Wisdom - Chapter 6
Holy Bible

1. രാജാക്കന്‍മാരേ, മനസ്‌സിലാക്കുവിന്‍. ഭൂപാലകരേ, ശ്രദ്‌ധിക്കുവിന്‍.
2. അനേകസഹസ്രങ്ങളെ ഭരിക്കുകയും അനേകജനതകളുടെമേലുള്ള ആധിപത്യത്തില്‍ അഹങ്കരിക്കുകയും ചെയ്യുന്നവരേ, ശ്രവിക്കുവിന്‍.
3. നിങ്ങളുടെ സാമ്രാജ്യം കര്‍ത്താവില്‍നിന്നു ലഭിച്ചതാണ്‌; അധീശത്വം അത്യുന്നതനില്‍നിന്നാണ്‌. അവിടുന്ന്‌ നിങ്ങളുടെ പ്രവൃത്തികള്‍ പരിശോധിക്കും; ഉദ്‌ദേശ്യങ്ങള്‍ വിചാരണ ചെയ്യും.
4. അവിടുത്തെ രാജ്യത്തിന്‍െറ സേവ കന്‍മാര്‍ എന്ന നിലയ്‌ക്ക്‌ നിങ്ങള്‍ ശരിയായി ഭരിക്കുകയോ, നിയമം പാലിക്കുകയോ, അവിടുത്തെ ലക്‌ഷ്യത്തിനൊത്ത്‌ ചരിക്കുകയോചെയ്‌തില്ല.
5. അതിനാല്‍, അവിടുന്ന്‌ നിങ്ങളുടെ നേരേ അതിവേഗം അത്യുഗ്രനായി വരും. ഉന്നതസ്‌ഥാനം വഹിക്കുന്നവര്‍ക്കു കഠിന ശിക്‌ഷയുണ്ടാകും.
6. എളിയവനു കൃപയാല്‍ മാപ്പുലഭിക്കും; പ്രബലര്‍ കഠിനമായി പരീക്‌ഷിക്കപ്പെടും.
7. സകലത്തിന്‍െറയും കര്‍ത്താവ്‌ ആരെയും ഭയപ്പെടുന്നില്ല; വലിയ വനെ മാനിക്കുന്നില്ല. അവിടുന്നാണ്‌ വലിയവനെയും ചെറിയവനെയും സൃഷ്‌ടിച്ചത്‌. അവിടുന്ന്‌ എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുന്നു.
8. കര്‍ശനമായ വിചാരണ പ്രബലനെ കാത്തിരിക്കുന്നു.
9. ഏകാധിപതികളേ, നിങ്ങളോടാണ്‌ ഞാന്‍ പറയുന്നത്‌: ജ്‌ഞാനം അഭ്യസിക്കുവിന്‍, വഴിതെറ്റിപ്പോകരുത്‌.
10. വിശുദ്‌ധമായവ വിശുദ്‌ധിയോടെ ചെയ്യുന്നവര്‍ വിശുദ്‌ധരാകും; അവ അഭ്യസിക്കുന്നവര്‍ രക്‌ഷ കണ്ടെത്തും.
11. എന്‍െറ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്‌ഞാനം ലഭിക്കും.
12. തേജസ്‌സുറ്റതാണ്‌ ജ്‌ഞാനം; അതു മങ്ങിപ്പോവുകയില്ല. ജ്‌ഞാനത്തെ സ്‌നേഹിക്കുന്നവര്‍ നിഷ്‌പ്രയാസം അവളെ തിരിച്ചറിയുന്നു; അവളെ തേടുന്നവര്‍ കണ്ടെത്തുന്നു.
13. തന്നെ അഭിലഷിക്കുന്നവര്‍ക്കു വെളിപ്പെടാന്‍ അവള്‍ തിടുക്കം കൂട്ടുന്നു.
14. പ്രഭാതത്തിലുണര്‍ന്ന്‌ അവളെ തേടുന്നവര്‍ പ്രയാസംകൂടാതെ അവളെ കണ്ടുമുട്ടും; അവള്‍ വാതില്‍ക്കല്‍ കാത്തുനില്‍പുണ്ട്‌.
15. അവളില്‍ ചിന്തയുറപ്പിക്കുന്നതാണ്‌ വിവേകത്തിന്‍െറ പൂര്‍ണത. അവളുടെ കാര്യത്തില്‍ ജാഗരൂകതയുള്ളവന്‍ ദുഃഖവിമുക്‌തനാകും.
16. യോഗ്യതയുള്ളവരെ ജ്‌ഞാനം അന്വേഷിച്ചുചെല്ലുന്നു, അവരുടെ ചിന്തകളിലും പാതകളിലും അവള്‍ കനിവോടെ പ്രത്യക്‌ഷപ്പെടുന്നു.
17. ശിക്‌ഷണത്തോടുള്ള ആത്‌മാര്‍ത്‌ഥമായ അഭിലാഷമാണ്‌ ജ്‌ഞാനത്തിന്‍െറ ആരംഭം. ശിക്‌ഷണത്തെ സ്‌നേഹിക്കുന്നവന്‍ ജ്‌ഞാനത്തെ സ്‌നേഹിക്കുന്നു.
18. അവളുടെ നിയമങ്ങള്‍ പാലിക്കലാണ്‌ അവളോടുള്ള സ്‌നേഹം. അവളുടെ നിയമങ്ങളിലുള്ള ശ്രദ്‌ധ അമര്‍ത്യതയുടെ വാഗ്‌ദാനമാണ്‌.
19. അമര്‍ത്യത മനുഷ്യനെ ദൈവത്തിങ്കലേക്കടുപ്പിക്കുന്നു.
20. അങ്ങനെ ജ്‌ഞാനതൃഷ്‌ണ രാജത്വം നല്‍കുന്നു.
21. ജനതകളുടെ രാജാക്കന്‍മാരേ, നിങ്ങള്‍ സിംഹാസനവും ചെങ്കോലും അഭിലഷിക്കുന്നെങ്കില്‍, ജ്‌ഞാനത്തെ ബഹുമാനിക്കുവിന്‍. അപ്പോള്‍ നിങ്ങള്‍ എന്നേക്കും ഭരണം നടത്തും.
22. ജ്‌ഞാനമെന്തെന്നും എങ്ങനെയുണ്ടായെന്നും പറയാം, ഒന്നും ഞാനൊളിക്കുകയില്ല, സൃഷ്‌ടിയുടെ ആരംഭം മുതലുള്ള അവളുടെ ഗതി ഞാന്‍ വരച്ചുകാട്ടാം. അവളെക്കുറിച്ചുള്ള അറിവു ഞാന്‍ പകര്‍ന്നു തരാം. ഞാന്‍ സത്യത്തെ ഒഴിഞ്ഞുപോവുകയില്ല.
23. ഹീനമായ അസൂയയുമൊത്തു ഞാന്‍ ചരിക്കുകയില്ല, അതിനു ജ്‌ഞാനത്തോട്‌ ഒരു ബന്‌ധവുമില്ല.
24. ജ്‌ഞാനികളുടെ എണ്ണം വര്‍ധിക്കുന്നത്‌ ലോകത്തിന്‍െറ രക്‌ഷയാണ്‌. വിവേകിയായരാജാവാണ്‌ ജനതയുടെ ഭദ്രത.
25. എന്‍െറ വചനങ്ങളാല്‍ ശിക്‌ഷണം നേടുക, നിനക്കു ശുഭംവരും.

Holydivine