Numbers - Chapter 13
Holy Bible

1. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു :
2. ഞാന്‍ ഇസ്രായേലിനു നല്‍കുന്ന കാനാന്‍ ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തിലുംനിന്ന്‌ ഓരോ നേതാവിനെ അയയ്‌ക്കുക.
3. കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ചു പാരാന്‍മരുഭൂമിയില്‍നിന്നു മോശ അവരെ അയച്ചു. അവര്‍ ഇസ്രായേലിലെ തലവന്മാരായിരുന്നു.
4. അയച്ചത്‌ ഇവരെയാണ്‌: റൂബന്‍ ഗോത്രത്തില്‍നിന്നു സക്കൂറിന്‍െറ മകന്‍ ഷമ്മുവാ;
5. ശിമയോന്‍ഗോത്രത്തില്‍നിന്നുഹോറിയുടെ മകന്‍ ഷാഫാത്ത്‌;
6. യൂദാഗോത്രത്തില്‍നിന്നു യഫുന്നയുടെ മകന്‍ കാലെ ബ്‌;
7. ഇസാക്കര്‍ ഗോത്രത്തില്‍നിന്നു ജോസഫിന്‍െറ മകന്‍ ഈഗാല്‍;
8. എഫ്രായിം ഗോത്രത്തില്‍നിന്നു നൂനിന്‍െറ മകന്‍ ഹൊഷെയാ;
9. ബഞ്ചമിന്‍ഗോത്രത്തില്‍നിന്നു റാഫുവിന്‍െറ മകന്‍ പല്‍തി;
10. സെബുലൂണ്‍ ഗോത്രത്തില്‍നിന്നു സോദിയുടെ മകന്‍ ഗദ്ദീയേല്‍;
11. ജോസഫിന്‍െറ - മനാസ്സെയുടെ - ഗോത്രത്തില്‍നിന്നു സൂസിയുടെ മകന്‍ ഗദ്ദീ;
12. ദാന്‍ ഗോത്രത്തില്‍നിന്നു ഗമല്ലിയുടെ മകന്‍ അമ്മിയേല്‍;
13. ആഷേര്‍ ഗോത്രത്തില്‍നിന്നു മിഖായേലിന്‍െറ മകന്‍ സെത്തൂര്‍;
14. നഫ്‌താലി ഗോത്രത്തില്‍നിന്നു വോഫെസിയുടെ മകന്‍ നഹ്‌ബി;
15. ഗാദ്‌ ഗോത്രത്തില്‍നിന്നു മാക്കിയുടെ മകന്‍ ഗവുവേല്‍.
16. ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരാണ്‌ ഇവര്‍. നൂനിന്‍െറ മകന്‍ ഹോഷെയായ്‌ക്കു മോശജോഷ്വ എന്നു പേരു കൊടുത്തു.
17. ചാരവൃത്തിക്ക്‌ അയയ്‌ക്കുമ്പോള്‍ മോശ അവരോട്‌ ഇങ്ങനെ പറഞ്ഞു: ഇവിടെ നിന്നു നെഗെബിലേക്കും തുടര്‍ന്നു മലമ്പ്രദേശത്തേക്കും പോകുവിന്‍.
18. നാട്‌ ഏതു വിധമുള്ളതാണ്‌; അവിടത്തെ ജനങ്ങള്‍ ശക്‌തരോ ബല ഹീനരോ; അവര്‍ എണ്ണത്തില്‍ കുറവോ കൂടുതലോ;
19. അവര്‍ വസിക്കുന്ന സ്‌ഥലം നല്ലതോ ചീത്തയോ; അവര്‍ വസിക്കുന്ന നഗരങ്ങള്‍ വെറും കൂടാരങ്ങളോ മതില്‍കെട്ടിയുറപ്പിച്ചതോ;
20. ഭൂമി ഫലപുഷ്‌ടിയുള്ളതോ അല്ലാത്തതോ; വൃക്ഷസമ്പത്തുള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. ധൈ ര്യം അവലംബിക്കുവിന്‍. ആ ദേശത്തുനിന്നു കുറച്ചു ഫലങ്ങളും കൊണ്ടുവരണം. മുന്തിരി പഴുത്തുതുടങ്ങുന്ന കാലമായിരുന്നു അത്‌.
21. അവര്‍ പോയി സിന്‍മരുഭൂമി മുതല്‍ ഹമാത്തിന്‍െറ കവാടത്തിനടുത്തു റഹോബുവരെയുള്ള പ്രദേശം രഹസ്യമായി നിരീക്ഷിച്ചു.
22. അവര്‍ നെഗെബു കടന്നു ഹെബ്രാണിലെത്തി. അവിടെ അനാക്കിന്‍െറ പിന്‍തുടര്‍ച്ചക്കാരായ അഹിമാന്‍, ഷേഷായി, തല്‍മായി എന്നിവര്‍ വസിച്ചിരുന്നു. ഹെബ്രാണ്‍ ഈജിപ്‌തിലെ സോവാനിനെക്കാള്‍ ഏഴു വര്‍ഷം മുന്‍പു പണിതതാണ്‌.
23. അവര്‍ എഷ്‌ക്കോള്‍ താഴ്‌വരയില്‍നിന്ന്‌ ഒരു മുന്തിരിക്കൊമ്പു കുലയോടുകൂടെ മുറിച്ചെടുത്തു രണ്ടുപേര്‍കൂടി തണ്ടിന്മേല്‍ ചുമന്നുകൊണ്ടു പോന്നു. കുറെമാതളപ്പഴവും അത്തിപ്പഴവും അവര്‍ കൊണ്ടുവന്നു.
24. ഇസ്രായേല്‍ക്കാര്‍ മുന്തിരിക്കുല മുറിച്ചെടുത്തതു നിമിത്തം ആ സ്‌ഥലത്തിന്‌ എഷ്‌ക്കോള്‍ താഴ്‌വര എന്നപേരു കിട്ടി.
25. നാല്‍പതു ദിവസത്തെ രഹസ്യ നിരീക്ഷണത്തിനുശേഷം അവര്‍ മടങ്ങി.
26. അവര്‍ പാരാന്‍മരുഭൂമിയിലുള്ള കാദെഷില്‍ വന്ന്‌ മോശയെയും അഹറോനെയും ഇസ്രായേല്‍ ജനം മുഴുവനെയും വിവരം അറിയിച്ചു. ആ ദേശത്തെ പഴങ്ങള്‍ കാണിക്കുകയും ചെയ്‌ തു.
27. അവര്‍ അവനോടു പറഞ്ഞു: നീ പറഞ്ഞയ ച്ചദേശത്തു ഞങ്ങള്‍ ചെന്നു. പാലും തേനും ഒഴുകുന്നതാണ്‌ അത്‌. ഇതാ അവിടത്തെ പഴങ്ങള്‍.
28. എന്നാല്‍, അവിടത്തെ ജനങ്ങള്‍ മല്ലന്‍മാരാണ്‌. പട്ടണങ്ങള്‍ വളരെ വിശാലവും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമാണ്‌. മാത്രമല്ല, അനാക്കിന്‍െറ വര്‍ഗക്കാരെയും ഞങ്ങള്‍ അവിടെ കണ്ടു.
29. അമലേക്യര്‍ നെഗബിലും; ഹിത്യരും, ജബൂസ്യരും, അമോര്യരും പര്‍വതങ്ങളിലും; കാനാന്യര്‍ കടലോരത്തും ജോര്‍ദാന്‍ തീരത്തും വസിക്കുന്നു.
30. മോശയുടെ ചുറ്റും കൂടിയ ജനത്തെനിശ്ശബ്‌ദരാക്കിയിട്ടു കാലെബ്‌ പറഞ്ഞു: നമുക്ക്‌ ഉടനെ പോയി ആ ദേശം കൈവശപ്പെടുത്താം. അതു കീഴടക്കാനുള്ള ശക്‌തി നമുക്കുണ്ട്‌.
31. എന്നാല്‍, അവിടത്തെ ജനങ്ങളെ കീഴ്‌പ്പെടുത്താന്‍ നമുക്കു കഴിവില്ല; അവര്‍ നമ്മെക്കാള്‍ ശക്‌തന്മാരാണ്‌ എന്ന്‌ അവനോടുകൂടെ പോയിരുന്നവര്‍ അഭിപ്രായപ്പെട്ടു.
32. അങ്ങനെ തങ്ങള്‍ കണ്ട സ്‌ഥലത്തെക്കുറിച്ചു ജനത്തിനു തെറ്റായ ധാരണ നല്‍കിക്കൊണ്ട്‌ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഒറ്റുനോക്കിയ ദേശം അവിടെ വസിക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്നതാണ്‌; അവിടെ ഞങ്ങള്‍ കണ്ട മനുഷ്യരോ അതികായന്‍മാര്‍!
33. നെഫിലിമില്‍നിന്നു വന്ന അനാക്കിന്‍െറ മല്ലന്‍മാരായ മക്കളെ അവിടെ ഞങ്ങള്‍ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കു ഞങ്ങളെക്കുറിച്ച്‌ അങ്ങനെതന്നെ തോന്നിയിരിക്കണം.

Holydivine