Jeremiah - Chapter 40
Holy Bible

1. ജറുസലെമില്‍നിന്നും യൂദായില്‍നിന്നും ചങ്ങലകളാല്‍ ബന്‌ധിച്ച്‌ ബാബിലോണിലേക്ക്‌ അടിമകളായി കൊണ്ടുപോയവ രുടെ ഇടയില്‍നിന്നു ജറെമിയായെ റാമായില്‍വച്ച്‌ സേനാനായകനായ നെബുസരദാന്‍ സ്വതന്ത്രനാക്കി. അപ്പോള്‍ ജറെമിയായ്‌ക്ക്‌ കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
2. സേനാനായകന്‍ ജറെമിയായെ വിളിച്ചു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവ്‌ ഈ സ്‌ഥലത്തിനെതിരേ ഈ അനര്‍ഥങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു. താന്‍ അരുളിച്ചെയ്‌തതു പോലെ കര്‍ത്താവ്‌ എല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു.
3. നിങ്ങള്‍ കര്‍ത്താവിനെതിരേ പാപം ചെയ്യുകയും അവിടുത്തെ വചനങ്ങള്‍ അവഗണിക്കുകയും ചെയ്‌തതിനാലാണ്‌ ഇതെല്ലാം നിങ്ങളുടെമേല്‍ വന്നുഭവിച്ചത്‌.
4. ഇതാ, നിന്‍െറ കൈകളില്‍നിന്നു ഞാന്‍ ചങ്ങല അഴിച്ചു മാറ്റുന്നു. എന്നോടുകൂടെ ബാബിലോണിലേക്കു പോരാന്‍ ഇഷ്‌ടമെങ്കില്‍ വരുക. ഞാന്‍ നിന്നെ സംരക്‌ഷിച്ചുകൊള്ളാം. ഇഷ്‌ടമില്ലെങ്കില്‍ പോരേണ്ടാ. ഇതാ, ദേശം മുഴുവന്‍ നിന്‍െറ മുന്‍പില്‍, ഇഷ്‌ടമുള്ളിടത്തേക്കു പോകാം.
5. ഇവിടെത്തന്നെ പാര്‍ക്കുന്നെങ്കില്‍ യൂദായിലെ പട്ടണങ്ങളുടെ ഭരണാധിപനായി ബാബിലോണ്‍രാജാവു നിയമി ച്ചഷാഫാന്‍െറ മകനായ അഹിക്കാമിന്‍െറ മകന്‍ ഗദാലിയായുടെ അടുത്തേക്കുപോയി അവനോടൊപ്പം ജനത്തിന്‍െറ ഇടയില്‍ വസിക്കുക. അല്ലെങ്കില്‍ ഉചിതമെന്നുതോന്നുന്നിടത്തേക്കു പൊയ്‌ക്കൊള്ളുക. നെബുസര ദാന്‍ ഭക്‌ഷണവും സമ്മാനവും നല്‍കി അവനെയാത്രയാക്കി.
6. ജറെമിയാ മിസ്‌പായില്‍ അഹിക്കാമിന്‍െറ മകന്‍ ഗദാലിയായുടെ അടുത്തേക്കു പോയി. ദേശത്ത്‌ അവശേഷിച്ചിരുന്ന ജനത്തിന്‍െറ ഇടയില്‍ അവനോടുകൂടെ വസിച്ചു.
7. ബാബിലോണ്‍രാജാവ്‌, അഹിക്കാമിന്‍െറ പുത്രന്‍ ഗദാലിയായെ ദേശത്തിന്‍െറ ഭരണാധികാരിയാക്കിയെന്നും ബാബിലോണിലേക്കു നാടുകടത്താതെ ദേശത്ത്‌ അവശേഷി ച്ചപാവപ്പെട്ട സ്‌ത്രീപുരുഷന്‍മാരെയും കുട്ടികളെയും അവനെ ഭരമേല്‍പിച്ചുവെന്നും നാട്ടിന്‍പുറത്തുണ്ടായിരുന്ന പടത്തലവന്‍മാരും അവരുടെ ആളുകളും അറിഞ്ഞു.
8. നെത്താനിയായുടെ പുത്രന്‍ ഇസ്‌മായേല്‍, കരേയായുടെ പുത്രന്‍ യോഹനാന്‍, തന്‍ഹുമേത്തിന്‍െറ പുത്രന്‍ സെരായാ, നെത്തോഫാത്യനായ എഫായിയുടെ പുത്രന്‍മാര്‍, മക്കാത്ത്യനായയസാനിയാ എന്നിവര്‍ തങ്ങളുടെ ആളുകളോടൊപ്പം മിസ്‌പായില്‍ ഗദാലിയായുടെ അടുത്തേക്കു ചെന്നു.
9. ഷാഫാന്‍െറ മകനായ അഹിക്കാമിന്‍െറ പുത്രന്‍ ഗദാലിയാ അവരോടു ശപഥംചെയ്‌തു പറഞ്ഞു: കല്‍ദായര്‍ക്കു കീഴ്‌പ്പെട്ടിരിക്കാന്‍ നിങ്ങള്‍ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോണ്‍രാജാവിനു സേവനം ചെയ്യുക. അതു നിങ്ങള്‍ക്കു നന്‍മയായി ഭവിക്കും.
10. ഇങ്ങോട്ടു വരുന്ന കല്‍ദായരുടെ മുന്‍പില്‍ നിങ്ങളെ പ്രതിനിധീകരിക്കാന്‍ ഞാന്‍ മിസ്‌പായില്‍ വസിക്കും. എന്നാല്‍, നിങ്ങള്‍ വീഞ്ഞും വേനല്‍ക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളില്‍ ശേഖരിച്ച്‌, നിങ്ങള്‍ കൈവശമാക്കിയ നഗരങ്ങളില്‍ വസിക്കുവിന്‍.
11. മൊവാബിലും അമ്മോന്യരുടെയും ഏദോമ്യരുടെയും ഇടയിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന യഹൂദരും ബാബിലോണിലെ രാജാവ്‌ യൂദായില്‍ കുറേപ്പേരെ അവശേഷിപ്പിച്ചിട്ടുണ്ടെന്നും ഷാഫാന്‍െറ മകനായ അഹിക്കാമിന്‍െറ പുത്രന്‍ ഗദാലിയായെ അവരുടെ ഭരണാധിപനായി നിയമിച്ചുവെന്നും കേട്ടു.
12. ഇതരദേശങ്ങളിലേക്ക്‌ ഓടിപ്പോയ യഹൂദര്‍ അവിടെനിന്ന്‌ യൂദായിലേക്ക്‌, മിസ്‌പായില്‍ ഗദാലിയായുടെ അടുത്ത്‌ മടങ്ങിവന്നു. അവര്‍ വീഞ്ഞും ഫലങ്ങളും സമൃദ്‌ധമായി ശേഖരിച്ചു.
13. ഒരിക്കല്‍ കരേയായുടെ പുത്രന്‍ യോഹനാനും നാട്ടിന്‍പുറത്തുണ്ടായിരുന്ന പടത്തലവന്‍മാരും മിസ്‌പായില്‍ ഗദാലിയായുടെ അടുത്തു വന്നു.
14. അമ്മോന്യരുടെ രാജാവായ ബാലിസ്‌ നിന്നെ വധിക്കാന്‍ നെത്താനിയായുടെ പുത്രന്‍ ഇസ്‌മായേലിനെ അയച്ചിരിക്കുന്നതു നീ അറിഞ്ഞോ എന്ന്‌ അവര്‍ചോദിച്ചു. എന്നാല്‍ അഹിക്കാമിന്‍െറ പുത്രന്‍ ഗദാലിയാ അതു വിശ്വസിച്ചില്ല.
15. അപ്പോള്‍ കരേയായുടെ പുത്രന്‍ യോഹനാന്‍മിസ്‌പായില്‍വച്ച്‌ ഗദാലിയായോടു രഹസ്യമായി സംസാരിച്ചു: ഞാന്‍ പോയി നെത്താനിയായുടെ മകന്‍ ഇസ്‌മായേലിനെ കൊല്ലാം; ആരും അറിയുകയില്ല. അവന്‍ നിന്നെ വധിക്കുകയും നിന്‍െറ അടുക്കല്‍ കൂടിയിരിക്കുന്ന യഹൂദരെ ചിതറിക്കുകയും യൂദായില്‍ അവശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യുന്നതെന്തിന്‌?
16. എന്നാല്‍ അഹിക്കാമിന്‍െറ പുത്രന്‍ അവനോടു പറഞ്ഞു: അരുത്‌, നീ ഇസ്‌മായേലിനെപ്പറ്റി പറയുന്നതെല്ലാം വ്യാജമാണ്‌.

Holydivine