Wisdom - Chapter 12
Holy Bible

1. കര്‍ത്താവേ, സകലത്തിലും അങ്ങയുടെ അക്‌ഷയമായ ചൈതന്യം കുടികൊള്ളുന്നു.
2. പാപികള്‍ പാപവിമുക്‌തരാകാനും അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കാനുംവേണ്ടി അങ്ങ്‌ അധര്‍മികളെ പടിപടിയായി തിരുത്തുന്നു; അവര്‍ പാപം ചെയ്യുന്ന സംഗതികള്‍ ഏവയെന്ന്‌ ഓര്‍മിപ്പിക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു.
3. മന്ത്രവാദം, അവിശുദ്‌ധമായ അനുഷ്‌ഠാനങ്ങള്‍,
4. നിഷ്‌ഠൂരമായ ശിശുഹത്യ,
5. മനുഷ്യക്കുരുതി നടത്തി രക്‌തമാംസങ്ങള്‍ ഭുജിക്കല്‍ എന്നീ മ്ലേച്ഛാചാരങ്ങള്‍ നിമിത്തം അങ്ങയുടെ വിശുദ്‌ധദേശത്തെ ആദ്യനിവാസികളെ അങ്ങ്‌ വെറുത്തു.
6. നിസ്‌സഹായരായ കുഞ്ഞുങ്ങളെ വധി ച്ചമാതാപിതാക്കളെ ഞങ്ങളുടെ പൂര്‍വികരാല്‍ നശിപ്പിക്കാന്‍ അങ്ങു മനസ്‌സായി.
7. അങ്ങേക്ക്‌ ഏറ്റവും പ്രീതിജനകമായരാജ്യം ദൈവദാസരായ ഞങ്ങള്‍ കുടിയേറി സ്വന്തമാക്കാനായിരുന്നു ഇത്‌.
8. മര്‍ത്യരായ അവരോടുപോലും അങ്ങ്‌ ദയ കാണിച്ചു. അവരെ ക്രമേണ നശിപ്പിക്കാന്‍, അങ്ങയുടെ സൈന്യത്തിന്‍െറ മുന്നോടിയെന്നപോലെ അങ്ങ്‌ കടന്നലുകളെ അയച്ചു.
9. അധര്‍മികളായ അവരെയുദ്‌ധത്തില്‍ നീതിമാന്‍മാരുടെ കരങ്ങളില്‍ ഏല്‍പിക്കാനോ, ഹിംസ്രജന്തുക്കളുടെ ഒറ്റക്കുതിപ്പുകൊണ്ടോ അങ്ങയുടെ ദൃഢമായ ഒരു വാക്കുകൊണ്ടോ നശിപ്പിക്കാനോ കഴിയാഞ്ഞിട്ടല്ല ഇങ്ങനെ ചെയ്‌തത്‌.
10. അവരുടെ ജനനം തിന്‍മയിലാണെന്നും, ദുഷ്‌ടത അവര്‍ക്കു ജന്‍മസിദ്‌ധമെന്നും, അവരുടെ ചിന്താഗതിക്കു മാറ്റമില്ലെന്നും അങ്ങ്‌ അറിഞ്ഞിട്ടും അവരെ പടിപടിയായി ശിക്‌ഷിച്ച്‌ അനുതപിക്കാന്‍ അങ്ങ്‌ അവര്‍ക്ക്‌ അവസരം നല്‍കി.
11. അവര്‍ ജന്‍മനാ ശപിക്കപ്പെട്ട വംശമാണ്‌; അവരുടെ പാപങ്ങള്‍ക്കു ശിക്‌ഷ നല്‍കാതിരുന്നത്‌ അങ്ങ്‌ ആരെയെങ്കിലും ഭയപ്പെട്ടിട്ടല്ല.
12. നീ എന്താണു ചെയ്‌തത്‌ എന്ന്‌ ആര്‌ചോദിക്കും? അങ്ങയുടെ വിധി ആര്‌ തടയും? അങ്ങ്‌ സൃഷ്‌ടി ച്ചജനതകളെ നശിപ്പിച്ചാല്‍ ആര്‌ അങ്ങയെ കുറ്റപ്പെടുത്തും? അധര്‍മികള്‍ക്കു വേണ്ടി വാദിക്കാന്‍ ആര്‌ അങ്ങയുടെ മുന്‍പില്‍ വരും?
13. കൂടാതെ, അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരു ദൈവം ഇല്ല; അങ്ങയുടെ വിധി നീതിപൂര്‍വകമാണെന്ന്‌ ആരുടെ മുന്‍പിലും തെളിയിക്കേണ്ടതുമില്ല.
14. അങ്ങ്‌ ശിക്‌ഷിച്ചാല്‍ ചോദ്യം ചെയ്യാന്‍ രാജാവിനോ ചക്ര വര്‍ത്തിക്കോ സാധ്യമല്ല. അങ്ങ്‌ നീതിമാനും നീതിയോടെ എല്ലാറ്റിനെയും ഭരിക്കുന്നവനുമാണ്‌.
15. അര്‍ഹിക്കാത്തവനെ ശിക്‌ഷിക്കുക അങ്ങയുടെ മഹത്വത്തിന്‌ ഉചിതമല്ലെന്ന്‌ അങ്ങ്‌ അറിയുന്നു.
16. അങ്ങയുടെ ശക്‌തി, നീതിയുടെ ഉറവിടമാണ്‌. എല്ലാറ്റിന്‍െറയുംമേല്‍ അവിടുത്തെക്കുള്ള പരമാധികാരം എല്ലാറ്റിനോടും ദയകാണിക്കാന്‍ കാരണമാകുന്നു.
17. അങ്ങയുടെ അധികാരത്തിന്‍െറ പൂര്‍ണതയെ സംശയിക്കുന്നവര്‍ക്ക്‌ അങ്ങ്‌ അങ്ങയുടെ ശക്‌തി അനുഭവപ്പെടുത്തിക്കൊടുക്കുന്നു; അറിഞ്ഞിട്ടും ഗര്‍വു ഭാവിക്കുന്നവരെ ശാസിക്കുകയും ചെയ്യുന്നു.
18. സര്‍വ ശക്‌തനായ അങ്ങ്‌ മൃദുലമായ ശിക്‌ഷ നല്‍കുന്നു; വലിയ സഹിഷ്‌ണുതയോടെ ഞങ്ങളെ ഭരിക്കുന്നു;യഥേഷ്‌ടം പ്രവര്‍ത്തിക്കാന്‍ അങ്ങേക്ക്‌ അധികാരമുണ്ടല്ലോ.
19. നീതിമാന്‍ ദയാലുവായിരിക്കണമെന്ന്‌ ഇത്തരം പ്രവൃത്തികള്‍കൊണ്ട്‌ അങ്ങ്‌ സ്വജനത്തെ പഠിപ്പിച്ചു. അവിടുന്ന്‌ പാപത്തെക്കുറിച്ച്‌ അനുതാപം നല്‍കി. അവിടുത്തെ മക്കളെ പ്രത്യാശകൊണ്ടു നിറച്ചു.
20. അങ്ങയുടെ ദാസരുടെ ശത്രുക്കള്‍ക്കും മരണാര്‍ഹര്‍ക്കും ദുഷ്‌ടത വിട്ടകലാന്‍ സമയവും സന്‌ദര്‍ഭവും നല്‍കി.
21. ഇത്ര വലിയ സൂക്‌ഷ്‌മതയോടും കാരുണ്യത്തോടും കൂടെയാണ്‌ അങ്ങ്‌ അവരെ ശിക്‌ഷിച്ചതെങ്കില്‍, ഉത്തമവാഗ്‌ദാനങ്ങള്‍ നിറഞ്ഞഉടമ്പടി അങ്ങ്‌ നല്‍കിയ പിതാക്കന്‍മാരുടെ മക്കളായ അങ്ങയുടെ പുത്രരെ എത്രയധികം ശ്രദ്‌ധയോടെയാണ്‌ അങ്ങ്‌ വിധിച്ചത്‌!
22. ഞങ്ങള്‍ വിധിക്കുമ്പോള്‍ ഞങ്ങള്‍ അങ്ങയുടെ ദയ ഓര്‍ക്കാനും വിധിക്കപ്പെടുമ്പോള്‍ ദയ പ്രതീക്‌ഷിക്കാനും വേണ്ടിയാണ്‌ അങ്ങ്‌ ഞങ്ങളെ തിരുത്തുമ്പോള്‍ ഞങ്ങളുടെ ശത്രുക്കള്‍ക്കു പതിനായിരം ഇരട്ടി പ്രഹരം നല്‍കുന്നത്‌.
23. അധര്‍മികള്‍ തെറ്റായ ജീവിതം നയിച്ചു; അവരുടെ മ്ലേച്ഛതകള്‍കൊണ്ടുതന്നെ അവിടുന്ന്‌ അവരെ പീഡിപ്പിച്ചു.
24. അതിനിന്‌ദ്യമായ ജന്തുക്കളെപ്പോലും ദൈവങ്ങളായി ആരാധിച്ച്‌ അവര്‍ തെറ്റായ പാതയില്‍ ബഹുദൂരം സഞ്ചരിച്ചു. ബുദ്‌ധിഹീനരായ ശിശുക്കളെപ്പോലെ അവര്‍ വഞ്ചിക്കപ്പെട്ടു.
25. ഭോഷരായ കുട്ടികളെ എന്നപോലെ വിധിന്യായത്താല്‍ അങ്ങ്‌ അവരെ പരിഹസിച്ചു.
26. ലഘുശിക്‌ഷകളുടെ താക്കീത്‌ ഗൗനിക്കാത്തവര്‍ ദൈവം നല്‍കുന്ന അര്‍ഹമായ ശിക്‌ഷ അനുഭവിക്കും.
27. ദേവന്‍മാര്‍ എന്നു തങ്ങള്‍ കരുതിയവയിലൂടെതന്നെതങ്ങള്‍ ശിക്‌ഷിക്കപ്പെട്ടപ്പോള്‍ ആയാതനയില്‍ അവര്‍ക്ക്‌ അവയുടെ നേരേ കോപം തോന്നി. തങ്ങള്‍ അറിയാന്‍ കൂട്ടാക്കാത്ത അവിടുന്നാണ്‌ സത്യദൈവമെന്ന്‌ അവര്‍ മനസ്‌സിലാക്കുകയും അംഗീകരിക്കുകയും ചെയ്‌തു. അതിനാല്‍, ഏറ്റവും വലിയ ശിക്‌ഷാവിധി അവര്‍ക്കു ലഭിച്ചു.

Holydivine