Ezekiel - Chapter 42
Holy Bible

1. അവന്‍ എന്നെ വടക്കോട്ടു നയിച്ച്‌ പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ള കെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്ക്‌ അവന്‍ എന്നെ നയിച്ചു.
2. വടക്കുവശത്തുള്ള കെട്ടിടത്തിന്‍െറ നീളം നൂറു മുഴവും വീതി അമ്പതു മുഴവും ആയിരുന്നു.
3. അകത്തേ അങ്കണത്തിന്‍െറ ഇരുപതു മുഴത്തിനടുത്ത്‌ പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നു നിലകളിലായി നടപ്പുരകളുണ്ടായിരുന്നു.
4. മുറികള്‍ക്കു മുമ്പില്‍ അകത്തേക്ക്‌ പത്തുമുഴം വീതിയും നൂറുമുഴം നീള വുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്‍െറ വാതിലുകള്‍ വടക്കോട്ടായിരുന്നു.
5. നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള മുറികളില്‍ നിന്ന്‌ എടുത്തതിനെക്കാള്‍ കൂടുതല്‍ സ്‌ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍ നിന്ന്‌ എടുത്തിരുന്നതിനാല്‍ അവ കൂടുതല്‍ ഇടുങ്ങിയിരുന്നു.
6. അവ മൂന്നു തട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകള്‍ അവയ്‌ക്കില്ലായിരുന്നു. അതുകൊണ്ടാണ്‌ മുകളിലത്തെ മുറികള്‍ക്ക്‌ താഴത്തെയും മധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയത.്‌
7. മുറികള്‍ക്കു സമാന്തരമായി എതിരേയുള്ള ബാഹ്യാങ്കണത്തിനു നേരേ അന്‍പതു മുഴം നീളത്തില്‍ ഒരു ഭിത്തിയുണ്ടായിരുന്നു.
8. ദേവാലയത്തിന്‌ എതിരേയുള്ള മുറികളുടെ നീളം നൂറു മുഴം ആയിരുന്നെങ്കില്‍ ബാഹ്യാങ്കണത്തിലുള്ളവയുടേത്‌ അമ്പതു മുഴമായിരുന്നു.
9. ബാഹ്യാങ്കണത്തില്‍നിന്നു പ്രവേശിക്കുമ്പോള്‍ കിഴക്കുവശത്തായി ഈ മുറികള്‍ക്കു താഴെ ഒരു കവാടമുണ്ടായിരുന്നു.
10. അവിടെയാണ്‌ പുറത്തേ ഭിത്തി ആരംഭിക്കുന്നത്‌. തെക്കുവശത്ത്‌ അങ്കണത്തിനും കെട്ടിടത്തിനും എതിരേ മുറികളുണ്ടായിരുന്നു.
11. മുറികള്‍ക്കു മുമ്പില്‍ വഴി ഉണ്ടായിരുന്നു. നീളം, വീതി, ബഹിര്‍ഗമനമാര്‍ഗങ്ങള്‍, വാതിലുകള്‍ മറ്റു സംവിധാനങ്ങള്‍ എന്നിവയില്‍ വടക്കുവശത്തേ മുറികള്‍പോലെതന്നെ ഈ മുറികളും.
12. തെക്കേ മുറികളുടെ താഴെ കിഴക്കുവശത്ത്‌ വഴിയിലേക്കു കടക്കുന്നിടത്ത്‌ ഒരു കവാടമുണ്ടായിരുന്നു. അവയ്‌ക്കെതിരേ ആയിരുന്നു നടുഭിത്തി. അവന്‍ എന്നോടു പറഞ്ഞു: അങ്കണത്തിനെതിരേ വടക്കും തെക്കുമുള്ള മുറികള്‍ വിശുദ്‌ധങ്ങളാണ്‌.
13. കര്‍ത്താവിനു ശുശ്രൂഷചെയ്യുന്ന പുരോഹിതന്‍മാര്‍ അവിടെവച്ചാണ്‌ ഏറ്റവും വിശുദ്‌ധമായ ബലിവസ്‌തുക്കള്‍ ഭക്‌ഷിക്കുക. ധാന്യബലിക്കും പാപപരിഹാരബലിക്കും പ്രായശ്‌ചിത്തബലിക്കും വേണ്ട വിശുദ്‌ധവസ്‌തുക്കള്‍ അവിടെയാണ്‌ അവര്‍ സൂക്‌ഷിക്കുക; എന്തെന്നാല്‍ ആ സ്‌ഥലം വിശുദ്‌ധമാണ്‌.
14. പുരോഹിതന്‍മാര്‍ വിശുദ്‌ധസ്‌ഥലത്തു പ്രവേശിച്ചാല്‍ പിന്നെ ശുശ്രൂഷയ്‌ക്കുപയോഗിക്കുന്ന വസ്‌ത്രങ്ങള്‍ ഇവിടെ മാറ്റിവച്ചിട്ടേ പുറത്തേ അങ്കണത്തിലേക്കു പോകാവൂ; എന്തെന്നാല്‍ അവ വിശുദ്‌ധങ്ങളാണ്‌. വേറെ വസ്‌ത്രങ്ങള്‍ ധരിച്ചിട്ടേ അവര്‍ ജനത്തിനുവേണ്ടി നിശ്‌ചയിച്ചിരിക്കുന്ന സ്‌ഥലത്തേക്കു പോകാവൂ.
15. ദേവാലയത്തിന്‍െറ ഉള്‍ഭാഗം അളന്നുകഴിഞ്ഞപ്പോള്‍ അവന്‍ എന്നെ കിഴക്കേ വാതിലിലൂടെ പുറത്തേക്കു നയിച്ചിട്ട്‌ ചുറ്റുമുള്ള സ്‌ഥലം അളന്നു.
16. അവന്‍ അളവു ദണ്‍ഡുകൊണ്ട്‌ കിഴക്കുഭാഗം അളന്നു - അ ഞ്ഞൂറു മുഴം.
17. അവന്‍ തിരിഞ്ഞ്‌ വടക്കുഭാഗം അളന്നു - അതും അഞ്ഞൂറു മുഴം.
18. പിന്നെ അവന്‍ തെക്കുഭാഗം അളന്നു - അതും അഞ്ഞൂറു മുഴം.
19. അവന്‍ തിരിഞ്ഞ്‌ പടിഞ്ഞാറുഭാഗം അളന്നു - അതും അഞ്ഞൂറു മുഴം.
20. നാലുവശവും അവന്‍ അളന്നു. ഓരോവശത്തും അഞ്ഞൂറുമുഴം നീളത്തില്‍ അതിനു ചുറ്റും മതിലുണ്ടായിരുന്നു. അതു വിശുദ്‌ധ സ്‌ഥലത്തെ വിശുദ്‌ധസ്‌ഥലമല്ലാത്ത സ്‌ഥലത്തുനിന്നു വേര്‍തിരിച്ചു.

Holydivine