Ezekiel - Chapter 11
Holy Bible

1. ആത്‌മാവ്‌ എന്നെ ഉയര്‍ത്തി കര്‍ത്താവിന്‍െറ ആലയത്തിന്‍െറ കിഴക്കേ കവാടത്തിലേക്കു കൊണ്ടുവന്നു. അതാ, അവിടെ ഇരുപത്തിയഞ്ചു പേര്‍. ജനപ്രമാണികളായ ആസൂറിന്‍െറ പുത്രന്‍യാസാനിയായെയും ബനായായുടെ പുത്രന്‍ പെലാത്തിയായെയും അവരുടെയിടയില്‍ ഞാന്‍ കണ്ടു.
2. അവിടുന്ന്‌ എന്നോട്‌ അരുളിച്ചെയ്‌തു: മനുഷ്യപുത്രാ, ഇവരാണ്‌ പട്ടണത്തില്‍ ദുഷ്‌കൃത്യങ്ങള്‍ക്ക്‌ കളമൊരുക്കുകയും ദുരുപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍.
3. അവര്‍ പറയുന്നു: നാം വീടു പണിയേണ്ട സമയമായിട്ടില്ല. ഈ നഗരം കുട്ടകവും നാം മാംസവുമാണ്‌.
4. ആകയാല്‍ പ്രവചിക്കുക, മനുഷ്യപുത്രാ, അവര്‍ക്കെതിരായി പ്രവചിക്കുക.
5. കര്‍ത്താവിന്‍െറ ആത്‌മാവ്‌ എന്‍െറ മേല്‍ വന്ന്‌ എന്നോടു കല്‍പിച്ചു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നുവെന്നു പറയുക. ഇസ്രായേല്‍ഭവനമേ, നിങ്ങള്‍ ഇങ്ങനെ വിചാരിക്കുന്നു; നിങ്ങളുടെ മനസ്‌സിലുദിക്കുന്നതെല്ലാം ഞാന്‍ അറിയുന്നു.
6. ഈ നഗരത്തില്‍ നിങ്ങള്‍ എണ്ണമറ്റ വധം നടത്തി. മൃതശരീരങ്ങള്‍ കൊണ്ട്‌ നഗരവീഥികള്‍ നിങ്ങള്‍ നിറച്ചു.
7. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ നഗരമധ്യത്തില്‍ കൊന്നിട്ടിരിക്കുന്നവരാണ്‌ മാംസം. ഈ നഗരമാണ്‌ കുട്ടകം.
8. എന്നാല്‍, നിങ്ങളെ ഞാന്‍ അതിന്‍െറ മധ്യത്തില്‍നിന്നു പുറത്തു കൊണ്ടുവരും. നിങ്ങള്‍ വാളിനെ ഭയപ്പെടുന്നു. ഞാന്‍ നിങ്ങളുടെമേല്‍ വാള്‍ വീഴ്‌ത്തും. ദൈവമായ കര്‍ത്താവാണ്‌ ഇതു പറയുന്നത്‌.
9. നിങ്ങളെ ഞാന്‍ നഗരമധ്യത്തില്‍നിന്നു പുറത്തു കൊണ്ടുവന്ന്‌ വിദേശീയരുടെ കൈയിലേല്‍പിക്കും. നിങ്ങളുടെമേല്‍ എന്‍െറ ശിക്‌ഷാവിധി ഞാന്‍ നടപ്പിലാക്കും.
10. നിങ്ങള്‍ വാളിനിരയാകും. ഇസ്രായേലിന്‍െറ അതിര്‍ത്തിയില്‍വച്ച്‌ നിങ്ങളെ ഞാന്‍ വിധിക്കും. ഞാനാണ്‌ കര്‍ത്താവെന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും.
11. ഈ നഗരം നിങ്ങള്‍ക്ക്‌ കുട്ടകമായിരിക്കുകയില്ല. നിങ്ങള്‍ അതിലെ മാംസവുമായിരിക്കുകയില്ല. നിങ്ങളെ ഞാന്‍ ഇസ്രായേലിന്‍െറ അതിര്‍ത്തിയില്‍വച്ചു വിധിക്കും.
12. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. നിങ്ങള്‍ എന്‍െറ കല്‍പനകളനുസരിച്ചു ജീവിച്ചില്ല. എന്‍െറ നിയമങ്ങള്‍ പാലിച്ചില്ല. നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ പ്രമാണങ്ങളനുസരിച്ചാണ്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചത്‌.
13. ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ ബനായായുടെ പുത്രനായ പെലാത്തിയ മരിച്ചു. ഞാന്‍ കമിഴ്‌ന്നുവീണ്‌ ഉച്ചത്തില്‍ നിലവിളിച്ചു: ദൈവമായ കര്‍ത്താവേ, ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ അങ്ങ്‌ പൂര്‍ണമായി നശിപ്പിക്കുമോ?
14. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
15. മനുഷ്യപുത്രാ, നിന്‍െറ സഹോദരങ്ങളോട്‌, നിന്‍െറ സഹോദരരോടും ബന്‌ധുക്കളോടും ഇസ്രായേല്‍ ഭവനം മുഴുവനോടും ആണ്‌ ജറുസലെംനിവാസികള്‍ ഇങ്ങനെ പറഞ്ഞത്‌: നിങ്ങള്‍ കര്‍ത്താവില്‍നിന്നകന്നുപോയി. ഈ ദേശം ഞങ്ങള്‍ക്കാണ്‌ അവകാശമായി നല്‍കിയിരിക്കുന്നത്‌.
16. ആകയാല്‍ ഇങ്ങനെ പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവരെ ഞാന്‍ ജനതകളുടെയിടയിലേക്ക്‌ അകറ്റിയെങ്കിലും, രാജ്യങ്ങളുടെയിടയില്‍ അവരെ ഞാന്‍ ചിതറിച്ചെങ്കിലും, അവര്‍ എത്തിച്ചേര്‍ന്ന രാജ്യങ്ങളില്‍ തത്‌കാലത്തേക്കു ഞാന്‍ അവര്‍ക്കു ദേവാലയമായി.
17. വീണ്ടും പറയുക: ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നിങ്ങളെ ഞാന്‍ ജനതകളുടെ ഇടയില്‍നിന്ന്‌ ഒരുമിച്ചുകൂട്ടും; നിങ്ങള്‍ ചിതറിപ്പാര്‍ക്കുന്ന രാജ്യങ്ങളില്‍നിന്ന്‌, നിങ്ങളെ ഞാന്‍ ശേഖരിക്കും. ഇസ്രായേല്‍ദേശം നിങ്ങള്‍ക്കു ഞാന്‍ നല്‍കും.
18. അവിടെ വരുമ്പോള്‍ അവര്‍ എല്ലാ നിന്‌ദ്യവസ്‌തുക്കളും മ്‌ളേച്‌ഛതകളും അവിടെനിന്ന്‌ നീക്കിക്ക ളയും.
19. അവര്‍ക്കു ഞാന്‍ ഒരു പുതിയ ഹൃദയം നല്‍കും; ഒരു പുതിയ ചൈതന്യം അവരില്‍ ഞാന്‍ നിക്‌ഷേപിക്കും. അവരുടെ ശരീരത്തില്‍നിന്ന്‌ ശിലാഹൃദയം എടുത്തുമാറ്റി ഒരു മാംസളഹൃദയം ഞാന്‍ കൊടുക്കും.
20. അങ്ങനെ അവര്‍ എന്‍െറ കല്‍പനകള്‍ അനുസരിച്ചു ജീവിക്കുകയും എന്‍െറ നിയമങ്ങള്‍ ശ്രദ്‌ധയോടെ പാലിക്കുകയും ചെയ്യും. അവര്‍ എന്‍െറ ജനവും ഞാന്‍ അവരുടെദൈവവും ആയിരിക്കും.
21. എന്നാല്‍ നിന്‌ദ്യവസ്‌തുക്കളിലും മ്ലേച്ഛതകളിലും ഹൃദയം അര്‍പ്പിച്ചിരിക്കുന്നവരുടെ പ്രവൃത്തികള്‍ക്ക്‌ അവരുടെ തലയില്‍ത്തന്നെ ഞാന്‍ ശിക്‌ഷ വരുത്തും; ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
22. കെരൂബുകള്‍ ചിറകുകളുയര്‍ത്തി; ചക്രങ്ങളും അവയുടെ വശങ്ങളിലുയര്‍ന്നു. ഇസ്രായേലിന്‍െറ ദൈവത്തിന്‍െറ മഹത്വം അവയുടെ മീതേ നിലകൊണ്ടു.
23. കര്‍ത്താവിന്‍െറ മഹത്വം നഗരമധ്യത്തില്‍നിന്നുയര്‍ന്ന്‌, നഗരത്തിനു കിഴക്കുള്ള മലമുകളില്‍ ചെന്നുനിന്നു.
24. ആത്‌മാവ്‌ എന്നെ എടുത്തുയര്‍ത്തി. ദൈവാത്‌മാവില്‍നിന്നുള്ള ദര്‍ശ നത്തില്‍ കല്‍ദായദേശത്തു പ്രവാസികളുടെയടുത്തേക്കു കൊണ്ടുപോയി. ഞാന്‍ കണ്ട ദര്‍ശനം അപ്രത്യക്‌ഷമായി.
25. കര്‍ത്താവ്‌ എനിക്കു കാണിച്ചുതന്നതെല്ലാം ഞാന്‍ പ്രവാസികളോടു പറഞ്ഞു.

Holydivine