Isaiah - Chapter 50
Holy Bible

1. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്‌ഷിച്ചപ്പോള്‍ നല്‍കിയ മോചനപത്രം എവിടെ? എന്‍െറ കടക്കാരില്‍ ആര്‍ക്കാണ്‌ നിങ്ങളെ ഞാന്‍ വിററത്‌? നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തം നിങ്ങള്‍ വില്‍ക്കപ്പെട്ടു. നിങ്ങളുടെ അപരാധം നിമിത്തം നിങ്ങളുടെ മാതാവ്‌ ഉപേക്‌ഷിക്കപ്പെട്ടു.
2. ഞാന്‍ വന്നപ്പോള്‍ അവിടെ ആരുമില്ലായിരുന്നത്‌ എന്തുകൊണ്ട്‌? ഞാന്‍ വിളിച്ചപ്പോള്‍ എന്തേആരും വിളി കേട്ടില്ല? രക്‌ഷിക്കാനാവാത്തവിധം എന്‍െറ കരം കുറുകിപ്പോയോ? അഥവാ, മോചിപ്പിക്കാന്‍ എനിക്കു ശക്‌തിയില്ലേ? എന്‍െറ കല്‍പനയാല്‍ ഞാന്‍ കടല്‍ വറ്റിക്കുകയും നദികളെ മരുഭൂമിയാക്കുകയും ചെയ്യുന്നു. ജലം ലഭിക്കാതെ അവയിലെ മത്‌സ്യങ്ങള്‍ ചത്തു ചീയുന്നു.
3. ഞാന്‍ ആകാശത്തെ അന്‌ധകാരം ഉടുപ്പിക്കുന്നു. ചാക്കുവസ്‌ത്രംകൊണ്ട്‌ അതിനെ ആവരണംചെയ്യുന്നു.
4. പരിക്‌ഷീണന്‌ ആശ്വാസം നല്‍കുന്ന വാക്ക്‌ ദൈവമായ കര്‍ത്താവ്‌ എന്നെ ശിഷ്യനെയെന്ന പോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടുന്ന്‌ എന്‍െറ കാതുകളെ ശിഷ്യനെയെന്നപോലെ ഉണര്‍ത്തുന്നു.
5. ദൈവമായ കര്‍ത്താവ്‌ എന്‍െറ കാതുകള്‍ തുറന്നു. ഞാന്‍ എതിര്‍ക്കുകയോ പിന്‍മാറുകയോ ചെയ്‌തില്ല.
6. അടിച്ചവര്‍ക്ക്‌ പുറവും താടിമീശ പറിച്ചവര്‍ക്കു കവിളുകളും ഞാന്‍ കാണിച്ചുകൊടുത്തു. നിന്‌ദയില്‍നിന്നും തുപ്പലില്‍നിന്നും ഞാന്‍ മുഖം തിരിച്ചില്ല.
7. ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്‍െറ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്‌ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു.
8. എനിക്കു നീതി നടത്തിത്തരുന്നവന്‍ എന്‍െറ അടുത്തുണ്ട്‌. ആരുണ്ട്‌ എന്നോടു മത്‌സരിക്കാന്‍? നമുക്ക്‌ നേരിടാം, ആരാണ്‌ എന്‍െറ എതിരാളി? അവന്‍ അടുത്തു വരട്ടെ!
9. ദൈവമായ കര്‍ത്താവ്‌ എന്നെ സഹായിക്കുന്നു. ആര്‌ എന്നെ കുറ്റം വിധിക്കും? അവരെല്ലാം വസ്‌ത്രംപോലെ പഴകിപ്പോകും. ഇരട്ടവാലന്‍ അവരെ കരണ്ടുതിന്നും.
10. നിങ്ങളിലാരാണ്‌ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ ദാസന്‍െറ വാക്ക്‌ അനുസരിക്കുകയും ചെയ്യുന്നത്‌? പ്രകാശമില്ലാതെ അന്‌ധകാരത്തില്‍ നടന്നിട്ടും കര്‍ത്താവിന്‍െറ നാമത്തില്‍ ആശ്രയിക്കുകയും തന്‍െറ ദൈവത്തില്‍ അഭയം തേടുകയും ചെയ്യുന്നവന്‍ തന്നെ.
11. തീ കൊളുത്തുകയും തീക്കൊള്ളികള്‍ മിന്നിക്കുകയും ചെയ്യുന്നവരേ, നിങ്ങള്‍ കൊളുത്തിയ തീയുടെയും, മിന്നി ച്ചതീക്കൊള്ളിയുടെയും പ്രകാശത്തില്‍ സഞ്ചരിച്ചുകൊള്ളുവിന്‍. നിങ്ങള്‍ പീഡനമേറ്റു തളര്‍ന്നു കിടക്കും. ഇതാണു ഞാന്‍ തരുന്ന പ്രതിഫലം.

Holydivine