Ezekiel - Chapter 3
Holy Bible

1. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുള്‍ ഭക്‌ഷിക്കുക. എന്നിട്ടുപോയി ഇസ്രായേല്‍ ഭവനത്തോടു സംസാരിക്കുക.
2. ഞാന്‍ വായ്‌ തുറന്നു. അവന്‍ ആ ചുരുള്‍ എനിക്കു ഭക്‌ഷിക്കാന്‍ തന്നു.
3. അവന്‍ പറഞ്ഞു: മനുഷ്യപുത്രാ, ഞാന്‍ തരുന്ന ഈ ചുരുള്‍ ഭക്‌ഷിച്ചു വയറുനിറയ്‌ക്കുക; ഞാന്‍ അതു ഭക്‌ഷിച്ചു. എന്‍െറ വായില്‍ അതു തേന്‍പോലെ മധുരിച്ചു.
4. അവന്‍ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേല്‍ ഭവനത്തില്‍ച്ചെന്ന്‌ എന്‍െറ വാക്കുകള്‍ അവരെ അറിയിക്കുക.
5. അന്യഭാഷയും ദുര്‍ഗ്രഹമായ ശൈലിയും ഉപയോഗിക്കുന്നവരുടെ അടുത്തേക്കല്ല, ഇസ്രായേല്‍ഭവനത്തിലേക്കാണ്‌ നിന്നെ ഞാന്‍ അയയ്‌ക്കുന്നത്‌.
6. അന്യഭാഷയും ദുര്‍ഗ്രഹമായ ശൈലിയും കഠിനപദങ്ങളും ഉപയോഗിക്കുന്ന ജനതകളുടെ അടുത്തേക്കല്ല നിന്നെ ഞാന്‍ അയയ്‌ക്കുന്നത്‌. അങ്ങനെയുള്ളവരുടെ അടുത്തേക്കായിരുന്നെങ്കില്‍ അവര്‍ തീര്‍ച്ചയായും നിന്‍െറ വാക്കു ശ്രവിക്കുമായിരുന്നു.
7. എന്നാല്‍ ഇസ്രായേല്‍ഭവനം നിന്‍െറ വാക്കു കേള്‍ക്കുകയില്ല. കാരണം, എന്‍െറ വാക്കു കേള്‍ക്കാന്‍ അവര്‍ തയ്യാറല്ല, എന്തെന്നാല്‍ ഇസ്രായേല്‍ഭവനം മുഴുവന്‍ കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരാണ്‌.
8. നിന്‍െറ മുഖം അവരുടെ മുഖങ്ങള്‍ക്കെതിരേയും, നിന്‍െറ നെറ്റി അവരുടെ നെറ്റികള്‍ക്കെ തിരേയും ഞാന്‍ കഠിനമാക്കിയിരിക്കുന്നു.
9. തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രക്കല്ലുപോലെ നിന്‍െറ നെറ്റി ഞാന്‍ കടുപ്പമുള്ളതാക്കിയിരിക്കുന്നു. നീ അവരെ ഭയപ്പെടേണ്ടാ, അവരുടെ നോട്ടത്തില്‍ പരിഭ്രമിക്കുകയും വേണ്ടാ. അവര്‍ ധിക്കാരികളുടെ ഭവനമാണ്‌.
10. അവന്‍ തുടര്‍ന്നു: മനുഷ്യപുത്രാ, ഞാന്‍ നിന്നോടു പറയുന്ന വാക്കുകള്‍ ചെവിതുറന്നു കേള്‍ക്കുകയും ഹൃദയത്തില്‍ സൂക്‌ഷിക്കുകയും ചെയ്യുക.
11. നീ പ്രവാസികളുടെ അടുത്തേക്ക്‌, നിന്‍െറ ജനത്തിന്‍െറ അടുത്തേക്ക്‌, ചെന്നു ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്നു പറയുക. അവര്‍ കേള്‍ക്കുകയോ കേള്‍ക്കാതിരിക്കുകയോ ചെയ്യട്ടെ.
12. ആത്‌മാവ്‌ എന്നെ മേല്‍പോട്ടുയര്‍ത്തി. കര്‍ത്താവിന്‍െറ മഹത്വം സ്വസ്‌ഥാനത്തുനിന്ന്‌ ഉയര്‍ന്നപ്പോള്‍ വലിയ ഭൂകമ്പത്തിന്‍േറ തുപോലെ ഒരു ശബ്‌ദം എന്‍െറ പിന്നില്‍ ഞാന്‍ കേട്ടു.
13. ആ ജീവികളുടെ ചിറകുകള്‍ പരസ്‌പരം സ്‌പര്‍ശിച്ചുണ്ടായ ശബ്‌ദവും അവയുടെ സമീപത്തുള്ള ചക്രങ്ങളുടെ ശബ്‌ദവുമാണ്‌ വലിയ ഭൂകമ്പത്തിന്‍െറ ശബ്‌ദംപോലെ ഞാന്‍ കേട്ടത്‌.
14. ആത്‌മാവ്‌ എന്നെ ഉയരത്തിലൂടെ വഹിച്ചുകൊണ്ടുപോയി. പര്യാകുലനും അമര്‍ഷം പൂണ്ടവനുമായിട്ടാണു ഞാന്‍ പോയത്‌. എന്തെന്നാല്‍ ദൈവത്തിന്‍െറ കരം എന്‍െറ മേല്‍ ശക്‌തമായിരുന്നു.
15. തെല്‍-അബീബില്‍ കേബാര്‍നദീതീരത്തു വസിച്ചിരുന്ന പ്രവാസികളുടെ അടുത്തു ഞാന്‍ എത്തി. അവരുടെയിടയില്‍ സ്‌തബ്‌ധനായി ഏഴു ദിവസം ഞാന്‍ കഴിച്ചു.
16. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ എനിക്കു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
17. മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്‍െറ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്‍െറ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്‍െറ താക്കീത്‌ അവരെ അറിയിക്കണം.
18. തീര്‍ച്ചയായും നീ മരിക്കും എന്ന്‌ ദുഷ്‌ടനോടു ഞാന്‍ പറഞ്ഞിട്ടും നീ അവനെ ശാസിക്കാതിരുന്നാല്‍, അവന്‍െറ ജീവന്‍ രക്‌ഷിക്കാന്‍ വേണ്ടി അവന്‍െറ ദുഷിച്ചവഴിയെപ്പറ്റി നീ താക്കീതു ചെയ്യാതിരുന്നാല്‍, ആദുഷ്‌ടന്‍ അവന്‍െറ പാപത്തില്‍ മരിക്കും; അവന്‍െറ രക്‌തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
19. നീ ദുഷ്‌ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്‌ടതയില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്‍െറ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്‍െറ ജീവന്‍ രക്‌ഷിക്കും.
20. നീതിമാന്‍ തന്‍െറ നീതി വെടിഞ്ഞു തിന്‍മ പ്രവര്‍ത്തിച്ചാല്‍ അവന്‍ വീഴാന്‍ ഞാന്‍ ഇടയാക്കും; അവന്‍ മരിക്കും. നീ അവനെ ശാസിക്കാതിരുന്നതിനാല്‍ അവന്‍ തന്‍െറ പാപം നിമിത്തം മരിക്കും. അവന്‍ ചെയ്‌തിട്ടുള്ള നീതിനിഷ്‌ഠമായ പ്രവൃത്തികള്‍ അനുസ്‌മരിക്കപ്പെടുകയില്ല. അവന്‍െറ രക്‌തത്തിനു ഞാന്‍ നിന്നെ ഉത്തരവാദിയാക്കും.
21. പാപം ചെയ്യരുതെന്ന നിന്‍െറ താക്കീതു സ്വീകരിച്ച്‌ നീതിമാനായ ഒരുവന്‍ പാപം ചെയ്യാതിരുന്നാല്‍, അവന്‍ തീര്‍ച്ചയായും ജീവിക്കും. കാരണം അവന്‍ താക്കീതു സ്വീകരിച്ചു. നീയും നിന്‍െറ ജീവനെ രക്‌ഷിക്കും.
22. അവിടെ കര്‍ത്താവിന്‍െറ കരം എന്‍െറ മേല്‍ ഉണ്ടായിരുന്നു. അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: എഴുന്നേറ്റു സമതലത്തിലേക്കു പോവുക. അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും.
23. ഞാന്‍ എഴുന്നേറ്റു സമതലത്തിലേക്കു പോയി. ഇതാ, കര്‍ത്താവിന്‍െറ മഹത്വം അവിടെ നില്‍ക്കുന്നു. കേ ബാര്‍നദിയുടെ തീരത്തു ഞാന്‍ കണ്ട മഹ ത്വംപോലെതന്നെ. ഞാന്‍ കമിഴ്‌ന്നു വീണു.
24. ആത്‌മാവ്‌ എന്നില്‍ പ്രവേശിച്ച്‌ എന്നെ എഴുന്നേല്‍പിച്ചു നിര്‍ത്തി എന്നോടു സംസാരിച്ചു. അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: നീ വീട്ടില്‍പോയി കതകടച്ചിരിക്കുക.
25. മനുഷ്യപുത്രാ, നീ ജനത്തിന്‍െറ അടുത്തേക്ക്‌ ചെല്ലാതിരിക്കാന്‍ നീ കയറുകൊണ്ടു വരിഞ്ഞു കെട്ടപ്പെടും.
26. നിന്‍െറ നാവിനെ ഞാന്‍ അണ്ണാക്കിനോട്‌ ഒട്ടിച്ചുനിര്‍ത്തും. അവരെ ശാസിക്കാനാവാത്തവിധം നിന്‍െറ നാവു ബന്‌ധിക്കപ്പെടും. കാരണം, അവര്‍ ധിക്കാരികളുടെ ഭവനമാണ്‌.
27. എന്നാല്‍, ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ നിന്‍െറ അധരങ്ങള്‍ തുറക്കപ്പെടും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്നു നീ അപ്പോള്‍ അവരോടു പറയണം. കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ. കേള്‍ക്കാന്‍മനസ്‌സില്ലാത്തവന്‍ കേള്‍ക്കാതിരിക്കട്ടെ. അവര്‍ ധിക്കാരികളുടെ ഭവനമാണ്‌.

Holydivine