Wisdom - Chapter 10
Holy Bible

1. ഏകനായി ആദ്യം സൃഷ്‌ടിക്കപ്പെട്ട ലോകപിതാവിനെ ജ്‌ഞാനം കാത്തുരക്‌ഷിച്ചു; പാപത്തില്‍നിന്നു വീണ്ടെടുത്തു;
2. സര്‍വവും ഭരിക്കാന്‍ അവനു ശക്‌തി നല്‍കി.
3. അധര്‍മിയായ ഒരുവന്‍ കോപത്തില്‍ അവളെ ഉപേക്‌ഷിച്ചപ്പോള്‍ ക്രൂരമായി ഭ്രാതൃഹത്യ ചെയ്‌ത്‌ സ്വയം നശിച്ചു.
4. അവന്‍ മൂലം ഭൂമി പ്രളയത്തിലാണ്ടപ്പോള്‍ വെറും തടിക്കഷണത്താല്‍ നീതിമാനെ നയിച്ച്‌ ജ്‌ഞാനം അതിനെ വീണ്ടും രക്‌ഷിച്ചു.
5. തിന്‍മ ചെയ്യാന്‍ ഒത്തുകൂടിയ ജനതകളെ ചിതറിച്ചപ്പോള്‍ ജ്‌ഞാനം നീതിമാനെ തിരിച്ചറിയുകയും അവനെ ദൈവസമക്‌ഷം നിഷ്‌കളങ്കനായി കാത്തു സൂക്‌ഷിക്കുകയും ചെയ്‌തു. തന്‍െറ പുത്രവാത്‌സല്യത്തിന്‍െറ മുന്‍പിലും അവനെ കരുത്തോടെ നിര്‍ത്തി.
6. അധര്‍മികള്‍ നശിച്ചപ്പോള്‍ ജ്‌ഞാനം ഒരു നീതിമാനെ രക്‌ഷിച്ചു; പഞ്ചനഗരത്തില്‍ പതി ച്ചഅഗ്‌നിയില്‍നിന്ന്‌ അവന്‍ രക്‌ഷപെട്ടു.
7. അവരുടെ ദുഷ്‌ടതയുടെ തെളിവ്‌ ഇന്നും കാണാം. സദാ പുക ഉയരുന്ന ശൂന്യപ്രദേശം, കനിയാകാത്ത കായ്‌കള്‍ വഹിക്കുന്ന വൃക്‌ഷങ്ങള്‍, അവിശ്വാസിയുടെ സ്‌മാരകമായ ഉപ്പുതൂണ്‍.
8. ജ്‌ഞാനത്തെനിരസിച്ചതിനാല്‍, നന്‍മയെ അവര്‍ തിരിച്ചറിഞ്ഞില്ല; മനുഷ്യവര്‍ഗത്തിനുവേണ്ടി മൗഢ്യത്തിന്‍െറ സ്‌മാരകം അവശേഷിപ്പിക്കുകയും ചെയ്‌തു. അവരുടെ പരാജയങ്ങള്‍ശ്രദ്‌ധിക്കപ്പെടാതിരിക്കുകയില്ല.
9. ജ്‌ഞാനം തന്നെ സേവിച്ചവരെ ദുരിതങ്ങളില്‍ നിന്നു രക്‌ഷിച്ചു.
10. ഒരു നീതിമാന്‍ സഹോദരന്‍െറ കോപത്തില്‍നിന്ന്‌ ഓടിയപ്പോള്‍ അവള്‍ അവനെ നേര്‍വഴിയിലൂടെ നയിച്ചു. അവനു ദൈവരാജ്യം കാണിച്ചു കൊടുക്കുകയും ദൈവദൂതന്‍മാരെക്കുറിച്ച്‌ അറിവു നല്‍കുകയും അവന്‍െറ പ്രയത്‌നങ്ങളെ വിജയപ്രദമാക്കുകയും അധ്വാനത്തെ ഫലസമ്പുഷ്‌ടമാക്കുകയുംചെയ്‌തു.
11. ദുര്‍മോഹികളായ മര്‍ദകരുടെ മുന്‍പില്‍ അവള്‍ അവനു തുണയായിനിന്ന്‌ അവനെ സമ്പന്നനാക്കി.
12. അവള്‍ അവനെ ശത്രുക്കളില്‍നിന്നും പതിയിരുന്നവരില്‍നിന്നും പരിരക്‌ഷിച്ചു; രൂക്‌ഷമായ മത്‌സരത്തില്‍ അവള്‍ അവനെ വിജയിപ്പിച്ചു; അങ്ങനെ ദൈവഭക്‌തി എന്തിനെയുംകാള്‍ ശക്‌തമെന്നു പഠിപ്പിച്ചു.
13. ഒരു നീതിമാന്‍ വില്‍ക്കപ്പെട്ടപ്പോള്‍ ജ്‌ഞാനം അവനെ കൈവിടാതെ പാപത്തില്‍നിന്നു രക്‌ഷിച്ചു; കാരാഗൃഹത്തിലേക്ക്‌ അവനോടൊത്തിറങ്ങി;
14. രാജകീയമായ ചെങ്കോലും തന്‍െറ യജമാനന്‍മാരുടെമേല്‍ ആധിപത്യവും ലഭിക്കുവോളം കാരാഗൃഹത്തില്‍ അവനെ ഉപേക്‌ഷിച്ചുപോയില്ല. ശത്രുവിന്‍െറ ആരോപണം കള്ളമാണെന്നു തെളിയിക്കുകയും അവനു നിത്യമായ ബഹുമതി നേടിക്കൊടുക്കുകയും ചെയ്‌തു.
15. നിഷ്‌കളങ്കമായ വിശുദ്‌ധജനത്തെ മര്‍ദകജനതയില്‍നിന്നു ജ്‌ഞാനം രക്‌ഷിച്ചു.
16. അവള്‍ കര്‍ത്താവിന്‍െറ ഒരു ദാസനില്‍ കുടികൊള്ളുകയും അദ്‌ഭുതങ്ങളാലും അടയാളങ്ങളാലും ഭീകരന്‍മാരായരാജാക്കന്‍മാരെ എതിര്‍ക്കുകയും ചെയ്‌തു.
17. അവള്‍ വിശുദ്‌ധര്‍ക്കു തങ്ങളുടെ പ്രയത്‌നത്തിന്‍െറ ഫലം നല്‍കി; പകല്‍ തണലും രാത്രി നക്‌ഷത്രതേജസ്‌സുമായി അവരെ അദ്‌ഭുതകരമായ പാതയില്‍ അവള്‍ നയിച്ചു;
18. അവള്‍ അവരെ അഗാധമായ ജലത്തിന്‍െറ മധ്യത്തിലൂടെ നയിച്ച്‌ ചെങ്കടലിന്‍െറ അക്കരെ എത്തിച്ചു.
19. അവര്‍ ശത്രുക്കളെ ജലത്തില്‍ മുക്കിക്കൊല്ലുകയും ആഴത്തില്‍നിന്നു മേല്‍പോട്ടെറിയുകയും ചെയ്‌തു.
20. ദൈവഭക്‌തിയില്ലാത്ത അവരെ നീതിമാന്‍മാര്‍ കൊള്ളയടിച്ചു. കര്‍ത്താവേ, അങ്ങയുടെ വിശുദ്‌ധനാമത്തെ അവര്‍ പാടിപ്പുകഴ്‌ത്തി. അങ്ങയുടെ, സംരക്‌ഷിക്കുന്ന കരത്തെ, ഏകസ്വരത്തില്‍ വാഴ്‌ത്തി.
21. ജ്‌ഞാനം മൂകരുടെ വായ്‌ തുറക്കുകയും ശിശുക്കളുടെ നാവിനു സ്‌ഫുടമായി സംസാരിക്കാന്‍ കഴിവു നല്‍കുകയും ചെയ്‌തു.

Holydivine