Jeremiah - Chapter 7
Holy Bible

1. കര്‍ത്താവ്‌ ജറെമിയായോട്‌ അരുളിച്ചെയ്‌തു: നീ കര്‍ത്താവിന്‍െറ ആലയത്തിന്‍െറ വാതില്‍ക്കല്‍ നിന്നുകൊണ്ട്‌ ഇങ്ങനെ വിളംബരം ചെയ്യുക:
2. കര്‍ത്താവിനെ ആരാധിക്കാന്‍ ഈ വാതിലുകളിലൂടെ പ്രവേശിക്കുന്ന യൂദാനിവാസികളേ, കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുവിന്‍.
3. ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും നേരേയാക്കുവിന്‍. എങ്കില്‍ ഈ സ്‌ഥലത്തു വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കാം.
4. കര്‍ത്താവിന്‍െറ ആലയം, കര്‍ത്താവിന്‍െറ ആലയം, കര്‍ത്താവിന്‍െറ ആലയം എന്ന പൊള്ളവാക്കുകളില്‍ ആശ്രയിക്കരുത്‌.
5. നിങ്ങളുടെ മാര്‍ഗങ്ങളും പ്രവൃത്തികളും തിരുത്തിയാല്‍, അയല്‍ക്കാരനോടുയഥാര്‍ഥമായ നീതി പുലര്‍ത്തിയാല്‍,
6. പരദേശിയെയും അനാഥനെയും വിധവയെയും ചൂഷണം ചെയ്യാതെയും ഇവിടെ നിഷ്‌കളങ്കരക്‌തം ചിന്താതെയുമിരുന്നാല്‍, നിങ്ങളുടെതന്നെ നാശത്തിന്‌ അന്യദേവന്‍മാരുടെ പിറകേ പോകാതിരുന്നാല്‍,
7. ഇവിടെ, നിങ്ങളുടെ പിതാക്കന്‍മാര്‍ക്കു ഞാന്‍ നല്‍കിയ ഈ ദേശത്ത്‌, എന്നേക്കും വസിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും.
8. ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങള്‍ ആശ്രയിക്കുന്നത്‌, അതു വ്യര്‍ഥമാണ്‌.
9. നിങ്ങള്‍ മോഷ്‌ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്‌ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു.
10. എന്നിട്ട്‌ എന്‍െറ നാമത്തിലുള്ള ഈ ആലയത്തില്‍ എന്‍െറ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്‌ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്‌ഷിതമായി തുടരാമെന്നോ?
11. എന്‍െറ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്‌ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍ തന്നെ ഇതു കാണുന്നുണ്ട്‌- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
12. എന്‍െറ നാമം ഞാന്‍ ആദ്യം പ്രതിഷ്‌ഠി ച്ചഷീലോയില്‍ ചെന്നുനോക്കുവിന്‍. എന്‍െറ ജനമായ ഇസ്രായേലിന്‍െറ ദുഷ്‌ടതമൂലം ഞാന്‍ അവിടെ എന്താണുചെയ്‌തതെന്നു കാണുവിന്‍.
13. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ പ്രവൃത്തികളെല്ലാം നിങ്ങള്‍ ചെയ്‌തു. ഞാന്‍ വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങള്‍ ചെവിക്കൊണ്ടില്ല. ഞാന്‍ വിളിച്ചു; നിങ്ങള്‍ വിളികേട്ടില്ല.
14. അതുകൊണ്ടു ഷീലോയോടു ചെയ്‌തതുതന്നെ എന്‍െറ നാമത്തിലുള്ള, നിങ്ങള്‍ ആശ്രയിക്കുന്ന ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നിങ്ങള്‍ക്കുമായി നല്‍കിയ ഈ സ്‌ഥലത്തോടും ഞാന്‍ പ്രവര്‍ത്തിക്കും.
15. നിങ്ങളുടെ സഹോദരങ്ങളായ എഫ്രായിംസന്തതികളെ പുറന്തള്ളിയതുപോലെ നിങ്ങളെയും എന്‍െറ സന്നിധിയില്‍നിന്നു ഞാന്‍ പുറന്തള്ളും.
16. ഈ ജനത്തിനുവേണ്ടി നീ പ്രാര്‍ഥിക്കരുത്‌; അവര്‍ക്കുവേണ്ടി നിലവിളിക്കുകയോയാചിക്കുകയോ വേണ്ടാ. അവര്‍ക്കുവേണ്ടി എന്‍െറ മുന്‍പില്‍ നീ മാധ്യസ്‌ഥ്യം പറയരുത്‌; ഞാന്‍ നിന്‍െറ അപേക്‌ഷ കേള്‍ക്കുകയില്ല.
17. യൂദായിലെ നഗരങ്ങളിലും ജറുസലെമിലെ തെരുവീഥികളിലും അവര്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നില്ലേ?
18. ആകാശരാജ്‌ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പംചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്‍മാര്‍ തീ ഊതുന്നു; സ്‌ത്രീകള്‍ മാവു കുഴയ്‌ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്‍മാര്‍ക്കു പാനീയനൈവേദ്യം ഒഴുക്കുന്നു.
19. എന്നെയാണോ അവര്‍ പ്രകോപിപ്പിക്കുന്നത്‌ - കര്‍ത്താവ്‌ ചോദിക്കുന്നു. അല്ല, തങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയില്‍ ആഴ്‌ത്തുന്നത്‌.
20. ആകയാല്‍ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ ദേശത്തെ മനുഷ്യരുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും ഭൂമിയിലെ ഫലങ്ങളുടെയുംമേല്‍ എന്‍െറ കോപ വും ക്രോധവും ഞാന്‍ ചൊരിയും; അതു ശമിക്കാതെ കത്തിയെരിയും.
21. ഇസ്രായേലിന്‍െറ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബലികളും അവയ്‌ക്കുമേല്‍ ദഹനബലികളും അര്‍പ്പിക്കുവിന്‍. അവയുടെ മാംസം മുഴുവന്‍ നിങ്ങള്‍ തന്നെതിന്നുവിന്‍.
22. ഈജിപ്‌തില്‍നിന്നു നിങ്ങളുടെ പിതാക്കന്‍മാരെ കൊണ്ടുവന്നപ്പോള്‍ ബലികളെപ്പറ്റിയോ ദഹന ബലികളെപ്പറ്റിയോ ഞാന്‍ അവരോടു സംസാരിക്കുകയോ കല്‍പിക്കുകയോ ചെയ്‌തിരുന്നില്ല.
23. എന്നാല്‍ ഒരു കാര്യം ഞാന്‍ അവരോടു കല്‍പിച്ചിരുന്നു: എന്‍െറ വാക്ക്‌ അനുസരിക്കുവിന്‍; ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്‍െറ ജനവുമായിരിക്കും. ഞാന്‍ നിങ്ങളോടു കല്‍പിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കുവിന്‍; നിങ്ങള്‍ക്കു ശുഭമായിരിക്കും.
24. അവരാകട്ടെ, അനുസരിക്കുകയോ കേള്‍ക്കുകപോലുമോ ചെയ്‌തില്ല. തങ്ങളുടെ ദുഷ്‌ടഹൃദയത്തിന്‍െറ പ്രരണയനുസരിച്ചു തന്നിഷ്‌ടംപോലെ അവര്‍ നടന്നു; അവരുടെ നടപ്പ്‌ മുന്നോട്ടല്ല, പിന്നോട്ടായിരുന്നു.
25. നിങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്‌തില്‍നിന്നു പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ തുടര്‍ച്ചയായി എന്‍െറ ദാസന്‍മാരായ പ്രവാചകന്‍മാരെ അവരുടെ അടുക്കലേക്കു ഞാന്‍ അയച്ചു.
26. എന്നാല്‍ അവര്‍ എന്നെ അനുസരിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്‌തില്ല. പ്രത്യുത മര്‍ക്കടമുഷ്‌ടിയോടെ അവര്‍ തങ്ങളുടെ പൂര്‍വികന്‍മാരെക്കാളധികം തിന്‍മചെയ്‌തു.
27. ആകയാല്‍ നീ ഇക്കാര്യങ്ങളെല്ലാം അവരോടു പറയണം; എന്നാല്‍, അവര്‍ കേള്‍ക്കുകയില്ല. നീ അവരെ വിളിക്കണം; അവര്‍ വിളി കേള്‍ക്കുകയില്ല.
28. നീ അവരോട്‌ പറയണം: തങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ സ്വരം ശ്രവിക്കാത്ത, ശിക്‌ഷണം സ്വീകരിക്കാത്ത, ഒരു ജനമാണിത്‌. സത്യം അസ്‌തമിച്ചിരിക്കുന്നു; അവരുടെ നാവില്‍നിന്ന്‌ അതു തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു.
29. നീ മുടി അറുത്തെറിയുക; മലമുകളില്‍ കയറി വിലാപഗാനം ആലപിക്കുക. താന്‍വെറുക്കുന്ന സന്തതിയെ കര്‍ത്താവ്‌ ഉപേക്‌ഷിച്ചു പുറന്തള്ളിയിരിക്കുന്നു.
30. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: യൂദായുടെ സന്തതി എന്‍െറ മുന്‍പില്‍ തിന്‍മ ചെയ്‌തു. എന്‍െറ നാമംവഹിക്കുന്ന ആലയം അശുദ്‌ധമാക്കാന്‍ അവര്‍ അവിടെ തങ്ങളുടെ മ്ലേച്ഛതകള്‍ സ്‌ഥാപിച്ചു.
31. തങ്ങളുടെ പുത്രന്‍മാരെയും പുത്രിമാരെയും ഹോമിക്കാന്‍ ബന്‍ഹിന്നോംതാഴ്‌വരയില്‍ അവര്‍ തോഫെത്തിനുയാഗ പീഠം നിര്‍മിച്ചു. അതു ഞാന്‍ കല്‍പിച്ചതല്ല; ചിന്തിച്ചതുപോലുമല്ല.
32. ആകയാല്‍ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: തോഫെത്‌ എന്നോ ബന്‍ഹിന്നോംതാഴ്‌വര എന്നോ അല്ല, കൊലയുടെ താഴ്‌വര എന്ന്‌ അതു വിളിക്കപ്പെടുന്ന കാലം വരുന്നു. വേറെ സ്‌ഥലമില്ലാത്തതിനാല്‍ തോഫെത്‌ ശ്‌മശാനമായി മാറും.
33. ഈ ജനത്തിന്‍െറ മൃതശരീരങ്ങള്‍ ആകാശത്തിലെ പറവകള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഭക്‌ഷണമായിത്തീരും; അവയെ ഓടിച്ചുകളയാന്‍ ആരുമുണ്ടായിരിക്കുകയില്ല.
34. യൂദായിലെ നഗരങ്ങളില്‍നിന്നും ജറുസലെമിലെ തെരുവീഥികളില്‍നിന്നും ആഹ്ലാദത്തിമിര്‍പ്പും ആനന്‌ദാരവവും മണവാളന്‍െറയും മണ വാട്ടിയുടെയും മധുരസ്വരവും ഞാന്‍ ഇല്ലാതാക്കും; ദേശം വിജനമായിത്തീരും.

Holydivine