Jeremiah - Chapter 38
Holy Bible

1. മത്താന്‍െറ പുത്രന്‍ ഷെഫാത്തിയാ, പാഷൂറിന്‍െറ പുത്രന്‍ ഗദാലിയാ, ഷെലെമിയായുടെ പുത്രന്‍യൂക്കാല്‍, മല്‍ക്കിയായുടെ പുത്രന്‍ പാഷൂര്‍ എന്നിവര്‍ ജറെമിയാ ജനത്തോട്‌ ഇപ്രകാരം പറയുന്നതു കേട്ടു.
2. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ നഗരത്തില്‍ വസിക്കുന്നവരെല്ലാം വാളും ക്‌ഷാമവും പകര്‍ച്ചവ്യാധിയും വഴി മരിക്കും. എന്നാല്‍ കല്‍ദായരുടെ അടുക്കലേക്കു പോകുന്നവര്‍ ജീവിക്കും. കൊള്ളമുതലായിത്തീരുന്ന അവര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെടുകയില്ല.
3. ഈ നഗരം ബാബിലോണ്‍രാജാവിന്‍െറ സൈന്യങ്ങളുടെ കൈയില്‍ ഏല്‍പിക്കപ്പെടും; അവന്‍ അതു കീഴടക്കുകയും ചെയ്യും- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
4. അപ്പോള്‍ പ്രഭുക്കന്‍മാര്‍ രാജാവിനോടു പറഞ്ഞു: ഇവനെ വധിക്കണം. ഇപ്രകാരമുള്ള വാക്കുകള്‍ കൊണ്ട്‌ നഗരത്തില്‍ അവശേഷിച്ചിരിക്കുന്ന സൈന്യങ്ങളെയും ജനങ്ങളെയും ഇവന്‍ നിര്‍വീര്യരാക്കുന്നു. ജനത്തിനു നന്‍മയല്ല, നാശമാണ്‌ ഇവന്‍ ആഗ്രഹിക്കുന്നത്‌.
5. സെദെക്കിയാരാജാവു പറഞ്ഞു: ഇതാ, അവന്‍ നിങ്ങളുടെ കൈകളിലാണ്‌. നിങ്ങള്‍ക്കെതിരേയാതൊന്നും ചെയ്യാന്‍ രാജാവിനു സാധിക്കുകയില്ലല്ലോ.
6. അവര്‍ ജറെമിയായെ കാവല്‍പ്പുരയുടെ മുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക്‌ ഇറക്കി. രാജകുമാരന്‍മല്‍ക്കിയായുടെ കിണര്‍ എന്നറിയപ്പെടുന്ന അതിലേക്ക്‌ അവനെ കയറില്‍ കെട്ടിത്താഴ്‌ത്തി. കിണറ്റില്‍ ചെളിയല്ലാതെ വെള്ളം ഇല്ലായിരുന്നു. ജറെമിയാ ചെളിയില്‍ താണു.
7. അവര്‍ ജറെമിയായെ കിണറ്റില്‍ താഴ്‌ത്തിയെന്നു കൊട്ടാരത്തിലുണ്ടായിരുന്ന എത്യോപ്യാക്കാരനായ എബെദ്‌മെലെക്ക്‌ എന്ന ഷണ്‍ഡന്‍ കേട്ടു. രാജാവ്‌ ബഞ്ചമിന്‍കവാടത്തില്‍ ഇരിക്കുകയായിരുന്നു.
8. എബെദ്‌മെലെക്ക്‌ കൊട്ടാരത്തില്‍നിന്ന്‌ ഇറങ്ങിച്ചെന്ന്‌ രാജാവിനോടു പറഞ്ഞു:
9. യജമാനനായരാജാവേ, ജറെമിയായെ കിണറ്റില്‍ താഴ്‌ത്തിയ ഇവര്‍ തിന്‍മ ചെയ്‌തിരിക്കുന്നു. അവന്‍ അവിടെ കിടന്നു വിശന്നു മരിക്കും. നഗരത്തില്‍ അപ്പം തീര്‍ന്നുപോയിരിക്കുന്നു.
10. രാജാവ്‌ എത്യോപ്യാക്കാരനായ എബെദ്‌മെലെക്കിനോടു കല്‍പിച്ചു: നീ ഇവിടെനിന്നു മൂന്നുപേരെയും കൂട്ടിക്കൊണ്ട്‌ ജറെമിയാ പ്രവാചകനെ മരിക്കുന്നതിനുമുന്‍പ്‌ കിണറ്റില്‍നിന്നു കയറ്റുക.
11. അതനുസരിച്ച്‌ എബെദ്‌മെലെക്ക്‌ ആളുകളെയും കൂട്ടിക്കൊണ്ട്‌ കൊട്ടാരത്തില്‍ വസ്‌ത്രം സൂക്‌ഷിക്കുന്ന മുറിയില്‍നിന്നു കീറിയ പഴന്തുണികളെടുത്ത്‌ ജറെമിയായ്‌ക്കു കിണറ്റിലേക്കു കയറുവഴി ഇറക്കിക്കൊടുത്തു.
12. ഈ പഴന്തുണികള്‍ കക്‌ഷത്തില്‍വച്ച്‌ അതിനു പുറമേ കയറിടുക എന്ന്‌ അവന്‍ ജറെമിയായോടു പറഞ്ഞു. ജറെ മിയാ അങ്ങനെ ചെയ്‌തു.
13. അവര്‍ ജറെമിയായെ കിണറ്റില്‍നിന്ന്‌ കയറുകൊണ്ടു വലിച്ചുകയറ്റി. ജറെമിയാ കാവല്‍പുരത്തളത്തില്‍ വാസം തുടര്‍ന്നു.
14. സെദെക്കിയാരാജാവ്‌ കര്‍ത്താവിന്‍െറ ആലയത്തിന്‍െറ മൂന്നാംകവാടത്തിലേക്കു ജറെമിയാപ്രവാചകനെ ആളയച്ചു വരുത്തി. ഞാന്‍ നിന്നോട്‌ ഒന്നു ചോദിക്കാം, ഒന്നും മറച്ചുവയ്‌ക്കരുത്‌ എന്നു പറഞ്ഞു.
15. ജറെമിയാ സെദക്കിയായോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നീ എന്നെ കൊല്ലുകയില്ലേ? എന്‍െറ ഉപദേശം നീ സ്വീകരിക്കുകയില്ല.
16. അപ്പോള്‍ സെദെക്കിയാരാജാവ്‌ ജറെമിയായോടു രഹസ്യമായി ശപഥംചെയ്‌തു പറഞ്ഞു: നമുക്കു ജീവന്‍ നല്‍കിയ കര്‍ത്താവാണേ, ഞാന്‍ നിന്നെ വധിക്കുകയോ വധിക്കാന്‍ശ്രമിക്കുന്നവരുടെ കൈകളില്‍ ഏല്‍പിച്ചു കൊടുക്കുകയോ ഇല്ല.
17. അപ്പോള്‍ ജറെമിയാ സെദെക്കിയായോടു പറഞ്ഞു, ഇസ്രായേലിന്‍െറ ദൈവമായ സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവിന്‍െറ പ്രഭുക്കന്‍മാര്‍ക്കു നീ കീഴ്‌പ്പെടുകയാണെങ്കില്‍ നിന്‍െറ ജീവന്‍ രക്‌ഷപെടും. നഗരം അഗ്‌നിക്കിരയാവുകയില്ല. നീയും നിന്‍െറ കുടുംബവും ജീവിക്കും.
18. എന്നാല്‍ നീ ബാബിലോണ്‍രാജാവിന്‍െറ പ്രഭുക്കന്‍മാര്‍ക്കു കീഴ്‌പ്പെടുന്നില്ലെങ്കില്‍ ഈ നഗരം കല്‍ദായരുടെ കൈകളില്‍ ഏല്‍പിക്കപ്പെടും. അവര്‍ അതു ചുട്ടു ചാമ്പലാക്കും. അവരുടെ കൈകളില്‍നിന്നു നീ രക്‌ഷപെടുകയില്ല.
19. സെദെക്കിയാരാജാവ്‌ ജറെമിയായോടു പറഞ്ഞു: കല്‍ദായര്‍ തങ്ങളുടെ പക്‌ഷത്തുചേര്‍ന്നിരിക്കുന്ന യഹൂദരുടെ കൈകളില്‍ എന്നെ ഏല്‍പിച്ചുകൊടുക്കുകയും അവര്‍ എന്നെ ഉപദ്രവിക്കുകയും ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.
20. ജറെമിയാ പറഞ്ഞു: നിന്നെ അവര്‍ക്ക്‌ ഏല്‍പിച്ചുകൊടുക്കുകയില്ല. ഞാന്‍ നിന്നോടു പറയുന്ന കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുക. നിനക്കു ശുഭം ഭവിക്കും. നിന്‍െറ ജീവന്‍ സുരക്‌ഷിതമായിരിക്കും.
21. എന്നാല്‍, നീ കീഴടങ്ങാന്‍ വിസമ്മതിച്ചാല്‍, ഇതാണ്‌ കര്‍ത്താവ്‌ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നത്‌:
22. യൂദാരാജാവിന്‍െറ കൊട്ടാരത്തില്‍ അവശേഷിച്ചിരിക്കുന്ന സ്‌ത്രീകളെ ബാബിലോണ്‍ രാജാവിന്‍െറ പ്രഭുക്കന്‍മാരുടെ അടുക്കലേക്കു കൊണ്ടുപോകും. നിന്‍െറ വിശ്വസ്‌തമിത്രങ്ങള്‍ നിന്നെ വഞ്ചിച്ചു; അവര്‍ നിന്നെ തോല്‍പിച്ചു; നിന്‍െറ കാല്‍ ചെളിയില്‍ താണപ്പോള്‍ അവര്‍ അകന്നുപോയി എന്ന്‌ അവര്‍ പറയും.
23. നിന്‍െറ ഭാര്യമാരും മക്കളുമെല്ലാം കല്‍ദായരുടെ അടുക്കലേക്ക്‌ ആനയിക്കപ്പെടും; നീയും അവരുടെ കൈകളില്‍നിന്നു രക്‌ഷപെടുകയില്ല. ബാബിലോണ്‍ രാജാവിന്‍െറ കൈകളില്‍ നീ ഏല്‍പ്പിക്കപ്പെടും; ഈ നഗരം അഗ്‌നിക്കിരയാവുകയും ചെയ്യും.
24. സെദെക്കിയാ ജറെമിയായോടു പറഞ്ഞു; ഇക്കാര്യം ആരും അറിയരുത്‌; എന്നാല്‍ നീ മരിക്കുകയില്ല.
25. ഞാന്‍ നിന്നോടു സംസാരിച്ചുവെന്നറിഞ്ഞ്‌ പ്രഭുക്കന്‍മാര്‍ നിന്‍െറ അടുക്കല്‍ വന്ന്‌, നീ രാജാവിനോട്‌ എന്തു പറഞ്ഞു, രാജാവ്‌ നിന്നോട്‌ എന്തുപറഞ്ഞു, ഒന്നും മറച്ചുവയ്‌ക്കരുത്‌, എന്നാല്‍ ഞങ്ങള്‍ നിന്നെ വധിക്കുകയില്ല എന്നു പറയുകയാണെങ്കില്‍,
26. ഞാന്‍ മരിച്ചുപോകാതിരിക്കാന്‍ എന്നെ ജോനാഥാന്‍െറ ഭവനത്തിലേക്കു തിരിച്ചയയ്‌ക്കരുത്‌ എന്നു രാജസന്നിധിയില്‍ അപേക്‌ഷിക്കുകയായിരുന്നു എന്ന്‌ അവരോടു പറയണം.
27. പ്രഭുക്കന്‍മാര്‍ ഒന്നിച്ചുകൂടി ജറെമിയായെ ചോദ്യം ചെയ്‌തു. രാജാവ്‌ തന്നോടു കല്‍പിച്ചതുപോലെ ജറെമിയാ അവരോടു പറഞ്ഞു. അവര്‍ അവനെ വിട്ടുപോയി. എന്തെന്നാല്‍, രാജാവു നടത്തിയ സംഭാഷണം മറ്റാരും കേട്ടിരുന്നില്ല.
28. ജറുസലെം പിടിച്ചടക്കപ്പെട്ട നാള്‍വരെ ജറെമിയാ കാവല്‍പ്പുരത്തളത്തില്‍ വസിച്ചു.

Holydivine