Deuteronomy - Chapter 27
Holy Bible

1. മോശ ഇസ്രായേലിലെ ശ്രഷ്‌ഠന്‍മാരോടു ചേര്‍ന്ന്‌ ജനത്തോട്‌ ഇപ്രകാരം കല്‍പിച്ചു: ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന സകല കല്‍പനകളും പാലിക്കുവിന്‍.
2. ജോര്‍ദാന്‍ കടന്ന്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങള്‍ക്കു തരുന്ന ദേശത്തു പ്രവേശിക്കുന്ന ദിവസം നിങ്ങള്‍ വലിയ ശിലകള്‍ സ്‌ഥാപിച്ച്‌ അവയ്‌ക്കു കുമ്മായം പൂശണം.
3. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവു തന്‍െറ വാഗ്‌ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന തേനും പാലും ഒഴുകുന്ന ആ ദേശത്ത്‌ എത്തുമ്പോള്‍ ഈ നിയമത്തിലെ ഓരോ വാക്കും നിങ്ങള്‍ അവയില്‍ എഴുതണം.
4. നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കഴിയുമ്പോള്‍ ഇന്നു ഞാന്‍ നിങ്ങളോടു കല്‍പിക്കുന്നതനുസരിച്ച്‌ ഈ കല്ലുകള്‍ ഏബാല്‍ പര്‍വതത്തില്‍ നാട്ടി അവയ്‌ക്കു കുമ്മായം പൂശണം.
5. അവിടെ നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‌ കല്ലുകൊണ്ടു ബലിപീഠം പണിയണം. അതിന്‍മേല്‍ ഇരുമ്പായുധം സ്‌പര്‍ശിക്കരുത്‌.
6. വെട്ടിമുറിക്കുകയോ ചെത്തി മിനുക്കുകയോ ചെയ്യാത്ത മുഴുവന്‍ കല്ലുകള്‍ കൊണ്ടാണ്‌ നിങ്ങളുടെ ദൈവമായ കര്‍ത്താവിനു ബലിപീഠം പണിയേണ്ടത്‌. അതിന്‍മേലായിരിക്കണം നിന്‍െറ ദൈവമായ കര്‍ത്താവിനു ദഹനബലികള്‍ അര്‍പ്പിക്കുന്നത്‌.
7. സമാധാനബലികളും അര്‍പ്പിക്കണം. അത്‌ അവിടെവച്ചു ഭക്‌ഷിച്ച്‌ നിങ്ങളുടെദൈവമായ കര്‍ത്താവിന്‍െറ സന്നിധിയില്‍ സന്തോഷിച്ചുകൊള്ളുവിന്‍.
8. ആ ശിലകളില്‍ ഈ നിയമത്തിലെ ഓരോ വാക്കും വ്യക്‌തമായി എഴുതണം.
9. മോശ ലേവ്യപുരോഹിതന്‍മാരോടു ചേര്‍ന്ന്‌ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: ഇസ്രായേലേ, ശ്രദ്‌ധിച്ചു കേള്‍ക്കുക. ഇന്നു നീ നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ ജനമായിത്തീര്‍ന്നിരിക്കുന്നു.
10. ആ കയാല്‍ നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ വാക്കു കേള്‍ക്കുകയും ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന അവിടുത്തെ കല്‍പന കളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുക.
11. അന്നുതന്നെ മോശ ജനത്തോട്‌ കല്‍പിച്ചു:
12. നിങ്ങള്‍ ജോര്‍ദാന്‍ കടന്നു കഴിയുമ്പോള്‍ ജനത്തെ അനുഗ്രഹിക്കാനായി ശിമയോന്‍, ലേവി, യൂദാ, ഇസാക്കര്‍, ജോസഫ്‌, ബഞ്ചമിന്‍ എന്നിവര്‍ ഗരിസിംപര്‍വതത്തിലും,
13. ശപിക്കാനായി റൂബന്‍, ഗാദ്‌, ആഷേര്‍, സെബുലൂണ്‍, ദാന്‍, നഫ്‌താലി എന്നിവര്‍ ഏബാല്‍ പര്‍വതത്തിലും നില്‍ക്കട്ടെ.
14. അപ്പോള്‍ ലേവ്യര്‍ ഇസ്രായേല്‍ ജനത്തോട്‌ ഉച്ചത്തില്‍ വിളിച്ചുപറയണം:
15. കര്‍ത്താവിനു നിന്‌ദ്യമായ ശില്‍പവേല - കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കിയ വിഗ്രഹം - രഹസ്യത്തില്‍ പ്രതിഷ്‌ഠിക്കുന്നവന്‍ ശപിക്കപ്പെട്ട വനാകട്ടെ! അപ്പോള്‍ ജനമെല്ലാം ഉത്തരം പറയണം: ആമേന്‍.
16. അപ്പനെയോ അമ്മയെയോ നിന്‌ദിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
17. അയല്‍ക്കാരന്‍െറ അതിര്‍ത്തിക്കല്ല്‌ മാറ്റുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
18. കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
19. പരദേശിക്കും അനാഥനും വിധവയ്‌ക്കും നീതി നിഷേധിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
20. പിതാവിന്‍െറ ഭാര്യയോടുകൂടെ ശയിച്ച്‌ അവനെ അപമാനിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
21. മൃഗവുമായി ഇണചേരുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
22. തന്‍െറ പിതാവിന്‍െറ യോ മാതാവിന്‍െറ യോ മകളായ സ്വസഹോദരിയോടൊത്തു ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
23. അമ്മായിയമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
24. അയല്‍ക്കാരനെ രഹസ്യമായി വധിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
25. നിര്‍ദോഷനെ കൊല്ലാന്‍ കൈക്കൂലി വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.
26. ഈ നിയമം പൂര്‍ണമായും അനുസരിക്കാത്തവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ജനമെല്ലാം പറയണം: ആമേന്‍.

Holydivine