Numbers - Chapter 35
Holy Bible

1. ജോര്‍ദാനരികെ, ജറീക്കോയുടെ എതിര്‍വശത്ത്‌, മൊവാബ്‌ സമതലത്തില്‍വച്ചു കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
2. ഇസ്രായേല്‍ജനം തങ്ങളുടെ അവകാശത്തില്‍നിന്നു ലേവ്യര്‍ക്കു വസിക്കാന്‍ പട്ടണങ്ങള്‍കൊടുക്കണമെന്ന്‌ അവരോട്‌ ആജ്‌ഞാപിക്കുക. പട്ടണങ്ങള്‍ക്കു ചുറ്റും മേച്ചില്‍ സ്‌ഥലങ്ങളും നിങ്ങള്‍ അവര്‍ക്കു നല്‍കണം.
3. പട്ടണങ്ങള്‍ അവര്‍ക്കു താമസിക്കാനും മേച്ചില്‍സ്‌ഥലങ്ങള്‍ അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കും മേയാനും ആകുന്നു.
4. നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളോടു ചേര്‍ന്ന്‌, പട്ടണത്തിന്‍െറ മതില്‍ മുതല്‍ പുറത്തേക്ക്‌ ആയിരം മുഴം നീളത്തില്‍ ചുറ്റും മേച്ചില്‍സ്‌ഥലങ്ങള്‍ ഉണ്ടായിരിക്കണം.
5. പട്ടണത്തിനു ചുറ്റും രണ്ടായിരം മുഴം വീതം കിഴക്കും തെക്കും പടിഞ്ഞാറും വടക്കും അളക്കണം. ഇത്‌ അവരുടെ പട്ടണങ്ങളോടു ചേര്‍ന്ന മേച്ചില്‍പ്പുറമായിരിക്കും:
6. നിങ്ങള്‍ ലേവ്യര്‍ക്കു പട്ടണങ്ങള്‍ നല്‍കുമ്പോള്‍ അവയില്‍ ആറെണ്ണം കൊലപാതകികള്‍ക്ക്‌ ഓടിയൊളിക്കാനുള്ള സങ്കേത നഗരങ്ങളായിരിക്കണം. ഇവയ്‌ക്കു പുറമേ നാല്‍പത്തിരണ്ടു പട്ടണങ്ങള്‍കൂടി കൊടുക്കണം.
7. അങ്ങനെ ആകെ നാല്‍പത്തെട്ടു പട്ടണങ്ങള്‍ അവയുടെ മേച്ചില്‍സ്‌ഥലങ്ങളോടുകൂടി ലേവ്യര്‍ക്കു നല്‍കണം.
8. ഇസ്രായേല്‍ഗോത്രങ്ങളുടെ അവകാശമായ പട്ടണങ്ങളാണ്‌ അവര്‍ക്കു കൊടുക്കേണ്ടത്‌; ഓരോ ഗോത്രവും തങ്ങള്‍ക്കു ലഭി ച്ചഓഹരിയനുസരിച്ച്‌, കൂടുതല്‍ ലഭിച്ചവര്‍ കൂടുതലും കുറച്ചു ലഭിച്ചവര്‍ കുറച്ചും, പട്ടണങ്ങള്‍ കൊടുക്കണം.
9. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു: ഇസ്രായേല്‍ജനത്തോടു പറയുക:
10. നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കാനാന്‍ ദേശത്തു പ്രവേശിക്കുമ്പോള്‍
11. അബദ്‌ധവശാല്‍ ആരെയെങ്കിലും വധിക്കുന്നവന്‌ ഓടിയൊളിക്കാന്‍ സങ്കേത നഗരങ്ങളായി ചില പട്ടണങ്ങള്‍ തിരഞ്ഞെടുക്കണം.
12. കൊലപാതകി വിധിനിര്‍ണയത്തിനായി സമൂഹത്തിന്‍െറ മുമ്പില്‍ നില്‍ക്കുന്നതിനുമുമ്പു വധിക്കപ്പെടാതിരിക്കാന്‍ രക്‌തത്തിനു പ്രതികാരം ചെയ്യുന്നവനില്‍നിന്ന്‌ അഭയം തേടാനുള്ള സങ്കേതങ്ങളായിരിക്കും ഈ പട്ടണങ്ങള്‍.
13. നിങ്ങള്‍ നല്‍കുന്ന പട്ടണങ്ങളില്‍ ആറെണ്ണം സങ്കേത നഗരങ്ങളായിരിക്കും.
14. സങ്കേതനഗരങ്ങളായി മൂന്നു പട്ടണങ്ങള്‍ ജോര്‍ദാന്‌ ഇക്കരെയും മൂന്നു പട്ടണങ്ങള്‍ കാനാന്‍ ദേശത്തും കൊടുക്കണം.
15. ഇസ്രായേല്‍ ജനത്തിലോ അവരുടെ ഇടയിലുള്ള വിദേശികളിലോ തത്‌കാല താമസക്കാരിലോപെട്ട ആരെങ്കിലും മനഃപൂര്‍വമല്ലാതെ ആരെയെങ്കിലും വധിച്ചാല്‍ അവന്‌ ഓടിയൊളിക്കാനുള്ള സങ്കേതമായിരിക്കും ഈ ആറു പട്ടണങ്ങള്‍.
16. എന്നാല്‍, ആരെങ്കിലും ഇരുമ്പായുധംകൊണ്ട്‌ ആരെയെങ്കിലും അടിച്ചിട്ട്‌ അവന്‍ മരിച്ചാല്‍ അടിച്ചവന്‍ കൊലപാതകിയാണ്‌; കൊലപാതകി വധിക്കപ്പെടണം.
17. കല്ലുകൊണ്ടുള്ള ഇടികൊണ്ട്‌ ആരെങ്കിലും മരിച്ചാല്‍, ഇടിച്ചവന്‍ കൊലപാതകിയാണ്‌; കൊലപാതകി വധിക്കപ്പെടണം.
18. മരംകൊണ്ടുള്ള ആയുധത്താല്‍ അടികൊണ്ട്‌ ആരെങ്കിലും മരിച്ചാല്‍, അടിച്ചവന്‍ കൊലപാതകിയാണ്‌; കൊലപാതകി വധിക്കപ്പെടണം.
19. പ്രതികാരം ചെയ്യാന്‍ ചുമതലയുള്ള ബന്ധുതന്നെ ഘാതകനെ വധിക്കണം; കണ്ടുമുട്ടുമ്പോള്‍ അവനെ കൊല്ലണം.
20. ആരെങ്കിലും വിദ്വേഷം മൂലം ഒരാളെ കുത്തുകയോ, പതിയിരുന്ന്‌ എറിയുകയോ,
21. ശത്രുത നിമിത്തം കൈകൊണ്ട്‌ അടിക്കുകയോ ചെയ്‌തിട്ട്‌ അവന്‍ മരിച്ചാല്‍ പ്രഹരിച്ചവന്‍ വധിക്കപ്പെടണം; അവന്‍ കൊലപാതകിയാണ്‌; പ്രതികാരം ചെയ്യാന്‍ ചുമ തലപ്പെട്ടവന്‍ കൊലപാതകിയെ കണ്ടുമുട്ടുമ്പോള്‍ അവനെ വധിക്കണം.
22. എന്നാല്‍, ആരെങ്കിലും ശത്രുത കൂടാതെ ഒരുവനെ പെട്ടെന്നു കുത്തുകയോ, പതിയിരിക്കാതെ അവന്‍െറ മേല്‍ എന്തെങ്കിലും എറിയുകയോ,
23. ശത്രുവല്ലാതെയും ദ്രാഹിക്കാന്‍ ആഗ്രഹമില്ലാതെയും, കാണാതെ, മാരകമാംവിധം അവന്‍െറ മേല്‍ കല്ലെറിയാനിടയാവുകയോ ചെയ്‌തിട്ട്‌ അവന്‍ മരിച്ചാല്‍,
24. ഘാതകനും പ്രതികാരം ചെയ്യാന്‍ കടപ്പെട്ട വനും മധ്യേ ഈ കല്‍പനകളനുസരിച്ചു സമൂഹം വിധി പ്രസ്‌താവിക്കണം.
25. സമൂഹം ആ കൊലപാതകിയെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവന്‍െറ കൈകളില്‍നിന്നു രക്‌ഷിച്ച്‌, അവന്‍ അഭയം തേടിയിരുന്ന സങ്കേതനഗരത്തിലേക്കു തിരിച്ചയയ്‌ക്കണം. വിശുദ്‌ധ തൈലത്താല്‍ അഭിഷിക്‌തനായ പ്രധാന പുരോഹിതന്‍െറ മരണംവരെ അവന്‍ അവിടെത്തന്നെതാമസിക്കണം.
26. എന്നാല്‍, കൊലപാതകി താന്‍ അഭയം തേടിയിരുന്ന സ ങ്കേതനഗരത്തിന്‍െറ അതിര്‍ത്തി വിട്ട്‌ എപ്പോഴെങ്കിലും പുറത്തു പോവുകയും,
27. പ്രതികാരം ചെയ്യേണ്ടവന്‍ സങ്കേതനഗരത്തിന്‍െറ അതിര്‍ത്തിക്കു പുറത്തുവച്ച്‌ അവനെ കണ്ടുപിടിച്ചു വധിക്കുകയും ചെയ്‌താല്‍ അവനു കൊലപാതകക്കുറ്റം ഉണ്ടായിരിക്കുകയില്ല.
28. കാരണം, പ്രധാന പുരോഹിതന്‍െറ മരണംവരെ അവന്‍ തന്‍െറ സങ്കേതനഗരത്തില്‍ വസിക്കേണ്ടിയിരുന്നു. പുരോഹിതന്‍െറ മരണത്തിനുശേഷം, തനിക്കവകാശമുള്ള ഭൂമിയിലേക്ക്‌ അവനു തിരിച്ചു പോകാം.
29. ഇവനിങ്ങളുടെ എല്ലാ വാസസ്‌ഥലങ്ങളിലും എല്ലാ തലമുറകളിലും നിയമവും പ്രമാണവും ആയിരിക്കും.
30. ആരെങ്കിലും ഒരുവനെ കൊന്നാല്‍ കൊലപാതകി സാക്‌ഷികള്‍ നല്‍കുന്ന തെളിവിന്‍െറ അടിസ്‌ഥാനത്തില്‍ വധിക്കപ്പെടണം. ഒരാളുടെ മാത്രം സാക്‌ഷ്യം ആസ്‌പദമാക്കി ആരെയും വധിക്കരുത്‌.
31. കൂടാതെ, മരണശിക്‌ഷയ്‌ക്കര്‍ഹനായ കൊലപാതകിയുടെ ജീവനുവേണ്ടി മോചനദ്രവ്യം നിങ്ങള്‍ സ്വീകരിക്കരുത്‌; അവന്‍ വധിക്കപ്പെടുകതന്നെ വേണം.
32. സങ്കേതനഗരത്തില്‍ ഓടിയൊളിച്ചവന്‍മഹാപുരോഹിതന്‍െറ മരണത്തിനുമു മ്പ്‌ സ്വന്തം ദേശത്തു തിരിച്ചു വന്നു താമസിക്കുന്നതിനുവേണ്ടി നിങ്ങള്‍ മോചനദ്രവ്യം സ്വീകരിക്കരുത്‌.
33. നിങ്ങള്‍ അധിവസിക്കുന്ന ദേശം അങ്ങനെ അശുദ്‌ധമാക്കരുത്‌. എന്തെന്നാല്‍, രക്‌തം ദേശത്തെ അശുദ്‌ധമാക്കുന്നു. രക്‌തം ചൊരിഞ്ഞവന്‍െറ രക്‌തമല്ലാതെ ദേശത്തു ചൊരിയപ്പെട്ട രക്‌തത്തിനു പ്രായശ്‌ചിത്തം സാധ്യമല്ല.
34. കര്‍ത്താവായ ഞാന്‍ ഇസ്രായേല്‍ ജനത്തിന്‍െറ മധ്യേ വസിക്കുന്നതുകൊണ്ടു നിങ്ങള്‍ പാര്‍ക്കുന്ന ഭൂമി നിങ്ങള്‍ അശുദ്‌ധമാക്കരുത്‌.

Holydivine