Ezekiel - Chapter 5
Holy Bible

1. മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ള ഒരു വാളെടുക്കുക; അത്‌ ഒരു ക്‌ഷൗരക്കത്തിയായി ഉപയോഗിച്ച്‌ നിന്‍െറ തലയും താടിയും വടിക്കുക. എന്നിട്ട്‌ ഒരു തുലാസെടുത്ത്‌ രോമം തൂക്കി വിഭജിക്കുക.
2. ഉപരോധത്തിന്‍െറ ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ നീ അതിന്‍െറ മൂന്നിലൊരു ഭാഗമെടുത്ത്‌ പട്ടണത്തിന്‍െറ നടുവില്‍വച്ച്‌ തീയില്‍ ദഹിപ്പിക്കുക. മൂന്നിലൊരു ഭാഗം വാളുകൊണ്ട്‌ അരിഞ്ഞുകൊണ്ട്‌ പട്ടണത്തിനു ചുറ്റും നടക്കുക. മൂന്നിലൊന്ന്‌ നീ കാറ്റില്‍ പറത്തണം; ഊരിയ വാളുമായി ഞാന്‍ അവയെ പിന്‍തുടരും.
3. അവയില്‍ നിന്ന്‌ ഏതാനുമെടുത്ത്‌ നിന്‍െറ മേലങ്കിയുടെ വിളുമ്പില്‍ കെട്ടിവയ്‌ക്കുക.
4. അവയില്‍നിന്നു വീണ്ടും കുറച്ചെടുത്ത്‌ തീയിലിട്ടു ദഹിപ്പിക്കുക. അവിടെനിന്ന്‌ ഒരഗ്‌നി പുറപ്പെട്ട്‌ ഇസ്രായേലിലെ എല്ലാ ഭവനങ്ങളിലേക്കും വ്യാപിക്കും.
5. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഇതാണ്‌ ജറുസലെം. ജനതകളുടെയും രാജ്യങ്ങളുടെയും മധ്യേ അവളെ ഞാന്‍ സ്‌ഥാപിച്ചു.
6. എന്നാല്‍, ജനതകളുടേതിനെക്കാള്‍ ദുഷ്‌ടതയോടെ അവള്‍ എന്‍െറ കല്‍പനകള്‍ ലംഘിച്ചു. ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ കൂടുതലായി അവള്‍ എന്‍െറ പ്രമാണങ്ങളെ ധിക്കരിച്ചു. അവള്‍ എന്‍െറ കല്‍പനകള്‍ നിര സിച്ചു; അവയ്‌ക്കനുസൃതമായി അവള്‍ പ്രവര്‍ത്തിച്ചില്ല.
7. ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചുറ്റുമുള്ള ജനതകളെക്കാള്‍ ധിക്കാരികളാണ്‌, നിങ്ങള്‍ എന്‍െറ പ്രമാണങ്ങള്‍ അനുസരിച്ചു നടക്കുകയോ കല്‍പനകള്‍ കാക്കുകയോ ചെയ്‌തില്ല. ചുറ്റുമുള്ള ജനതകളുടെ നിയമങ്ങള്‍പോലും നിങ്ങള്‍ അനുസരിച്ചില്ല.
8. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍, ഞാന്‍ തന്നെ, നിനക്കെതിരായിരിക്കുന്നു. ജനതകളുടെ മുമ്പില്‍വച്ചു നിന്‍െറ മേല്‍ എന്‍െറ വിധി ഞാന്‍ നടപ്പിലാക്കും.
9. ഞാന്‍ ഒരിക്കലും ചെയ്‌തിട്ടില്ലാത്തതും ഇനിയൊരിക്കലും ചെയ്യുകയില്ലാത്തതുമായ കാര്യങ്ങള്‍ നിന്‍െറ മ്ലേച്ഛതകള്‍ നിമിത്തം നിനക്കെതിരായി ഞാന്‍ ചെയ്യും.
10. നിന്‍െറ മധ്യേ പിതാക്കന്‍മാര്‍ പുത്രന്‍മാരെയും, പുത്രന്‍മാര്‍ പിതാക്കന്‍മാരെയും ഭക്‌ഷിക്കും. നിന്‍െറ മേല്‍ ഞാന്‍ ന്യായവിധി നടപ്പിലാക്കും.നിന്നിലവശേഷിക്കുന്നവരെ ഞാന്‍ നാനാദിക്കുകളിലേക്കും ചിതറിക്കും.
11. ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മ്ലേച്ഛതകളും ദുഷ്‌പ്രവൃത്തികളുംകൊണ്ട്‌ എന്‍െറ വിശുദ്‌ധസ്‌ഥലം നീ മലിനമാക്കിയതിനാല്‍ ഞാനാണേ, നിന്നെ ഞാന്‍ വെട്ടിവീഴ്‌ത്തും. ഞാന്‍ നിന്നെ വെറുതെവിടുകയില്ല, ഞാന്‍ കരുണ കാണിക്കുകയില്ല.
12. നിന്‍െറ മൂന്നിലൊരുഭാഗം നിന്‍െറ മധ്യേതന്നെ പകര്‍ച്ചവ്യാധികള്‍കൊണ്ടും പട്ടിണികൊണ്ടും ചത്തൊടുങ്ങും. മൂന്നിലൊരുഭാഗം നിന്‍െറ ചുറ്റും വാളാല്‍ നശിക്കും. മൂന്നിലൊരു ഭാഗത്തെനാനാദിക്കുകളിലേക്കും ഞാന്‍ ചിതറിക്കും. ഊരിയ വാളുമായി ഞാന്‍ അവരെ അനുധാവനം ചെയ്യും.
13. അങ്ങനെ എന്‍െറ കോപം എരിഞ്ഞടങ്ങും. എന്‍െറ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞ്‌ ഞാന്‍ തൃപ്‌തനാകും. എന്‍െറ ക്രോധം ഞാന്‍ അവര്‍ക്കെതിരേ പ്രയോഗിച്ചുകഴിയുമ്പോള്‍ ഞാനാണ്‌ കര്‍ത്താവെന്നും അസഹിഷ്‌ണുതയോടെയാണ്‌ ഞാന്‍ സംസാരിച്ചതെന്നും അവര്‍ അറിയും.
14. നിനക്കു ചുറ്റുമുള്ള ജനതകളുടെ ഇടയിലും കടന്നു പോകുന്നവരുടെ മുമ്പിലും നിന്നെ ഞാന്‍ അവമാനത്തിനും പരിഹാസത്തിനും പാത്രമാക്കും.
15. ഞാന്‍ കോപത്തോടും അമര്‍ഷത്തോടും കഠിനശിക്‌ഷകളോടും കൂടെ നിന്‍െറ മേല്‍ന്യായവിധി നടത്തുമ്പോള്‍ നീ ചുറ്റുമുള്ള ജനതകള്‍ക്കു നിന്‌ദാപാത്രവും പരിഹാസവിഷയവും, താക്കീതും ഭയകാരണവുമായിരിക്കും, കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.
16. ക്‌ഷാമമാകുന്ന മാരകാസ്‌ത്രങ്ങള്‍ - നശിപ്പിക്കുന്ന അസ്‌ത്രങ്ങള്‍ - നിനക്കെതിരേ ഞാന്‍ അയയ്‌ക്കും. ഞാന്‍ നിന്‍െറ യിടയില്‍ ക്‌ഷാമം വര്‍ധിപ്പിക്കും. നിന്‍െറ അപ്പത്തിന്‍െറ അളവ്‌ ഞാന്‍ കുറയ്‌ക്കും.
17. ക്‌ഷാമത്തെയും ഹിംസ്രജന്തുക്കളെയും ഞാന്‍ നിനക്കെതിരേ അയയ്‌ക്കും. അവനിന്‍െറ സന്താനങ്ങളെയെല്ലാം അപഹരിക്കും. പകര്‍ ച്ചവ്യാധിയും രക്‌തച്ചൊരിച്ചിലും നിന്നി ലൂടെ കടന്നുപോകും. ഞാന്‍ നിന്‍െറ മേല്‍ വാള്‍ അയയ്‌ക്കും - കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.

Holydivine