Numbers - Chapter 24
Holy Bible

1. ഇസ്രായേലിനെ അനുഗ്രഹിക്കുന്നതു കര്‍ത്താവിനു പ്രസാദകരമെന്നു മനസ്സിലാക്കിയപ്പോള്‍, മുന്നവസരങ്ങളില്‍ ചെയ്‌തതുപോലെ ശകുനം നോക്കാന്‍ പോകാതെ ബാലാം മരുഭൂമിയിലേക്കു മുഖം തിരിച്ചു നിന്നു.
2. അവന്‍ കണ്ണുകളുയര്‍ത്തി; ഗോത്രങ്ങള്‍ അനുസരിച്ച്‌ ഇസ്രായേല്‍ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്‍െറ ആത്‌മാവ്‌ അവന്‍െറ മേല്‍ ആവസിച്ചു.
3. അവന്‍ പ്രവചിച്ചു പറഞ്ഞു : ബയോറിന്‍െറ മകന്‍ ബാലാമിന്‍െറ പ്രവചനം, ദര്‍ശനം ലഭിച്ചവന്‍െറ പ്രവചനം.
4. ദൈവത്തിന്‍െറ വാക്കുകള്‍ ശ്രവിച്ചവന്‍, സര്‍വശക്‌തനില്‍നിന്നു ദര്‍ശനംസിദ്‌ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു:
5. യാക്കോബേ, നിന്‍െറ കൂടാരങ്ങള്‍എത്ര മനോഹരം! ഇസ്രായേലേ, നിന്‍െറ പാളയങ്ങളും.
6. വിശാലമായ താഴ്‌വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെയും, കര്‍ത്താവു നട്ട കാരകില്‍നിരപോലെയും, നീര്‍ച്ചാലിനരികെയുള്ള ദേവദാരുപോലെയും.
7. അവന്‍െറ ഭരണികളില്‍നിന്നുവെള്ളം കവിഞ്ഞൊഴുകും, വിത്തുകള്‍ക്കു സമൃദ്‌ധമായി ജലം ലഭിക്കും. അവന്‍െറ രാജാവ്‌ അഗാഗിനെക്കാള്‍ഉന്നതനായിരിക്കും. അവന്‍െറ രാജ്യം മഹത്വമണിയും.
8. ദൈവം ഈജിപ്‌തില്‍നിന്ന്‌അവനെ കൊണ്ടുവന്നു; അവനു കാട്ടുപോത്തിന്‍െറ കരുത്തുണ്ട്‌; ശത്രുജനതകളെ അവന്‍ സംഹരിക്കും; അവരുടെ അസ്‌ഥികള്‍ അവന്‍ തകര്‍ക്കും; അവന്‍െറ അസ്‌ത്രങ്ങള്‍ അവരെ പിളര്‍ക്കും.
9. സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും അവന്‍ പതുങ്ങിക്കിടക്കുന്നു. അവനെ ഉണര്‍ത്താന്‍ ആര്‍ക്കു ധൈര്യമുണ്ടാകും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗൃഹീതന്‍, നിന്നെ ശപിക്കുന്നവന്‍ ശാപഗ്രസ്‌തന്‍!
10. ബാലാമിനെതിരേ ബാലാക്കിന്‍െറ കോപം ജ്വലിച്ചു. അവന്‍ കൈ കൂട്ടിയടിച്ചുകൊണ്ടു പറഞ്ഞു: എന്‍െറ ശത്രുക്കളെ ശപിക്കാന്‍ ഞാന്‍ നിന്നെ കൊണ്ടുവന്നു. എന്നാല്‍ മൂന്നു പ്രാവശ്യവും നീ അവരെ അനുഗ്രഹിച്ചിരിക്കുന്നു.
11. അതിനാല്‍ നിന്‍െറ ദേശത്തേക്ക്‌ ഓടിക്കൊള്ളുക. വലിയ ബഹുമതികള്‍ നല്‍കാമെന്നു ഞാന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍, കര്‍ത്താവു നിനക്ക്‌ അതു നിഷേധിച്ചിരിക്കുന്നു.
12. ബാലാം അവനോടു പറഞ്ഞു:
13. നിന്‍െറ ദൂതന്‍മാരോടു ഞാന്‍ പറഞ്ഞില്ലേ, ബാലാക്‌ തന്‍െറ വീടു നിറയെ പൊന്നും വെള്ളിയും തന്നാല്‍പ്പോലും കര്‍ത്താവിന്‍െറ കല്‍പനയ്‌ക്കപ്പുറം സ്വമേധയാ നന്‍മയോ തിന്‍മയോ ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല; കര്‍ത്താവ്‌ അരുളിച്ചെയ്യുന്നതെന്തോ അതു ഞാന്‍ പറയും എന്ന്‌?
14. ഇതാ എന്‍െറ ജനത്തിന്‍െറ അടുത്തേക്കു ഞാന്‍ മടങ്ങുന്നു. ഭാവിയില്‍ ഇസ്രായേല്‍ നിന്‍െറ ജനത്തോട്‌ എന്തു ചെയ്യുമെന്ന്‌ ഞാന്‍ അറിയിക്കാം :
15. ബാലാം പ്രവചനം തുടര്‍ന്നു : ബയോറിന്‍െറ മകന്‍ ബാലാമിന്‍െറ പ്രവചനം, ദര്‍ശനം ലഭിച്ചവന്‍െറ പ്രവചനം :
16. ദൈവത്തിന്‍െറ വാക്കുകള്‍ ശ്രവിച്ചവന്‍, അത്യുന്നതന്‍െറ അറിവില്‍ പങ്കുചേര്‍ന്നവന്‍, സര്‍വശക്‌തനില്‍നിന്നു ദര്‍ശനം സിദ്ധിച്ചവന്‍, തുറന്ന കണ്ണുകളോടെ സമാധിയില്‍ലയിച്ചവന്‍ പ്രവചിക്കുന്നു :
17. ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല; ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല. യാക്കോബില്‍നിന്ന്‌ ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലില്‍നിന്ന്‌ ഒരു ചെങ്കോല്‍ ഉയരും, അതു മൊവാബിന്‍െറ നെറ്റിത്തടം തകര്‍ക്കും, ഷേത്തിന്‍െറ പുത്രന്‍മാരെസംഹരിക്കുകയും ചെയ്യും.
18. ഏദോം അന്യാധീനമാകും;ശത്രുവായ സെയിറും. ഇസ്രായേലോ സുധീരം മുന്നേറും.
19. ഭരണം നടത്താനുള്ളന്‍ യാക്കോബില്‍നിന്നു വരും; പട്ടണങ്ങളില്‍ അവശേഷിക്കുന്നവര്‍നശിപ്പിക്കപ്പെടും.
20. അവന്‍ അമലേക്കിനെ നോക്കി പ്രവചിച്ചു : അമലേക്ക്‌ ജനതകളില്‍ ഒന്നാമനായിരുന്നു; എന്നാല്‍, അവസാനം അവന്‍ പൂര്‍ണമായി നശിക്കും.
21. അവന്‍ കേന്യരെ നോക്കി പ്രവചിച്ചു : നിന്‍െറ വാസസ്‌ഥലം സുശക്‌തമാണ്‌; പാറയില്‍ നീ കൂടുവച്ചിരിക്കുന്നു.
22. എന്നാല്‍, നീ നശിച്ചുപോകും, അസ്സൂര്‍ നിന്നെ അടിമയായികൊണ്ടുപോകും.
23. ബാലാം പ്രവചനം തുടര്‍ന്നു : ഹാ, ദൈവം ഇതു ചെയ്യുമ്പോള്‍ആരു ജീവനോടിരിക്കും!
24. കിത്തിമില്‍നിന്നു കപ്പലുകള്‍ പുറപ്പെടും, അസ്സൂറിനെയും ഏബറിനെയുംപീഡിപ്പിക്കും, എന്നാല്‍, അവനും നാശമടയും.
25. ബാലാം സ്വദേശത്തേക്കു മടങ്ങി : ബാലാക്‌ തന്‍െറ വഴിക്കും പോയി.

Holydivine