Jeremiah - Chapter 51
Holy Bible

1. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണിനും കല്‍ദായ നിവാസികള്‍ക്കുമെതിരേ ഞാന്‍ ഒരു സംഹാരകനെ അയയ്‌ക്കും.
2. പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്ക്‌ അയയ്‌ക്കും. ദുരിതത്തിന്‍െറ നാളില്‍ അവര്‍ വന്ന്‌ അവളെ പാറ്റി ശൂന്യമാക്കും.
3. അവളുടെ വില്ലാളികളെ വില്ലുകുലയ്‌ക്കാനും പടയാളികളെ പോര്‍ച്ചട്ട അണിയാനും അനുവദിക്കരുത്‌. അവളുടെയുവാക്കള്‍ അവശേഷിക്കരുത്‌, സൈന്യം മുഴുവന്‍ നശിക്കട്ടെ.
4. അവര്‍ കല്‍ദായ ദേശത്തു മരിച്ചുവീഴും; തെരുവീഥികളില്‍ മുറിവേറ്റു കിടക്കും.
5. ഇസ്രായേലിനെയും യൂദായെയും അവരുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ ഉപേക്‌ഷിച്ചിട്ടില്ല. ഇസ്രായേലിന്‍െറ പരിശുദ്‌ധനെതിരായ തിന്‍മകള്‍കൊണ്ടു കല്‍ദായരുടെ നാടു നിറഞ്ഞിരിക്കുന്നു.
6. ബാബിലോണില്‍നിന്ന്‌ ഓടിയകലുവിന്‍, ജീവന്‍ രക്‌ഷിക്കുവിന്‍, അവളുടെ ശിക്‌ഷയില്‍ നിങ്ങള്‍ നശിക്കാതിരിക്കട്ടെ. ഇതു കര്‍ത്താവിന്‍െറ പ്രതികാരദിനമാണ്‌. അവിടുന്ന്‌ അവള്‍ക്കു പ്രതിഫലം നല്‍കുന്നു.
7. ഭൂമി മുഴുവന്‍ ഉന്‍മത്തമാക്കിയ സ്വര്‍ണചഷകമായിരുന്നു കര്‍ത്താവിന്‍െറ കൈകളില്‍ ബാബിലോണ്‍. അതില്‍നിന്നു വീഞ്ഞുകുടിച്ച്‌ ജനതകള്‍ക്കു ഭ്രാന്തുപിടിച്ചു.
8. ബാബിലോണ്‍ പെട്ടെന്നു വീണു തകര്‍ന്നു; അവളെ ഓര്‍ത്തു വിലപിക്കുവിന്‍. അവളുടെ മുറിവുകള്‍ക്കു തൈലം അന്വേഷിക്കുവിന്‍. അവള്‍ സുഖം പ്രാപിച്ചേക്കും.
9. ബാബിലോണിനെ നമ്മള്‍ ചികിത്‌സിച്ചു. എങ്കിലും, അവള്‍ സുഖം പ്രാപിച്ചില്ല. അവളെ മറന്നേക്കുക. നമുക്കു നമ്മുടെ ദേശങ്ങളിലേക്കു മടങ്ങാം. അവളുടെ ശിക്‌ഷാവിധി സ്വര്‍ഗംവരെ എത്തുന്നു. അത്‌ ആകാശംവരെ ഉയരുന്നു.
10. കര്‍ത്താവ്‌ നമുക്കുവേണ്ടി നീതി നടത്തിയിരിക്കുന്നു. വരുവിന്‍, നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ സീയോനില്‍ നമുക്കു പ്രഘോഷിക്കാം.
11. അസ്‌ത്രങ്ങള്‍ക്കു മൂര്‍ച്ചകൂട്ടുവിന്‍. ആവനാഴി നിറയ്‌ക്കുവിന്‍. മിദിയാന്‍ രാജാക്കന്‍മാരെ കര്‍ത്താവ്‌ ഇളക്കിവിട്ടിരിക്കുന്നു. ബാബിലോണിനെ നശിപ്പിക്കാന്‍ അവിടുന്ന്‌ നിശ്‌ചയിച്ചിരിക്കുന്നു. ഇതു കര്‍ത്താവിന്‍െറ പ്രതികാരമാണ്‌ - അവിടുത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.
12. ബാബിലോണിന്‍െറ കോട്ടകള്‍ക്കെതിരേയുദ്‌ധക്കൊടി ഉയര്‍ത്തുവിന്‍. കാവല്‍പ്പടയെ ശക്‌തമാക്കുവിന്‍. കാവല്‍ഭടന്‍മാര്‍ സ്‌ഥാനം പിടിക്കട്ടെ. കെണികളൊരുക്കുവിന്‍. ബാബിലോണ്‍ നിവാസികള്‍ക്കെതിരേ പറഞ്ഞകാര്യങ്ങള്‍ കര്‍ത്താവ്‌ നിറവേറ്റിയിരിക്കുന്നു.
13. സമൃദ്‌ധമായ ജലാശയത്തിനരികേ വസിക്കുന്ന അളവറ്റ ധനത്തിനുടമയായ നിന്‍െറ അന്ത്യം ആസന്നമായി. ഇതാ, നിന്‍െറ ജീവധാര അറ്റിരിക്കുന്നു.
14. സൈന്യങ്ങളുടെ കര്‍ത്താവ്‌ സ്വന്തം നാമത്തില്‍ ശപഥം ചെയ്‌തിരിക്കുന്നു. വെട്ടുകിളികളെപ്പോലെ എണ്ണമറ്റ ഭടന്‍മാരെ ഞാന്‍ നിനക്കെ തിരേ നിരത്തും. അവര്‍ വിജയാരവം മുഴക്കും.
15. തന്‍െറ ശക്‌തിയാല്‍ അവിടുന്ന്‌ ഭൂമിയെ സൃഷ്‌ടിച്ചു; ജ്‌ഞാനത്താല്‍ ലോകത്തെ ഉറപ്പിച്ചു; അറിവിനാല്‍ ആകാശത്തെ വിരിച്ചു.
16. അവിടുന്ന്‌ ഗര്‍ജിക്കുമ്പോള്‍ ആകാശത്തിനു മുകളിലെ ആഴികള്‍ അലറുന്നു. ദിഗന്തങ്ങളില്‍നിന്നു കാര്‍മേഘങ്ങളെ ഉയര്‍ത്തുന്നു. മഴ പെയ്യിക്കാന്‍മിന്നല്‍പ്പിണരുകളെ അയയ്‌ക്കുന്നു. തന്‍െറ അറപ്പുരകളില്‍ നിന്നു കാറ്റിനെ അഴിച്ചുവിടുന്നു.
17. ഇവയുടെ മുന്‍പില്‍ മനുഷ്യര്‍ വിസ്‌മയിച്ചു വിഡ്‌ഢികളായി നില്‍ക്കുന്നു. സ്വര്‍ണശില്‍പി താന്‍ നിര്‍മിച്ചവിഗ്രഹത്തെച്ചൊല്ലി ലജ്‌ജിക്കുന്നു. അവന്‍െറ ശില്‍പങ്ങള്‍ വ്യാജമത്ര; ജീവശ്വാസം അവയിലില്ല.
18. അവ വ്യര്‍ഥമാണ്‌, വെറും മിഥ്യാമൂര്‍ത്തികള്‍!
19. ശിക്‌ഷാദിനത്തില്‍ അവനാശമടയും. യാക്കോബിന്‍െറ അവകാശമായവന്‍ അതുപോലെയല്ല, അവിടുന്നാണ്‌ സകലത്തിനും രൂപം നല്‍കിയത്‌. ഇസ്രായേല്‍ അവിടുത്തെ സ്വന്തം ഗോത്രമാണ്‌. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം.
20. നീ എന്‍െറ കൈയിലെ കൂടമാണ്‌, എന്‍െറ ആയുധം. നിന്നെക്കൊണ്ടു ജനതകളെ ഞാന്‍ ചിതറിക്കും. സാമ്രാജ്യങ്ങളെ തകര്‍ക്കും.
21. കുതിരകളെയും കുതിരക്കാരെയും രഥങ്ങളെയും സാരഥികളെയും ഞാന്‍ ചിതറിക്കും.
22. നിന്നെക്കൊണ്ടു പുരുഷന്‍മാരെയും സ്‌ത്രീകളെയും വൃദ്‌ധരെയും ശിശുക്കളെയുംയുവാക്കളെയുംയുവതികളെയും ഞാന്‍ സംഹരിക്കും.
23. ഇടയന്‍മാരെയും ആടുകളെയും കര്‍ഷകരെയും ഉഴവുകാളകളെയും നായ കന്‍മാരെയും ഭരണാധിപന്‍മാരെയും നിന്നെക്കൊണ്ടു ഞാന്‍ നശിപ്പിക്കും.
24. ബാബിലോണും കല്‍ദായജനതയും സീയോനില്‍ ചെയ്‌ത അതിക്രമങ്ങള്‍ക്കു ഞാന്‍ നിങ്ങളുടെ കണ്‍മുന്‍പില്‍വച്ച്‌ അവരോടു പകരം ചോദിക്കും.
25. ഭൂമിയെ മുഴുവന്‍ നശിപ്പിക്കുന്ന വിനാശപര്‍വതമേ, ഞാന്‍ നിനക്കെതിരേ കൈനീട്ടി പാറയിടുക്കില്‍നിന്നു നിന്നെ ഉരുട്ടിയിടും. നീ കരിഞ്ഞപര്‍വതമാകും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
26. മൂലക്കല്ലിനോ അടിസ്‌ഥാനശിലയ്‌ക്കോ വേണ്ടി ആരും ഒരു കല്ലും നിന്നില്‍നിന്ന്‌ എടുക്കുകയില്ല. നീ നിത്യശൂന്യതയാകും.
27. ദേശത്തെല്ലാംയുദ്‌ധക്കൊടി ഉയര്‍ത്തുവിന്‍. ജനതകളുടെ ഇടയില്‍ കാഹളമൂതുവിന്‍. അവളോടുയുദ്‌ധംചെയ്യാന്‍ ജനതകളെ സജ്‌ജമാക്കുവിന്‍. അരാറാത്‌, മിന്നി, അഷ്‌കെനാസ്‌ എന്നീ രാജ്യങ്ങളെ അവള്‍ക്കെതിരേ വിളിച്ചുകൂട്ടുവിന്‍. അവള്‍ക്കെതിരേ സേനാധിപന്‍മാരെ വിളിച്ചുകൂട്ടുവിന്‍. വെട്ടുകിളികളെപ്പോലെ കുതിരപ്പട ഇരമ്പിയടുക്കട്ടെ.
28. മിദിയാന്‍ രാജാക്കന്‍മാരെയും ദേശാധിപതികളെയും പ്രതിനിധികളെയും അവരുടെ ജനതകളെയും അവള്‍ക്കെതിരേയുദ്‌ധത്തിനൊരുക്കുവിന്‍.
29. ബാബിലോണ്‍ വിജനമാക്കാനുള്ള കര്‍ത്താവിന്‍െറ തീരുമാനം പൂര്‍ത്തിയാകുന്നതുകൊണ്ടു ദേശം വിറയ്‌ക്കുകയും വേദനയാല്‍ പുളയുകയും ചെയ്യുന്നു.
30. ബാബിലോണ്‍ വീരന്‍മാര്‍യുദ്‌ധംനിര്‍ത്തി കോട്ടകളില്‍ അഭയംപ്രാപിച്ചു. അവര്‍ ശക്‌തി ക്‌ഷയിച്ചു സ്‌ത്രീകളെപ്പോലെയായി.
31. അവളുടെ ഭവനങ്ങള്‍ അഗ്‌നിക്കിരയായി; ഓടാമ്പലുകള്‍ തകര്‍ന്നു. നഗരം എല്ലാവശത്തുനിന്നും പിടിക്കപ്പെട്ടു. കടവുകള്‍ അധീനമായി.
32. കാവല്‍ഗോപുരങ്ങള്‍ അഗ്‌നിക്കിരയായി. പടയാളികള്‍ പരിഭ്രാന്തരായി. ഈ വാര്‍ത്ത ബാബിലോണ്‍രാജാവിനെ അറിയിക്കാന്‍ ദൂതന്‍മാര്‍ ഒന്നിനുപുറമേ ഒന്നായി ഓടുന്നു.
33. ഇസ്രായേലിന്‍െറ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ബാബിലോണ്‍പുത്രി കൊയ്‌ത്തുകാലത്തെ മെതിക്കളംപോലെയാകും. അവളുടെ കൊയ്‌ത്തുകാലം ഉടനെവരും.
34. ബാബിലോണ്‍രാജാവായ നബുക്കദ്‌നേസര്‍ എന്നെ വിഴുങ്ങി. എന്നെതകര്‍ത്തു, എന്നെ ശൂന്യമാക്കി. ഭീകരസത്വത്തെപ്പോലെ അവന്‍ എന്നെ വിഴുങ്ങി. എന്‍െറ സ്വാദേറിയ ഭോജനങ്ങള്‍കൊണ്ടു വയറു നിറയ്‌ക്കുകയും എന്നെ കുടഞ്ഞെറിയുകയും ചെയ്‌തു.
35. എന്നോടും എന്‍െറ ബന്‌ധുക്കളോടും ചെയ്‌ത അതിക്രമത്തിന്‍െറ ഫലം ബാബിലോണിന്‍െറ മേല്‍ പതിക്കട്ടെ എന്നു സീയോന്‍നിവാസികള്‍ പറയട്ടെ. എന്‍െറ രക്‌തത്തിനു കല്‍ദായര്‍ ഉത്തരവാദികളായിരിക്കും എന്നു ജറുസലെം പറയട്ടെ.
36. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കുവേണ്ടി വാദിക്കും; നിനക്കുവേണ്ടി പ്രതികാരം ചെയ്യും. അവളുടെ കടലും നീര്‍ച്ചാലും ഞാന്‍ വറ്റിക്കും.
37. ബാബിലോണ്‍ നാശക്കൂമ്പാരവും കുറുനരികളുടെ വിഹാരരംഗവുമാകും. അതു ബീഭത്‌സമായ നിന്‌ദാപാത്രമാകും. ആരും അവിടെ വസിക്കുകയില്ല.
38. അവര്‍ സിംഹങ്ങളെപ്പോലെ ഗര്‍ജിക്കും. സിംഹക്കുട്ടികളെപ്പോലെ മുരളും.
39. ആര്‍ത്തിപൂണ്ട അവര്‍ക്കു ഞാന്‍ വിരുന്നൊരുക്കും. കുടിച്ചു മദിച്ച്‌ അവര്‍ ബോധമറ്റു വീഴും. ഉണരാത്തനിദ്രയില്‍ അവര്‍ അമരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
40. ചെമ്മരിയാടുകളെപ്പോലെ ഞാന്‍ അവരെ കൊലക്കളത്തിലേക്കു നയിക്കും; മുട്ടാടുകളെയും കോലാട്ടുകൊറ്റന്‍മാരെയും പോലെ.
41. സമസ്‌ത ലോകത്തിന്‍െറയും പ്രശംസയ്‌ക്കു പാത്രമായ ബാബിലോണ്‍ എങ്ങനെ പിടിക്കപ്പെട്ടു? ജനതകള്‍ക്കിടയില്‍ അവള്‍ ഒരു ബീഭത്‌സവസ്‌തുവായതെങ്ങനെ?
42. ബാബിലോണിനെ കടല്‍ കടന്നാക്രമിച്ചിരിക്കുന്നു. പ്രക്‌ഷുബ്‌ധമായ തിരമാലകള്‍ അവളെ മൂടി.
43. അവളുടെ നഗരങ്ങള്‍ ബീഭത്‌സമായി; ഉണങ്ങിവരണ്ട മരുപ്രദേശം! നിര്‍ജനഭൂമി! മനുഷ്യന്‍ കാലുകുത്താത്ത ദേശം! ബാബിലോണിലെ ബേല്‍മൂര്‍ത്തിയെ ഞാന്‍ ശിക്‌ഷിക്കും.
44. അവന്‍ വിഴുങ്ങിയതു ഞാന്‍ പുറത്തെടുക്കും. ജനതകള്‍ അവനെ സമീപിക്കുകയില്ല. ബാബിലോണിന്‍െറ കോട്ട തകര്‍ന്നിരിക്കുന്നു.
45. എന്‍െറ ജനമേ, അവളുടെ അടുത്തുനിന്ന്‌ ഓടിയകലുവിന്‍! കര്‍ത്താവിന്‍െറ ഉഗ്രകോപത്തില്‍ നിന്നു ജീവന്‍ രക്‌ഷിക്കുവിന്‍.
46. നാട്ടില്‍ അക്രമം, ഭരണാധിപന്‍ ഭരണാധിപനെതിരേ, എന്നിങ്ങനെ ദേശത്തു വര്‍ഷംതോറും മാറിമാറി പ്രചരിക്കുന്ന വാര്‍ത്തകേട്ട്‌ നിങ്ങള്‍ ഭയപ്പെടുകയോ പരിഭ്രമിക്കുകയോ വേണ്ടാ.
47. ബാബിലോണിന്‍െറ വിഗ്രഹങ്ങള്‍ ഞാന്‍ തകര്‍ക്കുന്ന ദിവസം വരുന്നു. അവളുടെ ദേശം ലജ്‌ജിക്കും. അവളുടെ നിഹതന്‍മാര്‍ അവളുടെ മധ്യേ വീഴും.
48. അപ്പോള്‍ ആകാശവും ഭൂമിയും അവയിലുള്ളവയും ബാബിലോണിന്‍െറ നാശത്തില്‍ സന്തോഷിച്ചുപാടും. കാരണം, വടക്കുനിന്ന്‌, സംഹാരകന്‍ വന്നുചേരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
49. ലോകമെങ്ങുമുള്ള ജനങ്ങളെ കൊന്നു വീഴ്‌ത്തിയ ബാബിലോണ്‍ ഇസ്രായേലിലെ നിഹതന്‍മാരെപ്രതി അപ്രകാരംതന്നെ നിലംപതിക്കണം.
50. വാളില്‍നിന്നു രക്‌ഷപെട്ട നീ നില്‍ക്കാതെ ഓടുക. വിദൂരത്തുനിന്നു കര്‍ത്താവിനെ ഓര്‍ക്കുക. ജറുസലെം നിന്‍െറ സ്‌മരണയിലുണ്ടായിരിക്കട്ടെ.
51. പരിഹാസവചനങ്ങള്‍ കേട്ട്‌ ഞങ്ങള്‍ ലജ്‌ജിതരായിരിക്കുന്നു. അവ മാനം ഞങ്ങളുടെ മുഖം മൂടുന്നു. കര്‍ത്താവിന്‍െറ ഭവനത്തിലെ വിശുദ്‌ധ സ്‌ഥലങ്ങളില്‍ വിജാതീയര്‍ പ്രവേശിച്ചു.
52. ബാബിലോണിന്‍െറ വിഗ്രഹങ്ങളെ ഞാന്‍ നശിപ്പിക്കുന്ന ദിവസം വരുന്നു. അന്ന്‌ അവളുടെ ദേശത്തുനിന്നു വ്രണിതരുടെ രോദനം ഉയരും.
53. ബാബിലോണ്‍ ആകാശംവരെ ഉയര്‍ന്നാലും ഉന്നതങ്ങളില്‍ കോട്ട കെട്ടിയാലും ഞാന്‍ അവളുടെമേല്‍ സംഹാരകനെ അയയ്‌ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
54. ഇതാ, ബാബിലോണില്‍നിന്ന്‌ ഒരു നിലവിളി! കല്‍ദായ ദേശത്തുനിന്നു ഭീകര നാശത്തിന്‍െറ മുഴക്കം!
55. കര്‍ത്താവ്‌ ബാബിലോണിനെ ശൂന്യമാക്കുന്നു. അവളുടെ ഗംഭീരശബ്‌ദം ഇല്ലാതാക്കുന്നു. സൈന്യങ്ങള്‍ തിരമാലകള്‍പോലെ ആര്‍ത്തടുക്കുന്നു. അവളുടെ ആരവം ഉയരുന്നു.
56. ഇതാ, സംഹാരകന്‍ അവള്‍ക്കെതിരേ വന്നുകഴിഞ്ഞു. യോദ്‌ധാക്കള്‍ പിടിക്കപ്പെട്ടു. അവളുടെ വില്ലുകള്‍ തകര്‍ന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ പ്രതികാരത്തിന്‍െറ ദൈവമാണ്‌. അവിടുന്ന്‌ പകരംവീട്ടും.
57. അവളുടെ പ്രഭുക്കളെയും ജ്‌ഞാനികളെയും ദേശാധിപതികളെയും സേനാധിപന്‍മാരെയും യോദ്‌ധാക്കളെയും ഞാന്‍ ഉന്‍മത്തരാക്കും. അവര്‍ ഒരിക്കലും ഉണരാത്തനിദ്രയിലാഴും - സൈന്യങ്ങളുടെ രാജാവായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
58. ബാബിലോണിന്‍െറ ശക്‌തി ദുര്‍ഗങ്ങള്‍ നിലംപതിക്കും; കവാടങ്ങള്‍ അഗ്‌നിക്കിരയാകും. ജനങ്ങളുടെ അ ധ്വാനം വ്യര്‍ഥമാകും. അവരുടെ പ്രയത്‌ന ഫലം കത്തിനശിക്കും.
59. മഹ്‌സേയായുടെ പുത്രനായ നേരിയായുടെ പുത്രന്‍ സേരായായ്‌ക്കു ജറെമിയാപ്രവാചകന്‍ നല്‍കിയ കല്‍പന: രാജാവിന്‍െറ അംഗരക്‌ഷകനായിരുന്ന അവന്‍ സെദെക്കിയായുടെ നാലാം ഭരണവര്‍ഷം രാജാവിനോടൊപ്പം ബാബിലോണിലേക്ക്‌ പോയപ്പോഴാണ്‌ ജറെമിയാ ഇതു പറഞ്ഞത്‌.
60. ബാബിലോണിനു വരുന്ന നാശം ജറെമിയാ ഒരു പുസ്‌തകത്തിലെഴുതി.
61. ജറെമിയാ സെരായായോടു പറഞ്ഞു:
62. ബാബിലോണിലെത്തുമ്പോള്‍ നീ ഇതെല്ലാം വായിച്ചശേഷം കര്‍ത്താവേ, മനുഷ്യനോ, മൃഗമോ, അവശേഷിക്കാതെ നിത്യശൂന്യതയാകുംവിധം ഈ ദേശത്തെനശിപ്പിച്ചു കളയുമെന്ന്‌ അവിടുന്ന്‌ അരുളിച്ചെയ്‌തല്ലോ എന്നുപറയണം.
63. വായിച്ചു കഴിയുമ്പോള്‍ പുസ്‌തകത്തോടു ചേര്‍ത്തു കല്ലുകെട്ടിയൂഫ്രട്ടീസ്‌ നദിയിലേക്ക്‌ എറിഞ്ഞുകൊണ്ടു പറയുക:
64. ഞാന്‍ വരുത്തുന്ന അനര്‍ഥങ്ങള്‍ നിമിത്തം ബാബിലോണ്‍ ഇതുപോലെ മുങ്ങും. അവര്‍ തളര്‍ന്നുപോകും. അത്‌ ഇനി പൊങ്ങിവരുകയില്ല. ഇതാണ്‌ ജറെമിയായുടെ വചനങ്ങള്‍.

Holydivine