Ezekiel - Chapter 19
Holy Bible

1. ഇസ്രായേലിലെ പ്രഭുക്കന്‍മാരെക്കുറിച്ച്‌ നീ ഒരു വിലാപഗാനം
2. ആലപിക്കുക. നിന്‍െറ അമ്മസിംഹങ്ങളുടെ ഇടയില്‍ ഒരു സിംഹിയായിരുന്നു.യുവസിംഹങ്ങളുടെയിടയില്‍ അവള്‍ തന്‍െറ കുട്ടികളെ വളര്‍ത്തി.
3. അവയിലൊന്ന്‌ ഒരുയുവസിംഹമായി വളര്‍ന്ന്‌ ഇരപിടിക്കാന്‍ ശീലിച്ചു. അവന്‍ മനുഷ്യരെ വിഴുങ്ങി.
4. ജനതകള്‍ അവനെപ്പറ്റി കേട്ടു. അവന്‍ അവരുടെ കുഴിയില്‍ വീണു, കൊളുത്തിട്ടു വലിച്ച്‌ അവനെ അവര്‍ ഈജിപ്‌തിലേക്കു കൊണ്ടുപോയി.
5. കാത്തിരുന്നു പ്രതീക്‌ഷയറ്റപ്പോള്‍ അവള്‍ മറ്റൊരു കുട്ടിയെയുവസിംഹമായി വളര്‍ത്തിയെടുത്തു.
6. അവന്‍ സിംഹങ്ങളുടെ ഇടയില്‍ സഞ്ചരിച്ച്‌ ഒരുയുവസിംഹമായി വളര്‍ന്നു. അവന്‍ ഇരതേടാന്‍ ശീലിച്ചു; മനുഷ്യരെ വിഴുങ്ങി.
7. അവന്‍ അവരുടെ കോട്ടകള്‍ നശിപ്പിക്കുകയും നഗരങ്ങള്‍ ശൂന്യമാക്കുകയും ചെയ്‌തു. അവന്‍െറ ഗര്‍ജനംകേട്ട്‌ ദേശവും ദേശവാസികളും ഭയചകിതരായി.
8. ജനതകള്‍ എല്ലാ ദിക്കുകളിലും നിന്ന്‌ അവനെതിരേ പുറപ്പെട്ടു. അവര്‍ അവന്‍െറ മേല്‍ വലവീശി. അവന്‍ അവരുടെ കുഴിയില്‍ വീണു.
9. കൊളുത്തുകളിട്ടു കൂട്ടിലടച്ച്‌ അവര്‍ അവനെ ബാബിലോണ്‍രാജാവിന്‍െറ അടുത്തു കൊണ്ടുചെന്നു. ഇസ്രായേല്‍ മലകളില്‍ അവന്‍െറ സ്വരം മേലില്‍ കേള്‍ക്കാതിരിക്കാന്‍വേണ്ടി അവനെ അവര്‍ തുറുങ്കിലടച്ചു.
10. നിന്‍െറ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്‌. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു വളര്‍ന്നു ശാഖകള്‍ വീശി. നിറയെ ഫലം പുറപ്പെടുവിച്ചു.
11. ഭരണാധിപന്‍മാരുടെ ചെങ്കോലിനുതകുംവിധം ബലമേറിയ കൊമ്പുകള്‍ അതിന്‍മേലുണ്ടായി. തഴച്ചു വളര്‍ന്ന കൊമ്പുകള്‍ക്കിടയിലൂടെ അതു തലയുയര്‍ത്തിനിന്നു. ധാരാളം ശാഖകളോടെ അത്‌ ഉയര്‍ന്നു കാണപ്പെട്ടു.
12. എന്നാല്‍, അതു ക്രോധത്തോടെ പിഴുതെറിയപ്പെട്ടു. കിഴക്കന്‍കാറ്റ്‌ അതിനെ ഉണക്കി. അതിന്‍െറ പഴങ്ങള്‍ പൊഴിഞ്ഞുപോയി. അതിന്‍െറ ബലമേറിയ കൊമ്പുകള്‍ ഉണങ്ങിപ്പോയി. അഗ്‌നി അവയെ ദഹിപ്പിച്ചുകളഞ്ഞു.
13. അതിനെ ഇപ്പോള്‍ മരുഭൂമിയില്‍, ഉണങ്ങിവരണ്ട മണ്ണില്‍, നട്ടിരിക്കുന്നു.
14. അതിന്‍െറ ഒരു ശാഖയില്‍നിന്ന്‌ തീ പുറപ്പെട്ട്‌ ഫലങ്ങള്‍ ദഹിപ്പിച്ചുകളഞ്ഞു. ഭരണാധിപനു ചെങ്കോലായിത്തീരത്തക്കവിധം ബലമേറിയ കൊമ്പൊന്നും അതില്‍ അവശേഷിച്ചിട്ടില്ല. ഇത്‌ ഒരു വിലാപഗീതമാണ്‌; വിലാപഗീതമായിരിക്കുകയുംചെയ്യും.

Holydivine