Numbers - Chapter 4
Holy Bible

1. കര്‍ത്താവ്‌ മോശയോടും അഹറോനോടും അരുളിച്ചെയ്‌തു:
2. കുലവും കുടുംബവുമനുസരിച്ച്‌ ലേവിഗോത്രത്തിലെ കൊഹാത്യരുടെ കണക്കെടുക്കുക.
3. മുപ്പതു മുതല്‍ അമ്പതുവരെ വയസ്‌സും സമാഗമകൂടാരത്തില്‍ സേവനം ചെയ്യാന്‍ ശേഷിയുമുള്ളവ രുടെ കണക്കാണ്‌ എടുക്കേണ്ടത്‌.
4. സമാഗമ കൂടാരത്തില്‍ അതിവിശുദ്‌ധ വസ്‌തുക്കള്‍ സംബന്‌ധിച്ച്‌ കൊഹാത്യര്‍ അനുഷ്‌ഠിക്കേണ്ട ശുശ്രൂഷ ഇതാണ്‌:
5. സമൂഹം പുറപ്പെടാനുള്ള സമയമാകുമ്പോള്‍ അഹറോനും പുത്രന്‍മാരും അകത്തു പ്രവേശിച്ച്‌ തിരശ്‌ശീല അഴിച്ച്‌, അതുകൊണ്ടു സാക്‌ഷ്യപേടകം മൂടണം.
6. അതിനുമീതേ ആട്ടിന്‍തോലുകൊണ്ടുള്ള ആവരണവും നീലനിറത്തിലുള്ള മറ്റൊരാവരണവും ഇടണം. പേടകം വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
7. തിരുസന്നിധാനമേശയില്‍ നീലത്തുണി വിരിച്ച്‌, താലങ്ങളും തട്ടങ്ങളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും അതിന്‍മേല്‍ വയ്‌ക്കണം. ദിനംതോറും സമര്‍പ്പിക്കുന്ന അപ്പവും അതിന്‍മേല്‍ ഉണ്ടായിരിക്കണം.
8. അവയുടെമേല്‍ ചെമന്നതുണി വിരിച്ച്‌ ആട്ടിന്‍തോലു പൊതിയണം. മേശ വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
9. നീലത്തുണികൊണ്ട്‌ വിളക്കുകാല്‍, വിളക്കുകള്‍, തിരി മുറിക്കാനുള്ള കത്രികകള്‍, തട്ടങ്ങള്‍, എണ്ണപ്പാത്രങ്ങള്‍ ഇവ മൂടണം.
10. അതിന്‍െറ സകല ഉപകരണങ്ങളും ആട്ടിന്‍തോല്‍ പൊതിഞ്ഞ്‌ ചുമക്കാനുള്ള തണ്ടില്‍ സ്‌ഥാപിക്കണം.
11. സുവര്‍ണബലിപീഠത്തിന്‍മേല്‍ നീലത്തുണി വിരിച്ച്‌, ആട്ടിന്‍തോല്‍ പൊതിഞ്ഞ്‌, അതു വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
12. വിശുദ്‌ധസ്‌ഥലത്തു ശുശ്രൂഷയ്‌ക്കുപയോഗിക്കുന്ന പാത്രങ്ങളെല്ലാം നീലത്തുണിയിലാക്കി ആട്ടിന്‍തോല്‍ പൊതിഞ്ഞ്‌ അതു വഹിക്കാനുള്ള ചട്ടക്കൂടില്‍ സ്‌ഥാപിക്കണം.
13. ബലിപീഠത്തില്‍നിന്നു ചാരം നീക്കിയതിനുശേഷം അതിന്‍മേല്‍ ചെമന്നതുണി വിരിക്കണം.
14. ബലിപീഠത്തിലെ ശുശ്രൂഷയ്‌ക്ക്‌ ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം - അഗ്‌നികലശങ്ങള്‍, മുള്‍ക്കരണ്ടികള്‍, കോരികകള്‍, തട്ടങ്ങള്‍ എന്നിവ - അതിന്‍മേല്‍ വയ്‌ക്കണം. അതിനുമുകളില്‍ ആട്ടിന്‍തോല്‍ വിരിച്ച്‌ അതു വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
15. അഹറോനും പുത്രന്‍മാരുംകൂടി വിശുദ്‌ധസ്‌ഥലവും അതിലെ ഉപകരണങ്ങളും പൊതിഞ്ഞുകഴിഞ്ഞ്‌ സമൂഹം പുറപ്പെടുമ്പോള്‍ വാഹകരായി കൊഹാത്യര്‍ വരണം. എന്നാല്‍, അവര്‍ വിശുദ്‌ധ വസ്‌തുക്കളെ സ്‌പര്‍ശിക്കരുത്‌; സ്‌പര്‍ശിച്ചാല്‍ മരിക്കും. ഇവയെല്ലാമാണ്‌ കൊഹാത്യര്‍ വഹിക്കേണ്ട സമാഗമകൂടാരത്തിലെ സാധനങ്ങള്‍.
16. പുരോഹിതനായ അഹറോന്‍െറ മകന്‍ എലെയാസര്‍ ദീപത്തിനുവേണ്ടി എണ്ണ, സുഗന്‌ധധൂപം, അനുദിനധാന്യബലിക്കുള്ള സാധനങ്ങള്‍, അഭിഷേകതൈലം എന്നിവയുടെ മേല്‍നോട്ടം വഹിക്കണം. കൂടാരത്തിന്‍െറയും അതിലുള്ള സകല സാധനങ്ങളുടെയും വിശുദ്‌ധ സ്‌ഥലത്തിന്‍െറയും അതിലെ ഉപ കരണങ്ങളുടെയും ചുമതലയും അവന്‍ തന്നെ വഹിക്കണം.
17. കര്‍ത്താവ്‌ മോശയോടും അഹറോനോടും അരുളിച്ചെയ്‌തു:
18. കൊഹാത്യകുടുംബങ്ങളെ ലേവിഗോത്രത്തില്‍നിന്നു നശിച്ചുപോകാന്‍ ഇടയാക്കരുത്‌.
19. അതിവിശുദ്‌ധ വസ്‌തുക്കളെ സമീപിക്കുമ്പോള്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്‌, അഹറോനും പുത്രന്‍മാരും അകത്തുകടന്ന്‌ അവരില്‍ ഓരോരുത്തരെയും അവരവരുടെ ജോലിക്കു നിയോഗിക്കണം.
20. എന്നാല്‍, അവര്‍ അകത്തു കടന്ന്‌ ക്‌ഷണനേരത്തേക്കുപോലും വിശുദ്‌ധ വസ്‌തുക്കളെ നോക്കരുത്‌; നോക്കിയാല്‍ അവര്‍ മരിക്കും.
21. കര്‍ത്താവ്‌ മോശയോട്‌ അരുളിച്ചെയ്‌തു:
22. കുലവും കുടുംബവുമനുസരിച്ച്‌ ഗര്‍ഷോന്യരുടെ കണക്കെടുക്കണം.
23. മുപ്പതു മുതല്‍ അമ്പതുവരെ വയസ്‌സും സമാഗമകൂടാരത്തില്‍ സേവനം ചെയ്യാന്‍ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
24. ഗര്‍ഷോന്യകുടുംബങ്ങള്‍ക്ക്‌ ശുശ്രൂഷ ചെയ്യുന്നതിലും ഭാരം വഹിക്കുന്നതിലുമുള്ള പങ്ക്‌ ഇതാണ്‌:
25. കൂടാരവിരികള്‍, സമാഗമകൂടാരം, അതിന്‍െറ ആവരണം, കൂടാരവാതിലിന്‍െറ തിരശ്‌ശീല,
26. കൂടാരത്തിനും ബലിപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്‍െറ വിരികള്‍, അങ്കണകവാടത്തിലെയവനിക, അവയുടെ ചരടുകള്‍, അവിടെ ശുശ്രൂഷചെയ്യാനുള്ള ഉപ കരണങ്ങള്‍ എന്നിവ അവര്‍ വഹിക്കണം. ഇതു സംബന്‌ധിച്ചുള്ള എല്ലാക്കാര്യങ്ങളും അവര്‍ ചെയ്യണം.
27. ഭാരം വഹിക്കലും ഇതര സേവനങ്ങളുമടക്കം തങ്ങള്‍ ചെയ്യേണ്ട എല്ലാ ജോലികളിലും ഗര്‍ഷോന്യര്‍ അഹറോന്‍െറയും പുത്രന്‍മാരുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കണം. അവരുടെ കര്‍ത്തവ്യങ്ങള്‍ നീ ഏല്‍പിച്ചുകൊടുക്കണം.
28. ഇതാണ്‌ സമാഗമകൂടാരത്തില്‍ ഗര്‍ഷോന്യര്‍ ചെയ്യേണ്ട ജോലികള്‍. പുരോഹിതനായ അഹറോന്‍െറ പുത്രന്‍ ഇത്താമറിന്‍െറ മേല്‍നോട്ടത്തിലായിരിക്കണം അവരുടെ ജോലി.
29. കുലവും കുടുംബവുമനുസരിച്ച്‌ മെറാര്യരുടെ എണ്ണമെടുക്കണം.
30. മുപ്പതുമുതല്‍ അന്‍പതുവരെ വയസ്‌സും സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ളവരുടെ എണ്ണമെടുക്കുക.
31. സമാഗമകൂടാരത്തിലെ ശുശ്രൂഷയില്‍ അവര്‍ ചുമക്കേണ്ട സാധ നങ്ങള്‍ ഇവയാണ്‌: കൂടാരത്തിന്‍െറ ചട്ടങ്ങള്‍, അഴികള്‍, തൂണുകള്‍, അവയുടെ പാദകുടങ്ങള്‍,
32. ചുറ്റുമുള്ള അങ്കണത്തിലെ തൂണുകള്‍, അവയുടെ പാദകുടങ്ങള്‍, കൊളുത്തുകള്‍, ചരടുകള്‍, ഇവയോടനുബന്‌ധിച്ചുള്ള മറ്റു സാമഗ്രികള്‍. അവര്‍ വഹിക്കേണ്ട സാധ നങ്ങള്‍ ഇനംതിരിച്ച്‌ അവരെ ഏല്‍പിക്കണം.
33. ഇവയെല്ലാമാണ്‌ മെറാര്യര്‍ പുരോഹിതനായ അഹറോന്‍െറ മകന്‍ ഇത്താമറിന്‍െറ മേല്‍നോട്ടത്തില്‍ സമാഗമകൂടാരത്തില്‍ ചെയ്യേണ്ട ജോലികള്‍.
34. സമാഗമകൂടാരത്തില്‍ ജോലിചെയ്യാന്‍
35. മുപ്പതുമുതല്‍ അമ്പതുവരെ വയസ്സും സേവനശേഷിയുമുള്ള കൊഹാത്യരെ കുലവും കുടുംബവുമനുസരിച്ച്‌ മോശയും അഹറോനും സമൂഹനേതാക്കളുംകൂടി എണ്ണിത്തിട്ടപ്പെടുത്തി.
36. കുടുംബമനുസരിച്ച്‌ അവരുടെ എണ്ണം രണ്ടായിരത്തിയെഴുനൂറ്റമ്പത്‌ ആയിരുന്നു.
37. മോശയോട്‌ കര്‍ത്താവ്‌ കല്‍പിച്ചതനുസരിച്ച്‌ മോശയും അഹറോനും കൂടി കൊഹാത്യകുടുംബങ്ങളില്‍നിന്ന്‌ സമാഗമ കൂടാരത്തില്‍ സേവനംചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള്‍ ലഭി ച്ചസംഖ്യയാണിത്‌.
38. മുപ്പതുമുതല്‍ അമ്പതുവരെ വയ സ്‌സും
39. സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ള
40. ഗര്‍ഷോന്യരുടെ എണ്ണം അവരുടെ കുലവും കുടുംബവുമനുസരിച്ച്‌ രണ്ടായിരത്തിയറുനൂറ്റിമുപ്പതായിരുന്നു.
41. കര്‍ത്താവിന്‍െറ കല്‍പനയനുസരിച്ച്‌ മോശയും അഹറോനുംകൂടി ഗര്‍ഷോന്‍കുടുംബങ്ങളില്‍നിന്ന്‌ സമാഗമകൂടാരത്തില്‍സേവനം ചെയ്യാനുള്ളവരുടെ കണക്കെടുത്തപ്പോള്‍ ലഭി ച്ചസംഖ്യയാണിത്‌.
42. മുപ്പതുമുതല്‍ അമ്പതുവരെ വയസ്‌സും
43. സമാഗമകൂടാരത്തില്‍ സേവനംചെയ്യാന്‍ ശേഷിയുമുള്ള മെറാര്യരുടെ എണ്ണം
44. അവരുടെ കുടുംബമനുസരിച്ച്‌ മൂവായിരത്തിയിരുനൂറായിരുന്നു.
45. മോശയോടു കര്‍ത്താവ്‌ കല്‍പിച്ചതനുസരിച്ച്‌ മോശയും അഹറോനുംകൂടി എണ്ണിത്തിട്ടപ്പെടുത്തിയതാണിത്‌.
46. മുപ്പതുമുതല്‍ അമ്പതുവരെ വയസ്‌സും സമാഗമകൂടാരത്തില്‍
47. ഭാരംവഹിക്കാനും ശുശ്രൂഷചെയ്യാനും
48. ശേഷിയുമുള്ള ലേവ്യരെ മോശയും അഹറോനും സമൂഹനേതാക്കളുംകൂടി എണ്ണിയപ്പോള്‍ അവര്‍ എണ്ണായിരത്തിയഞ്ഞൂറ്റിയെണ്‍പതുപേരുണ്ടായിരുന്നു.
49. കര്‍ത്താവിന്‍െറ കല്‍പനപ്രകാരം മോശ ഓരോരുത്തര്‍ക്കും അവരവരുടെ ജോലികള്‍ ഏല്‍പിച്ചുകൊടുത്തു. അങ്ങനെ അവിടുന്നു കല്‍പിച്ചതനുസരിച്ച്‌ മോശ അവരുടെ കണക്കെടുത്തു.

Holydivine