Deuteronomy - Chapter 18
Holy Bible

1. പുരോഹിതഗോത്രമായ ലേവിക്ക്‌ ഇസ്രായേലിന്‍െറ മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരിയും അവകാശവും ഉണ്ടായിരിക്കുകയില്ല. കര്‍ത്താവിന്‍െറ ദഹനബലികളും അവിടുത്തെ അവകാശങ്ങളുമായിരിക്കും അവരുടെ ഓഹരി.
2. സഹോദരന്‍മാര്‍ക്കിടയില്‍ അവര്‍ക്ക്‌ ഓഹരി ഉണ്ടായിരിക്കുകയില്ല. കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതുപോലെ അവിടുന്നായിരിക്കും അവരുടെ ഓഹരി.
3. ബലിയര്‍പ്പിക്കുന്ന ജനത്തില്‍ നിന്നു പുരോഹിതന്‍മാര്‍ക്കുള്ള വിഹിതം ഇതായിരിക്കും: ബലികഴിക്കുന്ന കാളയുടെയും ആടിന്‍െറയും കൈക്കുറകുകള്‍, കവിള്‍ത്തടങ്ങള്‍, ഉദരഭാഗം ഇവ പുരോഹിതനു നല്‍കണം.
4. ധാന്യം, വീഞ്ഞ്‌, എണ്ണ ഇവയുടെ ആദ്യഫലവും ആടുകളില്‍നിന്ന്‌ ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവനു കൊടുക്കണം.
5. നിങ്ങളുടെ സകല ഗോത്രങ്ങളിലുംനിന്നു തന്‍െറ മുന്നില്‍ നില്‍ക്കാനും തന്‍െറ നാമത്തില്‍ ശുശ്രൂഷ ചെയ്യാനും അവനെയും അവന്‍െറ പുത്രന്‍മാരെയുമാണല്ലോ എന്നേക്കുമായി നിന്‍െറ ദൈവമായ കര്‍ത്താവ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌.
6. ഇസ്രായേല്‍ പട്ടണങ്ങളില്‍ എവിടെയെങ്കിലും താമസിക്കുന്ന ഒരുലേവ്യന്‍ കര്‍ത്താവു തിരഞ്ഞെടുക്കുന്ന സ്‌ഥലത്തുവരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ വന്നുകൊള്ളട്ടെ.
7. കര്‍ത്താവിന്‍െറ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാനായി നില്‍ക്കുന്ന സഹോദരലേവ്യരെപ്പോലെ അവനും നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ നാമത്തില്‍ ശുശ്രൂഷ ചെയ്യാം.
8. പിതൃസമ്പത്തു വിറ്റുകിട്ടുന്നതുകയ്‌ക്കു പുറമേ ഭക്‌ഷണത്തില്‍ മറ്റു ലേവ്യരോടൊപ്പം തുല്യമായ ഓഹരി അവനുണ്ടായിരിക്കും.
9. നിന്‍െറ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്‌.
10. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്‌നികന്‍, ലക്‌ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി,
11. വെളിച്ചപ്പാട്‌, ക്‌ഷുദ്രക്കാരന്‍, മൃതസന്‌ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്‌.
12. ഇത്ത രക്കാര്‍ കര്‍ത്താവിനു നിന്‌ദ്യരാണ്‌. അവരുടെ ഈ മ്ലേച്ഛപ്രവൃത്തികള്‍ നിമിത്തമാണ്‌ അവിടുന്ന്‌ അവരെ നിങ്ങളുടെ മുന്‍പില്‍നിന്ന്‌ നിഷ്‌കാസനം ചെയ്യുന്നത്‌.
13. നിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ മുന്‍പില്‍ നീ കുറ്റമറ്റവനായിരിക്കണം.
14. നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജ്യോത്‌സ്യരെയും പ്രാശ്‌നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവു നിന്നെ അതിനനുവദിച്ചിട്ടില്ല.
15. നിന്‍െറ ദൈവമായ കര്‍ത്താവു നിന്‍െറ സഹോദരങ്ങളുടെ ഇടയില്‍നിന്ന്‌ എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കു വേണ്ടി അയയ്‌ക്കും. അവന്‍െറ വാക്കാണു നീ ശ്രവിക്കേണ്ടത്‌.
16. ഹോറെബില്‍ സമ്മേളി ച്ചദിവസം നിന്‍െറ ദൈവമായ കര്‍ത്താവിനോടു നീയാചിച്ചതനുസരിച്ചാണ്‌ ഇത്‌. ഞാന്‍ മരിക്കാതിരിക്കേണ്ടതിന്‌ എന്‍െറ ദൈവമായ കര്‍ത്താവിന്‍െറ സ്വരം വീണ്ടും ഞാന്‍ കേള്‍ക്കാതിരിക്കട്ടെ. ഈ മഹാഗ്‌നി ഒരിക്കലും കാണാതിരിക്കട്ടെ എന്ന്‌ അന്നു നീ പറഞ്ഞു.
17. അന്നു കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: അവര്‍ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.
18. അവരുടെ സഹോദരന്‍മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്‌ക്കും. എന്‍െറ വാക്കുകള്‍ ഞാന്‍ അവന്‍െറ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്‍പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും.
19. എന്‍െറ നാമത്തില്‍ അവന്‍ പറയുന്ന എന്‍െറ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും.
20. എന്നാല്‍, ഒരു പ്രവാചകന്‍ ഞാന്‍ കല്‍പിക്കാത്ത കാര്യം എന്‍െറ നാമത്തില്‍ പറയുകയോ അന്യദേവന്‍മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്‌താല്‍ ആ പ്രവാചകന്‍ വധിക്കപ്പെടണം.
21. കര്‍ത്താവ്‌ അരുളിച്ചെയ്യാത്തതാണ്‌ ഒരു പ്രവാചകന്‍െറ വാക്കെന്ന്‌ ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം.
22. ഒരു പ്രവാചകന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ സംസാരിച്ചിട്ട്‌ അത്‌ സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്‌താല്‍ ആ വാക്ക്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്‌. നീ അവനെ ഭയപ്പെടേണ്ടാ.

Holydivine