Amos - Chapter 2
Holy Bible

1. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മൊവാബ്‌ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം അവന്‍ ഏദോം രാജാവിന്‍െറ അസ്‌ഥികള്‍ കത്തിച്ചു ചാമ്പലാക്കി.
2. മൊവാബിന്‍െറ മേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. കെറിയോത്തിന്‍െറ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങും; ആര്‍പ്പു വിളികളുടെയും അട്ടഹാസങ്ങളുടെയും കാഹളധ്വനിയുടെയും ഇടയില്‍ മൊവാബ്‌ നശിച്ചുപോകും.
3. അവരുടെ ഇടയില്‍നിന്നു രാജാവിനെ ഞാന്‍ വിച്‌ഛേദിച്ചുകളയും. അവനോടൊപ്പം അവന്‍െറ പ്രഭുക്കന്‍മാരെയും ഞാന്‍ വധിക്കും - കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
4. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: യൂദാ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ കര്‍ത്താവിന്‍െറ നിയമത്തെ പരിത്യജിച്ചു. അവിടുത്തെ കല്‍പനകള്‍ അനുസരിച്ചില്ല. അവരുടെ പൂര്‍വികന്‍മാര്‍ പിന്‍ചെന്ന വ്യാജദേവന്‍മാര്‍ അവരെ വഴിതെറ്റിച്ചു.
5. യൂദായ്‌ക്കുമേല്‍ ഞാന്‍ അഗ്‌നി അയയ്‌ക്കും. ജറുസലെ മിന്‍െറ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങും.
6. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള ശിക്‌ഷ ഞാന്‍ പിന്‍വലിക്കുകയില്ല. അവര്‍ നീതിമാന്‍മാരെ വെള്ളിക്കു വില്‍ക്കുന്നു; ഒരു ജോടി ചെരുപ്പിനു സാധുക്കളെയും.
7. പാവപ്പെട്ടവരുടെ തല അവര്‍ പൂഴിയില്‍ ചവിട്ടിമെതിക്കുന്നു. ദരിദ്രരെ വഴിയില്‍നിന്നു തള്ളിമാറ്റുന്നു. അപ്പനും മകനും ഒരേയുവതിയെ പ്രാപിക്കുന്നു. അങ്ങനെ അവര്‍ എന്‍െറ വിശുദ്‌ധനാമത്തിനു കളങ്കം വരുത്തുന്നു.
8. പണയം കിട്ടിയ വസ്‌ത്രം വിരിച്ച്‌ ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ ശയിക്കുന്നു. പിഴയായി ഈടാക്കിയ മദ്യം അവര്‍ തങ്ങളുടെ ദേവന്‍െറ ആലയത്തില്‍ വച്ചു പാനംചെയ്യുന്നു.
9. ദേവദാരുപോലെ ഉയരവും കരുവേലകം പോലെ കരുത്തും ഉണ്ടായിരുന്ന അമോര്യരെ ഞാന്‍ അവരുടെ മുന്‍പില്‍വച്ചു തകര്‍ത്തു. മുകളില്‍ അവരുടെ ഫലവും താഴേ അവരുടെ വേരുകളും ഞാന്‍ നശിപ്പിച്ചു.
10. ഈജിപ്‌തു ദേശത്തുനിന്നു നിങ്ങളെ മോചിപ്പിച്ച്‌, മരുഭൂമിയിലൂടെ നാല്‍പതു വര്‍ഷം നയിച്ച്‌, അമോര്യരുടെ ഭൂമി ഞാന്‍ നിങ്ങള്‍ക്കു സ്വന്തമായി നല്‍കി.
11. നിങ്ങളുടെ മക്കളില്‍ ചിലരെ പ്രവാചകന്‍മാരായും നിങ്ങളുടെയുവാക്കന്‍മാരില്‍ ചിലരെ നാസീര്‍വ്രതക്കാരായും ഞാന്‍ ഉയര്‍ത്തി. ഇസ്രായേല്‍ ജനമേ, ഇതു വാസ്‌തവമല്ലേ? കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.
12. എന്നാല്‍, നാസീര്‍ വ്രതക്കാരെ നിങ്ങള്‍ വീഞ്ഞു കുടിപ്പിച്ചു; പ്രവാചകന്‍മാരോടു പ്രവചിക്കരുതെന്നു കല്‍പിച്ചു.
13. കറ്റകള്‍ നിറഞ്ഞവണ്ടി കീഴോട്ടമരുന്നതുപോലെ ഞാന്‍ നിങ്ങളെ മണ്ണിനോടു ചേര്‍ത്തു ഞെരിക്കും.
14. ഓടുന്നവനെ അവന്‍െറ ശീഘ്രത രക്‌ഷിക്കുകയില്ല. ശക്‌തന്‍മാരുടെ ശക്‌തി നിലനില്‍ക്കുകയില്ല. കരുത്തനു ജീവന്‍ രക്‌ഷിക്കാനാവില്ല.
15. വില്ലാളികള്‍ ചെറുത്തു നില്‍ക്കുകയില്ല. ശീഘ്രഗാമികള്‍ ഓടി രക്‌ഷപെടുകയില്ല. അശ്വാരൂഢന്‌ ജീവന്‍ രക്‌ഷിക്കാനാവില്ല.
16. കരുത്തരില്‍ ചങ്കൂറ്റമുള്ളവര്‍ പോലും അന്നു നഗ്‌നരായി പലായനം ചെയ്യും - കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌.

Holydivine