Numbers - Chapter 20
Holy Bible

1. ഇസ്രായേല്‍ജനം ഒന്നാം മാസത്തില്‍ സിന്‍മരുഭൂമിയിലെത്തി; അവര്‍ കാദെഷില്‍ താമസിച്ചു. അവിടെവച്ചു മിരിയാം മരിച്ചു. അവളെ അവിടെ സംസ്‌കരിച്ചു.
2. അവിടെ ജനത്തിനു വെള്ളം ലഭിച്ചില്ല; അവര്‍ മോശയ്‌ക്കും അഹറോനുമെതിരേ ഒരുമിച്ചുകൂടി.
3. ജനം മോശയോട്‌ എതിര്‍ത്തുപറഞ്ഞു: ഞങ്ങളുടെ സഹോദരങ്ങള്‍ കര്‍ത്താവിന്‍െറ മുമ്പില്‍ മരിച്ചു വീണപ്പോള്‍ ഞങ്ങളും മരിച്ചിരുന്നെങ്കില്‍!
4. ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെക്കിടന്നു ചാകാന്‍വേണ്ടി നിങ്ങള്‍ കര്‍ത്താവിന്‍െറ സമൂഹത്തെ ഈ മരുഭൂമിയിലേക്ക്‌ എന്തിനു കൊണ്ടുവന്നു?
5. ഈ ദുഷി ച്ചസ്‌ഥലത്തേക്കു നയിക്കാന്‍ ഈജിപ്‌തില്‍നിന്നു ഞങ്ങളെ കൊണ്ടുവന്നതെന്തിന്‌? ഇതു ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ കിട്ടുന്ന സ്‌ഥ ലമല്ല; കുടിക്കാന്‍ വെള്ളംപോലുമില്ല.
6. അപ്പോള്‍ മോശയും അഹറോനും സമൂഹത്തില്‍നിന്നു സമാഗമകൂടാരവാതില്‍ക്കല്‍ ചെന്ന്‌ സാഷ്‌ടാംഗം വീണു. കര്‍ത്താവിന്‍െറ മഹത്വം അവര്‍ക്കു വെളിപ്പെട്ടു.
7. കര്‍ത്താവുമോശയോട്‌ അരുളിച്ചെയ്‌തു: നിന്‍െറ വടി കൈയിലെടുക്കുക; നീയും നിന്‍െറ സഹോദരന്‍ അഹറോനും കൂടി സമൂഹത്തെ വിളിച്ചുകൂട്ടി വെള്ളം പുറപ്പെടുവിക്കാന്‍ അവരുടെ മുമ്പില്‍വച്ചു പാറയോട്‌ ആജ്‌ഞാപിക്കുക; പാറയില്‍നിന്നു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും മൃഗങ്ങള്‍ക്കും കുടിക്കാന്‍ കൊടുക്കുക.
9. കല്‍പനയനുസരിച്ചു മോശ കര്‍ത്താവിന്‍െറ മുമ്പില്‍നിന്നു വടിയെടുത്തു.
10. മോശയും അഹറോനുംകൂടി പാറയ്‌ക്കുമുമ്പില്‍ ജനങ്ങളെ ഒന്നിച്ചുകൂട്ടി. മോശ പറഞ്ഞു: ധിക്കാരികളേ, കേള്‍ക്കുവിന്‍; നിങ്ങള്‍ക്കുവേണ്ടി ഈ പാറയില്‍നിന്നു ഞങ്ങള്‍വെള്ളം പുറപ്പെടുവിക്കണമോ?
11. മോശ കൈയുയര്‍ത്തി പാറയില്‍ രണ്ടു പ്രാവശ്യം വടികൊണ്ടടിച്ചു. ധാരാളം ജലം പ്രവഹിച്ചു; മനുഷ്യരും മൃഗങ്ങളും അതില്‍നിന്നു കുടിച്ചു.
12. കര്‍ത്താവ്‌ മോശയോടും അഹറോനോടും അരുളിച്ചെയ്‌തു: ഇസ്രായേലില്‍ എന്‍െറ വിശുദ്‌ധി വെളിപ്പെടുത്തത്തക്കവിധം ദൃഢമായി നിങ്ങള്‍ എന്നില്‍ വിശ്വസിക്കാതിരുന്നതുകൊണ്ടു ഞാന്‍ ഈ ജനത്തിനു കൊടുക്കുന്ന ദേശത്ത്‌ ഇവരെ എത്തിക്കുന്നതു നിങ്ങളായിരിക്കുകയില്ല. ഇതാണ്‌ മെരീബായിലെ ജലം.
13. ഇവിടെവച്ചാണ്‌ ഇസ്രായേല്യര്‍ കര്‍ത്താവിനോടു മത്‌സരിക്കുകയും അവിടുന്നു തന്‍െറ പരിശുദ്ധിയെ അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്‌തത്‌.
14. മോശ കാദെഷില്‍നിന്നു ദൂതന്‍മാരെ അയച്ച്‌ ഏദോം രാജാവിനോടു പറഞ്ഞു: നിന്‍െറ സഹോദരനായ ഇസ്രായേല്‍ അറിയിക്കുന്നു; ഞങ്ങള്‍ക്കുണ്ടായ കഷ്‌ടതകളെല്ലാം നീ അറിയുന്നുവല്ലോ.
15. ഞങ്ങളുടെ പിതാക്കന്‍മാര്‍ ഈജിപ്‌തിലേക്കു പോയതും ദീര്‍ഘകാലം അവിടെ ജീവിച്ചതും ഈജിപ്‌തുകാര്‍ ഞങ്ങളുടെ പിതാക്കന്‍മാരോടും ഞങ്ങളോടും ക്രൂരമായി പ്രവര്‍ത്തിച്ചതുമെല്ലാം നിനക്കറിയാം.
16. അപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; അവിടുന്നു ഞങ്ങളുടെ സ്വരം ശ്രവിച്ചു; തന്‍െറ ദൂതനെ അയച്ച്‌ ഈജിപ്‌തില്‍നിന്നു ഞങ്ങളെ കൊണ്ടുപോന്നു. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ നിങ്ങളുടെ അതിര്‍ത്തിയിലുള്ള കാദെഷ്‌ നഗരത്തില്‍ എത്തിയിരിക്കുന്നു.
17. നിങ്ങളുടെ ദേശത്തിലൂടെ കടന്നുപോകാന്‍ ഞങ്ങളെ അനുവദിക്കണം. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങള്‍ പ്രവേശിക്കുകയില്ല. നിങ്ങളുടെ കിണറ്റിലെ വെള്ളം കുടിക്കുകയില്ല; നിങ്ങളുടെ രാജ്യാതിര്‍ത്തി കടക്കുന്നതുവരെ ഇടംവലം തിരിയാതെ രാജപാതയിലൂടെത്തന്നെ ഞങ്ങള്‍ പൊയ്‌ക്കൊള്ളാം.
18. ഏദോം രാജാവ്‌ എതിര്‍ത്തു പറഞ്ഞു: നിങ്ങള്‍ കടന്നു പോകരുത്‌; കടന്നാല്‍ വാളുമായി ഞാന്‍ നിങ്ങളെ നേരിടും.
19. ഇസ്രായേല്‍ക്കാര്‍ പറഞ്ഞു: ഞങ്ങള്‍ പെരുവഴിയിലൂടെ പൊയ്‌ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ മൃഗങ്ങളോ നിങ്ങളുടെ വെള്ളം കുടിച്ചാല്‍ അതിനു വില തന്നുകൊള്ളാം. കടന്നുപോകാന നുവദിക്കണമെന്നല്ലാതെ മറ്റൊന്നും ആവശ്യപ്പെടുന്നില്ല.
20. അവന്‍ പറഞ്ഞു: നീ കടന്നുപോകാന്‍ പാടില്ല. ശക്‌തമായ സൈന്യവുമായി ഏദോം ഇസ്രായേലിനെതിരേ പുറപ്പെട്ടു.
21. തന്‍െറ അതിര്‍ത്തിയിലൂടെ ഇസ്രായേല്‍ കടന്നുപോകുന്നത്‌ ഏദോം തടഞ്ഞു. അതിനാല്‍, ഇസ്രായേല്‍ അവിടെനിന്നു തിരിച്ചുപോയി.
22. ഇസ്രായേല്യര്‍ കാദെഷില്‍നിന്നു പുറപ്പെട്ടു ഹോര്‍മലയിലെത്തി.
23. ഏദോം രാജ്യാതിര്‍ത്തിയിലുള്ള ഹോര്‍മലയില്‍വച്ചു കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു :
24. അഹറോന്‍ തന്‍െറ പിതാക്കന്‍മാരോടു ചേരും. മെരീബാ ജലാശയത്തിങ്കല്‍വച്ചു നിങ്ങള്‍ എന്‍െറ കല്‍പനയെ ധിക്കരിച്ചതുകൊണ്ട്‌, ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ദേശത്ത്‌ അവന്‍ പ്രവേശിക്കുകയില്ല.
25. അഹറോനെയും പുത്രന്‍ എലെയാസറിനെയും ഹോര്‍മലയിലേക്കു കൂട്ടിക്കൊണ്ടുവരുക.
26. അഹറോന്‍െറ വസ്‌ത്രം ഊരി മകനായ എലെയാസറിനെ ധരിപ്പിക്കുക; അഹറോന്‍ അവിടെവച്ചു തന്‍െറ പിതാക്കന്‍മാരോടു ചേരും.
27. കര്‍ത്താവു കല്‍പിച്ചതുപോലെ മോശ ചെയ്‌തു; സമൂഹം മുഴുവന്‍ നോക്കിനില്‍ക്കേ അവര്‍ ഹോര്‍മലയിലേക്കു കയറിപ്പോയി.
28. മോശ അഹറോന്‍െറ വസ്‌ത്രം ഊരി അവന്‍െറ മകനായ എലെയാസറിനെ ധരിപ്പിച്ചു. മലമുകളില്‍വച്ച്‌ അഹറോന്‍മരിച്ചു. മോശയും എലെയാസറും മലയില്‍നിന്ന്‌ ഇറങ്ങിപ്പോന്നു.
29. അഹറോന്‍മരിച്ചുപോയി എന്നറിഞ്ഞ്‌ ഇസ്രായേല്‍ സമൂഹം മുഴുവന്‍ അവനെ ഓര്‍ത്തു മുപ്പതു ദിവസം ദുഃഖമാചരിച്ചു.

Holydivine