Jeremiah - Chapter 12
Holy Bible

1. കര്‍ത്താവേ, ഞാന്‍ അങ്ങയോടു പരാതിപ്പെടുമ്പോള്‍ അവിടുന്നുതന്നെ ആയിരിക്കും നീതിമാന്‍. എങ്കിലും എന്‍െറ പരാതി അങ്ങയുടെ മുന്‍പില്‍ ഞാന്‍ സമര്‍പ്പിക്കുകയാണ്‌. എന്തുകൊണ്ടാണ്‌ ദുഷ്‌ടന്‍ അഭിവൃദ്‌ധി പ്രാപിക്കുന്നത്‌? ചതിയന്‍മാര്‍ ഐശ്വര്യം നേടുന്നത്‌ എന്തുകൊണ്ട്‌?
2. അങ്ങ്‌ അവരെ നടുന്നു; അവര്‍ വേരുപിടിച്ചു വളര്‍ന്നു ഫലം പുറപ്പെടുവിക്കുന്നു. അവരുടെ നാവില്‍ എപ്പോഴും അവിടുന്നുണ്ട്‌; ഹൃദയത്തിലാകട്ടെ അങ്ങേക്കു സ്‌ഥാനമില്ല.
3. കര്‍ത്താവേ, അങ്ങ്‌ എന്നെ അറിയുന്നു, കാണുന്നു; എന്‍െറ മനസ്‌സ്‌ അങ്ങിലാണെന്ന്‌ പരിശോധിച്ചറിയുകയും ചെയ്യുന്നു. കൊല്ലാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിറക്കണമേ -കൊലയുടെ ദിവസത്തേക്ക്‌ അവരെ മാറ്റിനിര്‍ത്തണമേ.
4. എത്രനാള്‍ ദേശം വിലപിക്കുകയും വയലിലെ പുല്ലു വാടുകയും ചെയ്യണം? ദേശവാസികളുടെ ദുഷ്‌ടത നിമിത്തം മൃഗങ്ങളും പക്‌ഷികളും ചത്തുപോകുന്നു. ഞങ്ങളുടെ പ്രവൃത്തികള്‍ ദൈവം കാണുന്നില്ല എന്ന്‌ അവര്‍ പറയുന്നു.
5. മനുഷ്യരോടു മത്‌സരിച്ചോടി നീ തളര്‍ന്നെങ്കില്‍ കുതിരകളോട്‌ എങ്ങനെ മത്‌സരിക്കും? സുരക്‌ഷിതസ്‌ഥാനത്തു കാലിടറുന്നെങ്കില്‍ ജോര്‍ദാന്‍ വനങ്ങളില്‍ നീ എന്തുചെയ്യും?
6. നിന്‍െറ സഹോദരന്‍മാരും പിതൃഭവനംപോലും നിന്നോടു വഞ്ചന കാട്ടിയിരിക്കുന്നു. പിന്നില്‍നിന്ന്‌ അവര്‍ നിനക്കെതിരായി സംസാരിക്കുന്നു. മധുരവാക്കു പറഞ്ഞാലും നീ അവരെ വിശ്വസിക്കരുത്‌.
7. എന്‍െറ ഭവനം ഞാന്‍ ഉപേക്‌ഷിച്ചിരിക്കുന്നു; എന്‍െറ അവകാശം കൈവെടിഞ്ഞിരിക്കുന്നു. എന്‍െറ പ്രാണപ്രിയയെ അവളുടെ ശത്രുക്കള്‍ക്കു ഞാന്‍ ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നു.
8. എനിക്ക്‌ അവകാശമായവള്‍ കാട്ടിലെ സിംഹംപോലെ എന്നോടു പെരുമാറുന്നു. എനിക്കെതിരേ ഗര്‍ജിച്ചതുകൊണ്ട്‌ ഞാന്‍ അവളെ വെറുക്കുന്നു.
9. കഴുകന്‍മാര്‍ ചുറ്റിവളഞ്ഞ്‌ ആക്രമിക്കുന്ന ഒരു പുള്ളിപ്പക്‌ഷിയാണോ എന്‍െറ ജനം? വന്യമൃഗങ്ങളേ, അവരെ വിഴുങ്ങാന്‍ ഒരുമിച്ചുകൂടുവിന്‍.
10. അനേകം ഇടയന്‍മാര്‍കൂടി എന്‍െറ മുന്തിരിത്തോട്ടം നശിപ്പിച്ചിരിക്കുന്നു. എന്‍െറ ഓഹരി അവര്‍ ചവിട്ടിമെതിച്ചു. എന്‍െറ മനോഹരമായ അവകാശം അവര്‍ ശൂന്യമായ മരുഭൂമിയാക്കിയിരിക്കുന്നു. അവര്‍ അതിനെ ശൂന്യമാക്കി.
11. ശൂന്യാവസ്‌ഥയില്‍ അത്‌ എന്നോടു വിലപിക്കുന്നു. ദേശം മുഴുവന്‍ പരിത്യക്‌താവസ്‌ഥയിലാണ്‌. ഒരാള്‍പോലും ഇക്കാര്യം ചിന്തിക്കുന്നില്ല.
12. മരുഭൂമിയിലെ മൊട്ടക്കുന്നുകളിലെല്ലാം വിനാശകര്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്‌. ദേശത്തിന്‍െറ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ കര്‍ത്താവിന്‍െറ വാള്‍ മരണം വിതയ്‌ക്കുന്നു. ഒരു ജീവിക്കും സമാധാനമില്ല.
13. അവര്‍ ധാന്യം വിതച്ചു; മുള്ളുകൊയ്‌തു. കഠിനാധ്വാനം ചെയ്‌തു; ഫലമൊന്നും ഉണ്ടായില്ല. കര്‍ത്താവിന്‍െറ ഉഗ്രകോപം നിമിത്തം അവര്‍ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്‌ജിക്കും.
14. എന്‍െറ ജനമായ ഇസ്രായേലിനു ഞാന്‍ നല്‍കിയ അവകാശത്തിന്‍മേല്‍ കൈവയ്‌ക്കുന്ന ദുഷ്‌ടന്‍മാരായ എല്ലാ അയല്‍ക്കാരോടും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവരെ തങ്ങളുടെ ദേശത്തുനിന്നു ഞാന്‍ പിഴുതെ റിയും. അവരുടെ കൈയില്‍ നിന്ന്‌യൂദാഭവനത്തെ ഞാന്‍ പറിച്ചെടുക്കും.
15. അവരെ പിഴുതെടുത്തതിനു ശേഷം ഞാന്‍ അവരോടു കരുണ കാണിക്കും. ഓരോ ജനതയെയും അതതിന്‍െറ അവകാശത്തിലേക്കും ദേശത്തേക്കും ഞാന്‍ തിരികെ കൊണ്ടുവരും.
16. ബാലിന്‍െറ നാമത്തില്‍ ആണയിടാന്‍ എന്‍െറ ജനം അവരില്‍നിന്നു പഠിച്ചതുപോലെ അവര്‍ എന്‍െറ ജനത്തിന്‍െറ മാര്‍ഗം ശ്രദ്‌ധാപൂര്‍വം ഗ്രഹിക്കുകയും കര്‍ത്താവാണേ എന്ന്‌ എന്‍െറ നാമത്തില്‍ ആണയിടാന്‍ ശീലിക്കുകയും ചെയ്‌താല്‍ എന്‍െറ ജനത്തിന്‍െറ ഇടയില്‍ അവരും അഭിവൃദ്‌ധി പ്രാപിക്കാനിടവരും.
17. എന്നാല്‍ ഏതെങ്കിലും ജനത എന്നെ അനുസരിക്കുന്നില്ലെങ്കില്‍ അതിനെ ഞാന്‍ വേരോടെ പിഴുതു നശിപ്പിക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു:

Holydivine