Wisdom - Chapter 18
Holy Bible

1. എന്നാല്‍, അങ്ങയുടെ വിശുദ്‌ധ ജനത്തിന്‍െറ മേല്‍ വലിയ പ്രകാശമുണ്ടായിരുന്നു. ശത്രുക്കള്‍ അവരുടെ ശബ്‌ദം കേട്ടു. എന്നാല്‍ അവരുടെ രൂപം കണ്ടില്ല. പീഡനം ഏല്‍ക്കാഞ്ഞതിനാല്‍ അവരെ സന്തുഷ്‌ടര്‍ എന്നു വിളിച്ചു.
2. അങ്ങയുടെ വിശുദ്‌ധജനത്തോട്‌ അവര്‍ മുന്‍ദ്രാഹങ്ങള്‍ക്കു പ്രതികാരം ചെയ്യാഞ്ഞതിനു നന്‌ദി പറഞ്ഞു; അവരോടു ശത്രുതകാട്ടിയതിനു മാപ്പു ചോദിച്ചു.
3. അങ്ങയുടെ ജനത്തിന്‍െറ അനിശ്‌ചിതമാര്‍ഗത്തില്‍ ജ്വലിക്കുന്ന അഗ്‌നിസ്‌തംഭത്താല്‍ അങ്ങ്‌ വഴികാട്ടി. അവരുടെ പ്രതീക്‌ഷാനിര്‍ഭരമായ കുടിയേറ്റത്തില്‍ അത്‌ അവര്‍ക്കു പ്രശാന്തസൂര്യനായിരുന്നു.
4. ആരിലൂടെ ലോകമെങ്ങും നിയമത്തിന്‍െറ നിത്യപ്രകാശം പരത്തേണ്ടിയിരുന്നോ ആ മക്കളെ ബന്‌ധന സ്‌ഥരാക്കിയ അവരുടെ ശത്രുക്കള്‍ക്കു പ്രകാശം നിഷേധിക്കപ്പെടുകയും ഇരുളിന്‍െറ തടവറയില്‍ അടയ്‌ക്കപ്പെടുകയും ചെയ്‌തത്‌ അവര്‍ അര്‍ഹിക്കുന്നതു തന്നെ.
5. അങ്ങയുടെ വിശുദ്‌ധജനത്തിന്‍െറ സന്താനങ്ങളെ വധിക്കാന്‍ അവര്‍ ഒരുങ്ങിയപ്പോള്‍ ഒരു ശിശുവിനെ അങ്ങ്‌ രക്‌ഷിച്ചു. അങ്ങ്‌ ശത്രുക്കളുടെ ഒട്ടേറെ ശിശുക്കളെ ഇല്ലായ്‌മ ചെയ്‌ത്‌ അവരെ ശിക്‌ഷിച്ചു. അവരെ ഒന്നായി ഒരു മഹാപ്രളയത്തില്‍ അങ്ങ്‌ നശിപ്പിച്ചു.
6. തങ്ങള്‍ വിശ്വസിച്ചവാഗ്‌ദാനത്തിന്‍െറ പൂര്‍ണജ്‌ഞാനത്തില്‍ ആനന്‌ദിക്കാന്‍ ഞങ്ങളുടെ പിതാക്കന്‍മാര്‍ക്ക്‌ ആ രാത്രിയെക്കുറിച്ച്‌ അങ്ങ്‌ മുന്നറിവു നല്‍കി;
7. നീതിമാന്‍മാരുടെ മോചനവും ശത്രുക്കളുടെ നാശവും അങ്ങയുടെ ജനം പ്രതീക്‌ഷിച്ചു.
8. ഞങ്ങളുടെ ശത്രുക്കളെ ശിക്‌ഷിച്ചതുവഴി ഞങ്ങളെ സ്വന്തം ജനമായി അങ്ങ്‌ മഹത്വപ്പെടുത്തി.
9. സജ്‌ജനങ്ങളുടെ വിശുദ്‌ധ സന്തതികള്‍ രഹസ്യമായി ബലിയര്‍പ്പിച്ചു; ഏകമനസ്‌സായി ദൈവിക നിയമം അനുസരിച്ചു. അങ്ങനെ അങ്ങയുടെ വിശുദ്‌ധര്‍ ഭാഗ്യാഭാഗ്യങ്ങളെ ഒന്നുപോലെ സ്വീകരിച്ചു. അവര്‍ പിതാക്കന്‍മാരുടെ സ്‌തുതികള്‍ പാടുകയായിരുന്നു.
10. അവരുടെ ശത്രുക്കളുടെ രോദനത്തിന്‍െറ കോലാഹലം മാറ്റൊലികൊണ്ടു. സന്താനം നഷ്‌ടപ്പെട്ട അവരുടെ ദീനവിലാപം വിദൂരങ്ങളിലും വ്യാപിച്ചു.
11. അടിമയുംയജമാനനും ഒരേ ശിക്‌ഷ അനുഭവിച്ചു; രാജാവും പ്രജയും സഹിച്ചത്‌ ഒരേ നഷ്‌ടം തന്നെ.
12. എല്ലാവര്‍ക്കും ഒരുമിച്ച്‌ ഒന്നുപോലെയുള്ള മരണം! മൃതദേഹങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങുകയില്ല. അവ സംസ്‌കരിക്കാന്‍ ജീവിച്ചിരുന്നവര്‍ മതിയായില്ല. അവരുടെ വത്‌സലപുത്രര്‍ നിമിഷനേരംകൊണ്ടു ഹതരായല്ലോ!
13. തങ്ങളുടെ മന്ത്രവാദംകൊണ്ട്‌ ഒന്നും വിശ്വസിക്കാതിരുന്ന അവര്‍ തങ്ങളുടെ ആദ്യജാതരുടെ നാശം കണ്ടപ്പോള്‍ അങ്ങയുടെ ജനത്തെ ദൈവസുതരെന്നു സമ്മതിച്ചു.
14. സര്‍വത്ര പ്രശാന്തമൂകത വ്യാപി ച്ചപ്പോള്‍, അര്‍ധരാത്രി ആയപ്പോള്‍,
15. അങ്ങയുടെ ആജ്‌ഞയുടെ
16. മൂര്‍ച്ചയുള്ള ഖഡ്‌ഗം ധരി ച്ചധീരയോദ്‌ധാവ്‌, അങ്ങയുടെ സര്‍വ ശക്‌തമായ വചനം, സ്വര്‍ഗസിംഹാസനത്തില്‍ നിന്ന്‌ ആ ശാപഗ്രസ്‌തമായരാജ്യത്തിന്‍െറ മധ്യേ വന്നു; അവന്‍ ഭൂമിയില്‍ കാലുറപ്പിച്ച്‌ സ്വര്‍ഗത്തോളം ഉയര്‍ന്നുനിന്ന്‌ എല്ലാറ്റിനെയും മൃത്യുവാല്‍ നിറച്ചു.
17. ഭീകരസ്വപ്‌നങ്ങളില്‍ പ്രത്യക്‌ഷപ്പെട്ട രൂപങ്ങള്‍ അവരെ ഭയവിഹ്വലരാക്കി; അപ്രതീക്‌ഷിതമായ ഭീതികള്‍ അവരെ വേട്ടയാടി.
18. അര്‍ദ്‌ധപ്രാണരായി അങ്ങിങ്ങു ചിതറിക്കപ്പെട്ട അവര്‍, തങ്ങളുടെ മരണത്തിന്‍െറ കാരണം വെളിപ്പെടുത്തി.
19. പീഡനത്തിന്‍െറ കാരണമറിയാതെ അവര്‍ മരിക്കാതിരിക്കാന്‍ അവരെ അലട്ടിയ സ്വപ്‌നങ്ങള്‍ ഇതിനെക്കുറിച്ച്‌ മുന്നറിവു നല്‍കി.
20. നീതിമാന്‍മാരും മൃത്യുസ്‌പര്‍ശം അനുഭവിച്ചു; മരുഭൂമിയില്‍വച്ച്‌ ജനത്തിന്‍െറ മേല്‍ മഹാമാരി പടര്‍ന്നുപിടിച്ചു. എന്നാല്‍, ക്രോധം നീണ്ടുനിന്നില്ല.
21. പെട്ടെന്ന്‌ നിഷ്‌കളങ്കനായ ഒരു ധീരനായകന്‍ അവരുടെ രക്‌ഷയ്‌ക്കെത്തി, തന്‍െറ ശുശ്രൂഷയുടെ പരിചയായ പ്രാര്‍ഥനയും പാപപരിഹാരത്തിന്‍െറ ധൂപാര്‍ച്ചനയും കൈയിലെടുത്ത്‌, അങ്ങയുടെ കോപം ശമിപ്പിക്കുകയും വിനാശത്തിന്‌ അറുതിവരുത്തുകയും ചെയ്‌ത്‌ താന്‍ അങ്ങയുടെ ദാസനെന്നു തെളിയിച്ചു.
22. അവന്‍ ക്രോധത്തെ ശമിപ്പിച്ചത്‌ കായബലത്താലോ ആയുധശക്‌തിയാലോ അല്ല, ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കു നല്‍കിയ വാഗ്‌ദാനവും ഉട മ്പടിയും അനുസ്‌മരിപ്പിച്ച്‌ തന്‍െറ വചനത്താല്‍ അവന്‍ ശിക്‌ഷകനെ ശാന്തനാക്കി.
23. മൃതദേഹങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി കുന്നുകൂടിയപ്പോള്‍ അവന്‍ ഇടപെട്ട്‌ ക്രോധത്തെ, ജീവിക്കുന്നവരിലേക്കു കടക്കാതെ തടഞ്ഞു.
24. അവന്‍ അണിഞ്ഞിരുന്ന മേലങ്കിയില്‍, ലോകത്തെ മുഴുവന്‍ ചിത്രണംചെയ്‌തിരുന്നു; നാല്‌ രത്‌നനിരകളിലും പിതാക്കന്‍മാരുടെ മഹിമകളും കിരീടത്തില്‍ അങ്ങയുടെ മഹത്വവും ആലേഖനംചെയ്‌തിരുന്നു;
25. വിനാശകന്‍, ഇതുകണ്ട്‌ ഭയന്നു പിന്‍വാങ്ങി; ശിക്‌ഷയുടെ രുചിയറിഞ്ഞതുകൊണ്ടുതന്നെ മതിയായി.

Holydivine