Daniel - Chapter 14
Holy Bible

1. അസ്‌ത്യാഗെസ്‌ രാജാവിനുശേഷം പേര്‍ഷ്യാക്കാരനായ സൈറസ്‌ ഭരണമേറ്റു.
2. രാജാവിന്‍െറ മിത്രവും അവന്‍െറ സ്‌നേഹിതന്‍മാരില്‍വച്ച്‌ ഏറ്റവും ബഹുമാനിതനും ആയിരുന്നു ദാനിയേല്‍. ബാബിലോണിയര്‍ക്ക്‌ ബേല്‍ എന്നു പേരായ ഒരു പ്രതിഷ്‌ഠയുണ്ടായിരുന്നു.
3. പ്രതിദിനം പന്ത്രണ്ടുപറ നേരിയ മാവും നാല്‍പത്‌ ആടും ആറ്‌ അളവു വീഞ്ഞും അതിന്‌ അര്‍പ്പിച്ചിരുന്നു.
4. രാജാവ്‌ അതിനെ പൂജിക്കുകയും എല്ലാദിവസവും അതിനെ ആരാധിക്കാന്‍ പോവുകയുംചെയ്‌തിരുന്നു. ദാനിയേല്‍ തന്‍െറ ദൈവത്തെ മാത്രം ആരാധിച്ചു.
5. രാജാവ്‌ അവനോടു ചോദിച്ചു: എന്താണ്‌, നീ ബേലിനെ ആരാധിക്കാത്തത്‌? അവന്‍ പറഞ്ഞു: ആകാശവും ഭൂമിയും സൃഷ്‌ടിച്ചവനും സകല ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യമുള്ളവനുമായ ജീവനുള്ള ദൈവത്തെ മാത്രമേ ഞാന്‍ ആരാധിക്കുകയുള്ളു. മനുഷ്യനിര്‍മിതമായ ബിംബങ്ങളെ ഞാന്‍ പൂജിക്കുകയില്ല.
6. രാജാവ്‌ അവനോടു ചോദിച്ചു: ബേല്‍ ജീവനുള്ള ദൈവമാണെന്ന്‌ നീ കരുതുന്നില്ലേ? അവന്‍ ദിവസംതോറും എത്രമാത്രം തിന്നുകയും കുടിക്കുകയും ചെയ്യുന്നുവെന്ന്‌ നീ കാണുന്നില്ലേ?
7. അപ്പോള്‍ ദാനിയേല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: രാജാവേ, നീ വഞ്ചിതനാകരുത്‌. ഇതിന്‍െറ ഉള്ളില്‍ കളിമണ്ണും പുറമേ ഓടുമാണ്‌. ഇത്‌ ഒരിക്കലും ഭക്‌ഷിക്കുകയോ കുടിക്കുകയോ ചെയ്‌തിട്ടില്ല.
8. അപ്പോള്‍ രാജാവു കോപിച്ച്‌, തന്‍െറ പുരോഹിതന്‍മാരെ വിളിച്ചു പറഞ്ഞു: ഈ ആഹാരമെല്ലാം ആരാണു ഭക്‌ഷിക്കുന്നതെന്ന്‌ പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെടും.
9. എന്നാല്‍, ബേലാണ്‌ അവ ഭക്‌ഷിക്കുന്നതെന്നു നിങ്ങള്‍ തെളിയിച്ചാല്‍ ദാനിയേല്‍ വധിക്കപ്പെടും; കാരണം, അവന്‍ ബേലിനെതിരേ ദൂഷണം പറഞ്ഞിരിക്കുന്നു. ദാനിയേല്‍ രാജാവിനോടു പറഞ്ഞു: നീ പറഞ്ഞതുപോലെ സംഭവിക്കട്ടെ!
10. ബേലിന്‍െറ പുരോഹിതന്‍മാരായി എഴുപതുപേരുണ്ടായിരുന്നു; കൂടാതെ അവരുടെ ഭാര്യമാരും കുട്ടികളും. രാജാവ്‌ ദാനിയേലിനെയും കൂട്ടി ബേലിന്‍െറ ആലയത്തിലെത്തി.
11. ബേലിന്‍െറ പുരോഹിതന്‍മാര്‍ പറഞ്ഞു: ഇതാ, ഞങ്ങള്‍ പുറത്തു പോകുന്നു. രാജാവേ, നീതന്നെ ഭക്‌ഷണവും വീഞ്ഞും ഒരുക്കിവച്ചിട്ട്‌ വാതിലടച്ച്‌ നിന്‍െറ മോതിരംകൊണ്ടു മുദ്രവയ്‌ക്കുക.
12. നീ പ്രഭാതത്തില്‍ മടങ്ങിവരുമ്പോള്‍ ബേല്‍ ഇതു മുഴുവന്‍ ഭക്‌ഷിച്ചിട്ടില്ലെങ്കില്‍, ഞങ്ങളെ കൊന്നുകൊള്ളുക; അല്ലെങ്കില്‍, ഞങ്ങളെപ്പറ്റി വ്യാജം പറയുന്ന ദാനിയേല്‍ മരിക്കണം.
13. അവര്‍ക്കു കൂസലില്ലായിരുന്നു. കാരണം, പീഠത്തിന്‍െറ അടിയില്‍ അവര്‍ ഒരു രഹസ്യകവാടം ഉണ്ടാക്കിയിരുന്നു. അതിലൂടെയാണ്‌ പതിവായി അകത്തുകടന്ന്‌ അവര്‍ ആഹാരം ഭക്‌ഷിച്ചിരുന്നത്‌.
14. അവര്‍ പുറത്തുപോയതിനുശേഷം രാജാവ്‌ ബേലിനുള്ള ഭക്‌ഷണം ഒരുക്കിവച്ചു. അപ്പോള്‍ ദാനിയേല്‍, കുറെ ചാരം കൊണ്ടുവരാന്‍ തന്‍െറ ദാസന്‍മാരോട്‌ ആജ്‌ഞാപിച്ചു; രാജാവുമാത്രം കാണ്‍കെ അവര്‍ അത്‌ ആലയത്തിലെങ്ങും വിതറി. പിന്നെ അവര്‍ പുറത്തിറങ്ങി. വാതില്‍ അടച്ച്‌, രാജാവിന്‍െറ മോതിരംകൊണ്ട്‌ മുദ്രവച്ചിട്ടു പിരിഞ്ഞുപോയി.
15. പതിവുപോലെ രാത്രിയില്‍ പുരോഹിതന്‍മാര്‍ ഭാര്യമാരോടും കുട്ടികളോടുംകൂടെ വന്ന്‌ എല്ലാം ഭക്‌ഷിക്കുകയും കുടിക്കുകയും ചെയ്‌തു.
16. അതിരാവിലെ രാജാവു വന്നു; ദാനിയേലും അവനോടൊപ്പം എത്തി.
17. രാജാവു ചോദിച്ചു: ദാനിയേലേ, മുദ്രകള്‍ ഭദ്രമായിരിക്കുന്നുവോ? രാജാവേ, അവ ഭദ്രംതന്നെ- അവന്‍ ഉത്തരം പറഞ്ഞു.
18. വാതില്‍ തുറന്നയുടനെ രാജാവു പീഠത്തില്‍ നോക്കി അത്യുച്ചത്തില്‍ അട്ടഹസിച്ചു: ബേല്‍, നീ വലിയവന്‍തന്നെ; നിന്നില്‍ വഞ്ചന അശേഷവുമില്ല.
19. അപ്പോള്‍ ദാനിയേല്‍ ചിരിച്ചുകൊണ്ട്‌ രാജാവിനെ അകത്തു കടക്കുന്നതില്‍നിന്നു തടഞ്ഞു. അവന്‍ പറഞ്ഞു: തറയിലേക്കു നോക്കൂ; ആരുടേതാണ്‌ ഈ കാല്‍പാടുകളെന്നു ശ്രദ്‌ധിക്കൂ.
20. രാജാവു പറഞ്ഞു: പുരുഷന്‍മാരുടെയും സ്‌ത്രീകളുടെയും കുട്ടികളുടെയും കാല്‍പാടുകള്‍ ഞാന്‍ കാണുന്നു.
21. രാജാവു കോപംകൊണ്ടു ജ്വലിച്ചു; അവന്‍ പുരോഹിതന്‍മാരെയും ഭാര്യമാരെയും കുട്ടികളെയും പിടിച്ചുകൊണ്ടുവന്നു. പീഠത്തിലുള്ളതെല്ലാം ഭക്‌ഷിക്കുന്നതിനുവേണ്ടി പതിവായി തങ്ങള്‍ പ്രവേശിച്ചിരുന്ന രഹസ്യകവാടം അവര്‍ രാജാവിനു കാണിച്ചുകൊടുത്തു.
22. രാജാവ്‌ അവരെ വധിക്കുകയും ബേലിനെ ദാനിയേലിനു വിട്ടുകൊടുക്കുകയും ചെയ്‌തു; ദാനിയേല്‍ ബേലിനെ അതിന്‍െറ ആലയത്തോടൊപ്പം നശിപ്പിച്ചു.
23. ബാബിലോണിയര്‍ ആദരിച്ചുപോന്ന ഒരു വ്യാളം ഉണ്ടായിരുന്നു.
24. രാജാവു ദാനിയേലിനോടു പറഞ്ഞു: ഇതു ജീവനുള്ള ദേവനാണ്‌ എന്നതു നിനക്കു നിഷേധിക്കാനാവില്ല; അതിനാല്‍ അതിനെ ആരാധിക്കണം.
25. ദാനിയേല്‍ പറഞ്ഞു: ഞാന്‍ എന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കും, കാരണം, അവിടുന്നാണു ജീവിക്കുന്ന ദൈവം.
26. രാജാവേ, നീ അനുവദിച്ചാല്‍ വാളോ വടിയോകൂടാതെ ഞാന്‍ അതിനെ കൊല്ലാം. രാജാവു പറഞ്ഞു: ഞാന്‍ അനുവദിച്ചിരിക്കുന്നു.
27. അപ്പോള്‍ ദാനിയേല്‍ കീലും കൊഴുപ്പും രോമവും തിളപ്പിച്ച്‌ ഉരുളയാക്കി വ്യാളത്തിനു തിന്നാന്‍ കൊടുത്തു. ആ ജീവി അത്‌ തിന്നു; അതിന്‍െറ വയറു പൊട്ടി. ദാനിയേല്‍ പറഞ്ഞു: നീ എന്തിനെയാണ്‌ ആരാധിച്ചുകൊണ്ടിരുന്നതെന്നു കണ്ടാലും.
28. ബാബിലോണിയര്‍ ഇതു കേട്ടപ്പോള്‍ അത്യധികം കുപിതരായി രാജാവിനെതിരേ ഗൂഢാലോചന നടത്തി. അവര്‍ പരസ്‌പരം പറഞ്ഞു: രാജാവ്‌ യഹൂദനായിരിക്കുകയാണ്‌. അവന്‍ ബേലിനെ നശിപ്പിച്ചു. വ്യാളത്തെ കൊന്നു. പുരോഹിതന്‍മാരെ വധിച്ചു.
29. അവര്‍ ചെന്നു രാജാവിനോടു പറഞ്ഞു: ദാനിയേലിനെ ഞങ്ങള്‍ക്കു വിട്ടുതരുക; അല്ലെങ്കില്‍ ഞങ്ങള്‍ നിന്നെയും നിന്‍െറ കുടുംബാംഗങ്ങളെയും കൊല്ലും.
30. രാജാവ്‌ അവരുടെ നിര്‍ബന്‌ധത്തിനു വഴങ്ങി ദാനിയേലിനെ വിട്ടുകൊടുത്തു.
31. അവര്‍ ദാനിയേലിനെ സിംഹങ്ങളുടെ കുഴിയില്‍ എറിഞ്ഞു. ആറു ദിവസം അവന്‍ അവിടെ കഴിച്ചുകൂട്ടി. ഏഴു സിംഹങ്ങള്‍ ആ കുഴിയിലുണ്ടായിരുന്നു.
32. ദിവസേന അവയ്‌ക്കു രണ്ടു മനുഷ്യശരീരങ്ങളും രണ്ട്‌ ആടുകളും കൊടുക്കാറുണ്ടായിരുന്നു; എന്നാല്‍, ദാനിയേലിനെ വിഴുങ്ങേണ്ടതിന്‌ അവയ്‌ക്ക്‌ ഇവയൊന്നും കൊടുത്തിരുന്നില്ല.
33. അക്കാലത്ത്‌ ഹബക്കുക്ക്‌ പ്രവാചകന്‍ യൂദായിലുണ്ടായിരുന്നു. അവന്‍ കറിയും പൊടി ച്ചഅപ്പവും ഒരു പാത്രത്തിലാക്കി കൊയ്‌ത്തുകാര്‍ക്കു കൊടുക്കാന്‍വേണ്ടി വയലിലേക്കു പോവുകയായിരുന്നു.
34. കര്‍ത്താവിന്‍െറ ദൂതന്‍ ഹബക്കുക്കിനോടു പറഞ്ഞു: നിന്‍െറ കൈയിലുള്ള ഭക്‌ഷണം ബാബിലോണിലെ സിംഹക്കുഴിയില്‍ കിടക്കുന്ന ദാനിയേലിനു കൊണ്ടുപോയി കൊടുക്കുക.
35. ഹബക്കുക്ക്‌ പറഞ്ഞു: പ്രഭോ, ഞാന്‍ ഒരിക്കലും ബാബിലോണ്‍ കണ്ടിട്ടില്ല. സിംഹക്കുഴിയെപ്പറ്റി എനിക്ക്‌ ഒന്നും അറിഞ്ഞുകൂടാ.
36. അപ്പോള്‍ കര്‍ത്താവിന്‍െറ ദൂതന്‍ അവനെ മുടിയില്‍ പിടിച്ചു തൂക്കിയെടുത്ത്‌ ബാബിലോണില്‍, സിംഹക്കുഴിയുടെ നേരേ മുകളില്‍ വായുവേഗത്തില്‍ എത്തിച്ചു.
37. ഹബക്കുക്ക്‌ വിളിച്ചുപറഞ്ഞു: ദാനിയേല്‍! ദാനിയേല്‍!ദൈവം നിനക്ക്‌ എത്തിച്ചുതന്നിരിക്കുന്ന ഭക്‌ഷണം കഴിച്ചാലും.
38. ദാനിയേല്‍ പറഞ്ഞു: ദൈവമേ, അങ്ങ്‌ എന്നെ ഓര്‍മിച്ചിരിക്കുന്നു; അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല.
39. ദാനിയേല്‍ എഴുന്നേറ്റു ഭക്‌ഷണം കഴിച്ചു. കര്‍ത്താവിന്‍െറ ദൂതന്‍ ഉടന്‍തന്നെ ഹബക്കുക്കിനെ അവന്‍െറ സ്‌ഥലത്തേക്കു മടക്കിക്കൊണ്ടുവന്നു.
40. ഏഴാംദിവസം രാജാവ്‌ ദാനിയേലിനെപ്രതി വിലപിക്കാനെത്തി. അവന്‍ വന്ന്‌ സിംഹക്കുഴിയില്‍ നോക്കിയപ്പോള്‍ ദാനിയേല്‍ അവിടെയിരിക്കുന്നതു കണ്ടു.
41. രാജാവ്‌ അത്യുച്ചത്തില്‍ വിളിച്ചുപറഞ്ഞു: കര്‍ത്താവേ, ദാനിയേലിന്‍െറ ദൈവമേ, അങ്ങ്‌ അത്യുന്നതനാണ്‌, അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.
42. അവന്‍ ദാനിയേലിനെ സിംഹക്കുഴിയില്‍ നിന്നു കയറ്റുകയും അവനെ നശിപ്പിക്കാന്‍ ശ്രമിച്ചവരെ ആ കുഴിയില്‍ എറിയുകയും ചെയ്‌തു. ഉടന്‍തന്നെ അവന്‍െറ കണ്‍മുന്‍പില്‍വച്ച്‌ അവരെ സിംഹം വിഴുങ്ങി.

Holydivine