Ezekiel - Chapter 32
Holy Bible

1. പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാം ദിവസം കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
2. മനുഷ്യപുത്രാ, ഈജിപ്‌തുരാജാവായ ഫറവോയ്‌ക്കുവേണ്ടി നീ ഒരു വിലാപ ഗാനം ആലപിക്കുക. അവനോടു പറയുക: ജനതകളുടെ ഇടയില്‍ ഒരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വം പോലെയാണ്‌. നീ നിന്‍െറ നദികളില്‍ ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.
3. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്ന്‌ ഞാന്‍ നിന്‍െറ മേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചു പുറത്തിടും.
4. നിന്നെ ഞാന്‍ നിലത്തെറിയും. തുറസ്‌സായ സ്‌ഥലത്തേക്കു നിന്നെ ഞാന്‍ ചുഴറ്റി എറിയും. ആകാശത്തിലെ എല്ലാ പറവ കളും നിന്‍െറ മേല്‍ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെതിന്ന്‌ തൃപ്‌തരാകുന്നതിനും ഞാന്‍ ഇട വരുത്തും.
5. നിന്‍െറ മാംസം ഞാന്‍ പര്‍വതങ്ങളില്‍ വിതറും; താഴ്‌വരകള്‍ നിന്‍െറ പിണംകൊണ്ടു ഞാന്‍ നിറയ്‌ക്കും.
6. നിന്‍െറ രക്‌തമൊഴുക്കി ഞാന്‍ ഭൂമിയെ മലകള്‍ വരെ കുതിര്‍ക്കും; നീര്‍ച്ചാലുകള്‍ നിന്നെക്കൊണ്ടു നിറയും.
7. നിന്നെ നിര്‍മാര്‍ജനം ചെയ്‌തുകഴിയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടിക്കളയും. നക്‌ഷത്രങ്ങളെ അന്‌ധകാരമയമാക്കും. സൂര്യനെ മേഘംകൊണ്ടു മറയ്‌ക്കും; ചന്‌ദ്രന്‍ പ്രകാശം തരുകയില്ല.
8. ആകാശത്തിലെ എല്ലാ പ്രകാശഗോളങ്ങളെയും നിന്‍െറ മേല്‍ ഞാന്‍ തമോമയമാക്കും. നിന്‍െറ ദേശം അന്‌ധകാരത്തിലാഴ്‌ത്തും. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
9. നിനക്ക്‌ അജ്‌ഞാതമായരാജ്യങ്ങളിലേക്ക്‌, ജനതകളുടെയിടയിലേക്ക്‌, നിന്നെ ഞാന്‍ അടിമയാക്കി കൊണ്ടുപോകുന്നതു കാണുമ്പോള്‍ അനേകരുടെ ഹൃദയങ്ങള്‍ അസ്വസ്‌ഥമാകും.
10. അനേകര്‍ നിന്നെക്കണ്ട്‌ സ്‌തബ്‌ധരാകുന്നതിന്‌ ഞാന്‍ ഇടയാക്കും. അവര്‍ കാണ്‍കേ ഞാന്‍ വാള്‍ വീശുമ്പോള്‍ അവരുടെ രാജാക്കള്‍ നിന്നെപ്രതി പ്രകമ്പിതരാകും. നിന്‍െറ പതനദിവസം എല്ലാവരും തങ്ങളുടെ ജീവനെച്ചൊല്ലി ഓരോ നിമിഷവും വിറകൊള്ളും.
11. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്‍െറ വാള്‍ നിന്‍െറ മേല്‍ പതിക്കും.
12. നിന്‍െറ ജനക്കൂട്ടത്തെ മുഴുവന്‍ ശക്‌തന്‍മാരുടെ വാളിന്‌ ഞാന്‍ ഇരയാക്കും. ജനതകളില്‍വച്ച്‌ ഏറ്റവും ഭീകരന്‍മാരാണ്‌ അവരെല്ലാം. ഈജിപ്‌തിന്‍െറ അഹങ്കാരം അവര്‍ അവസാനിപ്പിക്കും. അവിടത്തെ ജനം മുഴുവന്‍ നശിച്ചുപോകും.
13. ജലാശയങ്ങളുടെ അരികില്‍ നിന്ന്‌ എല്ലാ മൃഗങ്ങളെയും ഞാന്‍ നശിപ്പിക്കും; മനുഷ്യന്‍െറ പാദങ്ങളോ മൃഗങ്ങളുടെ കുളമ്പുകളോ മേലില്‍ അവയെ കലക്കുകയില്ല.
14. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ ജലം തെളിമയുള്ളതാക്കും; അവരുടെ നദികള്‍ എണ്ണപോലെ ഒഴുകുന്നതിന്‌ ഞാന്‍ ഇടയാക്കും.
15. ഈജിപ്‌തിനെ ഞാന്‍ വിജനമാക്കുകയും ദേശത്തുള്ളതെല്ലാം നശിപ്പിച്ച്‌ അതിനെ ശൂന്യമാക്കുകയും അതിലെ നിവാസികളെ വധിക്കുകയും ചെയ്യുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അവര്‍ അറിയും.
16. ആലപിക്കാനുള്ള ഒരു വിലാപമാണിത്‌; ജനതകളുടെ പുത്രിമാര്‍ ഈജിപ്‌തിനെയും അവളുടെ എല്ലാ ജനങ്ങളെയും കുറിച്ച്‌ ഇത്‌ ആലപിക്കും; ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്‌തിരിക്കുന്നു.
17. പന്ത്രണ്ടാം വര്‍ഷം ഒന്നാംമാസം പതിനഞ്ചാം ദിവസം കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:
18. മനുഷ്യപുത്രാ, ഈജിപ്‌തിലെ ജനങ്ങളെയോര്‍ത്ത്‌ വിലപിക്കുക; അവളെയും ശക്‌തരായ ജനങ്ങളുടെ പുത്രിമാരെയും പാതാളത്തില്‍ പതിക്കുന്നവരോടുകൂടെ അധോലോകത്തിലേക്കു തള്ളിയിടുക.
19. സൗന്‌ദര്യത്തില്‍ ആരെയാണ്‌ നീ അതിശയിക്കുക? താഴെച്ചെന്ന്‌ അപരിച്‌ഛേദിതരുടെകൂടെ കിടക്കുക.
20. വാളിനിരയായവരുടെ മധ്യേ അവര്‍ ചെന്നുവീഴും. അവളോടൊപ്പം അവളുടെ ജനവും കിടക്കും.
21. ശക്‌തന്‍മാരായ പ്രമാണികള്‍ അവരുടെ സഹായകരോടുകൂടെ പാതാളത്തിന്‍െറ മധ്യേ നിന്ന്‌ അവരെപ്പറ്റി ഇങ്ങനെ പറയും: അവര്‍ താഴെയെത്തിയിട്ടുണ്ട്‌. വാളിനിരയാക്കപ്പെട്ട അപരിച്‌ഛേദിതരായ അവര്‍ നിശ്‌ചലരായി കിടക്കുന്നു.
22. അസ്‌സീറിയാ അവിടെയുണ്ട്‌. അവളുടെ വാളേറ്റു മരി ച്ചജനസമൂഹവും തങ്ങളുടെ ശവക്കുഴികളില്‍ അവള്‍ക്കു ചുറ്റും കിടക്കുന്നു.
23. അവരുടെ ശവകുടീരങ്ങള്‍ പാതാളത്തിന്‍െറ ഏറ്റവും അടിയില്‍ സ്‌ഥിതിചെയ്യുന്നു; അവളുടെ കൂട്ടം അവളുടെ ശവക്കുഴിക്കു ചുറ്റുമുണ്ട്‌. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി പരത്തിയ അവര്‍ ഇന്നു വാളേറ്റു മരിച്ചു കിടക്കുന്നു.
24. ഏലാമും അവിടെയുണ്ട്‌; അവളുടെ ശവകുടീരത്തിനു ചുറ്റും അവളുടെ ജനക്കൂട്ടവും. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതി പരത്തിയ അവര്‍ ഇന്ന്‌വാളേറ്റു മരിച്ച്‌ അപരിച്‌ഛേദിതരായി അധോലോകത്തില്‍ എത്തിയിരിക്കുന്നു. പാതാളത്തില്‍ പതിച്ചവരോടൊപ്പം അവര്‍ അവമാനിതരായി കഴിയുന്നു.
25. വധിക്കപ്പെട്ടവരുടെ മധ്യത്തില്‍ അവര്‍ അവള്‍ക്കു കിടക്ക ഒരുക്കി. വാളേറ്റു മരി ച്ചഅപരിച്‌ഛേദിതരായ അവളുടെ ജനങ്ങളുടെ ശവകുടീരങ്ങള്‍ അവള്‍ക്കു ചുററുമുണ്ട്‌. എന്തെന്നാല്‍ ജീവനുള്ളവരുടെ ദേശത്ത്‌ ഭീതിപരത്തിയ അവര്‍ പാതാളത്തില്‍ പതിക്കുന്നവരുടെ കൂടെ ഇന്നു ലജ്‌ജിതരായി കഴിയുന്നു. വധിക്കപ്പെട്ടവരുടെ കൂടെയാണ്‌ അവര്‍ക്ക്‌ ഇടം ലഭിച്ചത്‌.
26. മേഷെക്കും തൂബാലും അവിടെയുണ്ട്‌. അവരുടെ ജനസമൂഹത്തിന്‍െറ ശവകുടീരങ്ങളും അവര്‍ക്കു ചുറ്റുമുണ്ട്‌. അവരെല്ലാം അപരിച്‌ഛേദിതരും വാളിനിരയായവരുമാണ്‌. ജീവനുള്ളവരുടെ ദേശത്ത്‌ ഭീതിപരത്തിയവരാണ്‌ അവര്‍.
27. വാളുകള്‍ തലയ്‌ക്കു കീഴേയും പരിചകള്‍ അസ്‌ഥികളുടെ മുകളിലും വച്ച്‌ പടക്കോപ്പുകളോടെ പാതാളത്തിലേക്കു പോയ വധിക്കപ്പെട്ട അപരിച്‌ഛേദിതരായ വീരന്‍മാരുടെ കൂട്ടത്തില്‍ അവര്‍ കിടക്കുകയില്ല. കാരണം, ജീവനുള്ള വരുടെ ദേശത്ത്‌ ശക്‌തന്‍മാരായ അവര്‍ ഭീഷണിയായിരുന്നു.
28. അപരിച്‌ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ നിങ്ങള്‍ തകര്‍ന്നു കിടക്കും.
29. ഏദോമും അവളുടെ രാജാക്കന്‍മാരും എല്ലാ പ്രഭുക്കന്‍മാരും അവിടെയുണ്ട്‌. എല്ലാ ശക്‌തിയും ഉണ്ടായിരുന്നിട്ടും അവര്‍ വാളിനിരയായ അപരിച്‌ഛേദിതരുടെയും പാതാളത്തില്‍ പതിച്ചവരുടെയും കൂടെ കിടക്കുന്നു.
30. വടക്കുനിന്നുള്ള പ്രഭുക്കന്‍മാരും സീദോന്യരും അവിടെയുണ്ട്‌. തങ്ങളുടെ ശക്‌തിയാല്‍ ഭീതിയുളവാക്കിയവരെങ്കിലും അവരും വധിക്കപ്പെട്ടവരോടുകൂടെ ലജ്‌ജിതരായി താഴേക്കിറങ്ങിയിരിക്കുന്നു. അവര്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ പാതാളത്തില്‍ പതിക്കുന്നവരുടെ അപമാനം സഹിച്ച്‌ അപരിച്‌ഛേദിതരായി കഴിയുന്നു.
31. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വാളിനിരയാക്കപ്പെട്ട ഫറവോയും അവന്‍െറ സൈന്യവും അവരെ കാണുമ്പോള്‍ സ്വന്തം ജനങ്ങളെക്കുറിച്ച്‌ ആശ്വാസംകൊള്ളും.
32. ജീവിക്കുന്നവരുടെ ദേശത്ത്‌ അവന്‍ ഭീതി പരത്തി. എന്നാല്‍, ഫറവോയും അവന്‍െറ ജനവും അപരിച്‌ഛേദിതരുടെയിടയില്‍ വാളിനിരയാക്കപ്പെട്ടവരോടുകൂടെ കിടക്കും - ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Holydivine