Numbers - Chapter 10
Holy Bible

1. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു :
2. അടിച്ചുപരത്തിയ വെള്ളികൊണ്ട്‌ രണ്ടു കാഹളം നിര്‍മിക്കുക. സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനും അവ മുഴക്കണം.
3. അവ രണ്ടും ഒന്നിച്ചു മുഴക്കുമ്പോള്‍ സമൂഹം മുഴുവനും സമാഗമ കൂടാരവാതില്‍ക്കല്‍ നിന്‍െറ മുമ്പില്‍ സമ്മേളിക്കണം.
4. ഒരു കാഹളം മാത്രം ഊതിയാല്‍ ഇസ്രായേലിലെ ഗോത്രത്തലവന്മാരായ നായകന്മാര്‍ മാത്രം നിന്‍െറ മുമ്പില്‍ ഒന്നിച്ചുകൂടണം.
5. സന്നാഹത്തിനുള്ള ആദ്യ കാഹളം മുഴങ്ങുമ്പോള്‍ കിഴക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം.
6. അതു രണ്ടാം പ്രാവശ്യം മുഴങ്ങുമ്പോള്‍ തെക്കുവശത്തുള്ള പാളയങ്ങള്‍ പുറപ്പെടണം. യാത്ര പുറപ്പെടേണ്ടപ്പോഴൊക്കെസന്നാഹധ്വനി ഉയര്‍ത്തണം.
7. സമൂഹം ഒന്നിച്ചു കൂടാന്‍ കാഹളമൂതുമ്പോള്‍ സന്നാഹധ്വനി മുഴക്കരുത്‌.
8. അഹറോന്‍െറ പുത്രന്മാരാണു കാഹളം മുഴക്കേണ്ടത്‌. ഇതു നിങ്ങള്‍ക്കു തലമുറതോറും എന്നേക്കുമുള്ള നിയമം ആയിരിക്കും.
9. നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിനെതിരേയുദ്ധത്തിനു പോകുമ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ ഓര്‍ക്കുന്നതിനും ശത്രുവില്‍നിന്നു നിങ്ങള്‍ രക്ഷിക്കപ്പെടുന്നതിനും കാഹളങ്ങള്‍ സന്നാഹധ്വനി മുഴക്കണം.
10. നിങ്ങളുടെ സന്തോഷത്തിന്‍െറ ദിനങ്ങളിലും നിര്‍ദിഷ്‌ടമായ ഉത്സവങ്ങളിലും മാസാരംഭങ്ങളിലും ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുമ്പോഴും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ ദൈവം നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌.
11. രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം സാക്ഷ്യകൂടാരത്തിനു മുകളില്‍നിന്നു മേഘം ഉയര്‍ന്നു.
12. അപ്പോള്‍ ഇസ്രായേല്‍ജനം ഗണങ്ങളായി സീനായ്‌ മരുഭൂമിയില്‍നിന്നു പുറപ്പെട്ടു. മേഘം പാരാന്‍മരുഭൂമിയില്‍ ചെന്നു നിന്നു.
13. മോശവഴി കര്‍ത്താവു നല്‍കിയ കല്‍പനയനുസരിച്ച്‌ അവര്‍ ആദ്യമായിയാത്ര പുറപ്പെട്ടു.
14. യൂദാഗോത്രം ഗണങ്ങളായി പതാകയുമേന്തി ആദ്യം പുറപ്പെട്ടു. അമ്മിനാദാബിന്‍െറ മകന്‍ നഹ്‌ഷോനായിരുന്നു അവരുടെ നായകന്‍.
15. ഇസാക്കര്‍ഗോത്രത്തിന്‍െറ മുമ്പില്‍ നടന്നതു സുവാറിന്‍െറ മകന്‍ നെത്തനേല്‍ ആണ്‌.
16. സെബുലൂണ്‍ഗോത്രത്തെനയിച്ചത്‌ ഹേലോനിന്‍െറ പുത്രന്‍ എലിയാബ്‌ ആകുന്നു.
17. കൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗര്‍ഷോന്‍െറയും മെറാറിയുടെയും പുത്രന്മാര്‍ അതു വഹിച്ചുകൊണ്ടു പുറപ്പെട്ടു.
18. അനന്തരം, റൂബന്‍ ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. ഷെദെയൂറിന്‍െറ മകന്‍ എലിസൂര്‍ അവരുടെ മുമ്പില്‍ നടന്നു.
19. ശിമയോന്‍ ഗോത്രത്തിന്‍െറ മുമ്പില്‍ നടന്നത്‌ സുരിഷദ്‌ ദായിയുടെ മകന്‍ ഷെലൂമിയേല്‍ ആണ്‌.
20. ഗാദ്‌ ഗോത്രത്തെനയിച്ചത്‌ റവുവേലിന്‍െറ മകന്‍ എലിയാസാഫ്‌ അത്ര.
21. അതിനുശേഷം, വിശുദ്‌ധ വസ്‌തുക്കള്‍ വഹിച്ചുകൊണ്ടു കൊഹാത്തിന്‍െറ പുത്രന്‍മാര്‍ പുറപ്പെട്ടു. അവര്‍ എത്തുന്നതിനുമുമ്പ്‌ സാക്‌ഷ്യകൂടാരം സ്‌ഥാപിക്കപ്പെട്ടു.
22. തുടര്‍ന്ന്‌ എഫ്രായിം ഗോത്രം ഗണങ്ങളായി പതാകയേന്തി പുറപ്പെട്ടു. അവരുടെ നായകന്‍ അമ്മിഹൂദിന്‍െറ മകന്‍ എലിഷാമ ആയിരുന്നു.
23. മനാസ്സെഗോത്രത്തിന്‍െറ മുമ്പില്‍ നടന്നത്‌ പെദാഹ്‌സൂറിന്‍െറ മകന്‍ ഗമാലിയേല്‍ ആണ്‌.
24. ബഞ്ചമിന്‍ ഗോത്രത്തെനയിച്ചത്‌ ഗിദെയോനിയുടെ മകന്‍ അബിദാന്‍.
25. ദാന്‍ഗോത്രം അണികളായി പതാകയേന്തി എല്ലാ സംഘങ്ങളുടെയും പിന്‍നിരയായി പുറപ്പെട്ടു. അമ്മിഷദ്‌ദായിയുടെ മകന്‍ അഹിയേസര്‍ അവരുടെ മുമ്പില്‍ നടന്നു.
26. ആഷേര്‍ ഗോത്രത്തിന്‍െറ മുമ്പില്‍ നടന്നത്‌ ഒക്രാന്‍െറ മകന്‍ പഗിയേല്‍ ആണ്‌.
27. നഫ്‌ താലി ഗോത്രത്തെനയിച്ചത്‌ ഏനാന്‍െറ മകന്‍ അഹീറ.
28. അണികളായിയാത്ര പുറപ്പെട്ടപ്പോള്‍ ഇസ്രായേല്‍ ഈ ക്രമത്തിലാണ്‌ നീങ്ങിയിരുന്നത്‌.
29. തന്‍െറ അമ്മായിയപ്പനായ മിദിയാന്‍കാരന്‍ റവുവേലിന്‍െറ മകന്‍ ഹോബാബിനോടു മോശ പറഞ്ഞു: കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുമെന്ന്‌ അരുളിച്ചെയ്‌ത സ്‌ഥലത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്‌. ഞങ്ങളുടെ കൂടെ വരുക. നിനക്കു നന്‍മയുണ്ടാകും.
30. കാരണം, കര്‍ത്താവ്‌ ഇസ്രായേലിനു നന്‍മ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അവന്‍ പറഞ്ഞു: ഞാന്‍ വരുന്നില്ല; എന്‍െറ ദേശത്തേക്കും ബന്ധുക്കളുടെ അടുത്തേക്കും ഞാന്‍ മടങ്ങിപ്പോകുന്നു.
31. അപ്പോള്‍ മോശ പറഞ്ഞു: ഞങ്ങളെ വിട്ടുപോകരുതെന്നു ഞാനപേക്‌ഷിക്കുന്നു. കാരണം, മരുഭൂമിയില്‍ പാളയമടിക്കേണ്ടതെങ്ങനെയെന്നു നിനക്കറിയാം. നീ ഞങ്ങള്‍ക്കു മാര്‍ഗദര്‍ശിയായിരിക്കും.
32. നീ ഞങ്ങളോടുകൂടെ വരുകയാണെങ്കില്‍ കര്‍ത്താവു ഞങ്ങള്‍ക്കു നല്‍കുന്ന സമൃദ്‌ധിയില്‍ നിനക്കു പങ്കു ലഭിക്കും.
33. അവര്‍ കര്‍ത്താവിന്‍െറ പര്‍വതത്തില്‍നിന്നു പുറപ്പെട്ടു മൂന്നു ദിവസംയാത്ര ചെയ്‌തു. അവര്‍ക്ക്‌ ഒരു വിശ്രമസ്‌ഥലം ആരാഞ്ഞുകൊണ്ടു കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം അവരുടെ മുമ്പില്‍ പോയിരുന്നു.
34. അവര്‍ പാളയത്തില്‍നിന്നു പുറപ്പെട്ടുയാത്രചെയ്‌തപ്പോഴെല്ലാം കര്‍ത്താവിന്‍െറ മേഘം പകല്‍സമയം അവര്‍ക്കുമീതേയുണ്ടായിരുന്നു.
35. പേടകം പുറപ്പെട്ടപ്പോഴെല്ലാംമോശ പ്രാര്‍ഥിച്ചു: കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ!
36. പേടകം നിശ്‌ചലമായപ്പോള്‍ അവന്‍ പ്രാര്‍ഥിച്ചു: കര്‍ത്താവേ, അവിടുന്ന്‌ ഇസ്രായേലിന്‍െറ പതിനായിരങ്ങളിലേക്കു തിരിച്ചു വന്നാലും.

Holydivine