Jeremiah - Chapter 39
Holy Bible

1. യൂദാരാജാവായ സെദെക്കിയായുടെ ഭരണത്തിന്‍െറ ഒന്‍പതാംവര്‍ഷം പത്താംമാസം ബാബിലോണ്‍രാജാവ്‌ നബുക്കദ്‌നേസര്‍ തന്‍െറ സൈന്യം മുഴുവനോടുംകൂടെ ജറുസലെം വളഞ്ഞു.
2. സെദെക്കിയായുടെ പതിനൊന്നാം വര്‍ഷം നാലാം മാസം ഒന്‍പതാം ദിവസം കോട്ട ഭേദിക്കപ്പെട്ടു.
3. ജറുസലെം പിടിച്ചടക്കിയശേഷം ബാബിലോണ്‍രാജാവിന്‍െറ പ്രഭുക്കന്‍മാര്‍ - സിന്‍മാഗീറിലെ പ്രഭു നെര്‍ഗാല്‍ഷരേസര്‍, കൊട്ടാരം വിചാരിപ്പുകാരന്‍ നെബുഷാസ്‌ബാന്‍, അതിര്‍ത്തി സൈന്യത്തിന്‍െറ നായകന്‍ നെര്‍ഗാല്‍ഷരേസര്‍, എന്നിവരും മറ്റു സേവകന്‍മാരും - നഗരത്തിന്‍െറ മധ്യവാതില്‍ക്കല്‍ സമ്മേളിച്ചു.
4. അവരെ കണ്ടപ്പോള്‍ സെദെക്കിയാരാജാവും യോദ്‌ധാക്കളും രാത്രിയില്‍ കൊട്ടാരത്തിന്‍െറ ഉദ്യാനത്തിലൂടെ രണ്ടു മതിലുകള്‍ക്കിടയിലുള്ള വാതിലുകള്‍ കടന്ന്‌ അരാബായിലേക്കുള്ള വഴിയേ പലായനം ചെയ്‌തു.
5. എന്നാല്‍ കല്‍ദായസൈന്യം അവരെ പിന്‍തുടര്‍ന്നു. ജറീക്കോസമതലത്തില്‍വച്ച്‌ സെദെക്കിയായെ വളഞ്ഞു തടവുകാരനാക്കി ഹമാത്തു പ്രദേശത്തു റിബ്‌ലായില്‍ ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്‍െറ അടുക്കല്‍ കൊണ്ടുവന്നു. സെദെക്കിയായുടെമേല്‍ അവന്‍ വിധി കല്‍പിച്ചു.
6. ബാബിലോണ്‍രാജാവ്‌ അവിടെവച്ച്‌ സെദെക്കിയാ കാണ്‍കെ അവന്‍െറ പുത്രന്‍മാരെയും പ്രഭുക്കന്‍മാരെയും വധിച്ചു.
7. സെദെക്കിയായുടെ കണ്ണുകള്‍ ചൂഴ്‌ന്നുകളഞ്ഞ്‌, ബാബിലോണിലേക്കു കൊണ്ടുപോകാന്‍ അവനെ ചങ്ങല കൊണ്ടുബന്‌ധിച്ചു.
8. കല്‍ദായര്‍ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും ചുട്ടെരിച്ചു. ജറുസലെം മതിലുകള്‍ ഇടിച്ചുതകര്‍ത്തു.
9. തന്‍െറ അടുക്കല്‍ അഭയം പ്രാപിച്ചവരെയും നഗരത്തില്‍ അവശേഷിച്ചവരെയും സേനാനായ കനായ നെബുസരദാന്‍ ബാബിലോണിലേക്കു നാടുകടുത്തി.
10. എന്നാല്‍, സ്വന്തമായി ഒന്നുമില്ലാതിരുന്ന കുറെ ദരിദ്രരെ യൂദാദേശത്തുതന്നെ അവന്‍ പാര്‍പ്പിച്ചു. അവര്‍ക്കു മുന്തിരിത്തോട്ടങ്ങളും വയലുകളും നല്‍കി.
11. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ സേനാനായകനായ നെബുസരദാനോടു ജറെമിയായെക്കുറിച്ച്‌ ഇപ്രകാരം കല്‍പിച്ചു:
12. നീ അവനെ കൊണ്ടുവന്ന്‌ പരിരക്‌ഷിക്കുക. അവനുയാതൊരുപദ്രവവും നേരിടരുത്‌. അവന്‍ ആവശ്യപ്പെടുന്നതുപോലെ നീ അവനോടു വര്‍ത്തിച്ചുകൊള്ളണം.
13. അതനുസരിച്ച്‌ ബാബിലോണ്‍രാജാവിന്‍െറ അംഗരക്‌ഷകനായ നെബുസരദാന്‍, കൊട്ടാരം വിചാരിപ്പുകാരനായ നെബുഷാസ്‌ബാന്‍, അതിര്‍ത്തിസൈന്യത്തിന്‍െറ നായകന്‍ നെര്‍ഗാല്‍ഷരേസര്‍ എന്നിവരും മറ്റു സേവകരും ചേര്‍ന്ന്‌ ആളയച്ചു.
14. ജറെമിയായെ കാവല്‍പ്പുരത്തളത്തില്‍ നിന്ന്‌ വരുത്തി. അവനെ ഷാഫാന്‍െറ മകനായ അഹിക്കാമിന്‍െറ മകന്‍ ഗദാലിയായെ ഏല്‍പിച്ചു. അവന്‍ ജറെമിയായെ തന്‍െറ വീട്ടില്‍ കൊണ്ടുപോയി. അങ്ങനെ ജറെമിയാ ജനത്തിന്‍െറ ഇടയില്‍ വസിച്ചു.
15. കാവല്‍പ്പുരത്തളത്തില്‍ ബന്‌ധനസ്‌ഥ നായിരുന്നപ്പോള്‍ ജറെമിയായ്‌ക്കു കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി:
16. നീ പോയി എത്യോപ്യാക്കാരന്‍ എബദ്‌മെലെക്കിനോടു പറയുക, ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ പറഞ്ഞിരുന്നതുപോലെ നന്‍മയല്ല, തിന്‍മ ഈ നഗരത്തിന്‍െറ മേല്‍ ഞാന്‍ വരുത്താന്‍ പോകുന്നു. നിന്‍െറ കണ്ണുകള്‍ അതു കാണും.
17. അന്നു നിന്നെ ഞാന്‍ രക്‌ഷിക്കുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. നീ ഭയപ്പെടുന്നവരുടെ കൈയില്‍ നിന്നെ ഞാന്‍ ഏല്‍പിച്ചു കൊടുക്കുകയില്ല.
18. ഞാന്‍ നിന്നെ നിശ്‌ചയമായും രക്‌ഷിക്കും. നീ വാളിനിരയാവുകയില്ല.യുദ്‌ധസമ്മാനമായി നിന്‍െറ ജീവന്‍ സംരക്‌ഷിക്കപ്പെടും. എന്തെന്നാല്‍, നീ എന്നില്‍ ആശ്രയിച്ചു - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Holydivine