Numbers - Chapter 28
Holy Bible

1. കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു :
2. ഇസ്രായേല്‍ ജനത്തോടു കല്‍പിക്കുക, എനിക്കു ദഹനബലികളും സുരഭിലമായ ഭോജനബലികളുംയഥാസമയം അര്‍പ്പിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം.
3. നീ അവ രോടു പറയണം: നിങ്ങള്‍ ദഹനബലിക്കായി ഒരു വയസ്സുള്ള ഊനമറ്റ രണ്ട്‌ ആട്ടിന്‍കുട്ടികളെ അനുദിനം കര്‍ത്താവിന്‌ അര്‍പ്പിക്കണം.
4. ഒന്നിനെ രാവിലെയും മറ്റേതിനെ വൈകുന്നേരവും ബലിയര്‍പ്പിക്കണം.
5. കൂടാതെ, ധാന്യബലിയായി ഒരു ഹിന്നിന്‍െറ നാലിലൊന്നു ശുദ്ധമായ എണ്ണ ചേര്‍ത്ത്‌ ഒരു എഫായുടെ പത്തിലൊന്നു നേരിയ മാവ്‌ അര്‍പ്പിക്കണം.
6. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി സീനായ്‌ മലയില്‍വച്ചു നിര്‍ദേശിക്കപ്പെട്ട അനുദിനമുള്ള ദഹനബലിയാണിത്‌.
7. അതോടൊപ്പം ഒരാട്ടിന്‍കുട്ടിക്ക്‌ ഒരു ഹിന്നിന്‍െറ നാലിലൊന്ന്‌ എന്ന തോതില്‍ പാനീയബലിയും അര്‍പ്പിക്കണം. കര്‍ത്താവിനുള്ള പാനീയബലിയായി ലഹരിയുള്ള വീഞ്ഞ്‌ നിങ്ങള്‍ വിശുദ്ധ സ്‌ഥലത്ത്‌ ഒഴിക്കണം.
8. മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരവും ബലിയര്‍പ്പിക്കണം. രാവിലത്തെ ധാന്യബലിയും അതിന്‍െറ പാനീയബലിയുംപോലെ കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി അതിനെ അര്‍പ്പിക്കണം.
9. സാബത്തു ദിവസം ഒരു വയസ്സുള്ള ഊ നമറ്റ രണ്ട്‌ ആണ്‍ചെമ്മരിയാടുകളെയും ധാന്യബലിയായി ഒരു എഫായുടെ പത്തില്‍ രണ്ട്‌ എണ്ണ ചേര്‍ത്ത നേരിയ മാവും അതിന്‍െറ പാനീയബലിയും അര്‍പ്പിക്കണം.
10. അനുദിനമുള്ള ദഹനബലിയും അതിന്‍െറ പാനീയബലിയും കൂടാതെ സാബത്തുതോ റുമുള്ള ദഹനബലിയാണിത്‌.
11. മാസാരംഭത്തില്‍ നിങ്ങള്‍ കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളകള്‍, ഒരു മുട്ടാട്‌, ഒരു വയസ്സുള്ള ഊനമറ്റ ഏഴ്‌ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെ ബലി അര്‍പ്പിക്കണം.
12. അതിനോടൊപ്പം ധാന്യബലിയായി കാളയൊന്നിന്‌ ഒരു എഫായുടെ പത്തില്‍ മൂന്നും, മുട്ടാടിന്‌ പത്തില്‍ രണ്ടും,
13. ആട്ടിന്‍കുട്ടിയൊന്നിന്‌ പത്തിലൊന്നും നേരിയ മാവ്‌ എണ്ണ ചേര്‍ത്ത്‌ അര്‍പ്പിക്കണം. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയാണിത്‌.
14. അവയുടെ പാനീയബലി കാളയൊന്നിന്‌ അര ഹിന്‍, മുട്ടാടിന്‌ മൂന്നിലൊന്നു ഹിന്‍, ആട്ടിന്‍കുട്ടിയൊന്നിന്‌ കാല്‍ ഹിന്‍ എന്ന തോതിലായിരിക്കണം. വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കാനുള്ള ദഹനബലിയാണിത്‌.
15. അനുദിന ദഹനബലിക്കും അതിന്‍െറ പാനീയബലിക്കും പുറമേ പാപപഹിഹാര ബലിയായി ഒരു കോലാട്ടിന്‍മുട്ടനെ കര്‍ത്താവിന്‌ അര്‍പ്പിക്കണം.
16. ഒന്നാംമാസം പതിനാലാംദിവസം കര്‍ത്താവിന്‍െറ പെസഹാ ആണ്‌.
17. ആ മാസം പതിനഞ്ചാം ദിവസം ഉത്‌സവദിനമാണ്‌. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം.
18. ഒന്നാം ദിവസം വിശുദ്‌ധ സമ്മേളനം ഉണ്ടായിരിക്കണം; ആദിവസം ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്‌.
19. കര്‍ത്താവിനു ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും ഒരു വയസ്സുള്ള ഏഴ്‌ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം; അവ ഊനമറ്റവ ആയിരിക്കണം.
20. അവയുടെ ധാന്യബലിയായി എണ്ണ ചേര്‍ത്ത നേരിയ മാവ്‌, കാളയൊന്നിന്‌ ഒരു എഫായുടെ പത്തില്‍ മൂന്നും മുട്ടാടിന്‌ പത്തില്‍ രണ്ടും,
21. ഏഴ്‌ആട്ടിന്‍കുട്ടികളില്‍ ഓരോന്നിനും പത്തില്‍ ഒന്ന്‌ എന്ന തോതില്‍ അര്‍പ്പിക്കണം.
22. കൂടാതെ, നിങ്ങള്‍ക്കുവേണ്ടി പരിഹാരമനുഷ്‌ഠിക്കുന്നതിന്‌ ഒരു കോലാട്ടിന്‍മുട്ടനെ പാപപരിഹാരബലിയായും അര്‍പ്പിക്കണം.
23. പ്രഭാതത്തിലെ അനുദിന ദഹനബലിക്കു പുറമേ ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം.
24. അതുപോലെ തന്നെ, ഏഴു ദിവസവും കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയോടുകൂടെ ധാന്യബലിയും അര്‍പ്പിക്കണം. അത്‌ അനുദിന ദഹനബലിക്കും അതിന്‍െറ പാനീയ ബലിക്കും പുറമേയാണ്‌.
25. ഏഴാം ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം; അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്‌.
26. വാരോത്‌സവത്തില്‍, കര്‍ത്താവിനു നവധാന്യബലിയായി പ്രഥമ ഫലങ്ങള്‍ അര്‍പ്പിക്കുന്ന ദിവസം വിശുദ്ധ സമ്മേളനം ഉണ്ടായിരിക്കണം. അന്നു ശ്രമകരമായ ജോലിയൊന്നും ചെയ്യരുത്‌.
27. കര്‍ത്താവിന്‍െറ മുമ്പില്‍ പരിമളം പരത്തുന്ന ദഹനബലിയായി രണ്ടു കാളക്കുട്ടികളെയും ഒരു മുട്ടാടിനെയും, ഒരു വയസ്സുള്ള ഏഴ്‌ആണ്‍ചെമ്മരിയാടുകളെയും അര്‍പ്പിക്കണം.
28. അവയുടെ കൂടെ ധാന്യബലിയായി എണ്ണ ചേര്‍ത്ത നേരിയ മാവ്‌ കാളക്കുട്ടിയൊന്നിന്‌ ഒരു എഫായുടെ പത്തില്‍ മൂന്ന്‌, മുട്ടാടിനു പത്തില്‍ രണ്ട്‌,
29. ആട്ടിന്‍കുട്ടിയൊന്നിന്‌ പത്തിലൊന്ന്‌ എന്ന തോതില്‍ അര്‍പ്പിക്കണം.
30. നിങ്ങള്‍ക്കുവേണ്ടി പ്രായശ്‌ചിത്തമനുഷ്‌ഠിക്കുന്നതിന്‌ ഒരു കോലാട്ടിന്‍മുട്ടനെ അര്‍പ്പിക്കണം.
31. അനുദിന ദഹനബലിക്കും അവയുടെ ധാന്യബലിക്കും പുറമേ ഇവയും ഇവയുടെ പാനീയബലിയും നിങ്ങള്‍ അര്‍പ്പിക്കണം. അവ ഊനമറ്റവയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Holydivine