Jeremiah - Chapter 50
Holy Bible

1. കല്‍ദായരുടെ ദേശമായ ബാബിലോണിനെക്കുറിച്ചു ജറെമിയാ പ്രവാചകനു ലഭി ച്ചകര്‍ത്താവിന്‍െറ അരുളപ്പാട്‌ :
2. ജനതകളുടെ ഇടയില്‍ പ്രഖ്യാപിക്കുക, പതാക ഉയര്‍ത്തി ഘോഷിക്കുക, ഒന്നും ഒളിച്ചുവയ്‌ക്കാതെ വിളംബരം ചെയ്യുക. ബാബിലോണ്‍ പിടിക്കപ്പെട്ടു. ബേല്‍ ലജ്‌ജിക്കുന്നു; മെറോദാക്‌ സംഭ്രമിക്കുന്നു. ബാബിലോണിന്‍െറ വിഗ്രഹങ്ങള്‍ അപമാനിതമായി, അവളുടെ ബിംബങ്ങള്‍ കിടിലംകൊള്ളുന്നു.
3. വടക്കുനിന്ന്‌ ഒരു ജനത അവള്‍ക്കെതിരേ വന്നിരിക്കുന്നു. അവര്‍ അവളുടെ ദേശം ശൂന്യമാക്കും. ആരും അവിടെ വസിക്കുകയില്ല. മനുഷ്യരും മൃഗങ്ങളും പലായനം ചെയ്യും.
4. ആദിവസം വരുമ്പോള്‍ ഇസ്രായേലും യൂദായും വിലപിച്ചുകൊണ്ടു തങ്ങളുടെ ദൈവമായ കര്‍ത്താവിനെ അന്വേഷിച്ച്‌ ഒന്നിച്ചുകൂടും.
5. അവര്‍ സീയോനിലേക്കു തിരിഞ്ഞ്‌ അങ്ങോട്ടുള്ള വഴി ആരായും. അവര്‍ പറയും: വരുക. അവിസ്‌മരണീയമായ ഒരു ശാശ്വത ഉടമ്പടി നമുക്കു കര്‍ത്താവുമായി ചെയ്യാം.
6. ഇടയന്‍മാര്‍ വഴിതെറ്റിച്ച്‌ മലകളില്‍ ചിതറി നഷ്‌ടപ്പെട്ട ആടുകളാണ്‌ എന്‍െറ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.
7. കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെയഥാര്‍ഥമായ അഭയവും പ്രത്യാശയുമായ കര്‍ത്താവിനെതിരേ അവര്‍ പാപം ചെയ്‌തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല.
8. ബാബിലോണില്‍നിന്ന്‌ ഓടിപ്പോകുവിന്‍; ആട്ടിന്‍പറ്റത്തിന്‍െറ മുന്‍പില്‍ മുട്ടാടുകളെന്നപോലെ കല്‍ദായരുടെ ദേശത്തുനിന്നു പലായനം ചെയ്യുവിന്‍.
9. ഉത്തരദിക്കില്‍നിന്നു ശക്‌തരായ ജനതകളെ ബാബിലോണിനെതിരേ ഞാന്‍ ഇളക്കിവിടും. അവര്‍ അവള്‍ക്കെതിരേ അണിനിരന്ന്‌ അവളെ പിടിച്ചടക്കും. അവരുടെ അസ്‌ത്രങ്ങള്‍ വെറുംകൈയോടെ മടങ്ങാത്ത ധീരയോദ്‌ധാവിനെപ്പോലെയാണ്‌.
10. കല്‍ദായദേശം കൊള്ളയടിക്കപ്പെടും. അവളെ കവര്‍ ച്ചചെയ്യുന്നവര്‍ക്കു തൃപ്‌തിയാവോളം ലഭിക്കും.
11. എന്‍െറ അവകാശമായ ജനത്തെ കൊള്ളയടിച്ചവരേ, നിങ്ങള്‍ സന്തോഷിക്കുകയും വിജയഭേരി മുഴക്കുകയും ചെയ്യുന്നെങ്കിലും നിങ്ങള്‍ പുല്‍ത്തകിടിയില്‍ കൂത്താടി നടക്കുന്ന പശുക്കിടാവിനെപ്പോലെയും ഹേഷാരവം മുഴക്കുന്ന കുതിരകളെപ്പോലെയും ആണെങ്കിലും
12. നിങ്ങളുടെ മാതാവ്‌ അത്യധികം ലജ്‌ജിതയാകും. നിങ്ങളെ പ്രസവിച്ചവള്‍ക്ക്‌ അപ കീര്‍ത്തിയുണ്ടാകും. അവള്‍ ജനതകളില്‍ ഏറ്റവും താഴ്‌ന്നവളാകും. അവള്‍ ഉണങ്ങി വരണ്ട മരുഭൂമിയായിത്തീരും.
13. കര്‍ത്താവിന്‍െറ ക്രോധം നിപതിച്ചതിനാല്‍ അവിടെ ആരും വസിക്കുകയില്ല. അത്‌ തീര്‍ത്തും ശൂന്യമാകും. ബാബിലോണിലൂടെ കടന്നുപോകുന്നവര്‍ ഭയപ്പെടും. അവള്‍ക്കേറ്റമുറിവുകള്‍ കണ്ടു പരിഹസിക്കും.
14. വില്ലു കുലയ്‌ക്കുന്ന നിങ്ങള്‍ ബാബിലോണിനെതിരേ അണിനിരക്കുവിന്‍. അവസാനത്തെ അസ്‌ത്രവും അവളുടെ നേരേ എയ്യുവിന്‍. അവള്‍ കര്‍ത്താവിനെതിരേ പാപം ചെയ്‌തിരിക്കുന്നു.
15. അവള്‍ക്കു ചുറ്റുംനിന്ന്‌ അട്ടഹസിക്കുവിന്‍. അവള്‍ കീഴടങ്ങി; അവളുടെ കോട്ടകള്‍ വീണു; മതിലുകള്‍ തകര്‍ന്നു. ഇതു കര്‍ത്താവിന്‍െറ പ്രതികാരമാണ്‌. അവളോടു പ്രതികാരം ചെയ്യുവിന്‍. അവള്‍ ചെയ്‌തതുപോലെ അവളോടും ചെയ്യുവിന്‍.
16. വിതയ്‌ക്കുന്നവനെയും കൊയ്യുന്നവനെയും ബാബിലോണില്‍ നിന്നു വിച്‌ഛേദിക്കുവിന്‍. മര്‍ദകന്‍െറ വാള്‍നിമിത്തം ഓരോരുത്തരും സ്വജനങ്ങളിലേക്കും സ്വദേശത്തേക്കും തിരിയും.
17. സിംഹങ്ങള്‍ വേട്ടയാടുന്ന ആടിനെപ്പോലെയാണ്‌ ഇസ്രായേല്‍. ആദ്യം അസ്‌സീറിയാരാജാവ്‌ അവനെ വിഴുങ്ങി. ഇപ്പോഴിതാ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ അവന്‍െറ അസ്‌ഥികള്‍ കാര്‍ന്നുതിന്നുന്നു.
18. അതിനാല്‍ ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അസ്‌സീറിയാരാജാവിനെ ശിക്‌ഷിച്ചതുപോലെ ബാബിലോണ്‍രാജാവിനെയും അവന്‍െറ ദേശത്തെയും ഞാന്‍ ശിക്‌ഷിക്കുന്നു.
19. ഞാന്‍ ഇസ്രായേലിനെ അവന്‍െറ മേച്ചില്‍സ്‌ഥലത്തേക്ക്‌ അയയ്‌ക്കും. അവന്‍ കാര്‍മലിലും ബാഷാനിലും മേയും വേഗിലയാദിലെയും എഫ്രായിം മലകളിലെയും മേച്ചില്‍ പുറങ്ങളില്‍ അവന്‍ തൃപ്‌തി കണ്ടെണ്ടത്തും.
20. അക്കാലത്ത്‌ ഇസ്രായേലില്‍ തിന്‍മയും യൂദായില്‍ പാപവും ഉണ്ടായിരിക്കുകയില്ല. ഞാന്‍ അവശേഷിപ്പിക്കുന്ന ജനത്തോടു ഞാന്‍ ക്‌ഷമിക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
21. മെറത്തായിംദേശത്തിനെതിരേ ചെല്ലുവിന്‍; പെക്കോദ്‌നിവാസികള്‍ക്കെതിരേ നീങ്ങുവിന്‍. അവരെ ആസകലം നശിപ്പിക്കുവിന്‍; ഞാന്‍ നിങ്ങളോടു കല്‍പിച്ചതെല്ലാംചെയ്യുവിന്‍ - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
22. യുദ്‌ധത്തിന്‍െറ ആരവവും മഹാസംഹാരവും!
23. ഭൂമി മുഴുവനെയും തകര്‍ത്ത ചുറ്റിക എങ്ങനെ തകര്‍ന്നു! ജനതകളുടെ ഇടയില്‍ ബാബിലോണ്‍ എത്ര ബീഭത്‌സമായിരിക്കുന്നു!
24. ബാബിലോണേ, നിനക്കു ഞാന്‍ കെണിവച്ചു; നീ അതില്‍ വീണു. നീ അത്‌ അറിഞ്ഞില്ല. കര്‍ത്താവിനെതിരേ മത്‌സരിച്ചതിനാല്‍ നീ പിടിക്കപ്പെട്ടു.
25. കര്‍ത്താവ്‌ ആയുധപ്പുര തുറന്ന്‌ ക്രോധത്തിന്‍െറ ആയുധങ്ങള്‍ പുറത്തെടുത്തു. സൈന്യങ്ങളുടെദൈവമായ കര്‍ത്താവിന്‌ കല്‍ദായരുടെ നാട്ടില്‍ ഒരു കര്‍മം അനുഷ്‌ഠിക്കാനുണ്ട്‌.
26. നാലുദിക്കില്‍നിന്നും അവള്‍ക്കെതിരേ വന്ന്‌ അവളുടെ അറപ്പുരകള്‍ തുറക്കുവിന്‍. അവളെ നിശ്‌ശേഷം നശിപ്പിച്ച്‌ ധാന്യക്കൂമ്പാരംപോലെ കൂട്ടുവിന്‍. ഒന്നും അവശേഷിക്കരുത്‌.
27. അവളുടെ കാളകളെ കൊന്നൊടുക്കുവിന്‍. അവ അറവുശാലകളിലേക്കു പോകട്ടെ. അവര്‍ക്കു ദുരിതം! അവരുടെ ദിനം വന്നുകഴിഞ്ഞു. ശിക്‌ഷയുടെ മുഹൂര്‍ത്തം!
28. നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ പ്രതികാരം സീയോനില്‍ വിളംബരം ചെയ്യാന്‍ അവര്‍ ബാബിലോണില്‍നിന്ന്‌ ഇതാ, ഓടുന്നു.
29. ബാബിലോണിനെതിരേ വില്ലാളികളെ വിളിച്ചുകൂട്ടി ചുറ്റും താവളമടിക്കുവിന്‍. ആരും രക്‌ഷപെടരുത്‌. അവളുടെ പ്രവൃത്തികള്‍ക്കനുസൃതമായ പ്രതികാരം ചെയ്യുവിന്‍. ഇസ്രായേലിന്‍െറ പരിശുദ്‌ധനായ കര്‍ത്താവിനെ അവള്‍ ധിക്കരിച്ചു.
30. അവളുടെയുവാക്കള്‍ തെരുവുകളില്‍ വീഴും. അവളുടെ പോരാളികളെല്ലാം അന്നു നശിക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
31. അഹങ്കാരീ, ഞാന്‍ നിനക്കെതിരാണെന്നു സൈന്യങ്ങളുടെദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ഞാന്‍ നിന്നെ ശിക്‌ഷിക്കുന്ന ദിവസം ആസന്നമായി.
32. അഹങ്കരിക്കുന്നവന്‍ കാല്‍തട്ടി വീഴും. അവനെ എഴുന്നേല്‍പിക്കാന്‍ ആരും ഉണ്ടാവുകയില്ല. അവന്‍െറ നഗരങ്ങള്‍ക്കു ഞാന്‍ തീ വയ്‌ക്കും; അതു ചുറ്റുമുള്ളവയെ വിഴുങ്ങും.
33. സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേലും യൂദായും മര്‍ദനമേറ്റു. പിടിച്ചുകൊണ്ടുപോയവര്‍ അവരെ വിട്ടയയ്‌ക്കാതെ തടഞ്ഞുവച്ചു. അവരുടെ വിമോചകന്‍ ശക്‌തനാണ്‌.
34. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം. ഭൂമിക്കു സ്വസ്‌ഥതയും ബാബിലോണിന്‌ അസ്വസ്‌ഥതയും വരുത്തുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി വാദിക്കും.
35. കല്‍ദായരുടെമേല്‍, ബാബിലോണ്‍ നിവാസികളുടെമേല്‍, അവളുടെ രാജാക്കന്‍മാരുടെയും ജ്‌ഞാനികളുടെയുംമേല്‍, ഇതാ, ഒരു വാള്‍!
36. ശകുനക്കാരുടെമേല്‍ വാള്‍! അവര്‍ വിഡ്‌ഢികളാകും. യോദ്‌ധാക്കളുടെമേല്‍ വാള്‍! അവര്‍ നിര്‍മൂലമാകും.
37. അവളുടെ കുതിരകളുടെയും രഥങ്ങളുടെയും മേല്‍ വാള്‍! അവളുടെ ഇടയിലെ വിദേശ സൈന്യത്തിന്‍െറ മേല്‍ വാള്‍! അവര്‍ അബലകളെപ്പോലെയാകും. അവളുടെ സമ്പത്തിന്‍െറ മേല്‍ വാള്‍! അവ കൊള്ളയടിക്കപ്പെടും.
38. അവളുടെ ജലാശയങ്ങളുടെമേല്‍ കൊടുംവേനല്‍! അവ വരണ്ടുപോകും. അത്‌ വിഗ്രഹങ്ങളുടെ നാടാണ്‌. ബിംബങ്ങളെച്ചൊല്ലി അവര്‍ മദിച്ചിരിക്കുന്നു.
39. ബാബിലോണില്‍ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്‌ഷികളും വിഹരിക്കും. അവിടെ ആരും ഒരിക്കലും വസിക്കുകയില്ല.
40. ദൈവം തകര്‍ത്ത സോദോമിനെയും ഗൊമോറായെയും സമീപനഗരങ്ങളെയുംപോലെ അവിടെയും ആരും വസിക്കുകയില്ല; സഞ്ചാരികള്‍ തങ്ങുകയുമില്ല - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
41. ഇതാ, വടക്കുനിന്ന്‌ ഒരു ജനത വരുന്നു; ശക്‌തമായ ഒരു ജനം. അനേകം രാജാക്കന്‍മാര്‍ ദിഗന്തങ്ങളില്‍നിന്ന്‌ ഇളകിവരുന്നു.
42. അവര്‍ വില്ലും കുന്തവും ഏന്തിയിരിക്കുന്നു; അവര്‍ കരുണയില്ലാത്ത ക്രൂരന്‍മാരാണ്‌. സമുദ്രത്തെപ്പോലെ അവര്‍ ഗര്‍ജിക്കുന്നു. ബാബിലോണ്‍പുത്രീ, പോരാളിയെപ്പോലെ പടക്കോപ്പണിഞ്ഞ്‌ അവര്‍ നിനക്കെതിരേ കുതിരപ്പുറത്തു വരുന്നു.
43. ബാബിലോണ്‍ രാജാവ്‌ ഈ വാര്‍ത്ത കേട്ടു. അവന്‍െറ കരങ്ങള്‍ കുഴഞ്ഞു. പ്രസവവേദന അടുത്തവളെപ്പോലെ അവന്‍ കഠിനവേദനയാല്‍ പുളഞ്ഞു.
44. ജോര്‍ദാന്‍വനങ്ങളില്‍ നിന്നു പ ച്ചപിടി ച്ചമേച്ചില്‍പ്പുറങ്ങളില്‍ ചാടിവീഴുന്ന സിംഹത്തെപ്പോലെ ഞാന്‍ അവരെ ഓടിച്ചുകളയും. എനിക്ക്‌ ഇഷ്‌ടമുള്ളവനെ ഞാന്‍ അവളുടെമേല്‍ നിയമിക്കും. എനിക്കു തുല്യനായി ആരുണ്ട്‌? ആര്‌ എന്നോടു കണക്കുചോദിക്കും? ഏത്‌ ഇടയനാണ്‌ എന്‍െറ മുന്‍പില്‍ നില്‍ക്കാന്‍ കഴിയുക?
45. ബാബിലോണിനെതിരേ, കല്‍ ദായരുടെ ദേശത്തിനെതിരേ, കര്‍ത്താവ്‌ നിശ്‌ചയിച്ചിട്ടുള്ള കാര്യങ്ങള്‍ കേള്‍ക്കുവിന്‍: അവരുടെ ആട്ടിന്‍പറ്റത്തിലെ കുഞ്ഞാടുകള്‍ വലിച്ചിഴയ്‌ക്കപ്പെടും. അവരുടെ ദുര്‍വിധി കണ്ട്‌ മേച്ചില്‍പ്പുറങ്ങള്‍ ഭയചകിതമാകും.
46. ബാബിലോണിന്‍െറ പതനത്തില്‍ ഭൂമി വിറയ്‌ക്കും. അവളുടെ നിലവിളി ജനതകള്‍ക്കിടയില്‍ മുഴങ്ങും.

Holydivine