Ezekiel - Chapter 26
Holy Bible

1. പതിനൊന്നാംവര്‍ഷം മാസത്തിന്‍െറ ആദ്യദിവസം കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
2. മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച്‌ ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അത്‌ എനിക്കായി തുറന്നിരിക്കുന്നു. അവള്‍ നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.
3. അതിനാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ടയിര്‍, ഇതാ ഞാന്‍ നിനക്കെതിരാണ്‌. കടല്‍ തിരമാലകളെയെന്നപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരേ അണിനിരത്തും.
4. അവര്‍ ടയിറിന്‍െറ കോട്ടകള്‍ ഇടിച്ചുനിരത്തി ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാന്‍ അവളെ വെറും പാറപോലെയാക്കും.
5. സമുദ്രമധ്യത്തില്‍ വല വിരിച്ചുണക്കാനുള്ള സ്‌ഥലമായി അവള്‍ പരിണമിക്കും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാനാണ്‌ ഇതു പറയുന്നത്‌; അവള്‍ ജനതകള്‍ക്കൊരു കവര്‍ച്ചവസ്‌തുവായിത്തീരും.
6. സമതലത്തിലുള്ള അവളുടെ പുത്രിമാര്‍ വാളിന്‌ ഇരയാകും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ അവര്‍ അറിയും.
7. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ വടക്കുനിന്ന്‌ ബാബിലോണിലെ രാജാവും രാജാധിരാജനുമായ നബുക്കദ്‌നേ സറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും സൈന്യവ്യൂഹങ്ങളോടുംകൂടെ ടയിറിനെതിരേ കൊണ്ടുവരും.
8. സമ തലത്തിലുള്ള നിന്‍െറ പുത്രിമാരെ അവന്‍ വാളിനിരയാക്കുകയും നിനക്കെതിരേ ഉപരോധസങ്കേതം ഉയര്‍ത്തി പരിചകള്‍കൊണ്ട്‌ മറയുണ്ടാക്കുകയും ചെയ്യും.
9. നിന്‍െറ മതിലുകള്‍ അവന്‍ യന്ത്രമുട്ടികള്‍കൊണ്ട്‌ ഇടിച്ചു തകര്‍ക്കും; കോടാലികൊണ്ട്‌ ഗോപുരങ്ങള്‍ തകര്‍ക്കും.
10. അവന്‍െറ അശ്വബാഹുല്യത്താല്‍ ഉയരുന്ന പൊടി നിന്നെ മൂടിക്കളയും. കോട്ടയിടിഞ്ഞപട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്‍െറ കവാടങ്ങളിലൂടെ പ്രവേശിക്കുമ്പോള്‍ കുതിരക്കാരുടെയും വണ്ടികളുടെയും രഥങ്ങളുടെയും ശബ്‌ദംകൊണ്ട്‌ നിന്‍െറ മതിലുകള്‍ നടുങ്ങും.
11. കുതിരകളുടെ കുളമ്പുകള്‍കൊണ്ട്‌ നിന്‍െറ തെരുവീഥികള്‍ അവന്‍ ചവിട്ടിമെതിക്കും; നിന്‍െറ ജനത്തെ വാളിനിരയാക്കും; നിന്‍െറ ഉറപ്പുള്ള തൂണുകള്‍ നിലംപതിക്കും.
12. അവര്‍ നിന്‍െറ ധനം കവര്‍ച്ചചെയ്യുകയും വ്യാപാരച്ചരക്കുകള്‍ കൊള്ളയടിക്കുകയും ചെയ്യും. നിന്‍െറ മതിലുകളും നിന്‍െറ മനോഹരങ്ങളായ ഭവനങ്ങളും അവര്‍ നശിപ്പിക്കുകയും കല്ലും മണ്ണും മരവും സമുദ്രമധ്യത്തിലേക്കു വലിച്ചെറിയുകയും ചെയ്യും.
13. നിന്‍െറ സംഗീതത്തിന്‍െറ സ്വരം ഞാന്‍ നിര്‍ത്തും; വീണാനാദം മേലില്‍ കേള്‍ക്കുകയില്ല.
14. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ വെറും പാറപോലെയാക്കും. വലവിരിച്ചുണക്കുന്നതിനുള്ള സ്‌ഥലമായി നീ തീരും. ഒരിക്കലും നീ പുനരുദ്‌ധരിക്കപ്പെടുകയില്ല. കര്‍ത്താവായ ഞാനാണ്‌ ഇതു പറയുന്നത്‌.
15. ദൈവമായ കര്‍ത്താവ്‌ ടയിറിനോട്‌ അരുളിച്ചെയ്യുന്നു: നിന്‍െറ മധ്യത്തില്‍ സംഹാരം നടക്കുമ്പോള്‍, മുറിവേറ്റവര്‍ ഞരങ്ങുമ്പോള്‍, നിന്‍െറ പതനത്തിന്‍െറ ശബ്‌ദത്താല്‍ദ്വീപുകള്‍ നടുങ്ങുകയില്ലേ?
16. അപ്പോള്‍ സമുദ്രത്തിലെ എല്ലാ രാജാക്കന്‍മാരും സിംഹാ സനം വിട്ടിറങ്ങി മേലങ്കികള്‍ മാറ്റി അലംകൃതവസ്‌ത്രങ്ങള്‍ ഉരിഞ്ഞുകളയും. അവരെ വിറയല്‍ പൊതിയും, അവര്‍ നിലത്തിരിക്കുകയും ഓരോ നിമിഷവും ഞെട്ടുകയും നിന്നെയോര്‍ത്ത്‌ ഭയചകിതരാവുകയും ചെയ്യും.
17. നിന്നെക്കുറിച്ച്‌ അവര്‍ ഉച്ചത്തില്‍ വിലപിച്ചുപറയും; സമുദ്രമധ്യത്തില്‍ ശക്‌തിയും കീര്‍ത്തിയും പരത്തിയ നഗരമേ, കരയില്‍ ഭയമുളവാക്കിയ നീയും നിന്നില്‍ വസിക്കുന്നവരും സമുദ്രത്തില്‍നിന്നു മാഞ്ഞുപോയതെങ്ങിനെ?
18. നിന്‍െറ പതനദിവസം ദ്വീപുകള്‍ വിറയ്‌ക്കുകയും നിന്‍െറ തിരോധാനത്തില്‍ സമുദ്രത്തിലെ ദ്വീപുകള്‍ സംഭ്രമിക്കുകയും ചെയ്യുന്നു.
19. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിര്‍ജന നഗരംപോലെ നിന്നെ ഞാന്‍ ശൂന്യമാക്കുമ്പോള്‍, ആഴിയെ നിന്‍െറ മേല്‍ ഒഴുക്കി പെരുവെള്ളംകൊണ്ടു നിന്നെ മൂടുമ്പോള്‍,
20. പാതാളത്തില്‍ പതിക്കുന്ന പുരാതന ജനങ്ങളോടൊപ്പം നിന്നെ ഞാന്‍ തള്ളിയിടും. നിന്നില്‍ ആരും വസിക്കാതിരിക്കാനും ജീവനുള്ളവരുടെ നാട്ടില്‍ നിനക്കു സ്‌ഥലം ലഭിക്കാതിരിക്കാനുമായി, പാതാളത്തില്‍ താഴ്‌ന്നവരുടെകൂടെ പുരാതനാവശിഷ്‌ടങ്ങള്‍ക്കിടയില്‍ അധോലോകത്തില്‍ നിന്നെ ഞാന്‍ പാര്‍പ്പിക്കും.
21. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഭീതിജനകമായ അവസാനം ഞാന്‍ നിനക്കു വരുത്തും. നീ എന്നേക്കുമായി ഇല്ലാതാകും; നിന്നെ അന്വേഷിക്കുന്നവര്‍ ഒരിക്കലും കണ്ടെണ്ടത്തുകയില്ല.

Holydivine