Jeremiah - Chapter 10
Holy Bible

1. ഇസ്രായേല്‍ഭവനമേ, കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുക.
2. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങള്‍ അനുക രിക്കരുത്‌; ആകാശത്തിലെ നിമിത്തങ്ങള്‍ കണ്ടു സംഭ്രമിക്കയുമരുത്‌. ജനതകളാണ്‌ അവയില്‍ സംഭ്രമിക്കുന്നത്‌.
3. ജനതകളുടെ വിഗ്രഹങ്ങള്‍ വ്യര്‍ഥമാണ്‌. വനത്തില്‍നിന്നു വെട്ടിയെടുക്കുന്ന മരത്തില്‍ ശില്‍പി തന്‍െറ ഉളി പ്രയോഗിക്കുന്നു.
4. അവര്‍ അതു വെള്ളിയും സ്വര്‍ണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാന്‍ ആണിയടിച്ച്‌ ഉറപ്പിക്കുന്നു.
5. അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്‌. അവയ്‌ക്കു സംസാരശേഷിയില്ല. അവയ്‌ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങള്‍ അവയെ ഭയപ്പെടേണ്ടാ. അവയ്‌ക്കു തിന്‍മയോ നന്‍മയോ പ്രവര്‍ത്തിക്കാന്‍ ശക്‌തിയില്ല.
6. കര്‍ത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ്‌ വലിയവനാണ്‌. അങ്ങയുടെ നാമം മഹത്വപൂര്‍ണമാണ്‌.
7. ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ്‌ അതിന്‌ അര്‍ഹനാണ്‌. ജനതകളിലെ സകല ജ്‌ഞാനികളുടെ ഇടയിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവര്‍ മൂഢന്‍മാരും വിഡ്‌ഢികളുമാണ്‌.
8. അവര്‍ പ്രഘോഷിക്കുന്ന വിഗ്രഹങ്ങള്‍ മരക്കഷണമാണ്‌.
9. വെള്ളിത്തകിടുകള്‍ താര്‍ഷീഷില്‍നിന്നും സ്വര്‍ണം ഊഫാസില്‍നിന്നും കൊണ്ടുവരുന്നു. ശില്‍പിയും സ്വര്‍ണപ്പണിക്കാരനും അവ പണിത്‌ ഒരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. ഇവയെല്ലാം വിദഗ്‌ധന്‍െറ ശില്‍പങ്ങള്‍ മാത്രമാണ്‌.
10. എന്നാല്‍ കര്‍ത്താവാണ്‌ സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്നു മാത്രം. അവിടുത്തെ ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപം താങ്ങാന്‍ ജനതകള്‍ക്കാവില്ല.
11. നീ അവരോടു പറയുക: ആകാശത്തിന്‍െറയും ഭൂമിയുടെയും സ്രഷ്‌ടാക്കളല്ലാത്ത ദേവന്‍മാര്‍ ഭൂമിയില്‍നിന്ന്‌, ആകാശത്തിന്‍കീഴില്‍നിന്ന്‌, തിരോഭവിക്കും.
12. തന്‍െറ ശക്‌തിയാല്‍ ഭൂമിയെ സൃഷ്‌ടിച്ചതും ജ്‌ഞാനത്താല്‍ ലോകത്തെ സ്‌ഥാപിച്ചതും അറിവാല്‍ ആകാശത്തെ വിരിച്ചതും അവിടുന്നാണ്‌.
13. അവിടുന്ന്‌ ശബ്‌ദിക്കുമ്പോള്‍ ആകാശത്തില്‍ ജലം ഗര്‍ജിക്കുന്നു. ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന്‌ അവിടുന്ന്‌ മൂടല്‍മഞ്ഞുയര്‍ത്തുന്നു. മഴപെയ്യിക്കാന്‍മിന്നല്‍പ്പിണരുകള്‍ നിര്‍മിക്കുന്നു. അറപ്പുര തുറന്നു കാറ്റിനെ അയയ്‌ക്കുന്നു.
14. എല്ലാ മനുഷ്യരും അറിവില്ലാത്ത ഭോഷന്‍മാരാണ്‌. സ്വര്‍ണപ്പണിക്കാരന്‍ താന്‍ നിര്‍മിച്ചവിഗ്ര ഹങ്ങള്‍നിമിത്തം ലജ്‌ജിതനാകുന്നു. അവന്‍െറ പ്രതിമകള്‍ വ്യാജമാണ്‌; ജീവശ്വാസം അവയിലില്ല.
15. അവ വിലകെട്ടതും അര്‍ഥശൂന്യവുമത്ര. ശിക്‌ഷാദിനത്തില്‍ അവനശിക്കും.
16. എന്നാല്‍ യാക്കോബിന്‍െറ അവകാശമായവന്‍ ഇങ്ങനെയല്ല. സര്‍വവും രൂപപ്പെടുത്തിയത്‌ അവിടുന്നാണ്‌; ഇസ്രായേല്‍വംശം അവിടുത്തെ അവകാശമാണ്‌. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം.
17. ഉപരോധിക്കപ്പെട്ട നഗരമേ, ഭാണ്‌ഡംകെട്ടി ഓടിപ്പോകുവിന്‍.
18. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ദേശവാസികളെയെല്ലാം ദൂരെയെറിയാന്‍ പോകുന്നു. അവരുടെമേല്‍ ഞാന്‍ ദുരിതം വരുത്തും; അവര്‍ അതനുഭവിക്കും.
19. ഹാ! കഷ്‌ടം. എനിക്കു മുറിവേറ്റിരിക്കുന്നു- ദാരുണമായ മുറിവ്‌; ഞാന്‍ അതു സഹി ച്ചേമതിയാവൂ. എന്‍െറ കൂടാരം തകര്‍ന്നുപോയി.
20. ചരടുകളെല്ലാം പൊട്ടി; എന്‍െറ മക്കള്‍ എന്നെ വിട്ടുപോയി; ആരും അവശേഷിച്ചിട്ടില്ല. എന്‍െറ കൂടാരം വീണ്ടും പണിയാനും തിരശ്‌ശീല വിരിക്കാനും ആരുമില്ല.
21. ഇടയന്‍മാരെല്ലാം ഭോഷന്‍മാരാണ്‌. അവര്‍ കര്‍ത്താവിനെ അന്വേഷിക്കുന്നില്ല; അതിനാല്‍ അവര്‍ക്ക്‌ ഐശ്വര്യമില്ല, അവരുടെ അജഗണം ചിതറിപ്പോയിരിക്കുന്നു.
22. ഇതാ, ഒരു ആരവം, അത്‌ അടുത്തുവരുന്നു. വടക്കുനിന്നു വലിയ ഇരമ്പല്‍.യൂദാപ്പട്ടണങ്ങളെ അത്‌ വിജനമാക്കി കുറുക്കന്‍െറ താവളമാക്കും.
23. കര്‍ത്താവേ, മനുഷ്യന്‍െറ മാര്‍ഗങ്ങള്‍ അവന്‍െറ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവനു തന്‍െറ ചുവടുകള്‍ സ്വാധീനമല്ലെന്നും എനിക്കറിയാം.
24. കര്‍ത്താവേ, നീതിപൂര്‍വം എന്നെതിരുത്തണമേ. എന്നാല്‍ കോപത്തോടെ അരുതേ. അല്ലെങ്കില്‍ ഞാന്‍ ഇല്ലാതായിപ്പോകും.
25. അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്‌ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ കോപം ചൊരിയുക. അവര്‍ യാക്കോബിനെ വിഴുങ്ങിയിരിക്കുന്നു; അവനെ നിശ്‌ശേഷം നശിപ്പിച്ചിരിക്കുന്നു. അവന്‍െറ ഭവനം നിര്‍ജനമാക്കി.

Holydivine