Wisdom - Chapter 17
Holy Bible

1. അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്‌. അതിനാല്‍ ശിക്‌ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.
2. വിശുദ്‌ധജനം തങ്ങളുടെ പിടിയില്‍ അമര്‍ന്നെന്ന്‌ കരുതിയ ധിക്കാരികള്‍ അന്‌ധകാരത്തിന്‌ അടിമകളും നീണ്ട രാത്രിയുടെ തടവുകാരുമാണ്‌; നിത്യപരിപാലനയില്‍നിന്ന്‌ പുറന്തള്ളപ്പെട്ട്‌ അവര്‍ അവയുടെ ഉള്ളില്‍ അടയ്‌ക്കപ്പെട്ടു.
3. വിസ്‌മൃതിയുടെ ഇരുണ്ട മറയ്‌ക്കുള്ളില്‍ തങ്ങളുടെ രഹസ്യപാപങ്ങള്‍ കണ്ടുപിടിക്കപ്പെടുകയില്ലെന്നു തെറ്റിദ്‌ധരി ച്ചഅവര്‍ ഭയചകിതരായി ചിതറിപ്പോയി; ദുര്‍ഭൂതങ്ങള്‍ അവരെ ഭയാക്രാന്തരാക്കി.
4. ഉള്ളറകളിലായിരുന്നിട്ടും, അവര്‍ ഭയവിമുക്‌തരായില്ല; അവര്‍ക്കു ചുററും ഭീകരശബ്‌ദം മുഴങ്ങി, ഇരുണ്ട ഉഗ്രസത്വങ്ങള്‍ അവരെ വേട്ടയാടി.
5. അഗ്‌നിക്കു പ്രകാശം പകരാന്‍ സാധിച്ചില്ല; നക്‌ഷത്രങ്ങളുടെ ദീപ്‌തരശ്‌മികള്‍ ആ വെറുക്കപ്പെട്ട രാത്രിയെ പ്രകാശിപ്പിച്ചില്ല. സ്വയം ജ്വലിച്ചതും ഭീകരവുമായ ഒരു അഗ്‌നിയെന്നിയേ മറ്റൊന്നും അവരുടെമേല്‍ പ്രകാശിപ്പിച്ചില്ല.
6. തങ്ങള്‍ കാണുന്ന വസ്‌തുക്കള്‍ അദൃശ്യവസ്‌തുക്കളെക്കാള്‍ ഭീകരമാണെന്ന്‌ അവര്‍ക്കു തോന്നി.
7. അവരുടെ മാന്ത്രികകലയുടെ വ്യാമോഹം തറപറ്റി,
8. അവര്‍ അഭിമാനം കൊണ്ട ആ വിദ്യ പരിഹാസ്യമായി. രോഗബാധിതമായ മനസ്‌സിന്‍െറ ഭയവും വിഭ്രാന്തിയും മാറ്റാമെന്നേറ്റവര്‍തന്നെ പരിഹാസ്യമായ ഭയത്തിന്‌ അടിമപ്പെട്ടു.
9. ഭയപ്പെടാന്‍ ഒന്നും ഇല്ലാതിരുന്നിട്ടും അവര്‍ മൃഗങ്ങള്‍ പോകുമ്പോഴും സര്‍പ്പങ്ങളുടെ സീത്‌കാരം കേള്‍ക്കുമ്പോഴും പേടിച്ചു വിറച്ചു.
10. അവര്‍ ഭയംകൊണ്ടു വിറച്ചു നശിച്ചു. ഒരിടത്തുനിന്നും ഒഴിവാക്കാന്‍ വയ്യാത്ത വായുവില്‍പോലും കണ്ണു തുറന്നു നോക്കാന്‍ അവര്‍ക്കു ധൈര്യമില്ല.
11. തിന്‍മ ഭീരുത്വം നിറഞ്ഞതാണ്‌. അതു തന്നെത്തന്നെ ശിക്‌ഷിക്കുന്നു. മനസ്‌സാക്‌ഷിയുടെ സമ്മര്‍ദത്തില്‍ അതു പ്രതിബന്‌ധങ്ങളെ പര്‍വതീകരിക്കുന്നു.
12. ആലോചനാശീലത്തില്‍നിന്നു വരുന്ന സഹായത്തെ ഭയം എപ്പോഴും തിരസ്‌കരിക്കുന്നു.
13. സഹായം ലഭിക്കുമെന്നുള്ള ആന്തരികമായ പ്രതീക്‌ഷ എത്ര ദുര്‍ബലമാണോ അത്രത്തോളം, പീഡനത്തിന്‍െറ കാരണത്തെക്കുറിച്ചുള്ള അജ്‌ഞതയെ ഭയം ഇഷ്‌ടപ്പെടുന്നു.
14. അശ ക്‌തമായ പാതാളത്തില്‍ നിന്ന്‌ എത്തിയ അശക്‌തമായരാത്രി തങ്ങളെ ചൂഴ്‌ന്നപ്പോള്‍ അവര്‍ ഒരേ ഉറക്കത്തില്‍ മുഴുകി.
15. ചിലപ്പോള്‍ ഭീകരഭൂതങ്ങളെക്കണ്ട്‌ അവര്‍ ചകിതരായി; മറ്റു ചിലപ്പോള്‍ മനം തകര്‍ന്നു മരവിച്ചു. കാരണം, അപ്രതീക്‌ഷിതമായി പെട്ടെന്ന്‌ ഭയം അവരെ ഗ്രസിച്ചു.
16. അവിടെയുണ്ടായിരുന്നവരെല്ലാവരും ലോഹനിര്‍മിതമല്ലാത്ത ഈ തടവറയില്‍ അടയ്‌ക്കപ്പെട്ടു.
17. കര്‍ഷകനോ ഇടയനോ ഏകാകിയായ തൊഴിലാളിയോ ആകട്ടെ, അവര്‍ പിടിക്കപ്പെടുകയും അനിവാര്യമായ ശിക്‌ഷയ്‌ക്കു വിധിക്കപ്പെടുകയും ചെയ്‌തു. ഏവരും ഒരേ അന്‌ധകാരത്തിന്‍െറ ശൃംഖ ലയാല്‍ ബന്‌ധിതരായിരുന്നു.
18. കാറ്റിന്‍െറ സീത്‌കാരമോ, പന്തലിച്ചവൃക്‌ഷത്തില്‍ പക്‌ഷികളുടെ കളകളാരവമോ, പാഞ്ഞൊഴുകുന്ന ജലത്തിന്‍െറ താളമോ,
19. പാറകള്‍ പിളര്‍ക്കുന്ന പരുഷശബ്‌ദമോ, ചാടിയോടുന്ന മൃഗങ്ങളുടെ അദൃശ്യമായ ഓട്ടമോ, ഹിംസ്ര മൃഗങ്ങളുടെ ഗര്‍ജനമോ, പര്‍വതഗുഹകളില്‍നിന്നുള്ള മാറ്റൊലിയോ എന്തും അവരെ ഭയംകൊണ്ട്‌ സ്‌തബ്‌ധരാക്കി.
20. ലോകം മുഴുവന്‍ ഉജ്‌ജ്വലതേജസ്‌സേറ്റ്‌ നിര്‍വിഘ്‌നം ജോലിയിലേര്‍പ്പെട്ടപ്പോള്‍,
21. തങ്ങളെ ഗ്രസിക്കാന്‍ വിധിക്കപ്പെട്ടിരുന്ന അന്‌ധകാരത്തിന്‍െറ പ്രതീകമായ ആ കനത്ത രാത്രി അവരെ മാത്രം ഗ്രസിച്ചു; എന്നാല്‍, ആ അന്‌ധകാരത്തെക്കാള്‍ കനത്ത അന്‌ധകാരം അവര്‍ക്കു തങ്ങളില്‍ത്തന്നെ അനുഭവപ്പെട്ടു.

Holydivine