Numbers - Chapter 3
Holy Bible

1. സീനായ്‌ മലമുകളില്‍വച്ച്‌ ദൈവം മോശയോടു സംസാരിക്കുമ്പോള്‍ അഹറോന്‍െറയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു.
2. അഹറോന്‍െറ പുത്രന്‍മാരുടെ പേ രുകള്‍:ആദ്യജാതനായ നാദാബും അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവരും.
3. ഇവര്‍ പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ അഭിഷിക്‌തരായ അഹറോന്‍െറ പുത്രന്‍മാരാണ്‌.
4. ഇവരില്‍ നാദാബും അബിഹുവും സീനായ്‌മരുഭൂമിയില്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ അവിശുദ്‌ധമായ അഗ്‌നി അര്‍പ്പിച്ചപ്പോള്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു സന്താനങ്ങളില്ലായിരുന്നു. അതിനാല്‍, എലെയാസ റും ഇത്താമറും തങ്ങളുടെ പിതാവായ അഹറോന്‍െറ ജീവിതകാലത്തുതന്നെ പുരോഹിതന്‍മാരായി സേവനമനുഷ്‌ഠിച്ചു.
5. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
6. ലേവിഗ്രാത്രത്തെ കൊണ്ടുവന്ന്‌ അഹറോന്‍െറ ശുശ്രൂഷയ്‌ക്കു നിയോഗിക്കുക.
7. അവര്‍ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം സമാഗമകൂടാരത്തിനു മുമ്പില്‍ അഹറോനും സമൂഹത്തിനും വേണ്ടി സേവനമനുഷ്‌ഠിക്കട്ടെ.
8. സമാഗമകൂടാരത്തിലെ വസ്‌തുക്കളുടെ മേല്‍നോട്ടവും അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ഇസ്രായേല്‍ജനത്തിനും അവര്‍ സേവനം ചെയ്യണം.
9. ലേവ്യരെ അഹറോനും പുത്രന്‍മാര്‍ക്കും വേണ്ടി നിയോഗിക്കുക. ഇസ്രായേല്‍ജനത്തില്‍ നിന്ന്‌ അഹറോന്‌ പൂര്‍ണ്ണമായും നല്‍കപ്പെട്ടവരാണിവര്‍.
10. നീ അഹറോനെയും പുത്രന്‍മാരെയും പൗരോഹിത്യശുശ്രൂഷയ്‌ക്കായി അധികാരപ്പെടുത്തുകയും അവര്‍ അത്‌ അനുഷ്‌ഠിക്കുകയും ചെയ്യണം. മറ്റാരെങ്കിലും വിശുദ്‌ധവസ്‌തുക്കളെ സമീപിച്ചാല്‍ അവരെ വധിക്കണം.
11. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
12. ഇസ്രായേലിലെ ആദ്യജാതന്‍മാര്‍ക്കുപകരം ഞാന്‍ ലേവ്യരെ തിരഞ്ഞെടുത്തിരിക്കുന്നു. അവര്‍ എനിക്കുള്ളവരാണ്‌.
13. എന്തെന്നാല്‍, കടിഞ്ഞൂല്‍ പുത്രന്‍മാരെല്ലാം എന്‍േറതാണ്‌. ഈജിപ്‌തുകാരുടെ ആദ്യജാതന്‍മാരെ നിഗ്രഹിച്ചപ്പോള്‍ ഇസ്രായേലിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂല്‍ സന്താനങ്ങളെ എനിക്കായി ഞാന്‍ മാറ്റിനിര്‍ത്തി; അവര്‍ എന്‍െറ സ്വന്തമാണ്‌; ഞാനാണു കര്‍ത്താവ്‌.
14. സീനായ്‌മരുഭൂമിയില്‍വച്ചു കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
15. ഒരു മാസവും അതിനുമേലും പ്രായമുള്ള ലേവിപുത്രന്‍മാരുടെ കണക്ക്‌ ഗോത്രവും കുടുംബവും അനുസരിച്ച്‌ എടുക്കുക.
16. കര്‍ത്താവു കല്‍പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു.
17. ലേവിയുടെ പുത്രന്‍മാര്‍ ഇവരായിരുന്നു: ഗര്‍ഷോന്‍, കൊഹാത്ത്‌, മെറാറി.
18. കുടുംബമനുസരിച്ച്‌ ഗര്‍ഷോന്‍െറ പുത്രന്‍മാരുടെ പേരുകള്‍: ലിബ്‌നി, ഷിമെയി.
19. കുടുംബമനുസരിച്ച്‌ കൊഹാത്തിന്‍െറ പുത്രന്‍മാര്‍ ഇവരാണ്‌: അമ്രാം, യിസ്‌ഹാര്‍, ഹെബ്രാണ്‍, ഉസ്‌സിയേല്‍.
20. കുടുംബമനുസരിച്ച്‌ മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. ഇവയാണ്‌ പിതൃഗോത്രപ്രകാരം ലേവ്യരുടെ കുടുംബങ്ങള്‍.
21. ലിബ്‌നിയരുടെയും ഷിമെയിയരുടെയും കുടുംബങ്ങളുടെ ഉദ്‌ഭവം ഗര്‍ഷോനില്‍ നിന്നാണ്‌. ഇവയാണ്‌ ഗര്‍ഷോന്യകുടുംബങ്ങള്‍.
22. ഒരു മാസവും അതില്‍ക്കൂടുതലുംപ്രായമുള്ള പുരുഷന്‍മാര്‍ ഏഴായിരത്തിയഞ്ഞൂറ്‌.
23. ഗര്‍ഷോന്‍കുടുംബക്കാര്‍ കൂടാരത്തിന്‍െറ
24. പിറകില്‍ പടിഞ്ഞാറുവശത്ത്‌ ലായേലിന്‍െറ മകന്‍ എലിഫാസിന്‍െറ നേതൃത്വത്തില്‍ പാളയമടിക്കണം.
25. ഗര്‍ഷോന്‍കുടുംബക്കാര്‍ സമാഗമകൂടാരത്തില്‍ പെട്ടകം, കൂടാരം, അതിന്‍െറ
26. ആവരണം, വാതിലിന്‍െറ തിരശ്‌ശീല, കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്‍െറ വിരികള്‍, അങ്കണവാതിലിന്‍െറ യവനിക, അവയുടെ ചരടുകള്‍ എന്നിവയുമായി ബന്‌ധപ്പെട്ട സകല ജോലികളും ചെയ്യണം.
27. അമ്രാമ്യര്‍, യിസ്‌ഹാര്യര്‍, ഹെബ്രാണ്യര്‍, ഉസ്‌സിയേല്യര്‍ എന്നിവര്‍ കൊഹാത്തില്‍നിന്നു ജനി ച്ചകുടുംബങ്ങളാകുന്നു.
28. ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷന്‍മാര്‍ എണ്ണായിരത്തിയറുനൂറ്‌. വിശുദ്‌ധസ്‌ഥലത്ത്‌ ശുശ്രൂഷചെയ്യാനുള്ള കടമ അവരുടേതാണ്‌.
29. കൊഹാത്തുകുടുംബങ്ങള്‍ കൂടാരത്തിന്‍െറ തെക്കുവശത്താണ്‌ പാളയമടിക്കേണ്ടത്‌.
30. അവരുടെ നേതാവ്‌ ഉസ്‌സിയേലിന്‍െറ മകന്‍ എലിസാഫാന്‍ ആണ്‌.
31. പേടകം, മേശ, വിളക്കുകാല്‌, ബലിപീഠങ്ങള്‍, വിശുദ്‌ധസ്‌ഥലത്തു പുരോഹിതന്‍ ശുശ്രൂഷയ്‌ക്കുപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്‌ശീല എന്നിവയും അവയെ സംബന്‌ധിക്കുന്ന ജോലികളും ഇവരുടെ ചുമതലയാണ്‌.
32. പുരോഹിതനായ അഹറോന്‍െറ പുത്രന്‍ എലെയാസറിന്‌ ലേവ്യരുടെ നേതാക്ക ളുടെ നേതൃത്വവും വിശുദ്ധസ്‌ഥലവിചാരി പ്പുകാരുടെ മേല്‍നോട്ടവും ഉണ്ടായിരിക്കും.
33. മഹ്‌ലി, മൂഷി എന്നീ കുടുംബങ്ങള്‍ മെറാറിയില്‍ നിന്ന്‌ ഉണ്ടായി.
34. ഇവയാണ്‌ മെറാറിക്കുടുംബങ്ങള്‍. അവയില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷന്‍മാര്‍ ആറായിരത്തിയിരുനൂറ്‌.
35. മെറാറിഗോത്രത്തിന്‍െറ തലവന്‍ അബിഹയിലിന്‍െറ മകന്‍ സൂരിയേല്‍ ആയിരുന്നു. കൂടാരത്തിനു വടക്കുഭാഗത്താണ്‌ അവര്‍ പാളയമടിക്കേണ്ടത്‌.
36. മെറാറിയുടെ പുത്രന്‍മാര്‍ കൂടാരത്തിന്‍െറ ചട്ടക്കൂട്‌, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, മറ്റുപകരണങ്ങള്‍ ഇവയുമായി ബന്‌ധപ്പെടുന്ന എല്ലാ ജോലികളും ചെയ്യണം.
37. അങ്കണത്തിന്‍െറ തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കുറ്റികള്‍, ചരടുകള്‍ ഇവയുടെ മേല്‍നോട്ടവും അവര്‍ വഹിക്കണം.
38. സമാഗമകൂടാരത്തിനു മുമ്പില്‍ കിഴക്കുവശത്ത്‌ പാളയമടിക്കേണ്ടത്‌ മോശയും, അഹറോനും അവന്‍െറ പുത്രന്‍മാരുമാണ്‌. വിശുദ്‌ധസ്‌ഥലത്ത്‌ ഇസ്രായേല്‍ജനത്തിനുവേണ്ടി നിര്‍വഹിക്കേണ്ട എല്ലാ ആരാധനയുടെയും ചുമതല അവര്‍ക്കാണ്‌. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ വധിക്കണം.
39. കര്‍ത്താവു കല്‍പിച്ചതനുസരിച്ച്‌ മോശയും അഹറോനും കൂടി ഒരു മാസവും അതിനുമേലും പ്രായമുള്ള ലേവ്യരുടെ എണ്ണമെടുത്തപ്പോള്‍ സംഖ്യ ഇരുപത്തീരായിരമായിരുന്നു.
40. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു: ഇസ്രായേല്‍ജനങ്ങളില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള എല്ലാ കടിഞ്ഞൂല്‍പുത്രന്‍മാരെയും പേര്‍ വിളിച്ച്‌ എണ്ണുക.
41. ഇസ്രായേലിലെ ആദ്യജാതന്‍മാര്‍ക്കു പകരംലേവ്യരെ എനിക്കായി മാറ്റിനിര്‍ത്തുക. അതുപോലെ, ഇസ്രായേല്യരുടെ മൃഗങ്ങളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായി മാറ്റിനിര്‍ത്തുക. ഞാനാണ്‌ കര്‍ത്താവ്‌.
42. കര്‍ത്താവു കല്‍പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ആദ്യജാതന്‍മാരെയെല്ലാം എണ്ണിത്തിട്ടപ്പെടുത്തി.
43. ഒരു മാസവും അതിനുമേലും പ്രായമുള്ള ആദ്യജാതരായ എല്ലാ പുരുഷസന്താനങ്ങളെയും വേര്‍തിരിച്ച്‌ എണ്ണിയപ്പോള്‍ ഇരുപത്തീരായിരത്തിയിരുനൂറ്റിയെഴുപത്തിമൂന്നു പേര്‍ ഉണ്ടായിരുന്നു.
44. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
45. ഇസ്രായേല്യരുടെ ആദ്യജാതന്‍മാര്‍ക്കുപകരം ലേവ്യരെ എടുക്കുക; അവരുടെ കന്നുകാലികള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും.
46. ലേവ്യര്‍ എനിക്കുള്ളവരാണ്‌.
47. ഞാനാണു കര്‍ത്താവ്‌.
48. ലേവ്യപുരുഷന്‍മാരുടെ എണ്ണത്തില്‍ കവിഞ്ഞുള്ള ഇരുനൂറ്റിയെഴുപത്തിമൂന്ന്‌ ഇസ്രായേല്‍ആദ്യജാതന്‍മാരുടെ വീണ്ടെടുപ്പിന്‌, ആളൊന്നിന്‌ അഞ്ചു ഷെക്കല്‍വീതം എടുത്ത്‌ അധികം വരുന്നവരുടെ വീണ്ടെടുപ്പിനുവേണ്ടി അഹറോനെയും മക്കളെയും ഏല്‍പിക്കുക. വിശുദ്‌ധസ്‌ഥലത്തെനിരക്കനുസരിച്ച്‌ ഇരുപതുഗേരായാണ്‌ ഒരു ഷെക്കല്‍.
49. ലേവ്യരാല്‍ വീണ്ടെടുക്കപ്പെടാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മോശ ശേഖരിച്ചു.
50. ഇസ്രായേലിലെ ആദ്യജാതരില്‍നിന്ന്‌ വിശുദ്‌ധ സ്‌ഥലത്തെ ഷെക്കലിന്‍െറ കണക്കനുസരിച്ച്‌ ആയിരത്തിമുന്നൂറ്ററുപത്തഞ്ചു ഷെക്കല്‍ മോശ പിരിച്ചെടുത്തു.
51. കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച്‌ മോശ വീണ്ടെടുപ്പുവില അഹറോനെയും മക്കളെയും ഏല്‍പിച്ചു.

Holydivine