Jeremiah - Chapter 28
Holy Bible

1. ആ വര്‍ഷംതന്നെ, യൂദാരാജാവായ സെദെക്കിയാ ഭരണം തുടങ്ങി നാലാംവര്‍ഷം അഞ്ചാംമാസം ആസൂറിന്‍െറ പുത്രനും ഗിബയോണിലെ പ്രവാചകനുംആയ ഹനനിയാദേവാലയത്തില്‍വച്ച്‌ പുരോഹിതന്‍മാരുടെയും ജനത്തിന്‍െറയും സാന്നിധ്യത്തില്‍ എന്നോടു പറഞ്ഞു:
2. ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ ബാബിലോണ്‍രാജാവിന്‍െറ നുകംതകര്‍ത്തുകളയും.
3. ബാബിലോണ്‍രാജാവ്‌ നബുക്കദ്‌നേസര്‍ ദേവാല യത്തില്‍നിന്നു ബാബിലോണിലേക്ക്‌ എടുത്തുകൊണ്ടുപോയ എല്ലാ ഉപകരണങ്ങളും രണ്ടു വര്‍ഷത്തിനകം ഞാന്‍ തിരികെ കൊണ്ടുവരും.
4. യൂദാരാജാവായയഹോയാക്കിമിന്‍െറ പുത്രന്‍യക്കോണിയായെയും ബാബിലോണിലേക്കുകൊണ്ടുപോയ യൂദായിലെ എല്ലാ തടവുകാരെയും ഞാന്‍ ഇവിടേക്ക്‌ തിരികെക്കൊണ്ടുവരും. ഞാന്‍ ബാബിലോ ണ്‍രാജാവിന്‍െറ നുകം തകര്‍ക്കും- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
5. അപ്പോള്‍ ജറെമിയാപ്രവാചകന്‍ പുരോഹിതന്‍മാരുടെയും ദേവാലയത്തില്‍ കൂടിയിരുന്ന ജനത്തിന്‍െറയും മുന്‍പാകെ ഹനനിയാപ്രവാചകനോടു പറഞ്ഞു:
6. അങ്ങനെ സംഭവിക്കട്ടെ; ദേവാലയത്തിലെ ഉപകരണങ്ങളെയും സകല അടിമ കളെയും ബാബിലോണില്‍നിന്ന്‌ ഇങ്ങോട്ടു കൊണ്ടുവരും എന്നുള്ള നിന്‍െറ പ്രവചനം കര്‍ത്താവ്‌ നിറവേറ്റട്ടെ.
7. എന്നാല്‍, ഞാന്‍ ഇപ്പോള്‍ നിന്നോടും ജനത്തോടും പറയുന്ന ഈ വചനം ശ്രവിക്കുക.
8. എനിക്കും നിനക്കും മുന്‍പ്‌ പണ്ടുമുതലേ ഉണ്ടായിരുന്ന പ്രവാചകന്‍മാര്‍ അനേകദേശങ്ങള്‍ക്കും പ്രബലരാഷ്‌ട്രങ്ങള്‍ക്കുമെതിരായിയുദ്‌ധവും ക്‌ഷാമ വുംപകര്‍ച്ചവ്യാധിയും ഉണ്ടാകും എന്നു പ്രവ ചിച്ചു.
9. സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍യഥാര്‍ഥത്തില്‍ കര്‍ത്താവിനാല്‍ അയയ്‌ക്കപ്പെട്ടവനാണെന്നു തെളിയുന്നത്‌ അവന്‍ പ്രവചി ച്ചകാര്യം സംഭവിക്കുമ്പോഴാണ്‌.
10. അപ്പോള്‍ ഹനനിയാപ്രവാചകന്‍ ജറെമിയാ പ്രവാചകന്‍െറ കഴുത്തില്‍ നിന്നു നുകം എടുത്ത്‌ ഒടിച്ചുകളഞ്ഞിട്ട്‌ ജനത്തോടു പറഞ്ഞു.
11. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇങ്ങനെ തന്നെ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറ നുകം എല്ലാ ജനതകളുടെയും കഴുത്തില്‍നിന്നു രണ്ടുവത്‌സരത്തിനകം ഞാന്‍ ഒടിച്ചുകളയും. അപ്പോള്‍ ജറെ മിയാപ്രവാചകന്‍ അവിടം വിട്ടുപോയി.
12. ജറെമിയാ പ്രവാചകന്‍െറ കഴുത്തില്‍ നിന്നു ഹനനിയാ പ്രവാചകന്‍ നുകം ഒടിച്ചുകളഞ്ഞതിനുശേഷം ജറെമിയായ്‌ക്കു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
13. ഹനനിയായോടു ചെന്നു പറയുക, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നീ മരംകൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; പകരം ഞാന്‍ ഇരുമ്പുകൊണ്ടുള്ള നുകം ഉണ്ടാക്കും.
14. ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിനെ സേവിക്കുന്നതിന്‌ അടിമത്തത്തിന്‍െറ ഇരുമ്പുനുകം ഞാന്‍ സകല ജനതകളുടെയും കഴുത്തില്‍ വച്ചിരിക്കുന്നു. അവര്‍ അവനെ സേവിക്കും; വയലിലെ മൃഗങ്ങളെപ്പോലും ഞാന്‍ അവനു കൊടുത്തിരിക്കുന്നു.
15. അനന്തരം ജറെമിയാപ്രവാചകന്‍ ഹനനിയാപ്രവാചകനോടു പറഞ്ഞു: ഹനനിയാ, ശ്രദ്‌ധിക്കുക, കര്‍ത്താവ്‌ നിന്നെ അയച്ചതല്ല. വ്യര്‍ഥമായ പ്രത്യാശ നീ ജനത്തിനു നല്‍കി.
16. അതുകൊണ്ടു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്നെ ഞാന്‍ ഭൂമുഖത്തുനിന്നു നീക്കിക്കളയും; ഈ വര്‍ഷംതന്നെ നീ മരിക്കും. എന്തെന്നാല്‍, നീ കര്‍ത്താവിനെ ധിക്കരിക്കാന്‍ പ്രരണ നല്‍കി.
17. ആ വര്‍ഷം ഏഴാംമാസം ഹനനിയാപ്രവാചകന്‍മരിച്ചു.

Holydivine