Isaiah - Chapter 16
Holy Bible

1. സീയോന്‍പുത്രിയുടെ മലയിലേക്ക്‌, ദേശാധിപതിയുടെ അടുത്തേക്ക്‌, സേലായില്‍നിന്നു മരുഭൂമിയിലൂടെ അവര്‍ ആട്ടിന്‍കുട്ടികളെ അയച്ചു.
2. മൊവാബിന്‍െറ പുത്രിമാര്‍ കൂടു വിട്ടുഴലുന്ന പക്‌ഷികളെപ്പോലെയായിരിക്കും, അര്‍ണോന്‍െറ കടവുകളില്‍.
3. ഞങ്ങളെ ഉപദേശിക്കുക, നീതി നടത്തുക, മധ്യാഹ്‌നവേളയില്‍ നിന്‍െറ നിശാതുല്യമായ നിഴല്‍ വിരിക്കുക, ഭ്രഷ്‌ടരെ ഒളിപ്പിക്കുക. പലായനംചെയ്യുന്നവരെ ഒറ്റിക്കൊടുക്കരുത്‌.
4. മൊവാബിന്‍െറ ഭ്രഷ്‌ടര്‍ നിന്നോടുകൂടെ വസിക്കട്ടെ. വിനാശകനില്‍ നിന്ന്‌ നീ അവര്‍ക്ക്‌ അഭയമായിരിക്കട്ടെ. മര്‍ദകന്‍ ഇല്ലാതാവുകയും നാശം അവസാനിക്കുകയും ചവിട്ടി മെതിക്കുന്നവന്‍ ദേശത്തുനിന്ന്‌ അപ്രത്യ ക്‌ഷനാവുകയും ചെയ്യുമ്പോള്‍,
5. കാരുണ്യത്തോടെ ഒരു സിംഹാസനം സ്‌ഥാപിക്കപ്പെടും. നീതി അന്വേഷിക്കുകയും നീതിപൂര്‍വം വിധിക്കുകയും ധര്‍മനിഷ്‌ഠപാലിക്കുകയുംചെയ്യുന്ന ഒരുവന്‍ ദാവീദിന്‍െറ കൂടാരത്തിലെ ആ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും.
6. മൊവാബിന്‍െറ അഹങ്കാരത്തെക്കുറിച്ച്‌ ഞങ്ങള്‍ കേട്ടിട്ടുണ്ട്‌. അവന്‍ എത്ര ഗര്‍വിഷ്‌ഠനും ഉദ്‌ധതനും അഹങ്കാരിയുമാണ്‌; അവന്‍െറ വന്‍പുപറച്ചില്‍ വ്യര്‍ഥമാകുന്നു.
7. അതിനാല്‍, മൊവാബ്‌ നിലവിളിക്കട്ടെ; എല്ലാവരും മൊവാബിനുവേണ്ടി നിലവിളിക്കട്ടെ! കിര്‍ഹാറെസെത്തിലെ മുന്തിരിയടകളെക്കുറിച്ചു ഹൃദയംനൊന്തു വിലപിക്കുവിന്‍.
8. ഹെഷ്‌ ബോണ്‍വയലുകളും സിബ്‌മായിലെ മുന്തിരിവള്ളികളും വാടിപ്പോയിരിക്കുന്നു.യാസ്‌സെര്‍വരെ എത്തുകയും മരുഭൂമിവരെ നീണ്ടുകിടക്കുകയും ചെയ്‌തിരുന്ന അവയുടെ ശാഖകള്‍ ജനതകളുടെ പ്രഭുക്കന്‍മാര്‍ അരിഞ്ഞുകളഞ്ഞു. അതിന്‍െറ ശാഖകള്‍ കടല്‍കടന്ന്‌ മറുനാട്ടിലും പടര്‍ന്നു.
9. അതിനാല്‍, സിബ്‌മായിലെ മുന്തിരിവള്ളികള്‍ക്കുവേണ്ടി ഞാന്‍ യാസ്‌സെറിനോടൊത്തു കരയും. ഹെഷ്‌ബോണും എലെയാലെയും എന്‍െറ കണ്ണീരില്‍ കുതിരും. എന്തെന്നാല്‍, നിങ്ങളുടെ ഫലത്തിനും വിളവിനും എതിരായിയുദ്‌ധകാഹളം മുഴങ്ങുന്നു.
10. സന്തോഷവും ആനന്‌ദവും വിളനിലത്തുനിന്നു പൊയ്‌പോയിരിക്കുന്നു. മുന്തിരിത്തോട്ടങ്ങളില്‍ ഗാനാലാപം കേള്‍ക്കുന്നില്ല; ആര്‍പ്പുവിളികള്‍ ഉയരുന്നില്ല; മുന്തിരിച്ചക്കു ചവിട്ടുന്നവന്‍ വീഞ്ഞ്‌ ഉത്‌പാദിപ്പിക്കുന്നില്ല. മുന്തിരിവിളവെടുപ്പിന്‍െറ ആര്‍പ്പുവിളികളും നിലച്ചിരിക്കുന്നു.
11. അതിനാല്‍, എന്‍െറ അന്തരംഗം മൊവാബിനെക്കുറിച്ചും ഹൃദയം കീര്‍ഹേരസിനെക്കുറിച്ചും വീണക്കമ്പിപോലെ കേഴുന്നു.
12. മൊവാബ്‌ പ്രത്യക്‌ഷനാകുമ്പോള്‍, പൂജാഗിരിയില്‍ തളര്‍ന്നുനില്‍ക്കുമ്പോള്‍, തന്‍െറ ദേവാലയത്തില്‍ പ്രാര്‍ഥിക്കാനെത്തുമ്പോള്‍ അവനു ഫലപ്രാപ്‌തിയുണ്ടാവുകയില്ല.
13. ഇതാണു മൊവാബിനെക്കുറിച്ച്‌ കര്‍ത്താവ്‌ മുന്‍പ്‌ അരുളിച്ചെയ്‌തിരുന്നത്‌.
14. എന്നാല്‍, ഇപ്പോള്‍ അവിടുന്ന്‌ അരുളിച്ചെയ്യുന്നു: കൂലിക്കാരന്‍ കണക്കാക്കുന്നതുപോലെ, കണിശം മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ മൊവാബിന്‍െറ മഹത്വം, അവന്‍ വലിയ ജനതയാണെങ്കില്‍പ്പോലും, നിന്‌ദയായി മാറും. ദുര്‍ബലമായ ഒരു ചെറുവിഭാഗം മാത്രമേ അവശേഷിക്കൂ.

Holydivine