Ezekiel - Chapter 41
Holy Bible

1. അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്‌ധ സ്‌ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്‍െറയും വീതി ആറുമുഴമായിരുന്നു.
2. പ്രവേശനകവാടത്തിന്‍െറ വീതി പത്തുമുഴമായിരുന്നു. അതിന്‍െറ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴം വീതമായിരുന്നു. അവന്‍ വിശുദ്‌ധസ്‌ഥലത്തിന്‍െറയും നീളം അളന്നു- നാല്‍പതുമുഴം; വീതി ഇരുപതു മുഴം.
3. പിന്നെ അവന്‍ അകത്തു കടന്ന്‌ കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്‍െറ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴു മുഴം.
4. വിശുദ്‌ധസ്‌ഥലത്തിനപ്പുറത്തുള്ള സ്‌ഥലം അവന്‍ അളന്നു. അതിനു ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയും ഉണ്ടായിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഇതാണ്‌ ശ്രീകോവില്‍.
5. പിന്നെ അവന്‍ ദേവാലയത്തിന്‍െറ ഭിത്തിയുടെ കനം അളന്നു- ആറു മുഴം. ചുറ്റുമുള്ള പാര്‍ശ്വഭിത്തികളുടെ വീതി നാലു മുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി മുപ്പതുവീതം.
6. പാര്‍ശ്വമുറികളെ താങ്ങിനിര്‍ത്തുന്നതിന്‌ ദേവാലയത്തിനു ചുറ്റും തുലാങ്ങളുണ്ടായിരുന്നു; ദേവാലയഭിത്തിയായിരുന്നില്ല അവയെ താങ്ങി നിര്‍ത്തിയിരുന്നത്‌.
7. ദേവാലയത്തിനു ചുറ്റുമുള്ള തുലാങ്ങളുടെ വലിപ്പമനുസരിച്ച്‌ മുകളിലേക്കു ചെല്ലുന്തോറും പാര്‍ശ്വമുറികള്‍ക്കു വിസ്‌താരം ഏറിവന്നു. താഴത്തേനിലയില്‍ നിന്ന്‌ മധ്യനിലയിലേക്കു പോകാന്‍ ദേവാലയത്തിന്‍െറ അരികില്‍ ഒരു ഗോവണി ഉണ്ടായിരുന്നു.
8. ദേവാലയത്തിനു ചുറ്റും ഉയര്‍ന്ന ഒരു തറ ഞാന്‍ കണ്ടു. പാര്‍ശ്വമുറികളുടെ അടിത്തറയുടെ അളവ്‌ ആറു മുഴമുള്ള ഒരു പൂര്‍ണ ദണ്‍ഡായിരുന്നു.
9. പാര്‍ശ്വമുറികളുടെ പുറംഭിത്തിയുടെ കനം അഞ്ചു മുഴമായിരുന്നു.
10. തറയുടെ ബാക്കി ഭാഗം അഞ്ചുമുഴം. ദേവാലയത്തിന്‍െറ ചുറ്റുമുള്ള തറയ്‌ക്കും അങ്കണത്തിലെ മുറികള്‍ക്കും ഇടയില്‍ ചുറ്റും ഇരുപതു മുഴം വീതിയില്‍ സ്‌ഥലമുണ്ടായിരുന്നു.
11. പാര്‍ശ്വമുറികള്‍ ഒഴിച്ചിട്ടിരുന്നതറയിലേക്കാണ്‌ തുറന്നിരുന്നത്‌ - ഒന്ന്‌ വടക്കോട്ടും മറ്റേത്‌ തെക്കോട്ടും. തറയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
12. പടിഞ്ഞാറ്‌ ദേവായത്തിന്‍െറ അങ്കണത്തിനഭിമുഖമായി നില്‍ക്കുന്ന കെട്ടിടത്തിന്‍െറ വീതി എഴുപതു മുഴമായിരുന്നു. അതിന്‍െറ ചുറ്റുമുള്ള ഭിത്തിക്ക്‌ അഞ്ചു മുഴം കനവും തൊണ്ണൂറു മുഴം നീളവും.
13. അവന്‍ ദേവാലയം അളന്നു; അതിനു നൂറു മുഴം നീളം; അങ്കണവും ഭിത്തികള്‍ ഉള്‍പ്പെടെ കെട്ടിടവും കൂടെ നൂറുമുഴം നീളം.
14. ആലയത്തിന്‍െറ കിഴക്കേ മുഖവും മുറ്റവും കൂടി നൂറു മുഴം വീതി.
15. അവന്‍ പടിഞ്ഞാറുവശത്തേ മുറ്റത്തിനഭിമുഖമായി നില്‍ക്കുന്ന
16. കെട്ടിടം ഇരുവശത്തുമുള്ള ഭിത്തികളുള്‍പ്പെടെ അളന്നു - നൂറുമുഴം നീളം. അകത്ത്‌ വിശുദ്‌ധസ്‌ഥലത്തും ശ്രീകോവിലിലും പുറത്ത്‌ പൂമുഖത്തും തറമുതല്‍ കിളിവാതിലുകള്‍വരെ ചുറ്റും പലകയടിച്ചിരുന്നു. കിളിവാതിലുകള്‍ക്ക്‌ അഴിയിട്ടിരുന്നു; മറയ്‌ക്കാന്‍ വിരിയും ഉണ്ടായിരുന്നു.
17. വാതിലിനു മുകളിലേക്ക്‌ ശ്രീകോവിലിന്‍െറ അകത്തും വിശുദ്‌ധ സ്‌ഥലത്തും ഭിത്തിയില്‍ ചിത്രപ്പണികളുണ്ടായിരുന്നു.
18. കെരൂബുകളും ഈന്തപ്പനകളും, രണ്ടു കെരൂബുകളുടെ മധ്യേ ഒരു ഈന്തപ്പന എന്ന ക്രമത്തില്‍, ചിത്രീകരിക്കപ്പെട്ടിരുന്നു. ഓരോ കെരൂബിനും രണ്ടു മുഖം വീതം ഉണ്ടായിരുന്നു.
19. ഒരു വശത്തെ ഈന്തപ്പനയുടെ നേരേ മനുഷ്യമുഖവും മറുവശത്തെ ഈന്തപ്പനയുടെനേരേ സിംഹക്കുട്ടിയുടെ മുഖവും തിരിഞ്ഞിരുന്നു. ദേവാലയം മുഴുവന്‍ ചുറ്റും ഇങ്ങനെ കൊത്തിവച്ചിരുന്നു.
20. ദേവാലയ ഭിത്തിയില്‍ തറമുതല്‍ വാതിലിന്‍െറ മേല്‍ഭാഗംവരെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രങ്ങള്‍ കൊത്തിയിരുന്നു.
21. വിശുദ്‌ധസ്‌ഥലത്തിന്‍െറ കട്ടിളക്കാല്‍ സമചതുരത്തിലായിരുന്നു.
22. തടികൊണ്ടുള്ള ബലിപീഠംപോലെ തോന്നിക്കുന്ന ഒന്ന്‌ വിശുദ്‌ധസ്‌ഥലത്തിനു മുമ്പിലുണ്ടായിരുന്നു. അതിനു മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും രണ്ടു മുഴം വീതിയുമുണ്ടായിരുന്നു. അതിന്‍െറ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടുള്ളതായിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഇതു കര്‍ത്താവിന്‍െറ സന്നിധിയിലെ മേശയാണ്‌.
23. വിശുദ്‌ധ സ്‌ഥലത്തിനും ശ്രീകോവിലിനും ഈരണ്ടു വാതിലുകള്‍ ഉണ്ടായിരുന്നു.
24. വാതിലുകള്‍ക്കു തിരിയുന്ന ഈരണ്ടു പാളികളുണ്ടായിരുന്നു.
25. ഭിത്തികളിലെന്നപോലെ കെരൂബുകളുടെയും ഈന്തപ്പനകളുടെയും ചിത്രം വിശുദ്‌ധസ്‌ഥലത്തിന്‍െറ വാതിലുകളിലും കൊത്തിയിരുന്നു. പൂമുഖത്തിനു മുന്‍വശത്തായി മരംകൊണ്ടുള്ള ഒരു വിതാനമുണ്ടായിരുന്നു.
26. പൂമുഖത്തിന്‍െറ ഇരുവശങ്ങളിലും അഴിയടി ച്ചകിളിവാതിലുകളും ഈന്തപ്പനച്ചിത്രങ്ങളും ഉണ്ടായിരുന്നു.

Holydivine