കരിക്കപ്പെടുകയില്ല. തിന്‍മ പ്രവര്‍ത്തിക്കുന്നവരുടെ പിന്‍ഗാമികളുടെ പേര്‌ നിലനില്‍ക്കാതിരിക്കട്ടെ!
21. പിതാക്കന്‍മാരുടെ അകൃത്യം നിമിത്തം മക്കളും വധിക്കപ്പെടട്ടെ! അവര്‍ എഴുന്നേറ്റ്‌ ഭൂമി കൈവശമാക്കുകയും ഭൂമുഖം നഗരങ്ങള്‍കൊണ്ട്‌ നിറയ്‌ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.
22. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ അവര്‍ക്കെതിരായി എഴുന്നേറ്റ്‌ ബാബിലോണില്‍ നിന്ന്‌, അവിടെ അവശേഷിക്കുന്നവരെയും അവരുടെ നാമത്തെയും അവരുടെ സന്താനങ്ങളെയും പിന്‍തലമുറകളെയും വിച്‌ഛേദിക്കും.
23. ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ ആസ്‌ഥാനവും നീര്‍പ്പൊയ്‌കകളും ആക്കും. നാശത്തിന്‍െറ ചൂലുകൊണ്ടു ഞാനതിനെ തൂത്തുകളയും. സൈന്യങ്ങളുടെ കര്‍ത്താവാണ്‌ അരുളിച്ചെയ്‌തിരിക്കുന്നത്‌.
24. സൈന്യങ്ങളുടെ കര്‍ത്താവ്‌ ശപഥം ചെയ്‌തിരിക്കുന്നു: ഞാന്‍ തീരുമാനിച്ചതുപോലെ സംഭവിക്കും.
25. ഞാന്‍ നിശ്‌ചയിച്ചതു നിറവേറും. എന്‍െറ ദേശത്തുള്ള അസ്‌സീറിയാക്കാരനെ ഞാന്‍ തകര്‍ക്കും; എന്‍െറ പര്‍വതത്തില്‍ ഞാന്‍ അവനെ ചവിട്ടി മെതിക്കും. അവന്‍െറ നുകം അവരില്‍ നിന്നു നീങ്ങിപ്പോകും; അവരുടെ തോളില്‍ നിന്ന്‌ അവന്‍െറ ഭാരവും.
26. ഭൂമി മുഴുവനെയും സംബന്‌ധിക്കുന്ന നിശ്‌ചയമാണിത്‌. എല്ലാ ജനതകളുടെയുംമേല്‍ നീട്ടപ്പെട്ടിരിക്കുന്ന കരം ഇതാണ്‌.
27. എന്തെന്നാല്‍, സൈന്യങ്ങളുടെ കര്‍ത്താവാണ്‌ ഇതു നിശ്‌ചയിച്ചത്‌. ആര്‍ക്ക്‌ അതിനെ ദുര്‍ബലമാക്കാന്‍ കഴിയും? അവിടുന്ന്‌ കരംനീട്ടിയിരിക്കുന്നു. ആര്‍ക്ക്‌ അതിനെ പിന്‍തിരിപ്പിക്കാന്‍ കഴിയും?
28. ആഹാസ്‌ രാജാവ്‌ മരിച്ചവര്‍ഷം ഉണ്ടായ അരുളപ്പാട്‌:
29. ഫിലിസ്‌ത്യരേ, നിങ്ങളെ പ്രഹരിച്ചവടി തകര്‍ക്കപ്പെട്ടതുകൊണ്ട്‌ സന്തോഷിക്കേണ്ടാ. സര്‍പ്പത്തിന്‍െറ വേരില്‍ നിന്ന്‌ ഒരു അണലി പുറത്തു വരും. അതിന്‍െറ ഫലമാകട്ടെ പറക്കുന്ന സര്‍പ്പമായിരിക്കും.
30. ദരിദ്രരുടെ ആദ്യജാതര്‍ക്കു ഭക്‌ഷണം ലഭിക്കും, പാവപ്പെട്ടവന്‍ സുരക്‌ഷിതനായി ഉറങ്ങും. എന്നാല്‍, നിന്‍െറ വേരിനെ ഞാന്‍ ക്‌ഷാമം കൊണ്ടു വധിക്കും, നിന്നില്‍ അവശേഷിക്കുന്നവനെ ഞാന്‍ കൊല്ലും.
31. കവാടമേ, വിലപിക്കുക; നഗരമേ, കരയുക. ഫിലിസ്‌ത്യരേ, നിങ്ങള്‍ എല്ലാവരും ഭയംകൊണ്ട്‌ ഉരുകുവിന്‍. വടക്കുനിന്ന്‌ ഒരു ധൂമപടലം ഉയരുന്നു. സൈന്യത്തില്‍നിന്ന്‌ ആരും ഒഴിഞ്ഞുമാറുന്നില്ല.
32. ജനതകളുടെ ദൂതന്‍മാര്‍ക്കു കിട്ടുന്ന മറുപടി എന്തായിരിക്കും? കര്‍ത്താവ്‌ സീയോനെ സ്‌ഥാപിച്ചിരിക്കുന്നു. അവിടുത്തെ ജനത്തിലെ പീഡിതര്‍ അവളില്‍ അഭയം കണ്ടെത്തും.

Holydivine