Deuteronomy - Chapter 7
Holy Bible

1. നിങ്ങള്‍ ചെന്ന്‌ കൈവശമാക്കാന്‍ പോകുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ കൊണ്ടുപോകുകയും അനേകം ജനതകളെ - നിങ്ങളെക്കാള്‍ സംഖ്യാബലവും ശക്‌തിയുമുള്ള ഹിത്യര്‍, ഗിര്‍ഗാഷ്യര്‍, അമോര്യര്‍, കാനാന്യര്‍, പെരീസ്യര്‍, ഹിവ്യര്‍, ജബൂസ്യര്‍ എന്നീ ഏഴു ജനതകളെ -
2. നിങ്ങളുടെ മുന്‍പില്‍നിന്ന്‌ ഓടിക്കുകയും, അവരെ നിങ്ങള്‍ക്കേല്‍പിച്ചു തരുകയുംചെയ്യുമ്പോള്‍, അവരെ പരാജയപ്പെടുത്തുകയും നിശ്‌ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി ഉണ്ടാക്കുകയോ അവരോടു കരുണ കാണിക്കുകയോ അരുത്‌.
3. അവരുമായി വിവാഹബന്‌ധത്തിലേര്‍പ്പെടരുത്‌. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്‌.
4. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന്‌ അവര്‍ അകറ്റിക്കളയും. അപ്പോള്‍ കര്‍ത്താവിന്‍െറ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും.
5. ഇപ്രകാരമാണ്‌ നിങ്ങള്‍ അവരോടുചെയ്യേണ്ടത്‌: അവരുടെ ബലിപീഠങ്ങള്‍ നശിപ്പിക്കണം, സ്‌തംഭങ്ങള്‍ തകര്‍ക്കണം, അഷേ രാദേവതയുടെ സ്‌തൂപങ്ങള്‍ വെട്ടിവീഴ്‌ത്തണം. വിഗ്രഹങ്ങള്‍ തീയില്‍ ചുട്ടെരിക്കണം.
6. നിങ്ങളുടെ ദൈവമായ കര്‍ത്താവിനു നിങ്ങള്‍ വിശുദ്‌ധജനമാണ്‌. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു തന്‍െറ സ്വന്തം ജനമാകേണ്ടതിന്‌ അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.
7. കര്‍ത്താവു നിങ്ങളെ സ്‌നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ എണ്ണത്തില്‍ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ ചെറുതായിരുന്നു.
8. കര്‍ത്താവു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പിതാക്കന്‍മാരോടു ചെയ്‌ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്‌, തന്‍െറ ശക്‌തമായ കരത്താല്‍ നിങ്ങളെ പുറത്തുകൊണ്ടു വന്നതും ഈജിപ്‌തിലെ രാജാവായ ഫറവോയുടെ കൈയില്‍നിന്ന്‌ - അടിമത്തത്തിന്‍െറ ഭവനത്തില്‍നിന്ന്‌ - നിങ്ങളെ രക്‌ഷിച്ചതും.
9. അതിനാല്‍, നിങ്ങള്‍ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ദൈവം. തന്നെ സ്‌നേഹിക്കുകയും തന്‍െറ കല്‍പന പാലിക്കുകയുംചെയ്യുന്നവനോട്‌ ആയിരം തലമുറകള്‍വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്‌തനായ ദൈവം.
10. തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട്‌ അവിടുന്ന്‌ പ്രതികാരം ചെയ്യും;അവരോടു നേരിട്ടു പ്രതികാരം ചെയ്യാന്‍ അവിടുന്ന്‌ വൈകുകയില്ല.
11. ആകയാല്‍, ഞാനിന്നു കല്‍പിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാന്‍ നിങ്ങള്‍ ശ്രദ്‌ധിക്കണം.
12. നിങ്ങള്‍ ഈ നിയമങ്ങള്‍ കേള്‍ക്കുകയും വിശ്വസ്‌തതയോടെ പാലിക്കുകയും ചെയ്‌താല്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളുടെ പിതാക്കന്‍മാരോടു ശപഥം ചെയ്‌തിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലര്‍ത്തും.
13. അവിടുന്നു നിങ്ങളെ സ്‌നേഹിക്കുകയും അനുഗ്രഹിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക്‌ തരുമെന്ന്‌ അവിടുന്നു നിങ്ങളുടെ പിതാക്കന്‍മാരോടു ശപഥം ചെയ്‌തിട്ടുള്ള നാട്ടില്‍ നിങ്ങളെ സന്താനപുഷ്‌ടിയുള്ളവരും നിങ്ങളുടെ ഭൂമി ഫലപുഷ്‌ടിയുള്ളതുമാക്കും; ധാന്യം, വീഞ്ഞ്‌, എണ്ണ, കന്നുകാലികള്‍, ആട്ടിന്‍പറ്റം എന്നിവയെ അവിടുന്ന്‌ ആശീര്‍വദിക്കുകയും ചെയ്യും.
14. നിങ്ങള്‍ മറ്റെല്ലാ ജനതകളെയുംകാള്‍ അനുഗൃഹീതരായിരിക്കും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ വന്‌ധ്യത ഉണ്ടായിരിക്കുകയില്ല.
15. കര്‍ത്താവു നിങ്ങളില്‍ നിന്ന്‌ എല്ലാ രോഗങ്ങളും മാറ്റിക്കളയും. ഈജിപ്‌തില്‍വച്ചു നിങ്ങള്‍ കണ്ടിട്ടുള്ള ദുര്‍വ്യാധികളിലൊന്നും നിങ്ങളുടെമേല്‍ അവിടുന്നു വരുത്തുകയില്ല. എന്നാല്‍ നിങ്ങളെ എതിര്‍ക്കുന്നവരുടെമേല്‍, അവയെല്ലാം വരുത്തും.
16. നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കേല്‍പിച്ചുതരുന്ന ജനങ്ങളെയെല്ലാം സംഹ രിക്കണം. അവരോടു കരുണ കാണിക്കരുത്‌. നിങ്ങള്‍ അവരുടെ ദേവന്‍മാരെ സേവിക്കരുത്‌; അതു നിങ്ങള്‍ക്കു കെണിയായിരിക്കും.
17. ഈ ജനതകള്‍ എന്നെക്കാള്‍ വലുതാണ്‌; എങ്ങനെ അവരുടെ അവകാശം എനിക്കു പിടിച്ചുപറ്റാന്‍ കഴിയും എന്നു വിചാരിച്ച്‌ ഭയപ്പെടരുത്‌.
18. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഫറവോയോടും ഈജിപ്‌തു മുഴുവനോടും ചെയ്‌തതെന്തെന്ന്‌ ഓര്‍മിക്കുക.
19. നിങ്ങളുടെ കണ്ണുകള്‍ കണ്ട മഹാമാരികള്‍, അടയാളങ്ങള്‍, അദ്‌ഭുതങ്ങള്‍, കരബലം, ശക്‌തിപ്രകടനം എന്നിവയാലാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങളെ പുറത്തുകൊണ്ടുവന്നത്‌. നിങ്ങള്‍ ഭയപ്പെടുന്ന ജന തകളോടെല്ലാം അവിടുന്ന്‌ അതുപോലെതന്നെ പ്രവര്‍ത്തിക്കും.
20. മാത്രമല്ല, നിങ്ങളുടെ അടുത്തുനിന്ന്‌ ഓടിയൊളിക്കുന്നവര്‍ നശിക്കുന്നതുവരെ നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അവരുടെയിടയില്‍ കടന്നലുകളെ അയയ്‌ക്കും.
21. അവരെ ഭയപ്പെടരുത്‌. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ - വലിയവനും ഭീതിദനുമായ ദൈവം- നിങ്ങളുടെ മധ്യേ ഉണ്ട്‌.
22. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഈ ജനതകളെ ക്രമേണ ഉന്‍മൂലനം ചെയ്യും; നീ അവരെ ഒന്നിച്ചു നശിപ്പിക്കരുത്‌. അല്ലെങ്കില്‍ വന്യമൃഗങ്ങള്‍ പെരുകി നിനക്കു ഭീഷണിയാകും.
23. നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ ഈ ജനതകളെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതരും; നിശ്‌ശേഷം നശിക്കുന്നതുവരെ അവരെ പരിഭ്രാന്തരാക്കുകയും ചെയ്യും.
24. അവരുടെ രാജാക്കന്‍മാരെ അവിടുന്ന്‌ നിങ്ങളുടെ കൈയില്‍ ഏല്‍പിക്കും. ആകാശത്തിന്‍ കീഴില്‍നിന്ന്‌ അവരുടെ പേരുകള്‍ നിങ്ങള്‍ നിര്‍മാര്‍ജനംചെയ്യണം; അവരെ നിശ്‌ശേഷം നശിപ്പിക്കുന്നതുവരെ നിങ്ങള്‍ക്കെതിരായി നില്‍ക്കാന്‍ ആരും ശക്‌തിപ്പെടുകയില്ല.
25. അവരുടെ ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ അഗ്‌നിയില്‍ ദഹിപ്പിക്കണം; നിങ്ങള്‍ക്ക്‌ ഒരു കെണിയാകാതിരിക്കാന്‍ അവയിലുള്ള വെള്ളിയോ സ്വര്‍ണമോ മോഹിക്കുകയോ എടുക്കുകയോ ചെയ്യരുത്‌. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‌ ഇതു നിന്‌ദ്യമാണ്‌.
26. വിഗ്രഹത്തെപ്പോലെ നിങ്ങളും ശാപഗ്രസ്‌തരാകാതിരിക്കാന്‍ നിന്‌ദ്യമായ ഒരു വസ്‌തുവും വീട്ടിലേക്കുകൊണ്ടുവരരുത്‌. അതിനെ നിശ്‌ശേഷം വെറുക്കുകയും ഉപേക്‌ഷിക്കുകയും ചെയ്യണം; എന്തെന്നാല്‍, അതു ശാപഗ്രസ്‌തമാണ്‌.

Holydivine