Daniel - Chapter 8
Holy Bible

1. ബല്‍ഷാസര്‍ രാജാവിന്‍െറ മൂന്നാം ഭരണ വര്‍ഷം, ദാനിയേലായ എനിക്ക്‌ വീണ്ടും ഒരു ദര്‍ശനമുണ്ടായി.
2. ദര്‍ശനത്തില്‍ ഞാന്‍ കണ്ടു: ഞാന്‍ ഏലാം ദേശത്ത്‌, തലസ്‌ഥാന മായ സൂസായിലായിരുന്നു; ഞാന്‍ ഉലായ്‌ നദിയുടെ കരയില്‍ നില്‍ക്കുകയായിരുന്നു.
3. ഞാന്‍ കണ്ണുകളുയര്‍ത്തി. ഇതാ, ഒരു മുട്ടാട്‌ നദീതീരത്തു നില്‍ക്കുന്നു; അതിനു രണ്ടു വലിയ കൊമ്പുകളുണ്ടായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ നീളമുള്ളതായിരുന്നു; നീളം കൂടുതലുള്ളത്‌ അവസാനം മുളച്ചതാണ്‌.
4. ആ മുട്ടാട്‌ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിച്ചു മുന്നേറുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിനും അവനോടു എതിര്‍ത്തു നില്‍ക്കാനോ അവന്‍െറ ശക്‌തിയില്‍നിന്നു രക്‌ഷപെടാനോ കഴിഞ്ഞില്ല. തന്നിഷ്‌ടംപോലെ അവന്‍ പ്രവര്‍ത്തിക്കുകയും ഗര്‍വ്‌ കാണിക്കുകയും ചെയ്‌തു.
5. ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കേ, ഇതാ, ഒരു കോലാട്ടുകൊറ്റന്‍, ഭൂതലത്തിനു കുറുകെ, പടിഞ്ഞാറു നിന്ന്‌, നിലംതൊടാതെ, പാഞ്ഞുവരുന്നു. ആ കോലാടിനു കണ്ണുകള്‍ക്കിടയില്‍ തങ്ങിനില്‍ക്കുന്ന ഒരു കൊമ്പുണ്ടായിരുന്നു.
6. നദീതീരത്തു നില്‍ക്കുന്നതായി ഞാന്‍ കണ്ട, ഇരുകൊമ്പുകളുള്ള മുട്ടാടിനുനേരേ ഉഗ്രമായ കോപത്തോടെ അതു പാഞ്ഞുവന്നു;
7. അവന്‍ മുട്ടാടിനടുത്തെത്തുന്നതും, ഉഗ്രകോപം പൂണ്ട്‌, ഇടിച്ചു മുട്ടാടിന്‍െറ കൊമ്പു രണ്ടും തകര്‍ക്കുന്നതും ഞാന്‍ കണ്ടു; അവനെ നേരിടാന്‍മുട്ടാടിനു ശക്‌തിയില്ലായിരുന്നു; അവന്‍ അതിനെ നിലത്തു വീഴ്‌ത്തി ചവിട്ടിമെതിച്ചു; അതിനെ അവനില്‍ നിന്നു രക്‌ഷിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
8. പിന്നീട്‌ കോലാട്ടുകൊറ്റന്‍ അതീവശക്‌ത നായി; പക്ഷേ, ശക്‌തിയുടെ പാരമ്യത്തില്‍ എത്തിയപ്പോള്‍ അവന്‍െറ വലിയ കൊമ്പു തകര്‍ന്നുപോയി. അതിനു പകരം ആകാശത്തിന്‍െറ നാലു കാറ്റുകളുടെയും നേരേ ശക്‌തമായ നാലു കൊമ്പുകള്‍ മുളച്ചുവന്നു.
9. അവയില്‍ ഒന്നില്‍ നിന്ന്‌ ഒരു ചെറിയ കൊ മ്പു മുളച്ചു തെക്കോട്ടും കിഴക്കോട്ടും മഹ ത്വത്തിന്‍െറ ദേശത്തിനുനേരേയും വളര്‍ന്നു വലുതായി.
10. അത്‌ ആകാശസൈന്യത്തോളം വളര്‍ന്നു വലുതായി. നക്‌ഷത്രവ്യൂഹങ്ങളില്‍ ചിലതിനെ കുത്തിവീഴ്‌ത്തി ചവിട്ടിമെതിച്ചു.
11. അത്‌ ആകാശസൈന്യത്തിന്‍െറ അധിപനെ വെല്ലുവിളിക്കുക പോലും ചെയ്‌തു. അവിടുത്തെനിരന്തര ദഹനബലികള്‍ മുടക്കുകയും വിശുദ്‌ധമന്‌ദിരത്തെ കീഴ്‌മേല്‍ മറിക്കുകയും ചെയ്‌തു.
12. ജനം തങ്ങളുടെ പാപം നിമിത്തം അവന്‍െറ പിടിയില്‍ അമര്‍ന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയം നേടി.
13. അപ്പോള്‍, ഒരു പരിശുദ്‌ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; വേറൊരു പരിശുദ്‌ധന്‍ ആദ്യം സംസാരിച്ചവനോടു പറഞ്ഞു: നിരന്തര ദഹനബലിയെയും, നാശം വിതയ്‌ക്കുന്ന പാപത്തെയും, വിശുദ്‌ധ മന്‌ദിരവും സൈന്യവും കാല്‍ക്കീഴില്‍ ചവിട്ടി മെതിക്കപ്പെടുന്നതിനെയും കുറിച്ച്‌ ദര്‍ശനത്തില്‍ ഞാന്‍ കണ്ടത്‌ എത്രത്തോളം നീണ്ടുനില്‍ക്കും?
14. അവന്‍ അവനോടു പറഞ്ഞു: രണ്ടായിരത്തി മൂന്നൂറു സന്‌ധ്യകളും പ്രഭാതങ്ങളുംവരെ. അപ്പോള്‍ വിശുദ്‌ധമന്‌ദിരം പുനരുദ്‌ധരിക്കപ്പെടും.
15. ദാനിയേലായ ഞാന്‍ ഈ ദര്‍ശനം ഗ്രഹിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കേ, ഇതാ, എന്‍െറ മുന്‍പില്‍ മനുഷ്യരൂപമുള്ള ഒരുവന്‍ നില്‍ക്കുന്നു.
16. ഉലായ്‌ത്തീരങ്ങളില്‍ നിന്ന്‌ ഒരുവന്‍ വിളിച്ചു പറയുന്നതു ഞാന്‍ കേട്ടു: ഗബ്രിയേല്‍, ദര്‍ശനം ഇവനെ ഗ്രഹിപ്പിക്കുക.
17. ഞാന്‍ നിന്നിടത്തേക്ക്‌ അവന്‍ വന്നു. അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയവിഹ്വലനായി സാഷ്‌ടാംഗം വീണു. അവന്‍ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദര്‍ശനം അവസാനകാലത്തേക്കുള്ളതാണ്‌.
18. അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാന്‍ മൂര്‍ഛിച്ചു വീണു. എന്നാല്‍, അവന്‍ എന്നെ തൊട്ട്‌ എഴുന്നേല്‍പിച്ചു നിര്‍ത്തി.
19. അവന്‍ പറഞ്ഞു: കാലത്തിന്‍െറ അവസാനത്തില്‍, ക്രോധത്തിന്‍െറ നിമിഷത്തില്‍, എന്തു സംഭവിക്കുമെന്ന്‌ ഞാന്‍ നിനക്കു വെളിപ്പെടുത്തിത്തരാം.യുഗാന്തത്തെ സംബന്‌ധിക്കുന്നതാണ്‌ ഇത്‌.
20. രണ്ടു കൊമ്പുള്ളതായി നീ കണ്ട മുട്ടാട്‌ മേദിയായിലെയും പേര്‍ഷ്യായിലെയും രാജാക്കന്‍മാരാണ്‌.
21. കോലാട്ടുകൊറ്റന്‍യവനരാജാവാണ്‌; അവന്‍െറ കണ്ണുകള്‍ക്കിടയിലുള്ള വലിയ കൊമ്പ്‌ ആദ്യത്തെ രാജാവാണ്‌.
22. തകര്‍ക്കപ്പെട്ട കൊമ്പിന്‍െറ സ്‌ഥാനത്തു മറ്റു നാലെണ്ണം മുളച്ചതുപോലെ, അവന്‍െറ രാജ്യത്തുനിന്നു നാലു രാജ്യങ്ങള്‍ ഉദയം ചെയ്യും. പക്‌ഷേ, അവന്‍െറ ശക്‌തി അവര്‍ക്കുണ്ടായിരിക്കുകയില്ല.
23. അവരുടെ ഭരണത്തിന്‍െറ അവസാനഘട്ടത്തില്‍ പാപികളുടെ അതിക്രമം പൂര്‍ണരൂപം പ്രാപിക്കുമ്പോള്‍, ഉഗ്രഭാവമുള്ളവനും തന്ത്രശാലിയുമായ ഒരു രാജാവ്‌ ഉയര്‍ന്നുവരും.
24. അവന്‍െറ ശക്‌തി വലുതായിരിക്കും; അവന്‍ ഭീകരനാശങ്ങള്‍ക്കു കാരണമാകും; തന്‍െറ പ്രവൃത്തികളിലെല്ലാം അവന്‍ വിജയിക്കും; ശക്‌തരെയും പരിശുദ്‌ധരെയും അവന്‍ നശിപ്പിക്കും.
25. കൗശലംകൊണ്ട്‌ അവന്‍ വഞ്ചന നിറഞ്ഞമാര്‍ഗങ്ങളില്‍ വിജയിക്കും. അവന്‍ അതിരറ്റ്‌ അഹങ്കരിക്കും. മുന്നറിയിപ്പുകൂടാതെ അവന്‍ അനേകരെ നശിപ്പിക്കും; രാജാധിരാജനെതിരേപോലും അവന്‍ പൊരുതും; എന്നാല്‍, അവന്‍ തകര്‍ക്കപ്പെടും; മനുഷ്യകരംകൊണ്ട്‌ ആയിരിക്കുകയില്ല.
26. സന്‌ധ്യകളെയും പ്രഭാതങ്ങളെയും കുറിച്ച്‌ അറിയി ച്ചദര്‍ശനം സത്യമാണ്‌. എന്നാല്‍, അനേക നാളുകള്‍ക്കു ശേഷം സംഭവിക്കേണ്ടതാകയാല്‍ അതു മൂടി മുദ്രവയ്‌ക്കുക.
27. ദാനിയേലായ ഞാന്‍ തളര്‍ന്ന്‌ ഏതാനും ദിവസം രോഗിയായി കിടന്നു. പിന്നെ ഞാന്‍ എഴുന്നേറ്റ്‌ രാജാവിന്‍െറ കാര്യങ്ങളില്‍ മുഴുകി. ദര്‍ശനം നിമിത്തം ഞാന്‍ അസ്വസ്‌ഥനായിരുന്നു; അതു ഗ്രഹിക്കാന്‍ എനിക്കു സാധിച്ചതുമില്ല.

Holydivine