Ezekiel - Chapter 46
Holy Bible

1. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അകത്തേ അങ്കണത്തിന്‍െറ കിഴക്കേ പടിപ്പുര ജോലി ദിവസങ്ങള്‍ ആറിലും അടച്ചിരിക്കണം. സാബത്തിലും അമാവാസിയിലും അതുതുറന്നിടണം.
2. രാജാവ്‌ പുറത്തുനിന്ന്‌ പടിപ്പുരയുടെ പൂമുഖത്തിന്‍െറ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിച്ച്‌, തൂണിനരികേ നില്‍ക്കണം. അവന്‍െറ ദഹനബലിയും സമാധാനബലിയും പുരോഹിതന്‍മാര്‍ അര്‍പ്പിക്കണം. പടിപ്പുരയുടെ വാതില്‍ക്കല്‍നിന്നുകൊണ്ട്‌ അവന്‍ ആരാധന നടത്തുകയും വേണം. അതുകഴിഞ്ഞ്‌ അവന്‍ പുറത്തുപോകണം. എന്നാല്‍ വൈകുന്നേരംവരെ പടിപ്പുരവാതില്‍ അടയ്‌ക്കരുത്‌.
3. ജനം സാബത്തിലും അമാവാസിയിലും പടിപ്പുരവാതില്‍ക്കല്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ ആരാധന നടത്തണം.
4. സാബത്തില്‍ രാജാവു കര്‍ത്താവിനു സമര്‍പ്പിക്കുന്ന ദഹനബലി ഊനമറ്റ ആറ്‌ ആട്ടിന്‍ കുട്ടികളും ഒരു മുട്ടാടും ആയിരിക്കണം.
5. ധാന്യബലിയായി മുട്ടാടിനോടൊപ്പം ഒരു ഏഫായും കുഞ്ഞാടുകളോടൊപ്പം തന്‍െറ കഴിവുപോലെയും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും അവന്‍ നല്‍കണം.
6. അമാവാസിയില്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആറ്‌ ആട്ടിന്‍കുട്ടികളെയും ഒരു മുട്ടാടിനെയും അവന്‍ കാഴ്‌ചകൊടുക്കണം.
7. കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്‍െറ കഴിവുപോലെയും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും ധാന്യബലിയായി കൊടുക്കണം.
8. രാജാവ്‌ പടിപ്പുരയുടെ പൂമുഖത്തിലെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തു പോവുകയും വേണം.
9. നിശ്‌ചിത തിരുനാളുകളില്‍ ദേശത്തെ ജനം കര്‍ത്താവിന്‍െറ സന്നിധിയില്‍ ആരാധനയ്‌ക്കായി വരുമ്പോള്‍ വടക്കേ പടിപ്പുരയിലൂടെ പ്രവേശിക്കുന്നവന്‍ തെക്കേ പടിപ്പുരയിലൂടെയും തെക്കേതിലൂടെ പ്രവേശിക്കുന്നവന്‍ വടക്കേതിലൂടെയും പുറത്തുപോകണം. താന്‍ പ്രവേശി ച്ചപടിപ്പുരയിലൂടെ തിരിയെപ്പോകാതെ അതിനെതിരേയുള്ളതിലൂടെ വേണം പുറത്തുപോകാന്‍.
10. അവര്‍ അകത്തുകടക്കുമ്പോള്‍ രാജാവും അവരോടൊപ്പം അകത്തു പ്രവേശിക്കുകയും പുറത്തു പോകുമ്പോള്‍ അവരോടൊപ്പം പുറത്തു പോകുകയും വേണം.
11. തിരുനാളുകളിലും നിശ്‌ചിത കാലങ്ങളിലും ധാന്യബലി കാളക്കുട്ടിയോടും മുട്ടാടിനോടുമൊപ്പം ഒരു ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം ഓരോരുത്തന്‍െറ കഴിവുപോലെയും ഓരോ ഏഫായ്‌ക്കും ഓരോ ഹിന്‍ എണ്ണയും ആയിരിക്കും.
12. രാജാവ്‌ ദഹനബലിയോ സമാധാനബലിയോ കര്‍ത്താവിനു സ്വമേധയാ സമര്‍പ്പിക്കുമ്പോള്‍ കിഴക്കേ പടിപ്പുര അവനുവേണ്ടി തുറന്നുകൊടുക്കണം. സാബത്തില്‍ ചെയ്യാറുള്ളതുപോലെ തന്‍െറ ദഹനബലിയും സമാധാനബലിയും അവന്‍ സമര്‍പ്പിക്കണം. അതുകഴിഞ്ഞ്‌ പുറത്തുപോകണം; അതിനുശേഷം പടിപ്പുര അടയ്‌ക്കുകയും വേണം.
13. അവന്‍ ദഹന ബലിക്കായി ഒരു വയസ്‌സുള്ള ഊനമറ്റ ഓരോ ആട്ടിന്‍ക്കുട്ടിയെ ദിവസേന കര്‍ത്താവിനു കൊടുക്കണം. ഓരോ പ്രഭാതത്തിലും അവന്‍ അങ്ങനെ ചെയ്യട്ടെ.
14. അതിനോടൊപ്പം ആറിലൊന്ന്‌ ഏഫായും മാവു കുഴയ്‌ക്കാന്‍മൂന്നിലൊന്നു ഹിന്‍ എണ്ണയും ധാന്യബലിയായി അവന്‍ ഓരോ പ്രഭാതത്തിലും കര്‍ത്താവിനു കൊടുക്കണം. ദിനംതോറുമുള്ള ബലിയുടെ നിയമമാണിത്‌.
15. ഇപ്രകാരം ആട്ടിന്‍കുട്ടിയും ധാന്യബലിയും എണ്ണയും ഓരോ പ്രഭാതത്തിലും ദൈനംദിന ദഹന ബലിക്കായി നല്‍കണം.
16. ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: രാജാവ്‌ തന്‍െറ പുത്രന്‍മാരില്‍ ആര്‍ക്കെങ്കിലും തന്‍െറ പൈതൃകാവകാശത്തില്‍ നിന്ന്‌ ഒരു സമ്മാനം കൊടുത്താല്‍ അത്‌ അവന്‍േറ തായിരിക്കും. അത്‌ അവന്‌ പൈതൃക സ്വത്തായിരിക്കും.
17. അവന്‍ തന്‍െറ പിതൃസ്വത്തില്‍നിന്ന്‌ തന്‍െറ ദാസന്‍മാരില്‍ ഒരുവന്‌ ഒരു സമ്മാനം കൊടുത്താല്‍ വിമോചന വര്‍ഷംവരെ അത്‌ അവന്‍േറ തായിരിക്കും. അതിനുശേഷം അതു തിരിയെക്കൊടുക്കണം. രാജാവിന്‍െറ പിതൃസ്വത്തില്‍നിന്നുള്ള സമ്മാനം അവന്‍െറ പുത്രന്‍മാര്‍ക്കു മാത്ര മുള്ളതാണ്‌.
18. ജനത്തെ അവരുടെ സ്വത്തില്‍ നിന്ന്‌ ബലം പ്രയോഗിച്ചു പുറത്താക്കി രാജാവ്‌ അവരുടെ പൈതൃകാവകാശം കൈവശപ്പെടുത്താന്‍ പാടില്ല. സ്വന്തം സ്വത്തില്‍ നിന്നാണ്‌ അവന്‍ മക്കള്‍ക്ക്‌ പൈതൃകാവകാശം നല്‍കേണ്ടത്‌. അങ്ങനെയാവുമ്പോള്‍ എന്‍െറ ജനത്തിന്‍െറ സ്വത്ത്‌ അവര്‍ക്കു നഷ്‌ടപ്പെടുകയില്ല.
19. അതിനുശേഷം അവന്‍ എന്നെ പടിപ്പുരയുടെ പാര്‍ശ്വകവാടത്തിലൂടെ പുരോഹിതന്‍മാരുടെ വിശുദ്‌ധമുറികളുടെ വടക്കേ നിരയിലേക്കു കൊണ്ടുവന്നു. അവയുടെ ഏറ്റ വും പടിഞ്ഞാറേ അറ്റത്ത്‌ ഞാന്‍ ഒരു സ്‌ഥലം കണ്ടു.
20. അവന്‍ എന്നോടു പറഞ്ഞു: പുറത്തേ അങ്കണത്തിലേക്ക്‌ കൊണ്ടുവന്ന്‌ ജനത്തിലേക്ക്‌ പരിശുദ്‌ധി പടരാതിരിക്കേണ്ടതിന്‌ പുരോഹിതന്‍മാര്‍ പ്രായശ്‌ചിത്തബലിയും പാപപരിഹാരബലിയും വേവിക്കുകയും ധാന്യബലി ചുടുകയും ചെയ്യേണ്ട സ്‌ഥലമാണ്‌ ഇത്‌.
21. പിന്നെ അവന്‍ എന്നെ പുറത്തേ അങ്കണത്തിലേക്കു കൊണ്ടുവന്ന്‌ അങ്കണത്തിന്‍െറ നാലു കോണുകളിലേക്കും നയിച്ചു. അങ്കണത്തിന്‍െറ ഓരോ കോണിലും ഓരോ അങ്കണമുണ്ടായിരുന്നു.
22. നാല്‍പതു മുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഓരോ ചെറിയ അങ്കണം നാലുകോണിലുമുണ്ടായിരുന്നു. അവ ഒരേ വലിപ്പത്തിലായിരുന്നു.
23. നാല്‌ അങ്കണങ്ങളുടെയും ഉള്‍വശത്ത്‌ ചുറ്റിലും കല്‍ഭിത്തികെട്ടിയിരുന്നു.
24. അതിന്‍െറ ചുവട്ടില്‍ ചുറ്റും അടുപ്പുകളുമുണ്ടായിരുന്നു. അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവര്‍ ജനത്തിന്‍െറ ബലിവസ്‌തുക്കള്‍ വേവിക്കുന്ന സ്‌ഥലമാണിത്‌.

Holydivine